Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേസു പഠിക്കവേ ഹെൽമറ്റുധാരികൾ കുതിച്ചെത്തി മുഖത്തിടിച്ചു; ബോധം പോയപ്പോൾ കൈകാലുകൾ കെട്ടി പൂച്ചക്കൂട്ടിയെ പോലെ ഇട്ടത് ഡിക്കിയിൽ; അരുവിക്കരയിൽ പിഴച്ചപ്പോൾ കാർ കുതിച്ചത് ആര്യാങ്കാവിലേക്ക്; മരിച്ചു എന്നുറപ്പാക്കി കഴുത്തിലെ കെട്ടഴിച്ച് എറിഞ്ഞത് രക്ഷപ്പെടാൻ പഴുതുകളില്ലാത്ത കൊക്കയിൽ; മരക്കൊമ്പായി ഭാഗ്യമെത്തിയപ്പോൾ അഭിഭാഷകന് ഇത് രണ്ടാം ജന്മം; ക്ഷേത്രക്കേസിലെ പകയെ സംശയിച്ച് അഡ്വ ജ്യോതികുമാർ; പ്രതികളെ പടിക്കാതെ പൊലീസും; കേരളത്തിലെ ഗുണ്ടാരാജിന് തെളിവായി ഇതാ ഒരു തട്ടിക്കൊണ്ട് പോകൽ

കേസു പഠിക്കവേ ഹെൽമറ്റുധാരികൾ കുതിച്ചെത്തി മുഖത്തിടിച്ചു; ബോധം പോയപ്പോൾ കൈകാലുകൾ കെട്ടി പൂച്ചക്കൂട്ടിയെ പോലെ ഇട്ടത് ഡിക്കിയിൽ; അരുവിക്കരയിൽ പിഴച്ചപ്പോൾ കാർ കുതിച്ചത് ആര്യാങ്കാവിലേക്ക്; മരിച്ചു എന്നുറപ്പാക്കി കഴുത്തിലെ കെട്ടഴിച്ച് എറിഞ്ഞത് രക്ഷപ്പെടാൻ പഴുതുകളില്ലാത്ത കൊക്കയിൽ; മരക്കൊമ്പായി ഭാഗ്യമെത്തിയപ്പോൾ അഭിഭാഷകന് ഇത് രണ്ടാം ജന്മം; ക്ഷേത്രക്കേസിലെ പകയെ സംശയിച്ച് അഡ്വ ജ്യോതികുമാർ; പ്രതികളെ പടിക്കാതെ പൊലീസും; കേരളത്തിലെ ഗുണ്ടാരാജിന് തെളിവായി ഇതാ ഒരു തട്ടിക്കൊണ്ട് പോകൽ

എം മനോജ് കുമാർ

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ മുതിർന്ന അഭിഭാഷകനെ ഗുണ്ടാസംഘം രാത്രി തട്ടിക്കൊണ്ടു പോയി ആര്യങ്കാവിലെ കൊക്കയിൽ തള്ളി. വഞ്ചിയൂർ കോടതിക്ക് പുറത്തുള്ള ഓഫീസ് മുറിയിൽ നിന്നും കാലും കയ്യും കണ്ണും കെട്ടി കാറിന്റെ ഡിക്കിയിൽ കുത്തിനിറച്ചാണ് അഭിഭാഷകനെ കൊക്കയിൽ തള്ളിയത്. കൊക്കയിൽ അകപ്പെട്ട അഭിഭാഷകൻ രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ടും. ജൂലൈ മൂന്നിനായിരുന്നു സംഭവം. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

കൊല്ലാൻ വേണ്ടി കൊക്കയിലേക്ക് ഗുണ്ടകൾ ആഞ്ഞെറിഞ്ഞപ്പോൾ പാറക്കൂട്ടത്തിനിടയിലുള്ള പൊന്തയിൽ പതിച്ചത് കാരണമാണ് അഭിഭാഷകനായ ജ്യോതികുമാറിനു ജീവൻ തിരിച്ചു കിട്ടാൻ ഇടയാക്കിയത്. ജൂലൈ മൂന്നിന് രാത്രി പത്തുമണിയോടെ നടന്ന ഞെട്ടിപ്പിക്കുന്ന ഈ ഗുണ്ടാ ആക്രമണം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഒരാൾ പോലും ഇതുവരെ പൊലീസ് പിടിയിലായിട്ടുമില്ല. അരുവിക്കര ഡാമിലേക്ക് വലിച്ചെറിയാനുള്ള ശ്രമം പരാജയപ്പെട്ട ശേഷമാണ് ഗുണ്ടാസംഘം ജ്യോതികുമാറിനെ പൊന്മുടി കൊക്കയിൽ തള്ളിയത്. ഇപ്പോൾ ദേഹമാസകലം പരുക്കുകളുമായി തിരുവനന്തപുരത്തെ സ്വാന്തന ആശുപത്രിയിൽ ജ്യോതികുമാർ ചികിത്സയിലാണ്.

തിരുവനന്തപുരത്ത് ജ്യോതികുമാർ ഹാജരാകുന്ന വഞ്ചിയൂർ കോടതിയിലെ കേസ് വിചാരണയുടെ അവസാന ഘട്ടത്തിലാണ്. ഈ കേസിൽ വിജയം ജ്യോതികുമാറിന്റെ കക്ഷിക്കാകും എന്നുറപ്പുള്ള എതിർ കക്ഷികളാണ് ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകിയത് എന്നാണു ജ്യോതികുമാർ അനുമാനിക്കുന്നത്. ഒരു വർഷം മുൻപ് വരെ ഈ കേസിൽ നിന്നും പിന്മാറിയില്ലെങ്കിൽ തട്ടിക്കളയും എന്ന ഭീഷണി വന്നിരുന്നു. മെഡിക്കൽ കോളേജിന് അടുത്ത ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് കേസ്. ഭീഷണിയെ കാര്യമായെടുക്കാതെ കേസുമായി അഭിഭാഷകൻ മുന്നോട്ട് പോയി. ഇതാണ് പ്രതികാരത്തിന് കാരണം.

ക്വട്ടേഷൻ സംഘത്തിനു ക്വട്ടേഷൻ നൽകി തന്നെ കൊലപ്പെടുത്താൻ തീരുമാനിച്ചതിലേക്ക് എത്തിച്ചത് ഈ കേസാകുമെന്നാണ് അഭിഭാഷകന്റെ കണക്കു കൂട്ടൽ. ഇതല്ലാതെ വേറെ കാരണമൊന്നും മുന്നിലില്ലെന്നും അഭിഭാഷകൻ വിരൽ ചൂണ്ടുന്നു. ഒന്നുകിൽ കേസിൽ നിന്ന് പിന്മാറുക, അല്ലെങ്കിൽ തങ്ങൾ പറയുന്നത് പോലെ ഒത്തുതീർപ്പ് ഉണ്ടാക്കി സ്വന്തം കക്ഷിയെകൊണ്ടു ഒപ്പ് വയ്‌പ്പിക്കുക. രണ്ടിനും തയ്യാറല്ലെങ്കിൽ മരിക്കാൻ തയ്യാറാകുക. ഇതാണ് ഒന്ന് രണ്ട് ഗുണ്ടാസംഘങ്ങൾ വഴി ഈ അഭിഭാഷകന് ഭീഷണി വന്നിരുന്നത്. ഈ ഭീഷണിയാണ് ഗുണ്ടാസംഘം യാഥാർത്ഥ്യമാക്കിയത്. ആയുസിന്റെ ബലം കൊണ്ട് മാത്രമാണ് ജ്യോതികുമാറിനു രക്ഷപ്പെടാനായതും ഈ സംഭവം വിവരിക്കാനും കഴിഞ്ഞത്.

തലസ്ഥാന നഗരിയിൽ എന്തും നടക്കുമെന്നുള്ള പ്രത്യക്ഷ ഉദാഹരണമാണ് മുതിർന്ന അഭിഭാഷകനെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയി കൊക്കയിൽ തട്ടിയ സംഭവം. കേരളത്തെ നടുക്കിയ ഞെട്ടിക്കുന്ന ഗുണ്ടാ ആക്രമണം നടന്നിട്ട് ഒരാഴ്ച പിന്നിട്ടും ഇതേവരെ പൊലീസ് ഉണർന്നതേയില്ല. പൊലീസിന്റെ ഒത്താശയോടെ നടന്ന കെവിൻ ദുരഭിമാനക്കൊലയും ശ്രീജിത്ത്, രാജ്കുമാർ കസ്റ്റഡി മരണങ്ങളുമുണ്ടാക്കിയ വിവാദങ്ങളും കേരളത്തിന്റെ അന്തരീക്ഷത്തിൽ നിലനിൽക്കുമ്പോൾ തന്നെയാണ് ഒരു മുതിർന്ന അഭിഭാഷകനെ ഓഫീസ് മുറിയിൽ കയറി മുഖത്തടിച്ചശേഷം കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിലിട്ടു കൊല്ലാനായി പൊന്മുടി കൊക്കയിൽ തള്ളിയ സംഭവവും പുറത്തുവരുന്നത്.

ഒറ്റ ഇടിയിൽ ബോധപോയി, കൊണ്ടു പോയത് ഡിക്കിയിൽ ഇട്ടും

അടുത്ത ദിവസം രാവിലെ വരുന്ന ഒരു കേസിന്റെ ഫയൽ നോക്കിക്കൊണ്ടിരിക്കവെയാണ് രാത്രി വഞ്ചിയൂർ കോടതിക്ക് സമീപമുള്ള ജ്യോതികുമാറിന്റെ ഓഫീസ് മുറിയിലേക്ക് നാലംഗ ഗുണ്ടാ സംഘം ഇരച്ചു കയറുന്നത്. ജൂലൈ മൂന്നിന് രാത്രി പത്തര  മണിയോടെയാണ് സംഭവം നടക്കുന്നത്. മുറിയിലേക്ക് ഇരച്ചു കയറിയ ഹെൽമെറ്റ് ധാരികളായ ഗുണ്ടാ സംഘം ജ്യോതികുമാറിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. ഈ ഇടിയിൽ തന്നെ അർദ്ധബോധാവസ്ഥയിലായ ജ്യോതികുമാറിന്റെ കയ്യുകൾ പിന്നിലേക്ക് കൂട്ടിക്കെട്ടി. കാലും കെട്ടി.

കണ്ണുകൂടി കെട്ടിയശേഷം ജ്യോതികുമാറിനെ പൂച്ചക്കുട്ടിയെ തൂക്കിയെടുക്കുന്ന ലാഘവത്തോടെ തൂക്കി കാറിന്റെ ഡിക്കിയിൽ ഇടുകയായിരുന്നു. മണിക്കൂറുകൾ ആണ് അർദ്ധബോധാവസ്ഥയിൽ കാലും കയ്യും കണ്ണും കെട്ടിയ അവസ്ഥയിൽ കാറിന്റെ ഡിക്കിയിൽ ചേരട്ടപോലെ ജ്യോതികുമാർ കിടന്നത്. കാർ ആദ്യം പോയത് അരുവിക്കര ഡാമിലേക്കാണ്. അരുവിക്കര ഡാം എന്ന് ജ്യോതികുമാറിന് മനസിലായത് ഗുണ്ടകൾ അരുവിക്കര ഡാമിലെത്തി എന്ന് പറയുന്നത് കേട്ടിട്ടാണ്. അവിടെ ആളുകൾ ഉണ്ടായിരുന്നതിനാലാണ് ഡാമിൽ എറിയാതെ ജ്യോതികുമാറിനെ ഗുണ്ടകൾ ആര്യങ്കാവ് ഭാഗത്തെ കൊക്കയിൽ എത്തിച്ചത്. ആര്യങ്കാവ് എത്തിയപാടെ ഗുണ്ടകൾ ഡിക്കി തുറന്നു ജ്യോതികുമാറിന്റെ കഴുത്തിൽ തോർത്തുകൊണ്ട് വരിഞ്ഞു മുറുക്കുകയായിരുന്നു.

ബോധം പോയപ്പോൾ മരിച്ചു എന്ന് കരുതിയാണ് കഴുത്തിൽ നിന്നും തോർത്ത് മാറ്റിയത്. അവന്റെ ജീവൻ പോകാനായി. വലിച്ചു കൊക്കയിൽ എറിഞ്ഞാൽ മതിയെന്ന് ഗുണ്ടാ സംഘം പറയുന്നത് അർദ്ധബോധത്തിൽ ജ്യോതികുമാർ കേൾക്കുകയും ചെയ്തു. ഉടൻ തന്നെ രണ്ടുപേർ കാലുകളിലും രണ്ടു പേർ കയ്യിലും പിടിച്ചു തൂക്കി എടുത്തുകൊക്കയിലേക്ക് ആഞ്ഞെറിയുകയായിരുന്നു. എറിയുമ്പോൾ തന്നെ ബോധം പോയി.

ഇത് രണ്ടാം ജന്മം

രാവിലെ വെളിച്ചം വന്നപ്പോഴാണ് ബോധം വന്നത്. അപ്പോൾ ഒരു മരത്തിൽ ജ്യോതികുമാർ തടഞ്ഞു നിൽക്കുകയായിരുന്നു. കൈകൾ ശക്തിയിൽ കെട്ടിയത് കാരണം അനക്കാൻ കഴിഞ്ഞില്ല. എന്നാൽ കാലുകളിലെ കെട്ടുകൾ അയഞ്ഞിരുന്നു. കണ്ണുകളുടെ കെട്ടും ഇല്ലാതായിരുന്നു. അതുകാരണം കയ്യിന്റെ കെട്ടഴിക്കാതെയാണ് നടന്നത്. മേലെ കയറാനുള്ള പടി കെട്ടുകൾ കണ്ടപ്പോൾ ആയാസപ്പെട്ട് മേലെ കയറി ഒരു തട്ടുകടയിൽ എത്തിയാണ് രക്ഷപ്പെട്ടത്. തട്ടുകടയിൽ നിന്നപ്പോഴാണ് സ്ഥലം ആര്യങ്കാവ് ആണെന്ന് മനസിലായത്.

തട്ടുകടയിലെ ആളുകൾ ആണ് ജ്യോതികുമാറിന്റെ കെട്ടഴിച്ച് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എത്താൻ സഹായിച്ചത്. തട്ടുകടയിലെ ആളുകൾ വസ്ത്രവും ഭക്ഷണവും നൽകിയാണ് ജ്യോതികുമാറിനെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എത്തിച്ചത്. പൊലീസിൽ എത്തിക്കുക അല്ലെങ്കിൽ ആശുപത്രിയിൽ എത്തിക്കുക ഈ രണ്ടാവശ്യങ്ങളാണ് ജ്യോതികുമാർ ചെക്ക് പോസ്റ്റ് അധികൃതരോട് ആവശ്യപ്പെട്ടത്. എന്നാൽ ചെക്ക് പോസ്റ്റ് അധികൃതർ വഞ്ചിയൂർ പൊലീസിൽ പരാതി നൽകാൻ പറഞ്ഞു 100 രൂപയും നൽകി തിരുവനന്തപുരത്തിന് ബസ് കയറ്റി വിടുകയായിരുന്നു.

തിരുവനന്തപുരത്ത് എത്തിയശേഷമാണ് വഞ്ചിയൂർ പൊലീസിൽ പരാതി നൽകുകയും ജനറൽ ആശുപത്രിയിൽ ജ്യോതികുമാറിനെ പ്രവേശിപ്പിക്കയും ചെയ്തത്. ജ്യോതികുമാർ ഓഫീസിൽ എത്തിയപ്പോൾ ഓഫീസ് തല്ലിത്തകർത്ത അവസ്ഥയിലായിരുന്നു. കമ്പ്യുട്ടർ തകർത്തിരുന്നു. മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടിരുന്നു, പുതിയ ടയോട്ട കാറും മോഷണം പോയ അവസ്ഥയിലായിരുന്നു. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് പിന്നാലെ തെന്മല സ്റ്റേഷനിലും ജ്യോതികുമാർ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP