Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൈനാപ്പിൾ പാടം വാങ്ങിയത് 7000 രൂപയ്ക്ക്; കളിക്കളമുണ്ടാക്കാൻ വിറ്റത് 56,000ത്തിനും; 17 ഏക്കർ മറിച്ചു വിറ്റതിൽ ലാഭം എട്ട് കോടി; ഭിത്തിയും ഓവുചാലും നിർമ്മിച്ചതും ലക്ഷങ്ങളുടെ അവിഹിത നേട്ടത്തിന്; എല്ലാ ജില്ലയിലും സ്‌റ്റേഡിയം നിർമ്മിക്കുന്നത് ഭാരവാഹികളുടെ കീശ വീർപ്പിക്കാൻ തന്നെ; കേരളാ ക്രിക്കറ്റിനെ അഴിമതിയിൽ മുക്കിയ കാസർഗോട്ടെ ബദിയടുക്കയിലെ സ്‌റ്റേഡിയം വിവാദത്തിലാകുന്നത് ഇങ്ങനെ

പൈനാപ്പിൾ പാടം വാങ്ങിയത് 7000 രൂപയ്ക്ക്; കളിക്കളമുണ്ടാക്കാൻ വിറ്റത് 56,000ത്തിനും; 17 ഏക്കർ മറിച്ചു വിറ്റതിൽ ലാഭം എട്ട് കോടി; ഭിത്തിയും ഓവുചാലും നിർമ്മിച്ചതും ലക്ഷങ്ങളുടെ അവിഹിത നേട്ടത്തിന്; എല്ലാ ജില്ലയിലും സ്‌റ്റേഡിയം നിർമ്മിക്കുന്നത് ഭാരവാഹികളുടെ കീശ വീർപ്പിക്കാൻ തന്നെ; കേരളാ ക്രിക്കറ്റിനെ അഴിമതിയിൽ മുക്കിയ കാസർഗോട്ടെ ബദിയടുക്കയിലെ സ്‌റ്റേഡിയം വിവാദത്തിലാകുന്നത് ഇങ്ങനെ

രഞ്ജിത് ബാബു

കാസർഗോഡ്: കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ടി.സി. മാത്യു സ്ഥാനമൊഴിഞ്ഞതോടെ വിവാദ ചുഴിയിൽപെടുകയാണ് കേരളാ ക്രിക്കറ്റ്. കാസർഗോഡ് ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണത്തിലെ അഴിമതി കഥകളും പുറത്ത് വരികയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ക്രിക്കറ്റ് സ്റ്റേഡിയം എന്നുള്ള ആശയം ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ചപ്പോൾ അണിയറയിൽ അഴിമതിക്കാരും സജീവമായിരുന്നു. ഇക്കാര്യത്തിലുള്ള കാണപ്പെട്ട തെളിവാണ് കാസർഗോഡ് ജില്ലയിലെ ബദിയടുക്ക ഗ്രാമപഞ്ചായത്തിൽപെട്ട മാന്യത്തെ സ്റ്റേഡിയം നിർമ്മാണം.

ജില്ലയിൽ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ആശയം ആരംഭിച്ചപ്പോൾ മാന്യയിലെ പൈനാപ്പിൾ കൃഷിതോട്ടമായിരുന്നു പരിഗണിക്കപ്പെട്ടത്. സെന്റിന് 7000 രൂപ വില ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ഈ സ്ഥലം ഇടപാട് നടത്തിയത് കെസിഎയിലെ പ്രമുഖന്റെ നേതൃത്വത്തിലായിരുന്നു. 7000 രൂപക്ക് ഉറപ്പിച്ച സ്ഥലം പിന്നീട് ആ പ്രമുഖന്റെ പേരിലായി. കാസർഗോഡ് ക്രിക്കറ്റ് അസോസിയേഷന് അത് നൽകിയതോ 56,000 രൂപക്കും. ആർക്കും സംശയം തോന്നാത്ത വിധം കേരളാ ക്രിക്കറ്റ് അസോസിയേഷൻ സ്ഥലം വാങ്ങി ഇടപാടുകൾ തീർക്കുകയും ചെയ്തു. ഒരു സെന്റിന് മാത്രം എട്ട് ഇരട്ടി തുക നേതൃത്വത്തിലുള്ളവർ കൈക്കലാക്കിയെന്നാണ് ആരോപണം.

കാസർഗോട്ടെ പ്രമുഖ വ്യവസായികളായിരുന്ന ഉപ്പള ലത്തീഫ്, അരമന ഹനീഫ, അബ്ദുൾ കരീം, എന്നിവരുടെ കയ്യിലുണ്ടായിരുന്ന പൈനാപ്പിൾ തോട്ടമാണ് മറിച്ച് വിൽപ്പനയിലൂടെ ലക്ഷങ്ങളുടെ അഴിമതി നടത്തിയത്. അന്നത്തെ കേരളാ ക്രിക്കറ്റിലെ ഉന്നതനും ചില വ്യാപാരികളും ചേർന്നാണ് അഴിമതി നടത്തിയതെന്നാണ് ആരോപണം. മാത്രമല്ല സർക്കാർ ഭൂമിയിലുണ്ടായിരുന്ന നീർച്ചാലുകളും മറ്റും ഇവർ മണ്ണിട്ട് മൂടുകയും ചെയ്തു. 17 ഏക്കർ സ്ഥലമാണ് ക്രിക്കറ്റ് സ്റ്റേഡിയത്തിന് വേണ്ടി ഇവരിൽ നിന്ന് വിലയ്ക്കെടുത്തിരുന്നത്. നിയമപരമായി ടെൻഡർ നടപടികൾ പോലും പാലിക്കാതെ സ്വന്തക്കാർക്കും സുഹൃത്തുക്കൾക്കും സ്റ്റേഡിയ നിർമ്മാണം വീതം വെച്ചുമാണ് പണി നടത്തിയത്. സ്റ്റേഡിയത്തിന്റെ ഭിത്തി നിർമ്മാണത്തിനായി 50 ലക്ഷം രൂപയുടെ കരാറും ഓവുചാൽ നിർമ്മാണത്തിന് 30 ലക്ഷം രൂപയുടെ കരാറും വിവാദത്തിലായിരിക്കയാണ്.

ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടും സെക്രട്ടറിയും ട്രഷററും കൂടി അനധികൃതമായി ബാങ്കുകളിൽ നിന്ന് പണം പിൻവലിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനെ ചൊല്ലി കഴിഞ്ഞ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ യോഗത്തിൽ വിമത ശബ്ദങ്ങൾ ഉയരാൻ തുടങ്ങിയിട്ടുണ്ട്. സ്വാധീനത്തിന്റെ ശക്തിയിൽ പഴയ അഴിമതി കഥകൾ തേച്ചു മായ്ക്കാൻ ചില എക്സിക്യൂട്ടീവ് അംഗങ്ങൾ സ്വകാര്യമായി ഇറങ്ങിയിട്ടുമുണ്ട്. കാസർഗോട്ടെ ചില വ്യാപാരികളാൽ നിയന്ത്രിക്കപ്പെടുന്ന അസോസിയേഷനിലെ അഴിമതി ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ വാക്കേറ്റവും വെല്ലു വിളിയുമാണ് കഴിഞ്ഞ ദിവസം ഉയർന്നത്. അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി വ്യാപാരികളും രംഗത്തിറങ്ങിയിട്ടുണ്ട്. സ്ഥലമിടപാടിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് സംഘടനക്കകത്തു നിന്നു തന്നെ അറിയുന്നത്.

നിലവിൽ ഒരു ആറിന് (രണ്ടര സെന്റ് ) 6000 രൂപയാണ് സർക്കാർ വില നിശ്ചയിട്ടുള്ളത്. മാർക്കറ്റ് മൂല്യം ഇപ്പോൾ സെന്റിന് 30,000 രൂപയാണ്. എന്നിട്ടും സ്റ്റേഡിയത്തിന് സ്ഥലം വാങ്ങുന്ന സമയത്ത് 56,000 രൂപ വില വച്ചാണ് കച്ചവടം നടന്നത്. ഇത് വഴി കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് കാസർഗോട്ടെ അഴിമതി വിരുദ്ധ കൂട്ടായ്മയായ ഗ്രേറ്റ് ഹിസ്റ്ററി മൂവ്മെന്റ് ആരോപിക്കുന്നു. ഉടൻ തന്നെ സംസ്ഥാനത്തെ എല്ലാ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണത്തിലെ അഴിമതികളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നിയമത്തിന്റെ വഴി തേടുമെന്ന് ജി.എച്ച് .എം. അറിയിച്ചു.

കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾക്കെതിരെ അഞ്ചുകോടി രൂപയുടെ സാമ്പത്തിക അഴിമതിയാരോപണം ഉയർന്നിരുന്നു. കേരളാ ക്രിക്കറ്റിൽ ഓംബുഡ്‌സ്മാനായി ജസ്റ്റീസ് രാംകുമാർ ചുമതലയേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അഴിമതി ആരോപണങ്ങൾ സജീവമാക്കുന്നത്. ഇതെല്ലാം ഓബുഡ്‌സ്മാൻ പരിശോധിക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP