Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതിഹാസ കോച്ച് അലക്സ് ഫെർഗൂസന്റെ ജീവൻ രക്ഷിച്ചത് മലയാളി; മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദൈവത്തെ രക്ഷിച്ചതുകൊലഞ്ചേരിക്കാരൻ ഡോ ജോഷി ജോർജ്ജ്; 27 വർഷം മാഞ്ചസ്റ്റർ ടീമിനെ കാത്തു രക്ഷിച്ച ഫുട്ബോൾ പ്രതിഭ ഇപ്പോൾ ജീവിച്ചിരിക്കുന്നത് മലയാളി ഡോക്ടറുടെ ചികിത്സയിൽ; റോണാൾഡോയുടെ പ്രിയ കോച്ചിനെ കാത്തതിന് നന്ദിയായി ആശുപത്രിക്കു ക്ലബ്ബ് നൽകിയത് 36 കോടി രൂപ; ബ്രിട്ടീഷ് ആരോഗ്യ രംഗം അത്ഭുതത്തോടെ മലയാളി ജീവനക്കാരെ കാണുവാൻ ഒരു കാരണം കൂടി

ഇതിഹാസ കോച്ച് അലക്സ് ഫെർഗൂസന്റെ ജീവൻ രക്ഷിച്ചത് മലയാളി; മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദൈവത്തെ രക്ഷിച്ചതുകൊലഞ്ചേരിക്കാരൻ ഡോ ജോഷി ജോർജ്ജ്; 27 വർഷം മാഞ്ചസ്റ്റർ ടീമിനെ കാത്തു രക്ഷിച്ച ഫുട്ബോൾ പ്രതിഭ ഇപ്പോൾ ജീവിച്ചിരിക്കുന്നത് മലയാളി ഡോക്ടറുടെ ചികിത്സയിൽ; റോണാൾഡോയുടെ പ്രിയ കോച്ചിനെ കാത്തതിന് നന്ദിയായി ആശുപത്രിക്കു ക്ലബ്ബ് നൽകിയത് 36 കോടി രൂപ; ബ്രിട്ടീഷ് ആരോഗ്യ രംഗം അത്ഭുതത്തോടെ മലയാളി ജീവനക്കാരെ കാണുവാൻ ഒരു കാരണം കൂടി

കെ ആർ ഷൈജുമോൻ

ലണ്ടൻ: ബ്രിട്ടീഷ് ആരോഗ്യ മേഖലയ്ക്ക് മലയാളികൾ നൽകുന്ന സേവന മികവിന് ഉദാഹരണങ്ങൾ തേടിയാൽ അടിസ്ഥാന ജോലിയായ കെയറർമാരിൽ മുതൽ ഏറ്റവും തലപ്പത്തു എത്താവുന്ന എൻ എച്ച് എസ് ഡയറക്ടർമാരെ വരെ കണ്ടെത്താൻ കഴിയും. ഇവരൊക്കെ ഓരോ സമയത്തും എൻ എച്ച് എസന്റെ ആദരവും നേടിയിട്ടുള്ളവരാണ്.

ന്യുകാസിൽ മലയാളിയായ ഡോ. രാജു എൻ എച്ച് എസിന്റെ നയരൂപീകരണ സമിതിയിൽ വരെ എത്തിയെങ്കിൽ മലയാളി നേഴ്സുമാരായ ലണ്ടനിലെ മിനിജയും കെന്റിലെ അജിമോൾ പ്രദീപും ഒക്കെ എൻ എച്ച് എസിന്റെ ബ്രാൻഡ് അംബാസിഡർമാരായി തിളങ്ങുകയാണ്. പതിനായിരക്കണക്കിന് മലയാളികൾ സേവനം ചെയ്യുന്ന എൻ എച്ച് എസിൽ ഇത്തരത്തിൽ ചൂണ്ടിക്കാണിക്കാൻ കഴിയുന്നവരുടെ എണ്ണം അനേകമുണ്ട്. എന്നാൽ ഇപ്പോൾ ബ്രിട്ടീഷ് മാധ്യമ ലോകം ചർച്ച ചെയ്യുന്നത് മറ്റൊരു മലയാളിയുടെ പേരാണ്, മാഞ്ചസ്റ്ററിലെ സാൽഫോർഡ് ആശുപത്രിയിലെ ന്യുറോ സർജനായ കോലഞ്ചേരിക്കാരൻ ഡോ. ജോഷി ജോർജിന്റെ പേരാണ് ഇപ്പോൾ വാർത്തകളുടെ തലക്കെട്ടിൽ.

ബ്രിട്ടീഷ് ജീവിതത്തിൽ പന്തുകളിക്കും കളിക്കാർക്കും ഒപ്പം തന്നെയാണ് ഫുട്ബോൾ ക്ലബിനും അതിന്റെ കോച്ചിനും മാനേജർക്കുമെല്ലാം സ്ഥാനം. ഫുട്ബോൾ ഒരു മതം ആണെങ്കിൽ കളിക്കാരും മാനേജരും ഒക്കെ ബ്രിട്ടീഷ് ജനതയ്ക്ക് ദൈവങ്ങളെ പോലെയാണ്. അപ്പോൾ അത്തരം ഒരു ദൈവത്തിനു ചെറിയൊരു പ്രയാസം നേരിടേണ്ടി വന്നാൽ അവർക്കു സഹിക്കുമോ? അത്തരം പ്രയാസത്തിൽ നിന്നും ദൈവത്തെ രക്ഷിക്കാൻ മറ്റൊരാൾ എത്തിയാൽ ഈ ജനത അയാളെയും ദൈവത്തെ പോലെ ആരാധിക്കും, സ്നേഹിക്കും. മാഞ്ചസ്റ്റർ ഫുട്ബോളിന്റെ അപരനാമമായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബിന്റെ ദൈവം തന്നെയാണ് കഴിഞ്ഞ 27 വര്ഷം ടീമിന്റെ നട്ടെല്ലായി നിന്ന മുൻ കളിക്കാരൻ കൂടിയായ സർ അലക്സ് ഫെർഗൂസൻ. ഇപ്പോൾ അദ്ദേഹം ജീവിച്ചിരിക്കാൻ കാരണമായി മാറിയത് കോലഞ്ചേരിക്കാരൻ ആയ ഡോ. ജോഷി ജോർജ് ആണെന്ന് മാധ്യമങ്ങൾ വെളിപ്പെടുത്തുമ്പോൾ ലക്ഷക്കണക്കിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ സർ അലക്സ് ഫെർഗൂസിനൊപ്പം ഈ ഡോക്റ്ററേയും ആരാധിച്ചു തുടങ്ങിയിരിക്കുമായാണ്. അതും തങ്ങളുടെ ദൈവത്തെ രക്ഷിച്ച ആൾ എന്ന അർത്ഥത്തിൽ തന്നെ.

തന്റെ ജീവൻ രക്ഷിക്കാൻ കാരണമായ ഡോക്ടറെയും അദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രിയെയും മറക്കാൻ സർ അലക്സ് ഫെർഗൂസൻ തയ്യാറായില്ല എന്നതാണ് ഇപ്പോൾ ഡോ. ജോഷി ജോർജിനെയും പ്രശസ്തനാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഡോക്ടർ ജോഷിയുടെ നേതൃത്വത്തിൽ തലയോട്ടി പിളർന്നു നടത്തിയ ശാസ്ത്രക്രിയയിലൂടെയാണ് സർ ഫെർഗൂസന്റെ ജീവൻ തിരിച്ചു പിടിക്കാൻ കഴിഞ്ഞത്. ഇതിനു പ്രതിഫലമായി സാവധാനം ജീവിതത്തിലേക്ക് തിരിച്ചു വന്ന ഫുട്‌ബോൾ പ്രേമികളുടെ ദൈവം ഇതുവരെ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ നാല് ലക്ഷം പൗണ്ട് സാൽഫോർഡ് ആശുപത്രിയായി കണ്ടെത്തിക്കഴിഞ്ഞു. തന്റെ ജീവൻ തിരികെ പിടിക്കാൻ ഡോകടർ നടത്തിയ ശ്രമങ്ങൾക്ക് ഫെർഗൂസൻ നന്ദി പറയുമ്പോൾ ഇത് തന്റെ നേട്ടമല്ല, ഹോസ്പിറ്റലിലെ ന്യുറോ വിഭാഗത്തിന്റെ മൊത്തം നേട്ടം ആണെന്നാണ് ഡോക്ടർ ജോഷി ജോർജ് വിനയപൂർവം പ്രതികരിക്കുന്നത്. മാത്രമല്ല, ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ 77 കാരനായ ഫെർഗൂസൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തിയത് തന്നെയും അത്ഭുതപ്പെടുത്തുകയാണെന്നും ഡോക്ടർ ജോഷി കൂട്ടിച്ചേർക്കുന്നു.

സാധാരാണ ഇത്തരം ചികിത്സകൾക്ക് വിധേയമാകുന്ന പ്രായം ചെന്ന ആളുകൾ കൂടുതൽ സമയമെടുത്താണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തുക. തന്റെ ജീവൻ രക്ഷിച്ച ഡോക്ടറെയും ലിവർപൂൾ കോച്ചു ആയിരുന്ന യാർഗൻ ക്ലോപിനെയും സാക്ഷിയാക്കിയാണ് സാൽഫോർഡ് ഹോസ്പിറ്റലിലെ ബ്രെയിൻ ആൻഡ് സ്‌പൈനൽ രോഗികൾക്കായി സർ ഫെർഗൂസൻ ഫണ്ട് ശേഖരണം നടത്തിയത്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഫെർഗൂസൻ അത്യാസന്ന നിലയിൽ മാഞ്ചസ്റ്റർ റോയൽ സാൽഫോർഡ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നത്. അതിവേഗം അദ്ദേഹത്തിനായി നടത്തിയ തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയാണ് ജീവൻ തിരികെ പിടിക്കാൻ സഹായകമായത്. അതിവേഗം സുഖം പ്രാപിച്ചെത്തിയ ഫെർഗൂസൻ ആദ്യം തിരഞ്ഞത് തന്റെ ജീവൻ രക്ഷിച്ച ഡോക്ടറെക്കുറിച്ചാണ്. ദൈവത്തിന്റെ അദൃശ്യ കരങ്ങൾ ഡോകടർ ജോർജിലൂടെ പ്രവർത്തിച്ചു എന്ന് കരുതുന്ന ഫെർഗൂസൻ ഡോക്റ്ററുടെ കൂടി ഇഷ്ട പ്രകാരമാണ് ഹോസ്പിറ്റലിന് വേണ്ടി ഫണ്ട് ശേഖരണം നടത്തിയിരിക്കുന്നത്.

തന്റെ സേവനകാലത്തു മാഞ്ചസ്റ്റർ യുണൈറ്റഡിന് 36 അവിസ്മരണീയ ചാമ്പ്യൻ കിരീടങ്ങൾ നേടിക്കൊടുത്ത ഫെർഗൂസൺ ക്ലബിന്റെ എക്കാലത്തെയും മികച്ച മാനേജറിൽ ഒരാളായാണ് കരുതപ്പെടുന്നത് . ഈ സേവനത്തിനു തിരികെ രാജ്യം സർ പദവി നൽകിയാണ് ആദരിച്ചത്. താരപ്രഭയിൽ മാഞ്ചസ്റ്റർ ഹിൽട്ടൺ ഹോട്ടലിൽ ഡോക്ടർ ജോഷി ജോർജിനെ സാക്ഷിയാക്കി അദ്ദേഹം നടത്തിയ വിരുന്നിലാണ് ആശുപത്രിക്കായി ഫണ്ട് ശേഖരണം സാധ്യമായത്. ഒട്ടേറെ ഫുടബോൾ പ്രതിഭകൾ അടക്കമുള്ളവർ വിരുന്നിനു എത്തിയപ്പോൾ 230 വിശിഷ്ട അതിഥികളാണ് ഫെർഗൂസന്റെ ജീവിതത്തിലേക്കുള്ള മടങ്ങി വരവ് ആഘോഷിക്കാൻ ഹോട്ടൽ ഹിൽട്ടണിൽ എത്തിയത്. ഡോക്ടർ ജോഷിക്കാകട്ടെ തന്റെ കൈകളിലൂടെ കടന്നു പോയ അനേകം പേരിൽ ഒരാൾ മാത്രമായിരുന്നു സർ ഫെർഗൂസൻ എങ്കിലും ഔദ്യോഗിക ജീവിതത്തിൽ ഓർത്തുവയ്ക്കാൻ ഉള്ള ഒരു അസാധാരണ ദിനം കൂടിയായി ഫെർഗൂസന്റെ വിരുന്നും അദ്ദേഹം പറഞ്ഞ നന്ദി വാക്കുകളും.

രാജ്യത്തെ മുഴുവൻ ബ്രെയിൻ, സ്‌പൈനൽ രോഗികൾക്കും പ്രയോജനം ചെയ്യത്തക്ക വിധമാകും ഫെർഗൂസൻ കണ്ടെത്തിയ പണം ഉപയോഗിക്കുക. രാജ്യമെങ്ങും എൻഎച്ച്എസ് ചെയുന്ന സേവനങ്ങളെ താൻ എന്നും അഭിമാനത്തോടെയാണ് കാണുന്നതെന്നും ഫെർഗൂസൻ ചടങ്ങിൽ വ്യക്തമാക്കി. ആശുപത്രികളിൽ കടുത്ത സമ്മർദ്ദത്തിൽ ജോലി ചെയുന്ന മുഴുവൻ ജീവനക്കാരോടും താൻ അനുഭവിച്ച പ്രയാസം നിറഞ്ഞ ദിവസങ്ങളെ സാക്ഷ്യപ്പെടുത്തി നന്ദി അറിയിക്കുക ആണെന്നും അദ്ദേഹം സൂചിപ്പിച്ചു. ''ജീവൻ അപകടത്തിലാക്കുന്ന ഘട്ടത്തിൽ എൻഎച്ച്എസ് അല്ലാതെ മറ്റൊരു ചിന്ത ബ്രിട്ടനിലെ ജനതയ്ക്കില്ല. അതിൽ ആദ്യം സഹായത്തിനെത്തുന്ന പാരാമെഡിക്കൽ ടീം മുതൽ ആശുപത്രികളിൽ ജോലി ചെയ്യുന്ന കെയർമാരും നഴ്സുമാരും ഡോക്ടർമാരും അടക്കമുള്ളവരും ഒരു പോലെ ഒരു ടീമായി നിന്നാണ് ഓരോ ജീവനും രക്ഷിക്കുന്നത്. ഫെർഗൂസന്റെ കാര്യത്തിലും അങ്ങനെയാണ് സംഭവിച്ചത് - '', മറുപടി പ്രസംഗത്തിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ഒരാളെ പോലും മറക്കാതെ ഡോക്റ്റർ ജോഷി ജോർജ് ടീം വർക്കിന്റെ ഗുണങ്ങൾ സദസ്സിനെ ബോധ്യപ്പെടുത്തി.

കോച്ചെന്ന നിലയിൽ ഉയർത്തിക്കൊണ്ടു വന്ന താരങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവൻ പോർച്ചുഗൽ താരം ക്രിസ്ത്യാനോ റൊണാൾഡോ ആണ്. ഈ കോച്ചിന്റെ സ്വാധീനത്തെ കുറിച്ച് താരം തന്നെ പറയുന്നുണ്ട് വളർച്ചയിൽ ഫെർഗിക്ക് ഉള്ള പങ്ക്. ''ഞാൻ മാഞ്ചെസ്റ്ററിൽ ചേർന്ന ശേഷം മാനേജർ എന്നോട് ചോദിച്ചു, എനിക്ക് ഏത് ജേഴ്‌സി നംബർ വേണമെന്ന്. ഞാൻ 28 ആവശ്യപ്പെട്ടു. പക്ഷേ, അദ്ദേഹം പറഞ്ഞു, 'അല്ല, നീ നംബർ 7 തന്നെ അണിയും'. ആ പ്രശസ്ത ജേഴ്‌സി എനിക്ക് കൂടുതൽ പ്രചോദനം നൽകി. പ്രതീക്ഷകളിലേക്കുയരാൻ അതെന്നെ നിർബ്ബന്ധിച്ചു.'' സ്‌പോർട്ടിങ് സി പി യിൽ നിന്നും യൂണൈറ്റഡിൽ എത്തിയപ്പോൾ ഇംഗ്‌ളീഷ് ഫുട്‌ബോളുമായി പൊരുത്തപ്പെടാൻ കഴിയാതെ ഉഴറിയ റൊണാൾഡോയ്ക്ക് 7ആം നമ്പർ ജേഴ്‌സി നൽകി ഇതിഹാസമാക്കി വളർത്തുന്നതിനിടയിൽ താരത്തിന്റെ ഭക്ഷണ കാര്യങ്ങളിൽ വരെ ഫെർഗി ശ്രദ്ധിച്ചിരുന്നു.

സ്‌കോട്ട്‌ലന്റിലെ ഈസ്റ്റ് സ്റ്റിർളിങ്ഷയറും സെന്റ് മിറനുമാണ് ഇദ്ദേഹം ആദ്യകാലത്ത് കൈകാര്യം ചെയ്ത് ക്ലബ്ബുകൾ. അതിനുശേഷം എട്ട് വർഷക്കാലം അബർഡീൻ ക്ലബ്ബിന്റെ മാനേജറായി പ്രവർത്തിക്കുക്കയും കാര്യമായ നേട്ടങ്ങളുണ്ടാക്കുകയും ചെയ്തു. ജോക്ക് സ്റ്റീനിന്റെ മരണത്തേത്തുടർന്ന് ചുരുങ്ങിയ സമയത്തേക്ക് സ്‌കോട്ട്‌ലന്റ് ദേശീയ ടീമിന്റെ പരിശീലകനായി. 1986 നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജറായി സ്ഥാനമേറ്റു. 24 വർഷമായി ആ സ്ഥാനത്ത് തുടരുന്ന ഇദ്ദേഹം 2010 ഡിസംബർ 19-ന് സർ മാറ്റ് ബുസ്ബിയെ മറികടന്ന് ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവുമധികം കാലം മാനേജറായ വ്യക്തി എന്ന പദവി സ്വന്തമാക്കി. ഈ കാലയളവിൽ പല പുരസ്‌കാരങ്ങളും ഇദ്ദേഹം നേടി. ബ്രിട്ടിഷ് ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവുമധികം തവണ 'മാനേജർ ഓഫ് ദ ഇയർ' പുരസ്‌കാരം നേടിയതും ഇതിലുൾപ്പെടുന്നു. 11 പ്രീമിയർ ലീഗ്, 5 എഫ്.എ. കപ്പ്, 4 ലീഗ് കപ്പ്, 2 ചാമ്പ്യൻസ് ലീഗ് എന്നിവ അലക്‌സ് ഫെർഗൂസന്റെ നേതൃത്വത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP