Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒറ്റ റിംഗിൽ ഫോണെടുത്ത ജോബി, എന്നെ ജയൻ ചേട്ടൻ വെട്ടിയെന്നും പുരികം മുറിഞ്ഞെന്നും പറഞ്ഞു; ജയൻ ചേട്ടന് ഫോൺ കൊടുക്കാൻ ഞാൻ പറഞ്ഞു; ജയൻ ചേട്ടനെ കൊന്നെന്നായിരുന്നു അവന്റെ മറുപടി; കേട്ടപാടെ ഞാൻ തളർന്നിരുന്നു: സംവിധായകൻ ജയൻ കൊമ്പനാട് കൊല്ലപ്പെട്ട സംഭവം വീഡിയോ അഭിമുഖത്തിൽ മറുനാടനോട് വിശദീകരിച്ച്, രാത്രിവരെ അവർക്കൊപ്പം ഉണ്ടായിരുന്ന തിരക്കഥാകൃത്ത് എ റ്റി നജീബ്; ഭക്ഷണവും മദ്യവും വാങ്ങി നൽകിയ തന്നെ ജയൻ ആക്രമിച്ചതിലെ വിഷമം മദ്യം അകത്ത് ചെന്നപ്പോൾ വൈരാഗ്യമായതോടെ അരുംകൊല

ഒറ്റ റിംഗിൽ ഫോണെടുത്ത ജോബി, എന്നെ ജയൻ ചേട്ടൻ വെട്ടിയെന്നും പുരികം മുറിഞ്ഞെന്നും പറഞ്ഞു; ജയൻ ചേട്ടന് ഫോൺ കൊടുക്കാൻ ഞാൻ പറഞ്ഞു; ജയൻ ചേട്ടനെ കൊന്നെന്നായിരുന്നു അവന്റെ മറുപടി; കേട്ടപാടെ ഞാൻ തളർന്നിരുന്നു: സംവിധായകൻ ജയൻ കൊമ്പനാട് കൊല്ലപ്പെട്ട സംഭവം വീഡിയോ അഭിമുഖത്തിൽ മറുനാടനോട് വിശദീകരിച്ച്, രാത്രിവരെ അവർക്കൊപ്പം ഉണ്ടായിരുന്ന തിരക്കഥാകൃത്ത് എ റ്റി നജീബ്; ഭക്ഷണവും മദ്യവും വാങ്ങി നൽകിയ തന്നെ ജയൻ ആക്രമിച്ചതിലെ വിഷമം മദ്യം അകത്ത് ചെന്നപ്പോൾ വൈരാഗ്യമായതോടെ അരുംകൊല

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് സംവിധായകൻ ജയൻ കൊമ്പനാടിനെ അരുംകൊല ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കൊലപാതകം നടക്കുന്നതിന് അൽപം മുമ്പുവരെ ജയനും പ്രതി ജോബിക്കും ഒപ്പം ഉണ്ടായിരുന്ന അഭിനേതാവും തിരക്കഥാകൃത്തുമായ എ റ്റി നജീബ്. കയ്യൽ പണമില്ലാതിരുന്ന ജയന് മദ്യവും ഭക്ഷണവും എല്ലാം വാങ്ങി നൽകിയിട്ടും തന്നെ ആക്രമിച്ചതിലുള്ള ദേഷ്യത്തിൽ കൊലപാതകം നടത്തുകയായിരുന്നു എന്നാണ് ജോബി സംഭവത്തെപ്പറ്റി നജീബിനോട് വിശദീകരിച്ചത്. അന്ന് ആ ഫ്്‌ളാറ്റിൽ സംഭവിച്ചത് എന്തെന്ന് നജീബ് മറുനാടന് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നു.

സംഭവത്തെ ചുറ്റിപ്പറ്റി നിരവധി സംശയങ്ങളും ഊഹാപോഹങ്ങളും ഉയർന്നിട്ടുള്ള സാഹചര്യത്തിലാണ് അരുംകൊലയ്ക്ക് പിന്നിലെ യഥാർത്ഥ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന അഭിമുഖം മറുനാടൻ പുറത്ത് വിടുന്നത്. ജയനെ കൊന്നുവെന്ന കാര്യവും എന്താണ് ഉണ്ടായതെന്നും ജോബി ആദ്യം വിശദമാക്കിയത് നജീമിനോടായിരുന്നു. ഞെട്ടിക്കുന്ന വിവരം കേട്ട് ആദ്യം പതിറയെങ്കിലും സമനില വീണ്ടെടുത്ത് നജീം നടത്തിയ ഇടപെടലുകളാണ് ഒളിവിൽ പോകാൻ തയ്യാറെടുത്തിരുന്ന ജോബിയെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുന്നതിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

കൊമ്പനാട് ജയൻ എന്നറിയപ്പെടുന്ന കൊമ്പനാട് പടിക്കക്കുടി ജയൻ (48)ആണ് ദാരുണമായി കൊല്ലപ്പെട്ടത്. നിരവധി ഹൃസ്വചിത്രങ്ങളുടെ സംവിധായകനാണ് ജയൻ കൊമ്പനാട്. കോതമംഗലം നഗരമധ്യത്തിലെ സ്വകാര്യ വ്യക്തിയുടെ മൂന്നു നില കെട്ടിടത്തിലാണ് രാത്രി പന്ത്രണ്ടു മണിയോടെ സംഭവം നടന്നത്. ഒപ്പമുണ്ടായിരുന്ന നേര്യമംഗലം പുതുക്കുന്നേൽ ജോബി ബേബി (28) കോതമംഗലം പൊലീസിൽ കീഴടങ്ങുകയായിരുന്നു. സിൽവർ സ്റ്റുഡിയോ എന്ന പേരിൽ സ്ഥാപനം നടത്തി വരികയായിരുന്നു ജോബി.

പുതിയ സിനിമക്ക് തിരക്കഥ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തോളമായി നജീബ് ജോബിയുടെ ഫ്‌ളാറ്റിൽ എത്താറുണ്ട്. ജോബിയുടെ നിർമ്മാണ പങ്കാളിത്തമുള്ള നേർച്ചക്കോഴിയെന്ന 25 മിനിട്ട് ദൈർഘ്യമുള്ള ടെലിഫിലിമിന്റെ സംവിധായകനായിരുന്നു ജയ കൃഷ്ണൻ എന്ന ജയൻ കൊമ്പനാട്. ഇതിന്റെ തിരക്കഥയൊരുക്കിയത് നജീബായിരുന്നു. ചർച്ചകൾ നടന്ന് വരുന്ന തമിഴ്, മലയാള ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി നജീബ് കണ്ടിരുന്നതും ജയൻ കൊമ്പനാടിനെയായിരുന്നു. കൊലക്ക് മുമ്പ് ജയനും ജോബിയുമൊത്തുള്ള നിമിഷങ്ങളേക്കുറിച്ചും കൊല നടത്തിയ ശേഷം ജോബി നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചുമെല്ലാം മറുനാടനോട് വിവരിക്കുബോൾ നജീബ് വിങ്ങിപ്പൊട്ടി.

ആ രാത്രി നഗരമധ്യത്തിലെ ഫ്‌ളാറ്റിൽ സംഭവിച്ചത്

സംഭവം നടന്ന ദിവസം രാത്രി പത്ത് മണിയോടടുത്ത് ജോബി വിളിച്ചിട്ടാണ് ഫ്‌ളാറ്റിലെത്തിയതെന്നും ഒന്നിച്ച് ആഹാരം തയ്യാറാക്കി കഴിച്ചിട്ട് ഇരുവരോടും കിടന്നോളാൻ നിർദ്ദേശിച്ച് താൻ പോയെന്നും മറുനാടനുമായി നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഈ സമയം ഇരുവരും അത്യവശ്യം മദ്യലഹരിയിലായിരുന്നു. കുപ്പിയിൽ അല്പം മദ്യം അവശേഷിച്ചിരുന്നു. വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് കിടക്കാൻ തുടങ്ങിയപ്പോൾ ജോബി തന്നെ തല്ലിയെന്ന് ജയൻ മൊബൈലിൽ വിളിച്ചു പറഞ്ഞു. ഇതേത്തുടർന്ന് ഇരുവരോടും ദേഷ്യപ്പെട്ടു. വഴക്കുണ്ടാക്കാതെ കിടന്നുറങ്ങാനും നിർദ്ദേശിച്ചു.

പിറ്റേന്ന് നേരം പുലർന്നപ്പോൾ ബാത്തു റൂമിലായിരുന്ന എന്നോട് വേഗം പുറത്തിറങ്ങാൻ ഭാര്യ ആവശ്യപെട്ടു. അവൾ മൊബൈലിൽ ജോബിയുടെ മൂന്ന് മിസ്ഡ് കോൾ കാട്ടിത്തന്നു. രാത്രിയിൽ ഇരുവരുമായി ഉണ്ടായ അടിപിടിയെ കുറിച്ച് ഞാൻ അവളോട് സൂചിപ്പിച്ചിരുന്നു. മിസ്ഡ് കോളു കണ്ടപ്പോൾ അവൾക്ക് വേവലാതി കൂടാൻ ഇതായിരുന്നു കാരണം. തുടർന്നാണ് ബാത്ത് റൂമിലായിരുന്ന എന്നേ വിളിക്കാൻ അവൾ ഓടിയെത്തിയത്.

ഉടൻ ഞാൻ ജോബിയെ വിളിച്ചു. ഒറ്റ റിംഗിൽ ഫോണെടുത്ത ജോബി, എന്നേ ജയൻ ചേട്ടൻ വെട്ടിയെന്നും പുരികം മുറിഞ്ഞെന്നും പറഞ്ഞു.ഇതു കേട്ടപ്പോൾ ജയൻ ചേട്ടന് ഫോൺ കൊടുക്കാൻ ഞാൻ പറഞ്ഞു. ഞാൻ ജയൻ ചേട്ടനെ കൊന്നെന്നായിരുന്നു അവന്റെ മറുപടി. കേട്ടപാടെ ഞാൻ തളർന്നിരുന്നു. ജോബിയുമായി ആറ് വർഷത്തേ പരിചയമേ ഉണ്ടായിരുന്നുള്ളു. ജയൻ ചേട്ടനുമായി 27 കൊല്ലത്തെ പരിചയവും അടുപ്പവുമുണ്ടായിരുന്നു. അരും കൊലയെക്കുറിച്ച് അറിഞ്ഞ ആ നിമിഷത്തെ അതിജീവിച്ചത് ഏറെ പ്രയാസപ്പെട്ടാണ്.

പെട്ടെന്ന് ഇതേത്തുടർന്നുണ്ടാകാൻ പോകുന്ന പ്രത്യാഘാതത്തേക്കുറിച്ചോർത്തപ്പോൾ മനസ്സിൽ വല്ലാത്ത ഭയപ്പാടായി. ഈ ചിന്തകൾ മനസ്സിൽ രൂപപ്പെട്ടപ്പോഴാണ് അനുനയത്തിൽ കൂടി ജോബിയെ വരുതിക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്. പിന്നെ കരുതലോടെയാണ് ഫോൺ സംഭാഷണം തുടർന്നത്. അബദ്ധം പറ്റിയെന്നും ചേട്ടൻ എന്റെ കൂടെ നിൽക്കണമെന്നും അവൻ ആവശ്യപ്പെട്ടു.

സിനിമയിൽ വേഷം തരാമെന്ന് പറഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടു

നിന്റെ കൂടെ എല്ലാ കാര്യത്തിനും ഞാനുണ്ടെന്ന് അവനെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്റെ തുടങ്ങാനിരിക്കുന്ന സിനിമയിൽ വേഷം തരുമോ എന്നായിരുന്നു പിന്നീട് അവന്റെ ചോദ്യം. സഹകരിപ്പിക്കാമെന്ന് ഞാൻ ഉറപ്പുകൊടുത്തു. ഒളിവിൽ പോകാൻ പോകുകയാക്കണന്ന് അവൻ പറഞ്ഞപ്പോൾ സ്റ്റേഷനിൽ ഹാജരായാൽ ശിക്ഷ കുറവ് കിട്ടുമെന്നും ജാമ്യത്തിലിറക്കാൻ ഞാൻ ചെല്ലാമെന്നും പറഞ്ഞു.

എന്നാൽ പത്ത് മിനിട്ട് സമയത്തേക്ക് വിവരം പൊലീസിൽ അറിയിക്കരുതെന്നും ഫ്‌ളാറ്റിൽ പൊലീസെത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഞാൻ നേരിട്ട് സ്റ്റേഷനിലെത്തിക്കോളാമെന്നും അവൻ അറിയിച്ചു. ഇത്രയും പറഞ്ഞ് അവൻ ഫോൺ വച്ചു. ഇതിന് ശേഷം ബൈക്ക് എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ റവന്യു ടവറിൽ പാർക്ക് ചെയ്തിട്ട് സ്റ്റേഷനിലേക്ക് പൊയ്‌ക്കോളാൻ പറഞ്ഞു. അല്പം കഴിഞ്ഞ് പരിചയക്കാരനായ പൊലീസുകാരനേ വിളിച്ച് ജോബി സ്റ്റേഷനിലെത്തിയെന്ന് ഉറപ്പ് വരുത്തിയപ്പോഴാണ് സമാധാനമായത്.- നജീബ് പറയുന്നു.

രാവിലെ 6.30 തോടെ സ്റ്റേഷനിൽ വിളിപ്പിച്ച നജീബിനെ മൊഴിയെടുക്കലും തെളിവെടുപ്പും പുർത്തിയാക്കി വൈകിട്ടോടെയാണ് പൊലീസ് സ്വതന്ത്രനാക്കിയത്. സാമ്പത്തിക ക്ലേശത്തിനിടയിലും ഭക്ഷണവും മദ്യവും വാങ്ങി നൽകിയ തന്നേ ജയൻ ആക്രമിച്ചതിനെത്തുടർന്നുള്ള മനോവിഷമം മദ്യം അകത്ത് ചെന്നപ്പോൾ വൈരാഗ്യമായി മാറിയെന്നും ജയന്റെ ആക്രമണത്തിൽ പരിക്കേറ്റപ്പോൾ സമനില തെറ്റിയതോടെ കൊല നടത്തിയെന്നുമാണ് ജോബി എന്നോട് പറഞ്ഞത്. യഥാർത്ഥ്യം ഇതുതന്നെയാണ്. ഇതിലപ്പുറമൊന്നുമുണ്ടാവില്ല- നജീബ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP