Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുമസ്തന്മാർ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി; ഒരാൾ സ്വകാര്യ ബസ് ലോബിക്കു വേണ്ടി കെഎസ്ആർടിസി സർവീസുകൾ റദ്ദാക്കുന്ന ഓപ്പറേഷൻ മേധാവി; രണ്ടാമൻ കെടുകാര്യസ്ഥതയുടെ പര്യായമായ അഡ്‌മിനിസ്‌ട്രേറ്റീവ് തലവൻ; ആനവണ്ടിയുടെ ദുരവസ്ഥയ്ക്ക് കാരണം കണ്ടെത്തി രാജമാണിക്യം; തിരുവഞ്ചൂർ പ്രതിഷ്ഠിച്ചവരെ പിരിച്ചുവിട്ടുള്ള ശുദ്ധീകരണത്തെ എതിർത്തു സിഐടിയു യൂണിയനും

ഗുമസ്തന്മാർ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി; ഒരാൾ സ്വകാര്യ ബസ് ലോബിക്കു വേണ്ടി കെഎസ്ആർടിസി സർവീസുകൾ റദ്ദാക്കുന്ന ഓപ്പറേഷൻ മേധാവി; രണ്ടാമൻ കെടുകാര്യസ്ഥതയുടെ പര്യായമായ അഡ്‌മിനിസ്‌ട്രേറ്റീവ് തലവൻ; ആനവണ്ടിയുടെ ദുരവസ്ഥയ്ക്ക് കാരണം കണ്ടെത്തി രാജമാണിക്യം; തിരുവഞ്ചൂർ പ്രതിഷ്ഠിച്ചവരെ പിരിച്ചുവിട്ടുള്ള ശുദ്ധീകരണത്തെ എതിർത്തു സിഐടിയു യൂണിയനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കടത്തിൽ മുങ്ങി കെഎസ്ആർടിയുടെ വരുമാന നഷ്ടത്തിന് പ്രധാന കാരണക്കാർ ആരാണ്? സ്വകാര്യ ബസുകാരെ സഹായിക്കുന്ന ഡ്രൈവർമാർ മുതൽ മന്ത്രി തലത്തിൽ വരെയുള്ളവർക്ക് ഇക്കാര്യത്തിൽ പങ്കുണ്ടെന്നത് ഒരു സത്യമാണ്. എങ്കിലും ചരിത്രത്തിൽ ഇതുവരേ നേരിടാൻ കഴിയാത്ത വിധത്തിലാണ് ഇപ്പോഴത്തെ പ്രതിസന്ധി. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ എൽഡിഎഫിനും കെഎസ്ആർടിസിയെ ഒരിഞ്ച് മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ലെന്ന് മാത്രമല്ല, കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കാനേ സാധിച്ചുള്ളൂ.

കോർപ്പറേഷന് കീഴിൽ ജോലി ചെയ്യുന്ന 32265 സ്ഥിരം ജീവനക്കാർക്കും 8629 താൽക്കാലിക ജീവനക്കാർക്കും യഥാസമയം വേതനം നൽകുന്നതിന് സാധിക്കുന്നില്ല, സ്ഥിരവും അസ്ഥിരവുമായ 45000 ഓളം തൊഴിലാളികളും 39000 ഓളം പെൻഷൻകാരുമുള്ള കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങുന്നത് പതിവായി. ഇങ്ങനെ പലവിധത്തിലാണ് കെഎസ്ആർടിസി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ. ആകെയുള്ളത് 5329 ഷെഡ്യൂൾഡ് ബസുകൾ. 5840 റൂട്ടുകളിലായി 1996543 കിലോമീറ്റർ പ്രതിദിനം സർവീസുകൾ നടക്കണം. അസാധ്യമെന്നും, അപ്രായോഗികമെന്നും കരുതിയെങ്കിലും ഈ നിലയിൽ പോയാൽ മാസങ്ങൾക്കുള്ളിൽ ഘട്ടംഘട്ടമായി പ്രവർത്തനം നിലയ്ക്കുകയും സമ്പൂർണ അടച്ചുപൂട്ടലിന്റെയും വക്കിലേക്ക് ഈ സർ്ക്കാർ സ്ഥാപനം എത്തും. ഈ ദുർഗതിക്ക് പ്രധാന കാരണക്കാർ തൊഴിലാളി സംഘടനകളും വരും.

സിഐടിയു വിന്റെ നിയന്ത്രണത്തിലുള്ള കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് വിദഗ്ദൻ എന്നറിയപ്പെടുന്ന ഹനുമന്തറാവുവിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 64 പേജുള്ള പഠനം കെഎസ്ആര്ടിസി നേരിടുന്ന പ്രധാനവെല്ലുവിളികളെ കുറിച്ച് പറയുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത തന്നെയാണ് കെഎസ്ആർടിസിയുടെ ദുരവസ്ഥയ്ക്ക് പ്രധാന കാരണമെന്നാണ് പഠന റിപ്പോർട്ട്. തൊഴിലാളി സംഘടനാ നേതാക്കൾക്കോ വകുപ്പ് മേധാവികൾക്കോ എത്ര ബസുകൾ ഉണ്ടെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പോലുമില്ല. പെൻഷൻ വാങ്ങുന്നവർ അടക്കം 85000 പേർ കണ്ടക്ടർമാരായും ഡ്രൈവർമാരായും മറ്റു ജോലികളിലും പണിയെടുക്കുന്നുണ്ട് കെഎസ്ആർടിയിൽ എന്നാണ് ഏകദേശ കണക്കുകൾ.

ഇത്രയേറെ ജീവനക്കാരും ഇഷ്ടംപോലെ ബസുകളും ഉണ്ടായിട്ടും കെഎസ്ആർടിസി എങ്ങനെ നഷ്ടത്തിലായി? ഓരോ ഡിപ്പോയിലും കൃത്യമായി ബസുകൾ ഓടുന്നുണ്ടോ എന്ന് പരിശോധിച്ചാൽ എങ്ങനെയാണ് കോർപ്പറേഷൻ കുത്തുപാളയെടുക്കുന്നത് എന്ന് വ്യക്തമാകും. കൃത്യസമയത്ത് വാഹനം ഓടുന്നുണ്ടെന്നും റദ്ദാക്കപ്പെടുന്ന സർവീസുകൾ എന്തു കാരണം കൊണ്ടാണെന്നും പരിശോധിക്കുമ്പോഴാണ് നഷ്ടം വരുന്ന വഴി ബോധ്യമാകുക. സർവീസ് നടത്തിപ്പ് തന്നെയാണ് ഇതിൽ പ്രധാനം. ഇങ്ങനെ സർവീസ് നടത്തിപ്പിനായി തന്നെ ആയിരക്കണക്കിന് ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. രണ്ട് മുതിർന്ന ഉദ്യോഗസ്ഥരാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന ഉത്തരവാദികൾ എന്ന വിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സർവീസ് നടത്തിപ്പിന്റെയും, അതിലൂടെ ലഭിക്കുന്ന പ്രതിദിന വരുമാനത്തിന്റെയും ഉത്തരവാദിത്തമുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) ഷറഫ് മുഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ(അഡ്‌മിനിസ്‌ട്രേഷൻ) ശ്രീകുമാർ എന്നിവരാണ് ആരോപണ വിധേയർ.

ഗുമസ്തന്മാരുടെ പണി ചെയ്ത് തുടങ്ങി, പിന്നീട് മാറി വരുന്ന സർക്കാറുകളിലെ രാഷ്ട്രീയക്കാരെ സോപ്പിട്ടു കൊണ്ടാണ് മാനേജ്‌മെന്റ് വിദഗ്ദ്ധർ ഇരിക്കേണ്ട ഉന്നത സ്ഥാനത്ത് എത്തിയത്. കെഎസ്ആർടിക്ക് തിരിച്ചടിയായ കോടതി ഉത്തരവുകൾക്ക് പിന്നിലും ഈ രണ്ട് ഉദ്യോഗസ്ഥരാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു ഇരുവരുടെയും ഗോഡ്ഫാദർ. എന്നാൽ, സർക്കാറ് മാറിയെങ്കിലും ഇവർക്ക് തണലായി സിഐടിയുവും സിപിഐ(എം) മന്ത്രിമാരുമെത്തി. കെടുകാര്യസ്ഥതയ്ക്ക് പേരുകേട്ട രണ്ട് ഉദ്യോഗസ്ഥരെയും പിരിച്ചുവിടാൻ എംഡി രാജമാണിക്യം ശ്രമിക്കുമ്പോൾ യൂണിയനുകൾ ചേർന്നാണ് പിടിച്ചു നിർത്തുന്നത്. ജോലി ചെയ്യാതെ കൂലി വാങ്ങുന്നവർക്ക് ഒത്താശ ചെയ്യുന്നവരാണ് രണ്ട് പേരും എന്നതാണ് ആക്ഷേപങ്ങൾക്ക് കാരണം.

കെഎസ്ആർടിസി എം ഡി രാജമാണിക്യത്തിനെതിരെ കെഎസ്ആർടിസി ഓഫീസിൽ കലാപമുയർത്തിനു പിന്നിലും കെടുകാര്യസ്ഥതയ്ക്ക് പേരുകേട്ട ഈ ഉദ്യോഗസ്ഥരാണ്. എം പാനൽ ജീവനക്കാരെ മൊത്തത്തിൽ പിരിച്ചുവിടുന്നെന്നും 10000 സ്ഥിരം ജീവനക്കാരെ പിരിച്ചുവിടുന്നെന്നുമുള്ള പ്രചരണം സ്വന്തം കസേര പോകാതിരിക്കാനുള്ള ഇവരുടെ തന്ത്രം തന്നെയാണ്. ശക്തമായ പുനരുദ്ധാരണ നടപടികളുമായി മുമ്പോട്ട് പോകുന്ന രാജമാണിക്യത്തെയും, എൽഡിഎഫ് സർക്കാരിനെയും പരമാവധി നാറ്റിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. രണ്ടുപേരെയും ഉന്നത തസ്തികളിൽ നിന്നും ഒഴിവാക്കാൻ രാജമാണിക്യവും ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും തീരുമാനിച്ചിരുന്നു. എന്നാൽ, ഓപ്പറേഷൻസ് മേധാവി ഷഫറ്മുഹമ്മദിന് മുഖ്യമന്ത്രിയുമായുള്ള അടുപ്പാണ് ഇവരുടെ കസേര നിലനിർത്തുന്നത്.

സ്വകാര്യ ബസ് ലോബിയും ഓപ്പറേഷൻസ് വിഭാഗം മേധാവിയായ ഷറഫ് മുഹമ്മദും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന ആക്ഷേപങ്ങളും ശക്തമാണ്. ഈ സ്വകാര്യ ബസ് ലോബിയും ഷറഫിന് വേണ്ടി അരയും തലയും മുറുക്കി രംഗത്തെത്തി. സമ്മർദ്ദങ്ങൾ കടുത്തപ്പോൾ തൽക്കാലം നടപടികളിൽ നിന്നും ഇയാൾ രക്ഷപെടുകയിരുന്നു. ഇപ്പോഴത്തെ ഓപ്പറേഷനിൽ, അദ്ദേഹം പൂർണ്ണമായി വിജയിച്ചു എന്നാണ് കെഎസ്ആർടിസി ഉന്നതർ തന്നെ പറയുന്നത്. സ്വകാര്യ ബസ് ലോബിക്ക് കലക്ഷൻ നേടാൻ വേണ്ടി സ്വന്തം വണ്ടിക്ക് അള്ളുവെക്കുന്ന ഉദ്യോഗസ്ഥൻ എന്നാണ് ഇയാൾക്കെതിരെയുള്ള ആക്ഷേപം. കെഎസ്ആർടിസിയിൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന സർവ്വീസുകൾ ടെലിഫോണിലൂടെ റദ്ദാക്കുന്ന ഈ ഉദ്യോഗസ്ഥൻ ഓപ്പറേഷൻസ് മേധാവിയായി തുടരുന്നിടത്തോളം കെഎസ്ആർടിസിയെ രക്ഷിക്കാനാവില്ല എന്നതാണ് വിവിധ ഉന്നത നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നത്.

സാധാരണ ക്ലർക്കായിട്ടാണ് ഇന്നത്തെ ഓപ്പറേഷൻസ് ഡയറക്ടർ ഷറഫ് മുഹമ്മദ് ജോലിയിൽ പ്രവേശിച്ചത്. 40000 ജീവനക്കാരെ നിയമിക്കാൻ പോലും അധികാരമുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീകുമാർ 29.121986ൽ ക്ലർക്കായി ജോയിൽ പ്രവേശിച്ചു. 18.2.2016 ൽ യുഡിഎഫ് സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ നടന്ന ഒരു കെഎസ്ആർടിസി ഡയറക്ടർ ബോർഡ് യോഗത്തിൽ നിശ്ചിത യോഗ്യത ഇല്ലാത്തവരെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കാൻ മാനദണ്ഡങ്ങൾ പൊളിച്ചെഴുതി. മാനദണ്ഡങ്ങൾ മറികടന്നുള്ള ഈ നിയമനത്തിന് നാളിതുവരെ സംരക്ഷണം ഗതാഗതവകുപ്പ് അനുമതി നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിവില്ലാത്ത ഇവരെ ഒഴിവാക്കാനാവാത്തതാണ് കെഎസ്ആർടിസിയിലെ ഏറ്റവും വലിയ പ്രതിസന്ധി.

2003ലെ റഗുലേഷനിൽ വെള്ളം ചേർത്താണ് ഷറഫ് മുഹമ്മദും ശ്രീകുമാറും ഉന്നത പദവിയിൽ എത്തിയത്. കെഎസ്ആർടിസിയുടെ ഭാഗം വാദിക്കാതെ തീരുമാനമായ WPC 727/2006 ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലും, കെഎസ്ആർടിസിയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നറിഞ്ഞിട്ടും അപ്പീൽ പോലും നൽകാതെ 19/0/2016 എടിഒ ആയും 1. 3. 2007 ൽ ശ്രീകുമാറിനെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായും ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം നൽകിയത് അന്നത്തെ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ആയിരുന്നു എന്നതാണ് വിചിത്രം.

2006 - 2011 കാലഘട്ടത്തിലെ എൽഡിഎഫ് സർക്കാരിന്റെ ദീർഘ വീക്ഷണമില്ലാത്ത നിരവധി നീക്കങ്ങളായിരുന്നു സത്യത്തിൽ കെഎസ്ആർടിസിയെ ഇന്നത്തെ പരിതാപകരമായ അവസ്ഥയിലെത്തിച്ചത്. 2011 - 2012 കാലഘട്ടത്തിൽ ഇപ്പോഴത്തെ ലേബർ സെക്രട്ടറി ടോം ജോസ് ഗതാഗത സെക്രട്ടറിയായിരിക്കയാണ് കെഎസ്ആർടിസിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടർമാർക്ക് ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതകൾ വേണമെന്നു നിശ്ചയിച്ചത്. അതിന്റെ ഭാഗമായി 2012 ൽ കെഎസ്ആർടിസി എസ്റ്റാബ്ലിഷ്‌മെന്റ് (ക്വാളിഫിക്കേഷൻ ആൻഡ് മെഥോഡ് ഓഫ് അപ്പോയിന്മെന്റ് ഓഫ് എക്‌സിക്യുട്ടീവ് ഡയറക്‌ടേഴ്‌സ്) 2012 പുറത്തിറക്കി. അതനുസരിച്ച് എക്‌സിക്യുട്ടീവ് ഡയറക്ടർ ഓപ്പറേഷൻസിന് മെക്കാനിക്കൽ അല്ലെങ്കിൽ ഒട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ റഗുലർ ബിടെക്ക് ബിരുദവും അറിയപ്പെടുന്ന റെപ്പ്യൂറ്റഡ് സ്ഥാപനത്തിൽ നിന്നൊരു റഗുലർ എംബിഎ ബിരുദവും വേണം എന്ന് നിഷ്‌ക്കർഷിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടർ അഡ്‌മിനിസ്‌ട്രേറ്റീവ് അറിയപ്പെടുന്ന സ്ഥാപനത്തിൽ നിന്ന് റെപ്യുറ്റേഷൻ ഇൻസ്റ്റിറ്റിയൂഷൻ ഹൂമൻ റിസേർച്ചിൽ സ്‌പെഷ്യലായി സേവനമുള്ള റഗുലർ എംബിഎ ബിരുദവുമുണ്ടായിരിക്കണം.

ഇതിനിടെ പിഎസ്‌സി നിബന്ധനകളിൽ റഗുലർ എംബിഎ എന്നത് കറസ്‌പോണ്ടൻസ് എംബിഎയോ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള എംബിഎയോ പോരെ എന്ന് കെഎസ്ആർടിസിയോട് ആരായുന്നു. ഇതിനുള്ള മറുപടിയായി No566/a2 RR dt 2012 17. 5. 2014 ൽ കത്തിലൂടെ അങ്ങനെ യോഗ്യതകളിൽ വെള്ളം ചേർക്കാനാവില്ലെന്ന് മാനേജിങ്ങ് ഡയറക്ടർ തിരിച്ചെഴുതുന്നു. 2012 ലെ ഉന്നത യോഗ്യതകൾ വേണമെന്ന ഉത്തരവ് നിലനിൽക്കുകയും ചെയ്തു.

എന്നാൽ 2016 ൽ യുഡിഎഫ് ഭരണ അവനസാന നാളുകളിൽ അന്നത്തെ ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ശക്തമായ സ്വാധീത്തെ തുടർന്ന് 18. 2. 2016 ൽ കൂടിയ കെഎസ്ആർടിസിയുടെ 387 ാം നമ്പർ ഡയറക്ടർ ബോർഡ് യോഗത്തിൽ എക്‌സിക്യുട്ടീവ് ഡയറക്ടർമാർക്ക് നിശ്ചയിച്ച ഉന്നത വിദ്യാഭ്യാസ യോഗ്യതകളിൽ വെള്ളം ചേർക്കാനായും ഹറഫ് മുഹമ്മദിനെയും ശ്രീകുമാറിനെയും യോഗ്യതകളില്ലാതെ തന്നെ എക്‌സിക്യുട്ടീവ് ഡയറക്ടർമാരാക്കാനും സാധ്യമായ ഒരു സ്‌പെഷ്യൽ റൂൾസ് കൊണ്ടു വരുന്നു. എന്നാൽ അത്തരമൊരു സ്‌പെഷ്യൽ നിയമ പരിരക്ഷ കിട്ടണമെങ്കിൽ സംസ്ഥാന സർക്കാർ കൂടി അതംഗീകരിക്കണം. സർക്കാരിൽ നിന്നുള്ള അനുമതിയും കാത്തു നിൽക്കാതെ തന്നെ യോഗം കൂടിയ 18. 12. 2016 ൽ തന്നെ അന്നത്തെ ജനറൽ മാനേജർ 548/2GL/ 2012 RRഎന്ന നോട്ടിലൂടെ സർക്കാർ തീരുമാനം വരുന്നതിനു തന്നെ ശ്രീകുമാറിവെയും ഷറഫ് മുഹമ്മദിനെയും എക്‌സിക്യുട്ടീവ് ഡയറക്ടർമാരായിഅടിയന്തിരമായി നിയമിക്കണമെന്ന് എംഡിയോട് ആവശ്യപ്പെടുകയും അരമണിക്കൂറിനുള്ളിൽ കെഎസ്ആസ്ആർടിസി എംസി ഇരുവരെയും എക്‌സിക്യുട്ടീവ് ഡയറക്ടർമാരായി നിയമിക്കുകയും ചെയ്തു.

എന്നാൽ നാളിതുവരെ സംസ്ഥാന ഗതാഗത വകുപ്പ് 2016 ൽ കെഎസ്ആർടിസി കൊണ്ടു വന്ന സെപ്ഷ്യൽ റൂൾസ് അംഗീകരിച്ചില്ല. അതുകൊണ്ടു തന്നെ ഈ രണ്ടു എക്‌സിക്യുട്ടീവ് ഡയറക്ടർമരെ എന്നു വേണമെങ്കിലും ഗതാഗത വകുപ്പിനും ഗതാഗത മന്ത്രിക്കും പുറത്താക്കാനാകും. അങ്ങനെ ചെയ്യാതിരിക്കാനാണ് ഗതാഗത മന്ത്രിയുടെ മേൽ ലോബി സ്വാധീനം ചെലുത്തുന്നത്. ഈ സമ്മർദ്ദത്തിനു പിന്നിൽ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള സ്ഥലങ്ങളിലെ ചില സ്വകാര്യ ബസുടമകളുണ്ടെന്നും അതിനാൽ തന്നെ തങ്ങളെ ഗതാഗതമന്ത്രിക്കു പോലും തൊടാനാവില്ലെന്നും ഷറഫും ശ്രീകുമാറും ഊറ്റം കൊള്ളുന്നു.

ഷറഫിന്റെയും ശ്രീകുമാറിന്റെയും കഴിവില്ലായ്മ തന്നെയാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ ഒന്നര കോടി കുറയാൻ കാരണമായത്. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി തുടങ്ങിയ സർവ്വീസുകൾ പരമാവധി റദ്ദാക്കുവാൻ യൂണിറ്റ് അധികാരികൾക്ക് ടെലിഫോണിൽ നിർദ്ദേശം നൽകുകയാണ്‌ ഓപ്പറേഷൻസ് മേധാവി. ഇങ്ങനെ നിരവധി നിർദ്ദേശങ്ങങ്ങൾ സ്വകാര്യ ബസുകളുടെ ഭാഗത്തുനിന്നും എത്തുന്നവയാണ്‌ . ഈ നിർദ്ദേശങ്ങൾ അഴിമതിയുടെ ഭാഗമാണെന്നതിനാൽ ഇത്തരം ഉത്തരവുകൾ യൂണിറ്റ് അധികാരികൾ ഇപ്പോൾ അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തി തുടങ്ങി. കടുത്ത അഴിമതി ആരോപണങ്ങൾ പോലും നേരിടുന്ന ഇരുവരും ഇപ്പോഴും കെഎസ്ആർടിയുടെ സംരക്ഷണയിൽ കഴിയുന്നത്. പരക്കെ ചോദ്യംചെയ്യപ്പെടുകയാണിപ്പോൾ. ഈ സാഹചര്യത്തിൽ ഇരുവർക്കുമെതിരെ വൈകാതെ നടപടി ഉണ്ടാവുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP