Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമം ലംഘിച്ചുള്ള പള്ളിയുടെ കെട്ടിട നിർമ്മാണത്തെ ചോദ്യം ചെയ്തു; അംഗീകാരമില്ലാത്ത സ്‌കൂളിന്റെ പ്രവർത്തനത്തെ എതിർത്തു; ഞായറാഴ്ച കുർബാനക്കിടയിൽ ഇടവകക്കാരനെ പേരുപറഞ്ഞ് അപമാനിച്ച് വികാരി; നിലയ്ക്കു നിർത്താൻ കള്ളക്കേസ് കൊടുത്തെന്നും മുല്ലശ്ശേരി വികാരി സോളി തട്ടിലിനെതിരെ പരാതി: നീതിതേടി സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ

നിയമം ലംഘിച്ചുള്ള പള്ളിയുടെ കെട്ടിട നിർമ്മാണത്തെ ചോദ്യം ചെയ്തു; അംഗീകാരമില്ലാത്ത സ്‌കൂളിന്റെ പ്രവർത്തനത്തെ എതിർത്തു; ഞായറാഴ്ച കുർബാനക്കിടയിൽ ഇടവകക്കാരനെ പേരുപറഞ്ഞ് അപമാനിച്ച് വികാരി; നിലയ്ക്കു നിർത്താൻ കള്ളക്കേസ് കൊടുത്തെന്നും മുല്ലശ്ശേരി വികാരി സോളി തട്ടിലിനെതിരെ പരാതി: നീതിതേടി സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വൈദികർ എന്ത് പറഞ്ഞാലും വേദ വാക്യമായി കരുതുന്നവരാണ് മിക്ക വിശ്വാസികളും. ഞായറാഴ്ച കുർബാനയിൽ ഒരു വിശ്വാസിയെ പേരെടുത്തു പറഞ്ഞു ആക്ഷേപിച്ചാൽ അതിൽ പരം മറ്റൊരു നാണക്കേട് ഉണ്ടാകാനുമില്ല. പൗരോഹിത്യ മേധാവിത്വത്തിനെത്തിയ ശബ്ദം ഉയര്ത്തുന്നവരെ പലപ്പോഴും മൂലക്കിരുത്താൻ വൈദികർ സ്വീകരിക്കുന്ന അറ്റ കൈ പ്രയോഗമാണിത്.

ഈ പ്രയോഗത്തിൽ വീണു ആത്മഹത്യ ചെയ്തിട്ടുള്ള കുടുംബങ്ങൾ വരെയുണ്ട് കേരളത്തിൽ. എന്നിട്ടും പല വൈദികരും ഈ അറ്റകൈ പ്രയോഗം തുടരുകയാണ്. തൃശൂർ രൂപതയിലെ മുല്ലശേരി ഗുഡ്ഷെപ്പേർഡ് ചർച്ച് വികാരി ഫാ.സോളി തട്ടിലിനെതിരെ ഒരു വിശ്വാസി ഉയർത്തുന്നതും ഇതേ കാര്യമാണ്.

ഇടവക നേതൃത്വത്തിന്റെ നിയമവിരുദ്ധ പ്രവർത്തിയെ ചോദ്യം ചെയ്തതിന്റെ പേരിൽ ഇടവകാംഗമായ ഷിന്റോ തോമസിനെ വികാരിയച്ചൻ പരസ്യമായി അപമാനിക്കുകയും കള്ളക്കേസിൽ കുടിക്കുകയും ചെയ്തു എന്ന ആക്ഷേപം ആണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഷിന്റോക്ക് പിന്തുണ തേടി സോഷ്യൽ മീഡിയയിൽ വൈറലായ ഒരു സംഭാഷണത്തോടെയാണ് കഥ ആരംഭിക്കുന്നത്. ഈ സംഭാഷണമാണ് ഈ വാർത്തക്കൊപ്പം നൽകിയിരിക്കുന്നത്. ഇതിന്റെ പൊരുൾ തേടി പോയപ്പോൾ ആണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ മറുനാടന് ലഭിച്ചത്.

തൃശൂർ മുല്ലശേരി ഗുഡ്ഷെപേർഡ് പള്ളി ഇടവകാംഗം ഷിന്റോ തോമസാണ് പള്ളി വികാരിയിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന പരാതി ഉയർത്തിയിരിക്കുന്നത്. പള്ളിയുടെ നിയമം ലംഘിച്ചുള്ള കെട്ടിട നിർമ്മാണത്തെ ചോദ്യം ചെയ്യുകയും അംഗീകാരമില്ലാത്ത സ്‌കൂളിന്റെ പ്രവർത്തനത്തെ എതിർക്കുകയും ചെയ്തതോടെ വികാരി തനിക്കെതിരെ തിരിയുകയായിരുന്നു എന്നാണ് ഷിന്റോയുടെ ആക്ഷേപം.

തൃശൂർ മുല്ലശേരി ഗുഡ്ഷെപേർഡ് പള്ളി വകയായി ആറുമാസം മുമ്പ് ഷോപ്പിങ് കോപ്ലക്സ് നിർമ്മിക്കാൻ ആരംഭിച്ചുവെന്ന് ഷിന്റോ പറയുന്നു. ഇതിനെ ചോദ്യം ചെയ്ത അന്നുമുതൽ തനിക്ക് കഷ്ടകാലമായെന്നും ഇതിന് ശേഷം വികാരിയച്ചന്റെ ക്രൂര പീഡനങ്ങൾക്ക് ഇരയാകുകയാണ് താനെന്നും ഷിന്റോ പറയുന്നു. ഇതിനിടെയാണ് ഞായറാഴ്ച കുർബാനക്കിടെ പേര് പറഞ്ഞുള്ള അവഹേളനവും ഉണ്ടായത്. വികാരിയുടെ വ്യക്തിവൈരാഗ്യം ലക്ഷ്യം വെച്ചുള്ള അവഹേളനം കാരണം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് താനെന്ന് ഷിന്റോ പറയുന്നു.

സംഭവങ്ങൾ ഷിന്റോ വിശദീകരിക്കുന്നത് ഇങ്ങനെ

ആറുമാസം മുമ്പാണ് പള്ളി വക ഷോപ്പിങ് കോപ്ലക്സ് നിർമ്മിക്കാൻ ആരംഭിച്ചത്. റോഡരികിൽ നിന്നും മൂന്ന് മീറ്റർ അകലം പാലിച്ച് വേണം കെട്ടിടം നിർമ്മിക്കാൻ എന്ന നിയമം പാലിക്കാതെയാണ് നിർമ്മാണം ആരംഭിച്ചത്. ഈ നിയമ ലംഘനം ചോദ്യം ചെയ്ത് നാട്ടിലെ പൗരസമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. പൗരസമിതി നടത്തിയ സമരത്തിൽ പങ്കെടുത്തു എന്ന കാരണത്താൽ ഇടവകാംഗമായ തന്നെ അന്നുതന്നെ പള്ളി കമ്മറ്റിക്കാർ നോട്ടമിട്ടിരുന്നുവെന്ന് ഷിന്റോ പറയുന്നു.

അന്ന് രാത്രി 11.30ന് തന്നെ ഷിന്റോയുടെ വീട്ടിലേക്ക് ഭീഷണിയുമായി അന്നത്തെ വികാരിയായ ജോയ് മൂക്കന്റെ ഫോൺ വന്നു. മര്യാദക്ക് നടന്നില്ലെങ്കിൽ പള്ളിയിൽ നിന്ന് പുറത്താക്കുമെന്നും പള്ളിക്കെതിരെയും ഷോപ്പിങ് കോപ്ലക്സിനെതിരെയും പ്രതികരിക്കരുത് എന്നുമായിരുന്നു വികാരിയുടെ ആവശ്യം.

അന്ന് മുതൽ തന്നെയും കുടുംബത്തെയും തകർക്കാൻ ഇടവക വികാരി ശ്രമിക്കുകയാണെന്നാണ് ഷിന്റോയുടെ ആരോപണം. അന്നത്തെ പള്ളി വികാരിയായിരുന്ന ജോയ് മൂക്കൻ സ്ഥലംമാറി സഹ വികാരിയായിരുന്ന സോളി തട്ടിൽ വികാരിയായപ്പോഴും ഭീഷണി തുടർന്നു. ഗുഡ്ഷെപേർഡ് പള്ളി വകയുള്ള സ്‌കൂളിന് അഫിലിയേഷൻ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഷിന്റോ ഫേസ്‌ബുക്കിൽ പ്രതികരിച്ചതാണ് പുതിയ വികാരിയെ ചൊടിപ്പിച്ചത്. ഇതിന് പ്രതികാരമായി തനിക്കെതിരെ സോളി അച്ചന്റെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകിയെന്നും ഷിന്റോ പറയുന്നു.

സിബിഎസ്ഇ ആക്ട് 25 പ്രകാരം എല്ലാവർഷവും പുതുക്കേണ്ട അംഗീകാരം ഗുഡ്ഷെപേർഡ് സ്‌കൂൾ പുതുക്കിയില്ലെന്നും അത് പ്രകാരം 2014 വരെ സ്‌കൂളിന് പ്രവർത്തിക്കാൻ സിബിഎസ്ഇ അംഗീകാരം നൽകിയിട്ടുള്ളു എന്ന് ചൂണ്ടിക്കാട്ടിയാണ് ഷിന്റോ പ്രതികരിച്ചത്. ഇതിന് പിന്നാലെ വീണ്ടും വികാരിയുടെ ഭീഷണി എത്തിയെന്ന് ഷിന്റോ പറയുന്നു. ഷിന്റോക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിക്കണമെങ്കിൽ ഗുഡ് ഷെപ്പേർഡ് സ്‌കൂളിൽ എത്തി എല്ലാവരും മുൻപാകെ മാപ്പ് പറയണമെന്നായിരുന്നു പള്ളി വികാരി ഫാദർ സോളി തട്ടിലിന്റെ ആവശ്യം.

താൻ തെറ്റ് ചെയ്തിട്ടില്ലെന്നും മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും ഞാൻ പറഞ്ഞു. എങ്കിൽ സ്‌കൂളിന്റെ 15 പേരടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മറ്റിയിൽ എത്തി മാപ്പ് പറഞ്ഞാൽ മതിയെന്നായി അച്ചൻ. അതിനും സമ്മതിക്കാതിരുന്നപ്പോൾ അച്ചൻ മാത്രമുള്ള അടച്ചിട്ട മുറിയിൽ വന്ന് മാപ്പ് പറയാൻ ആവശ്യപ്പെടുകയായിരുന്നു. തന്റെ ഭാഗത്ത് തെറ്റില്ലെന്നും അതിനാൽ മാപ്പ് പറയില്ല എന്ന നിലപാടിൽ ഉറച്ച് നിന്നതോടെ വികാരി തനിക്കെതിരെ പരസ്യമായി രംഗത്തെത്തുകയായിരുന്നെന്ന് ഷിന്റോ പറയുന്നു.

ഞായറാഴ്ച കുർബാനക്കിടെ ഫാദർ സോളി തട്ടിൽ ഷിന്റോയെ പരസ്യമായി അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതാണ് ഇപ്പോൾ വിവാദമായത്. പരിശുദ്ധമായി കാണേണ്ട ഞായറാഴ്ച കുർബാന തന്റെ വ്യക്തിവൈരാഗ്യം തീർക്കാനായി ഉപയോഗിച്ച ഫാദർ സോളി തട്ടിലിനെതിരെ പരാതിയുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് ഷിന്റോ.

ഷിന്റോയ്‌ക്കൊപ്പം അണിനിരന്ന് സുഹൃത്തുക്കൾ

ഇതിനിടെ ഇടവകാംഗത്തെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ച വികാരിക്കും പള്ളി അധികൃതർക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കൾ. കത്തോലിക്ക പള്ളിയിലെ പുരോഹിതരുടെ പകപോക്കൽ സ്ഥിരം സംഭവമാണെന്നും ഇതിന്റെ ഒടുവിലത്തെ ഇരയാണ് ഷിന്റോയെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു വിശ്വാസി ഓഡിയോ സന്ദേശം നൽകിയിട്ടുള്ളത്.

എല്ലാ വിശ്വാസികളോടും തെറ്റുകൾ ക്ഷമിക്കാൻ ആഹ്വാനം ചെയ്യുകയും എന്നാൽ ഒരു വ്യക്തിയോട് എന്തെങ്കിലും ഈഗോപ്രശ്‌നം ഉണ്ടായാൽ അവർക്കെതിരെ കഴിയുന്നത്ര പ്രതികാര നടപടികൾ ചെയ്യുകയുമാണ് വൈദികരെന്നും ഇതിൽ ആരോപിക്കുന്നു. ദിവ്യബലിക്കിടയിൽ വ്യക്തിയുടെ പേരുപറഞ്ഞ് അവഹേളിക്കലാണ് ഇവരുടെ ഒരു പ്രതികാര നടപടി.

അല്ലെങ്കിൽ ഒരു വ്യക്തിയോടോ കുടുംബത്തേടോ അവരോട് മിണ്ടരുത് എന്ന് പറഞ്ഞ് ഒറ്റപ്പെടുത്തും. പലപ്പോഴും കുടുംബ സമേതം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിൽ തന്നെ ചെന്നുപെടുന്ന അവസ്ഥയിലേക്ക് ഇവരുടെ പ്രതികാര നടപടികൾ മൂലം എത്തിപ്പെടുമെന്നും തനിക്കും ഇത്തരമൊരു അനുഭവം ഉണ്ടായെന്നും വ്യക്തമാക്കി ഒരു വിശ്വാസിയാണ് ഓഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഷിന്റോയ്ക്കുണ്ടായ ദുരനുഭവങ്ങളും ഓഡിയോയിൽ വിവരിക്കുന്നു

വിശ്വാസിയുടെ ഓഡിയോ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP