Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുട്ടിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയത് ഷർട്ട് മാത്രം ധരിച്ച് നിക്കർ ഇല്ലാതെ; 100 മീറ്റർ അകലെ നിന്ന് കണ്ടത്തിയ നിക്കറിൽ ശുക്ലത്തിന്റെ അംശവും; സെമൺ സംശയം വിരൽ ചൂണ്ടിയത് പട്ടാളക്കാരനിലും ബന്ധുക്കളിലും; കൈയിൽ വിലങ്ങ് വീഴാതിരിക്കാൻ ആക്ഷൻ കൗൺസിൽ ഉണ്ടാക്കിയതും സംശയ നിഴലിലുള്ളവർ; ഭരതന്നൂരിലെ ക്രൂരൻ പ്രകൃതി വിരുദ്ധ പീഡകൻ തന്നെ; പത്തുകൊല്ലം മുമ്പത്തെ ആദർശ് വിജയ് ക്രൈം ഫയൽ കൂടത്തായി ഇഫക്ടിൽ വീണ്ടും കേരളാ പൊലീസ് തുറക്കുമ്പോൾ

കുട്ടിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയത് ഷർട്ട് മാത്രം ധരിച്ച് നിക്കർ ഇല്ലാതെ; 100 മീറ്റർ അകലെ നിന്ന് കണ്ടത്തിയ നിക്കറിൽ ശുക്ലത്തിന്റെ അംശവും; സെമൺ സംശയം വിരൽ ചൂണ്ടിയത് പട്ടാളക്കാരനിലും ബന്ധുക്കളിലും;  കൈയിൽ വിലങ്ങ് വീഴാതിരിക്കാൻ ആക്ഷൻ കൗൺസിൽ ഉണ്ടാക്കിയതും സംശയ നിഴലിലുള്ളവർ; ഭരതന്നൂരിലെ ക്രൂരൻ പ്രകൃതി വിരുദ്ധ പീഡകൻ തന്നെ; പത്തുകൊല്ലം മുമ്പത്തെ ആദർശ് വിജയ് ക്രൈം ഫയൽ കൂടത്തായി ഇഫക്ടിൽ വീണ്ടും കേരളാ പൊലീസ് തുറക്കുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: പാങ്ങോട് ഭരതന്നൂരിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ആദർശ് വിജയന്റെ (12) ദുരൂഹമരണവുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും സജീവമാകവേ ഉത്തരം തേടി അന്തരീക്ഷത്തിൽ ഉയരുന്നത് ഒട്ടനവധി ചോദ്യങ്ങൾ. ഒരു പതിറ്റാണ്ട് മുൻപ് നടന്ന ദുരൂഹമരണത്തിന്റെ ഫയലാണ് കൂടത്തായി കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് വീണ്ടും ഓപ്പൺ ചെയ്തിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2009 ഏപ്രിൽ അഞ്ചിന് രാത്രിയോടെയാണ് ആദർശിനെ കാണാതാകുന്നത്. സാധാരണ ഹിന്ദു മരണങ്ങളിൽ മൃതദേഹം ദഹിപ്പിക്കാറാണുള്ളത്. എന്നാൽ കുട്ടിയുടേത് ആയതിനാലും അച്ഛനും അമ്മയും ജീവിച്ചിരുന്നതിനാലും മൃതദേഹം കുഴി എടുത്ത് മൂടുകയായിരുന്നു. ഇവിടെയാകും ഇനി പരിശോധന

കുട്ടിയെ കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിൽ രാമരശ്ശേരിയിലെ കുളത്തിൽ പൊങ്ങിക്കിടക്കുന്ന വിധത്തിൽ രാത്രി പത്തോടെ കുട്ടിയുടെ മൃതദേഹം കാണപ്പെടുകയായിരുന്നു. രാത്രി ഒരു കിലോമീറ്റർ അകലെയുള്ള ഒരു വീട്ടിലേക്ക് പാല് വാങ്ങാൻ പോയ കുട്ടിയുടെ മൃതദേഹം ഒരു ഷർട്ട് മാത്രം ധരിച്ച് നിക്കർ ഇല്ലാത്ത നിലയിലാണ് കുളത്തിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. കേസ് അന്വേഷിച്ച പാങ്ങോട് പൊലീസിന് തന്നെ കുട്ടിയുടെ മരണത്തിൽ സംശയം നിലനിന്നിരുന്നു. പക്ഷെ അന്വേഷണം എങ്ങുമെത്താത്ത നിലയിൽ വന്നപ്പോൾ കുട്ടിയുടെ മാതാപിതാക്കൾ മരണം സംശയാസ്പദമെന്നു ചൂണ്ടിക്കാട്ടി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുകയായിരുന്നു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു സർക്കാർ ഉത്തരവ് വന്നത്.

പക്ഷെ പാതി വഴിയിൽ നിലയ്ക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു തലവിധി വന്നത്. മരണവുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് നടത്തിയ നിരന്തര ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമെതിരെ നാട്ടിൽ ഉയർന്ന പരാതികളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു മൂക്ക് കയർ ഇട്ടത്. ഇതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലം കൂടിയാണ് വീണ്ടുമൊരു സത്വര അന്വേഷണം ഈ മരണവുമായി ബന്ധപ്പെട്ടു നടക്കുന്നത്. തിങ്കളാഴ്‌ച്ചയാണ് കുട്ടിയുടെ കുഴി മാന്തി പരിശോധിക്കാൻ ക്രൈംബ്രാഞ്ച് സംഘം തയ്യാറാറെടുക്കുന്നത്. പുനരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ഒരാഴ്‌ച്ചയായി പാങ്ങോട് കേന്ദ്രീകരിച്ച് രഹസ്യ അന്വേഷണത്തിലാണ്.

കുട്ടിയുടെ മരണം കൊലപാതകമെന്ന രീതിയിലേക്ക് അന്നത്തെ ക്രൈംബ്രാഞ്ച് സംഘം നീങ്ങുന്ന വേളയിൽ നാട്ടിൽ ഒരു പ്രക്ഷോഭം രൂപപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് സംഘം നിരന്തരം നാട്ടുകാരെയും ബന്ധുക്കളെയും ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് അന്ന് ഭരതന്നൂരിൽ പ്രക്ഷോഭം രൂപപ്പെട്ടത്. അന്ന് നാട്ടുകാർ പരാതിയുമായി മുന്നോട്ടു വരുകയും ചെയ്തിരുന്നു. കുട്ടിയുടെ മരണം കൊലപാതകം എന്ന രീതിയിൽ അന്വേഷണം മുന്നോട്ടു പോകുമ്പോൾ അത് തടസ്സപ്പെടുത്താനുള്ള ഉദ്ദേശ്യം കൂടി ഈ പ്രക്ഷോഭത്തിനു പിന്നിലുണ്ടെന്നു അന്ന് ക്രൈംബ്രാഞ്ചിനു ബോധ്യമായിരുന്നു. പക്ഷെ പ്രക്ഷോഭം അന്വേഷണത്തിന്റെ വഴിമുടക്കി.

നൂറിലധികം സംശയാസ്പദമായ വ്യക്തിത്വങ്ങളുടെ ലിസ്റ്റ് എടുത്ത് ഇവരെ ചോദ്യം ചെയ്യുന്ന വേളയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു മേൽ ജനകീയ പ്രക്ഷോഭമെന്ന കുരുക്ക് വീഴുന്നത്. ഇതോടെയാണ് അന്വേഷണം പാതിവഴിയിൽ നിലച്ചത്. അന്വേഷണത്തിനു നേരെ മുഖം തിരിക്കുകയും അന്വേഷണം നടത്താതിരിക്കാൻ പരിശ്രമിക്കുകയും ചെയ്ത ചിലരുടെ വിജയമായാണ് അന്നത്തെ പ്രക്ഷോഭം വിലയിരുത്തപ്പെട്ടത്. അന്നത്തെ പ്രക്ഷോഭത്തിന്റെ അലയൊലികൾ ഇപ്പോഴും ഭരതന്നൂരിൽ നിലനിൽക്കുന്നുണ്ടോ എന്നറിയാനാണ് ക്രൈംബ്രാഞ്ച് പാങ്ങോട് ക്യാമ്പ് ചെയ്ത് രഹസ്യ അന്വേഷണം നടത്തിയത്. ഒരു എതിർപ്പും നിലനിൽക്കില്ലെന്ന് മനസിലാക്കിയാണ് തിങ്കളാഴ്ച കല്ലറ തുറന്നു പരിശോധന നടത്താൻ ക്രൈംബ്രാഞ്ച് സംഘം തീരുമാനമെടുത്തത്.

ലോക്കൽ പൊലീസിൽ നിന്നും വ്യത്യസ്തമായി ക്രൈംബ്രാഞ്ച് അന്വേഷണം വന്നപ്പോൾ ക്രൈംബ്രാഞ്ച് ആദ്യം അന്വേഷിച്ചത് കുട്ടിയുടെ നിക്കർ എവിടെപ്പോയി എന്നായിരുന്നു. കുട്ടിയുടെ വീട്ടിൽ അന്വേഷിച്ചപ്പോൾ വീട്ടുകാർ പറഞ്ഞത് ആദർശ് പാല് വാങ്ങാൻ പോയതാണ്. അപ്പോൾ പ്രാഥമിക ആവശ്യത്തിനു പോയപ്പോൾ കുളത്തിൽ ഇറങ്ങിയപ്പോൾ മരിച്ചതാവും എന്നായിരുന്നു. ക്രൈംബ്രാഞ്ച് പരിശോധിച്ചപ്പോൾ കുട്ടിയുടെ മൃതദേഹം കണ്ടത് കുളത്തിൽ പൊങ്ങിക്കിടന്ന നിലയിൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്ന സൂചനയുമില്ല. കുട്ടിയുടെ ശ്വാസകോശത്തിൽ വെള്ളം കയറിയിട്ടില്ല. മൃതദേഹത്തിൽ മുങ്ങി മരണത്തിന്റെ ലക്ഷണങ്ങളുമില്ല. ഇതോടെ കുട്ടിയുടെ കൊല ചെയ്ത് കുളത്തിൽ കൊണ്ടുപോയിട്ടു എന്ന രീതിയിൽ ക്രൈംബ്രാഞ്ച് നിഗമനത്തിലെത്തി. അപ്പോൾ കുട്ടിയുടെ നിക്കർ എവിടെ എന്ന അന്വേഷണം ക്രൈംബ്രാഞ്ച് രഹസ്യമായി നടത്തി. അന്നത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കുട്ടിയുടെ നിക്കർ കണ്ടെത്തുക തന്നെ ചെയ്തു. നിക്കർ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ നിക്കറിൽ സെമൺ കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതുമില്ല.

കൂടുതൽ അന്വേഷണത്തിൽ കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമായതായാണ് ക്രൈംബ്രാഞ്ച് സംഘത്തിനു കണ്ടെത്താൻ കഴിഞ്ഞത്. പക്ഷെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇങ്ങിനെ ഒരു സൂചന വരാത്തത് അന്നത്തെ സംഘത്തിനു തലവേദനയുമായി. പോസ്റ്റ്‌മോർട്ടം നടന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അല്ലാത്തത് പോസ്റ്റ്‌മോർട്ടത്തിന്റെ വിശ്വാസ്യത കുറയ്ക്കുകയും ചെയ്തു. കടയ്ക്കൽ ആശുപത്രിയിൽ വച്ചാണ് പോസ്റ്റ്‌മോർട്ടം നടന്നത്. ഒട്ടനവധി പരിമിതികൾ ഉള്ള ആശുപത്രിയാണ് കടയ്ക്കലിലേത്. അതുകൊണ്ട് തന്നെ തന്നെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ വിശ്വാസ്യത സംശയത്തിലായി. എന്തായാലും കുട്ടി പീഡിപ്പിക്കപ്പെട്ടു എന്നും കുട്ടിയെ പീഡനത്തിനു ശേഷം തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയും ചെയ്തു എന്ന അനുമാനം അന്വേഷണ സംഘം ഉറപ്പിക്കുകയും ചെയ്തു. പക്ഷെ ഇതിനു ഒട്ടനവധി തെളിവുകളും അന്വേഷണത്തിൽ തെളിയേണ്ട കാര്യങ്ങളുമുണ്ടായിരുന്നു. അതിനാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ തലയ്ക്ക് പിന്നിൽ ആഴത്തിൽ ക്ഷതമേറ്റതായി രേഖപ്പെടുത്തിയിരുന്നു. കുട്ടി കുളത്തിൽ തലയിടിച്ചപ്പോൾ പരുക്ക് പറ്റി എന്നായിരുന്നു അന്നത്തെ നിഗമനം.

ശ്വാസകോശത്തിൽ വെള്ളം കയറാത്തതും തലയ്ക്ക് പിന്നിലെ ക്ഷതവും സംഭവം കൊലപാതകം എന്നതിലേക്ക് തന്നെ വിരൽ ചൂണ്ടി. ക്രൈംബ്രാഞ്ച് സംഘം കുളം വറ്റിച്ചു. കുളത്തിൽ നിന്നും ഒരു തായ്ത്തടി, മൺവെട്ടിയുടെയോ മറ്റോ കണ്ടെത്തുകയും ചെയ്തു. ഇതും ആദർശിന്റെ മരണം കൊലപാതകം എന്ന രീതിയിലേക്ക് തന്നെ അന്വേഷണ സംഘത്തെ കൊണ്ടെത്തിച്ചു. ഈ തടി കൊണ്ടാണ് ആദർശിന്റെ തലയ്ക്ക് പിന്നിൽ ക്ഷതമേൽപ്പിച്ചത് എന്നായിരുന്നു സംഘത്തിന്റെ നിഗമനം. ഇതോടെ സെമൺ ആരുടേത് എന്ന് കണ്ടെത്തുന്നതിലേക്കും അന്വേഷണം നീക്കി. ഒരു വലിയ ലിസ്റ്റിട്ട് അതിനായി ആളുകളെ വിളിച്ചു വരുത്തി. നൂറോളം പേരുടെ ലിസ്റ്റ് ആണ് അന്വേഷണ സംഘം തയ്യാറാക്കിയത്. എല്ലാവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇതിൽ കുട്ടിയുടെ ബന്ധുമിത്രാദികൾ കൂടി ഉൾപ്പെട്ടിരുന്നു. ചിലരുടെ സെമൺ പരിശോധിച്ചപ്പോൾ ചില സാമ്യതകൾ വരുകയും ചെയ്തു. ഒരു പട്ടാളക്കാരനെയും അന്ന് സംശയിച്ചിരുന്നു. അന്വേഷണ പരിധിയിൽ ബന്ധുക്കൾ കൂടി വന്നതോടെ കുടുംബത്തിൽ തന്നെ എതിർപ്പ് വരുകയും ചെയ്തു. കുടുംബത്തിൽ ഉള്ളവർ കൂടി അന്വേഷണ പരിധിയിൽ വന്നപ്പോൾ കുട്ടിയുടെ മാതാപിതാക്കൾക്ക് ക്കൂടി സംശയമായി.

തങ്ങളുടെ മകന്റെ ശവശരീരം രാത്രി തന്നെ കുളത്തിൽ നിന്ന് കണ്ടെത്തിയിട്ടും ശരീരം തങ്ങളെ കാണിച്ചത് പോസ്റ്റ്‌മോർട്ടത്തിനു ശേഷമാണെന്ന് മാതാപിതാക്കൾ അന്വേഷണ സംഘത്തോടും വെളിപ്പെടുത്തി എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ മൊഴി ബന്ധുക്കളുടെ നേർക്ക് വിരൽ ചൂണ്ടുന്നതായിരുന്നു. എന്തിനു തങ്ങളെ രാത്രി തന്നെ ശരീരം കാണിക്കാതിരുന്നത് എന്നാണ് മാതാപിതാക്കൾ ചോദിച്ചത്. നാട്ടുകാരിൽ ചിലർക്ക് നേരെയും ബന്ധുക്കളിൽ ചിലർക്ക് നേരെയും അന്വേഷണം നീങ്ങുന്ന ഘട്ടം വന്നപ്പോൾ മാതാപിതാക്കളുടെ ഈ സംശയവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി. ഇതോടെ മാതാപിതാക്കൾക്ക് നേരെ ബന്ധുക്കളിൽ നിന്നും എതിർപ്പ് വന്നു. സംശയിക്കപ്പെട്ട വ്യക്തികളും നാട്ടുകാരും ഒന്ന് ചേർന്ന് അന്വേഷണ സംഘത്തിന്നെതിരെ കൈകോർത്തു.

പരാതികൾ പലതും മുകളിലേക്ക് പോയി. അന്വേഷണ സംഘം തങ്ങളെ നിരന്തരം ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു എന്നും തങ്ങൾക്ക് ഇതുമായി ബന്ധമില്ലാ എന്നും മനഃപൂർവം ബുദ്ധിമുട്ടിക്കുന്നു എന്നുമാണ് നാട്ടുകാർ പരാതി പറഞ്ഞത്. പരാതികൾ നിരന്തരം പ്രവഹിച്ചപ്പോൾ അന്വേഷണത്തിനും കുരുക്ക് വീണു. ഇതിന്നിടയിൽ കുട്ടിയുടെ മരണം കൊലപാതകം എന്ന് കണ്ടെത്തിയ അന്വേഷണ സംഘത്തെ നയിച്ച ഡിവൈഎസ്‌പിക്ക് സ്ഥലം മാറ്റവും വന്നു. അന്വേഷണത്തിന്റെ ഏറ്റവും നിർണ്ണായകമായ സ്റ്റേജിലാണ് അന്വേഷണ സംഘത്തിലെ ഡിവൈഎസ്‌പി തന്നെ സ്ഥലം മാറ്റപ്പെട്ടത്. ഇതോടെ അന്വേഷണവും നിരവീര്യമായി. അന്വേഷണം നിലച്ചതോടെ മാതാപിതാക്കളുടെ സംശയവും ഉയർന്നു. അവർ ഒറ്റയ്ക്ക് പോരാട്ടവുമായി മുന്നോട്ടു പോയി.

ഇതിനിടയിലാണ് സയനൈഡ് ജോളിയുടെ സീരിയൽ കൊലപാതകങ്ങൾ പൊതുദൃഷ്ടിയിലേക്ക് വന്നത്. ഇതോടെ ആദർശിന്റെ മരണത്തിലും പുനരന്വേഷണവും വന്നു. ഇനി കുഴി മാന്തിയുള്ള പരിശോധനയിലും റീ പോസ്റ്റ്‌മോർട്ടത്തിലും എന്തൊക്കെ തെളിയും എന്നാണ് മരണത്തെ കൊലപാതകമായി കാണുന്ന കുട്ടിയുടെ മാതാപിതാക്കളും മാതാപിതാക്കൾക്ക് ഒപ്പം നിലയുറപ്പിച്ച ബന്ധുക്കളും നാട്ടുകാരും ഉറ്റു നോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP