Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജിലൻസിൽ കെട്ടിക്കിടക്കുന്നത് 1200 കേസുകളെങ്കിൽ ലോകായുക്തയിൽ മൂവായിരം; വമ്പന്മാർക്കെതിരേ യാതൊരു നടപടിയുമില്ല; വിൻസൻ എം പോളിന്റെ വെളിപ്പെടുത്തലുകളെ ശരിവച്ച് കണക്കുകൾ; ഇന്ത്യയിൽ ഒരു വർഷത്തെ അഴിമതിപ്പണം 21,068 കോടി രൂപ!

വിജിലൻസിൽ കെട്ടിക്കിടക്കുന്നത് 1200 കേസുകളെങ്കിൽ ലോകായുക്തയിൽ മൂവായിരം; വമ്പന്മാർക്കെതിരേ യാതൊരു നടപടിയുമില്ല; വിൻസൻ എം പോളിന്റെ വെളിപ്പെടുത്തലുകളെ ശരിവച്ച് കണക്കുകൾ; ഇന്ത്യയിൽ ഒരു വർഷത്തെ അഴിമതിപ്പണം 21,068 കോടി രൂപ!

 തിരുവനന്തപുരം: വിജിലൻസ് മേധാവി വിൻസൻ എം. പോൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ അഴിമതിക്കേസുകളെ സംബന്ധിച്ച ചില വെളിപ്പെടുത്തലുകൾ അക്ഷരംപ്രതി ശരിയായ കാര്യങ്ങളാണെന്നു വസ്തുതകൾ പരിശോധിച്ചാൽ ബോധ്യമാകും. കഴിഞ്ഞ ശനിയാഴ്ച ഒരു സംഘടന നടത്തിയ യോഗത്തിൽ പ്രസംഗമധ്യേയാണ് ഇത്തരമൊരു പരാമർശം നടത്തിയതെങ്കിലും ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. ശനിയാഴ്ച രാവിലെ കൊച്ചിയിലെ വിജിലൻസ് ആസ്ഥാനത്ത് അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ ഒരു യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് മന്ത്രി കെ. ബാബുവിനെതിരായ പരാതിയിൽ തിങ്കളാഴ്ച ക്വിക് വെരിഫിക്കേഷൻ നടത്താൻ തീരുമാനമെടുത്തത്. ഈ യോഗത്തിനുശേഷമാണ് വിജിലൻസ് മേധാവി ഇക്കാര്യങ്ങൾ വിളിച്ചു പറഞ്ഞത്.

സംസ്ഥാനത്ത് അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വർദ്ധിച്ചുവരുന്നു. അഴിമതിക്കേസിൽ കുടുങ്ങുന്നത് നാണക്കേടില്ലാത്ത കാലം. പൊതുജനങ്ങളിൽ 60 ശതമാനവും അഴിമതികളിൽ പങ്കാളികളാകുന്നു. സർക്കാരിനു കീഴിലുള്ള സംവിധാനമെന്ന നിലയിൽ അഴിമതി കണ്ടെത്തേണ്ട വകുപ്പുകൾക്ക് മീതെ സമ്മർദ്ദമുണ്ടാകുന്നു. തുടങ്ങിയ ഗൗരവമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.

സംസ്ഥാനത്തെ വിവിധ വിജിലൻസ് കോടതികളിലായി 1200 കേസുകൾ കെട്ടിക്കിടക്കുന്നതായും ഇങ്ങനെപോയാൽ കാൽ നൂറ്റാണ്ടു കഴിഞ്ഞാലും നിലവിലുള്ള അഴിമതിക്കസുകൾ തീരാൻ പോകുന്നില്ലെന്നും അദ്ദേഹം വിളിച്ചു പറഞ്ഞു. സമീപകാല അഴിമതിക്കേസുകളെടുത്തു പരിശോധിച്ചാൽ ഇക്കാര്യം ശരിയാണെന്ന് വ്യക്തമാകും. വിചാരണ കോടതിയുടെ നടപടികൾക്കെതിരായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീൽ ഫയൽ ചെയ്യാവുന്നതാണ്. പ്രതിപ്പട്ടികയിലുള്ളവരിൽ ഭൂരിഭാഗവും വി.ഐ.പി കളുമാണ്. അവസാനം കാൽനൂറ്റാണ്ടിനുശേഷം അന്തിമ ഉത്തരവ് വരുമ്പോഴേയ്ക്കും പ്രതിക്ക് അനാരോഗ്യത്തിന്റേയോ പ്രായത്തിന്റേയോ ആനുകൂല്യം ലഭിച്ച് ശിക്ഷയിൽനിന്ന് ഒഴിവാകും. ആർ ബാലകൃഷ്ണപിള്ളയുടെ കാര്യത്തിൽ നാം അതു കണ്ടതാണ്. കേസുകൾ അനന്തമായി നീണ്ടുപോകുന്നത് പ്രതികൾക്ക് സഹായകരമാകാൻ വേണ്ടിയാണെന്ന തോന്നൽ ജനങ്ങൾക്കുണ്ട്. വർഷങ്ങൾക്കു ശേഷം വിചാരണ നടക്കുമ്പോൾ സാക്ഷികളുടെ ഓർമ്മക്കുറവുപോലും പ്രതിക്ക് ഗുണകരമാകുന്നുണ്ട്.

സമൂഹത്തിൽ നടക്കുന്ന അഴിമതിയുടെ പത്തിലൊന്നുപോലും വിജിലൻസിന്റെ ശ്രദ്ധയിൽ വരുന്നില്ല എന്ന കാര്യവും പ്രത്യേകം ഓർക്കേണ്ടതുണ്ട്. അപ്പോൾ എല്ലാ അഴിമതിയും വിജിലൻസിന്റെ കയ്യിൽ വന്നാലുള്ള സ്ഥിതി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥന്മാരുടെയും അഴിമതി അന്വേഷിക്കുന്നതിനായി മാത്രം രൂപീകരിച്ചിട്ടുള്ള ഫോറമാണ് ലോകായുക്ത. ഒരു കോടതിയിലെ എല്ലാ അധികാരങ്ങളോടും കൂടിയ ഈ സംവിധാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. മുഖ്യമന്ത്രി ഉൾപ്പെടെ ഈ മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാർക്കെതിരായും ലോകായുക്തയിൽ കേസുണ്ട്. ഇതൊരു അസാധാരണ സംഭവമാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് കേസുകൾ ഇത്രയേറെ പെരുകിയത്. 2015 ഏപ്രിൽ വരെ 500 ഓളം പരാതികൾ പുതുതായി ഫയൽ ചെയ്തിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. 2014 ൽ 1800 ഓളം പരാതികൾ ലോകായുക്തയ്ക്ക് മുന്നിൽ വന്നിരുന്നു. ഏകദേശം മൂവായിരത്തിലധികം കേസുകൾ അവിടെയും കെട്ടിക്കിടക്കുന്നതായാണ് അറിയാൻ കഴിഞ്ഞത്.

കഴിഞ്ഞ ഒരു കൊല്ലത്തിനിടയിൽ കേസുകൾ തീർപ്പാക്കുന്ന കാര്യത്തിൽ ഒരു മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് അഭിഭാഷകർക്കിടയിൽ തന്നെ പരാതിയുണ്ട്. സുപ്രധാനമായ ഒരു ഉത്തരവും ഈ കാലയളവിൽ ഉണ്ടായിട്ടില്ല. വിചാരണകാലയളവിനിടയിൽ ഉണ്ടാകുന്ന ചില പരാമർശങ്ങളും ഇടക്കാല ഉത്തരവും ഒഴിച്ചാൽ മറ്റൊന്നും ഇവിടെ സംഭവിക്കുന്നില്ല. മാത്രവുമല്ല പാറ്റൂർ കേസ് സത്യസന്ധമായി അന്വേഷിച്ച ജേക്കബ് തോമസിനേയും ലോകായുക്തയുടെ തന്നെ അന്വേഷണവിഭാഗം മേധാവി പൊലീസ് സൂപ്രണ്ട് രവിയേയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമവും ലോകായുക്തയുടെ ഭാഗത്തുനിന്നും ഉണ്ടായത് പൊതുസമൂഹത്തെ അമ്പരപ്പിച്ചു. പൊലീസ് സേനയിൽ നിഷ്പക്ഷമായും നീതിപൂർവ്വകമായും അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെന്ന് പേരെടുത്തവരാണ് ആ രണ്ടുപേരും. 2012 - ൽ വിചാരണനടപടികൾ പൂർത്തിയായ കേസുകളിൽ പോലും അന്തിമവിധി ഉണ്ടായിട്ടില്ലെന്ന പരാതിവരെ അഭിഭാഷകർക്കിടയിലുണ്ട്. കൂടാതെ പാറ്റൂർ കേസിൽ പ്രതിയായ മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണനെ അദ്ദേഹം വിരമിക്കുന്നതിനു ഒരാഴ്ചമുമ്പ് പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതും സംശയം ജനിപ്പിക്കുന്നുണ്ട്.

അഴിമതിയെക്കുറിച്ച് പഠനം നടത്തിയ ട്രാൻസ്‌പേരൻസി ഇന്റർനാഷണൽ പുറത്തുവിട്ട പഠനറിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ ഒരു വർഷം 21, 068 കോടി രൂപ കൈക്കൂലിയായി കൈമാറ്റം ചെയ്യപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണവും, ഉന്നതതല അഴിമതിയും കൂടി കണക്കിലെടുത്താൽ നമ്മുടെ പൊതുബജറ്റിലെ തുകയെക്കാൾ കൂടുതൽ വരും അഴിമതിപ്പണമെന്ന കാര്യത്തിൽ സംശയമില്ല. സുപ്രീംകോടതിയിലെ ജഡ്ജിമാരായിരുന്ന ജസ്റ്റിസ് എസ്.ബി. സിൻഹയും, ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവും ഒരു അഴിമതിക്കേസിനിടെ പറഞ്ഞ കാര്യങ്ങൾ ഇവിടെ വളരെ പ്രസക്തമാകുന്നു. 'എവിടെയും അഴിമതിയാണ്. ഒന്നും അഴിമതിയിൽ നിന്നും മുക്തമല്ല. എല്ലാവർക്കും രാജ്യത്തെ കൊള്ളയടിക്കണം. അഴിമതിക്ക് തടയിടാൻ ഇവരിൽ കുറച്ചുപേരെയെങ്കിലും വഴിവക്കിലെ വിളക്കുകാലിൽ തൂക്കിക്കൊല്ലണം. അത് മറ്റുള്ളവർക്ക് മുന്നറിയിപ്പാകും. പക്ഷേ, നിയമം അനുവദിക്കുന്നില്ല. അല്ലായിരുന്നെങ്കിൽ ഞങ്ങൾ ആ മാർഗം സ്വീകരിക്കുമായിരുന്നു'.

പൊതുസമൂഹത്തിന്റെ പ്രതിഷേധ സ്വരമാണ് ഉന്നത ന്യായാധിപന്മാരിലൂടെ പുറത്തുവന്നത്. നിലവിലുള്ള സംവിധാനത്തിലൂടെ അഴിമതി നിർമ്മാർജ്ജനം ചെയ്യാൻ കഴിയുമെന്ന വിശ്വാസം പൊതുസമൂഹത്തിന് നഷ്ടപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഇവിടെയാണ് ലോക്പാൽ നിയമം പോലുള്ള കാര്യക്ഷമമായ നിയമത്തിന്റെ പ്രസക്തിയും. അല്ലെങ്കിൽ ഒരു പെട്ടിക്കടമാത്രം പൂർവ്വ സ്വത്തുള്ള മന്ത്രി പുംഗവന്മാർ ശതകോടീശ്വരന്മാരായി ഇനിയും മാറിക്കൊണ്ടിരിക്കും. ഇവരുടെ ഭരണകാലത്ത് സരിതമാരും, സൂരജ്മാരും, രാഹുൽനായർമാരുമൊക്കെ സെലിബ്രിറ്റികളായി ആഘോഷിക്കപ്പെടും. കള്ളന്മാരേയും, മാഫിയകളെയും അഴിമതിക്കാരേയും സർക്കാർ ഭയപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP