Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പട്ടയം റദ്ദാക്കിയതു കൊണ്ട് കാര്യമില്ല; അടൂർ പ്രകാശ് പതിച്ചു നൽകിയ ഭൂമി കൈവശക്കാർക്ക് തന്നെ സ്വന്തമാകും; പാട്ടത്തിനോ വിപണി വിലയ്ക്കോ ഭൂമി നൽകാമെന്ന് റവന്യൂ വകുപ്പ്; കോന്നിയിലെ പട്ടയം റദ്ദാക്കൽ രാഷ്ട്രീയ മുതലെടുപ്പ് മാത്രമോ

പട്ടയം റദ്ദാക്കിയതു കൊണ്ട് കാര്യമില്ല; അടൂർ പ്രകാശ് പതിച്ചു നൽകിയ ഭൂമി കൈവശക്കാർക്ക് തന്നെ സ്വന്തമാകും; പാട്ടത്തിനോ വിപണി വിലയ്ക്കോ ഭൂമി നൽകാമെന്ന് റവന്യൂ വകുപ്പ്; കോന്നിയിലെ പട്ടയം റദ്ദാക്കൽ രാഷ്ട്രീയ മുതലെടുപ്പ് മാത്രമോ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് റവന്യൂ മന്ത്രിയായിരുന്ന അടൂർ പ്രകാശ്, കോന്നി താലൂക്കിലെ 1843 പേർക്ക് നൽകിയ പട്ടയം റദ്ദാക്കിയ നടപടി വെറും രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്ന് വിലയിരുത്തിൽ. പട്ടയം റദ്ദാക്കിയെങ്കിലും കൈവശക്കാരിൽ നിന്ന് ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് പദ്ധതിയില്ല. പകരം പാട്ടത്തിനോ വിപണി വിലയ്ക്കോ ഭൂമി കൈവശക്കാർക്ക് തന്നെ കൈമാറും. അടൂർ പ്രകാശ് നിയമം വിട്ട് പതിച്ചു നൽകിയ വനഭൂമിയാണ് വിലയ്ക്ക് നൽകാമെന്ന് സർക്കാർ പറയുന്നതെന്നതാണ് ഏറെ രസകരം.

കോന്നി താലൂക്കിലെ ആറ് വില്ലേജുകളിലായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുൻ റവന്യുമന്ത്രി അടൂർ പ്രകാശ് മുൻ കൈയെടുത്ത് വിതരണം ചെയ്ത പട്ടയങ്ങളാണ് നിയമവിധേയമല്ലെന്നു കണ്ടെത്തി തഹസീൽദാർ റദ്ദുചെയ്ത് ഉത്തരവിറക്കിയത്.

താലൂക്കിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂർ വില്ലേജുകളിലായി തിടുക്കത്തിൽ അനുവദിച്ച 1843 പട്ടയങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്.

കേരള ഭൂമി പതിച്ചു നൽകൽ 1964ലെ ചട്ടം പ്രകാരം ഭൂമി പതിച്ചു നൽകിയത് തികച്ചും അനുചിതമാണോ അല്ലെങ്കിൽ വസ്തു സംബന്ധിച്ച പിശകു കാരണമോ, പതിച്ചു നൽകൽ അധികാര കേന്ദ്രം അതിന്റെ അധികാര പരിധി ലംഘിച്ചു കൊണ്ട് നടത്തിയതാണോ എന്നും മറ്റും കണ്ടെത്തുന്ന പക്ഷം പതിവു നടപടികൾ റദ്ദു ചെയ്യാൻ നിമയം അനുശാസിക്കുന്നു. എന്നാൽ സങ്കട കക്ഷികൾക്ക് പറയുവാനുള്ളത് കേൾക്കാൻ അവസരം നൽകാതെ പതിവു റദ്ദു ചെയ്യാൻ പാടില്ല എന്നും ചട്ടത്തിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂലൈ 19 മുതൽ ഓഗസ്റ്റ് മൂന്നുവരെ താലൂക്ക് ഓഫീസിൽ 40 പട്ടയക്കാരെ വിളിച്ചു വരുത്തി നടപടികൾ പൂർത്തീകരിച്ചതിനു ശേഷമാണ് പട്ടയം റദ്ദുചെയ്തത്. ശേഷിക്കുന്ന 1803 പട്ടയങ്ങൾ നൽകിയിട്ടില്ലാത്തതിനാൽ അവരെ വിളിച്ചു വരുത്തിയില്ല.

വിവിധ ക്രൈസ്തവ സഭകൾ, എസ്.എൻഡിപി, എൻഎസ്എസ് തുടങ്ങിയ സാമുദായിക സംഘടനകൾക്ക് അനുവദിച്ച പടയങ്ങളും നൽകിയിട്ടില്ല. ഇവർക്ക് പാട്ടത്തിനോ, വിലയ്ക്കോ കൈവശ ഭൂമി വേണോ എന്നറിയിക്കാൻ തഹസീൽദാർ നോട്ടീസ് നൽകിയിട്ടുണ്ട്.

ഫുഡ് പ്രൊഡക്ഷൻ ഏരിയായിൽ വീട് വച്ച് താമസിക്കുന്ന 4126 കൈവശക്കാർക്ക് പട്ടയം നൽകുന്നതിനായി 27.12. 2016ൽ സർക്കാർ 174/ 2016 നമ്പർ ഉത്തരവ് നൽകിയിരുന്നു. വനം വകുപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി തർക്കങ്ങൾ നിലവിലില്ലെന്ന് ജില്ലാ കലക്ടർ ഉറപ്പു വരുത്തണമെന്നും, 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം അർഹരായവർക്ക് മാത്രം പട്ടയം നൽകണമെന്നും ഉത്തരവിൽ നിർദേശിച്ചിരുന്നു.

ജില്ലാ കലക്ടറുടെ 05.03.2016ലെ ഉത്തരവ് പ്രകാരം കൈവശഭൂമികൾ സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പോ / വനം വകുപ്പോ തർക്കങ്ങൾ ഒന്നും ഉന്നയിച്ചിട്ടില്ലെന്നും, ഈ ഭൂമി റവന്യൂ വകുപ്പിൽ നൽകിയതു സംബന്ധിച്ച് രേഖകൾ ഒന്നും തന്നെ ആവശ്യമില്ലെന്നും അറിയിച്ചിരുന്നു. 01.01.1977 നു മുൻപുള്ള എല്ലാ വനം കൈയേറ്റക്കാർക്കും പട്ടയം നൽകണമെന്ന സർക്കാർ തീരുമാനപ്രകാരം വനം, റവന്യൂ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി അർഹരായവരുടെ പേരുവിവരങ്ങളും, കൈവശ സ്ഥലത്തിന്റെ പരിധിയും ശേഖരിച്ചിട്ടുണ്ട്. എന്നാൽ പട്ടയപ്രദേശങ്ങൾ നിലവിൽ സംരക്ഷിത മേഖലയിൽ തന്നെയാണ്. ഇതിനാൽ ഈ ഭൂമി ഡിസ് റിസർവ് ചെയ്തു കിട്ടുന്നതിനും പട്ടയം നൽകുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കാൻ റവന്യൂ വകുപ്പ് ഉത്തരവ് നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ റാന്നി, കോന്നി താലൂക്കുകളിലെ പട്ടയത്തിന് അർഹരായി കണ്ടെത്തിയ 6740 കൈവശക്കാർക്ക് പട്ടയം നൽകുന്നതിനായി ഇടുക്കി ജില്ലയിലെ കമ്പക്കല്ലിൽ നീലക്കുറുഞ്ഞി സാങ്ച്വറിക്കായി മാറ്റി വെച്ചിട്ടുള്ള 8000 ഏക്കർ ഭൂമി പരിഹാര വനവത്ക്കരണത്തിനുള്ള ഭൂമിയായി കണക്കാക്കി മലയോര കർഷകർക്ക് പട്ടയം കൊടുക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ അനുമതി വാങ്ങാമെന്നും, ഇതിനായി ജില്ലാ കലക്ടറും, ഡിഎഫ്ഒയും സംയുക്തമായി അപേക്ഷ തയ്യാറാക്കി ഫോറസ്റ്റ് കൺസർവേറ്റർ വഴി സർക്കാരിന് സമർപ്പിക്കേണ്ടത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവ് ഇട്ടിരുന്നു.

സീതത്തോട്, തണ്ണിത്തോട്, ചിറ്റാർ വില്ലേജുകളിൽപ്പെട്ടവർക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ തഹസീൽദാർ വനം വകുപ്പിനോട് റിപ്പോർട്ട് തേടിയിരുന്നു. ഇത് വനഭൂമിയാണന്നും, കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ പതിച്ചു നൽകാൻ കഴിയില്ലെന്നും കാട്ടി 2015 ഡിസംമ്പർ രണ്ടിന് റാന്നി ഡി.എഫ്ഒ ബി ജോസഫ് കോന്നി തഹസീൽദാർക്ക് മറുപടി നൽകുകയും ചെയ്തിരുന്നു.

വനം വകുപ്പിന്റെ തടസവാദങ്ങൾ പരിഗണിക്കാതെ മന്ത്രിയുടെ താൽപര്യപ്രകാരം റവന്യൂ വകുപ്പ് പട്ടയ നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. 2016 ജനുവരി 26 ന് മന്ത്രി അടൂർ പ്രകാശ് പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കുകയും കോന്നിയിൽ ഭൂമി പതിവ് തഹസീൽദാറുടെ ഓഫീസ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഈ ഓഫീസ് അപേക്ഷകരിൽ 4126കൈവശക്കാർക്കായി 4865 ഏക്കർ ഭൂമി പട്ടയമായി നൽകാൻ തീരുമാനിക്കുകയായിരുന്നു.

ഇതിൽ 1843 പേർക്ക് പട്ടയം അനുവദിച്ചെങ്കിലും 2016 ഫെബ്രുവരി 28ന് ചിറ്റാറിൽ മന്ത്രി സംഘടിപ്പിച്ച പട്ടയമേളയിൽ 40 പട്ടയങ്ങൾ വിതരണം ചെയ്യുകയും ബാക്കിയുള്ളവ വിതരണത്തിന് തയ്യാറാക്കുകയും ചെയ്തിരുന്നു. പട്ടയം നൽകിയത് വനഭൂമിയിലാണെന്ന് വനം വകുപ്പ് ഉറപ്പിച്ചതും, കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ പട്ടയം നൽകിയ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണന്നും കണ്ടെത്തിയതോടെയാണ് റവന്യൂ വകുപ്പ് പട്ടയം റദ്ദാക്കൽ നടപടി സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP