Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൃഥ്വിയെ അടുപ്പിക്കാനുള്ള ലാലിന്റെ ശ്രമങ്ങൾ എങ്ങുമെത്തിയില്ല; അനുനയ ചർച്ചകൾക്ക് വഴങ്ങാതെ സ്വന്തം വഴിയിലൂടെ ദിലീപ്; കുഞ്ചാക്കോയും നിവിൻ പോളിയും മനസ്സ് തുറക്കുന്നില്ല; മമ്മൂട്ടിയും ഇന്നസെന്റും അസ്വസ്ഥർ; സ്ത്രീകൾക്കായി വാദിച്ച് മഞ്ജു വാര്യരും കൂട്ടരും; സ്ഥാനമൊഴിയാൻ ഉറച്ച് നിലവിലെ ഭാരവാഹികൾ; എക്‌സിക്യൂട്ടീവ് ചേരാൻ പോലും കഴിയാത്ത വിധം താരസംഘടനയിൽ പ്രതിസന്ധി രൂക്ഷം; ജനറൽ ബോഡി വിളിക്കുന്നതിലും ധാരണയാകുന്നില്ല; 'അമ്മ'യിലെ ഒത്തുതീർപ്പിൽ ആർക്കും എത്തുംപിടിയുമില്ല

പൃഥ്വിയെ അടുപ്പിക്കാനുള്ള ലാലിന്റെ ശ്രമങ്ങൾ എങ്ങുമെത്തിയില്ല; അനുനയ ചർച്ചകൾക്ക് വഴങ്ങാതെ സ്വന്തം വഴിയിലൂടെ ദിലീപ്; കുഞ്ചാക്കോയും നിവിൻ പോളിയും മനസ്സ് തുറക്കുന്നില്ല; മമ്മൂട്ടിയും ഇന്നസെന്റും അസ്വസ്ഥർ; സ്ത്രീകൾക്കായി വാദിച്ച് മഞ്ജു വാര്യരും കൂട്ടരും; സ്ഥാനമൊഴിയാൻ ഉറച്ച് നിലവിലെ ഭാരവാഹികൾ; എക്‌സിക്യൂട്ടീവ് ചേരാൻ പോലും കഴിയാത്ത വിധം താരസംഘടനയിൽ പ്രതിസന്ധി രൂക്ഷം; ജനറൽ ബോഡി വിളിക്കുന്നതിലും ധാരണയാകുന്നില്ല; 'അമ്മ'യിലെ ഒത്തുതീർപ്പിൽ ആർക്കും എത്തുംപിടിയുമില്ല

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം നടക്കാനിടയില്ല. ഇനി ജനറൽ ബോഡി യോഗം മതിയെന്ന ധാരണയിലാണ് സംഘടനാ നേതൃത്വം മുന്നോട്ടു പോകുന്നതെന്നാണ് ലഭ്യമായ വിവരം. ദിലീപ് വിഷയത്തിൽ അംഗങ്ങൾക്കിടയിൽ മൂർദ്ധന്യാവസ്ഥയിൽ നിലനിൽക്കുന്ന അസ്വാരസ്യം തന്നെയാണ് എക്‌സിക്യൂട്ടീവ് യോഗം മാറ്റിവയ്ക്കാൻ കാരണമായിട്ടുള്ളത്. ഇനി അടുത്ത കാലത്തൊന്നും എക്‌സിക്യൂട്ടീവ് നടക്കാനിടയില്ല. വിവിധ ഗ്രൂപ്പുകളെ യോജിപ്പിക്കാനുള്ള മോഹൻലാലിന്റെ നീക്കങ്ങൾ വിജയിക്കാത്തതാണ് ഇതിന് കാരണം. പൃഥ്വിരാജിനെ അനുനയിപ്പിക്കാൻ മോഹൻലാലിന് കഴിഞ്ഞെങ്കിലും മറ്റുപല താരങ്ങളും പ്രതിഷേധത്തിലാണ്. സംഘടനയിലേക്ക് ഇല്ലെന്ന നിലപാടിലാണ് ദിലീപ്. എന്നാലും ദിലീപിനെ അനുകൂലിക്കുന്നവർ കരുനീക്കവുമായി സജീവമാണ്.

ഇനി അമ്മയുടെ ജനറൽ ബോഡി മാത്രമേ നടക്കാനിടയുള്ളൂ. അതിൽ നിലവിലെ ഭാരവാഹികൾ സ്ഥാനം ഒഴിയും. പകരം ആളുകളെ കണ്ടെത്താൻ നിർദ്ദേശിക്കുകയും ചെയ്യും. അങ്ങനെ വരുമ്പോൾ സംഘടന പിടിച്ചെടുക്കാൻ ദിലീപ് അനുകൂലികളും എതിരാളികളും രംഗത്ത് വരും. അമ്മയുടെ ജനറൽ സെക്രട്ടറിയായ മമ്മൂട്ടി ദിലീപിനെ സംരക്ഷിച്ചില്ലെന്ന അഭിപ്രായം ദിലീപ് അനുകൂലികളിൽ ശക്തമാണ്. അതുകൊണ്ട് തന്നെ മമ്മൂട്ടിക്കെതിരെ ശക്തമായ വികാരം ഉയർത്താനാകും ദിലീപിന്റെ ശ്രമം. ഈ സാഹചര്യത്തിൽ ഇനി അമ്മയിലേക്ക് ഇല്ലെന്ന നിലപാടിലാണ് മമ്മൂട്ടി. പ്രസിഡന്റ് ഇന്നസെന്റും കളമൊഴിയും. പകരം ആരുവരുമെന്ന് ദിലീപ് തീരുമാനിക്കുന്ന അവസ്ഥയാണുള്ളത്. ദിലീപ് യോഗത്തിനെത്തിയില്ലെങ്കിൽ പോലും അമ്മയിലെ അംഗങ്ങളിൽ ബഹുഭൂരിഭാഗവും ദിലീപിനൊപ്പമാണ്.

നിലവിൽ അമ്മയെന്ന സംഘടന നിശ്ചലമായ അവസ്ഥയിലാണ്. ആരും ഒരു തീരുമാനങ്ങളും എടുക്കുന്നില്ല. ഈ പ്രത്യേക സാഹചര്യത്തിൽ അമ്മയുടെ ഭരണം മോഹൻലാൽ ഏറ്റെടുക്കണമെന്ന അഭിപ്രായവും സജീവമാണ്. എന്നാൽ മോഹൻലാലും ഇതിന് സന്നദ്ധനല്ല. പുതിയ നേതൃ നിര വരട്ടേയെന്നതാണ് നിലപാട്. ബാലചന്ദ്രമേനോനെ ചുമതല ഏൽപ്പിക്കണമെന്നാണ് മുതിർന്ന താരങ്ങളുടെ പൊതു അഭിപ്രായം. അതിനിടെ സിദ്ദിഖിന്റെ പ്രധാന ചുമതലയിലെത്തിക്കാൻ ദിലീപ് അനുകൂലികളും കരുനീക്കം തുടങ്ങിയിട്ടുണ്ട്. എക്‌സിക്യൂട്ടീവിൽ പോലും ദിലീപ് അനുകൂലികൾ മാത്രം ജയിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കാനാണ് നീക്കം. പ്രത്യക്ഷത്തിൽ സംഘടനയിൽ ഇടപെടൽ നടത്താൻ പൃഥ്വിയും ഇപ്പോൾ താൽപ്പര്യം കാണിക്കുന്നില്ല. ഏല്ലാവരും ഒരുമിച്ച് ആവശ്യപ്പെട്ടാൽ പൃഥ്വി തയ്യാറുമാണ്. എന്നാൽ ദിലീപ് അനുകൂലികൾ അതിന് സമ്മതിക്കുകയുമില്ല.

കുഞ്ചാക്കോ ബോബനെ മുന്നിൽ നിർത്തണമെന്ന അഭിപ്രായം മഞ്ജു വാര്യരെ പോലുള്ളവർക്കുണ്ട്. സ്ത്രീകൾക്ക് അർഹമായ പരിഗണന വേണമെന്നും പറയുന്നു. എന്നാൽ ഇതൊന്നും പരസ്യ നിലപാടായി മഞ്ജു അവതരിപ്പിക്കുന്നുമില്ല. ഇതും ദിലീപിനെ ഭയന്നാണെന്നാണ് സൂചന. നേരത്തെ ദിലീപിനെ പുറത്താക്കിയ നടപടി ചർച്ച ചെയ്യാൻ എക്‌സിക്യൂട്ടീവ് വിളിക്കുന്നതിനെ കുറിച്ച് സംഘടന ആലോചിച്ചിരുന്നു. എന്നാൽ അംഗങ്ങൾക്കിടയിലെ ഭിന്നത കാരണം ഇത് നടന്നില്ല. മോഹൻലാൽ സിനിമാ ഷൂട്ടിങിന്റെ തിരക്കിലായിരുന്നു. ഒടിയന്റെ ഷൂട്ടിങ് ഇടവേളയിൽ എല്ലാവരേയും ഒരുമിപ്പിക്കാനായിരുന്നു ലാലിന്റെ ശ്രമം. ഇത് പൂർണ്ണമായും വിജയിക്കില്ലെന്ന് ലാലിനും അറിയാം. അതുകൊണ്ടു തന്നെ അതിനായി വലിയൊരു ഇടപെടൽ ലാൽ നടത്തിയതുമില്ല. ഈ സാഹചര്യത്തിൽ ജനറൽ ബോഡി വിളിച്ച് സ്ഥാനം ഒഴിയാനാണ് നിലവിലെ ഭാരവാഹികലുടെ തീരുമാനം.

പൃഥ്വി രാജിന് അനുനയ ചർച്ചകളോട് വലിയ താൽപ്പര്യമില്ല. ദിലീപും ചർച്ചകളുമായി സഹകരിക്കില്ലെന്ന സൂചന മോഹൻലാലിന് നൽകിയിട്ടുണ്ട്. കുഞ്ചാക്കോ ബോബനും നിവിൻ പോളിയും അടക്കമുള്ളവർ മൗനത്തിലുമാണ്. ഇതു കാരണം അമ്മയിലെ പ്രശ്‌ന പരിഹാരത്തിനുള്ള ചർച്ചകൾ ഒരടി പോലും മുന്നോട്ട് പോകുന്നില്ല. അതിനാൽ ജനറൽ ബോഡി ചേരുന്നതിലും തീരുമാനം എടുക്കാനാകുന്നില്ല. സ്വയം വിഴുപ്പലക്കലിന്റെ വേദിയായി അമ്മയുടെ യോഗം മാറുമോ എന്ന ഭയമാണ് ഇതിന് കാരണം. സംഘടനയെ കുറേ കാലമായി നിയന്ത്രിച്ചിരുന്നത് ദിലീപായിരുന്നു. ഇതെല്ലാം അമ്മയിലെ പ്രതിസന്ധിയെ രൂക്ഷമാക്കുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാനം ഒഴിയാൻ മമ്മൂട്ടിയും ഇന്നസെന്റും തീരുമാനിക്കുന്നത്.

ദിലീപിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയ കൊച്ചിയിൽ നടന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ തീരുമാനമാണ് ഇപ്പോൾ കീറാമുട്ടിയായി പരിണമിച്ചിട്ടുള്ളത്. ദിലീപ് പൊലീസ് കസ്റ്റഡിയിൽ ആയിരുന്ന അവസരത്തിൽ ഈ വിഷയത്തിൽ മനസ്സുതുറക്കാതിരുന്നവർ ഇപ്പോൾ നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തു വരുന്നുണ്ട്. തൽക്കാലം സസ്പൻഷൻ മതിയായിരുന്നെന്നും ബാക്കി നടപടി ജനറൽ ബോഡി തീരുമാന പ്രകാരമാണ് വേണ്ടിയിരുന്നതെന്ന അഭിപ്രായക്കാരാണ് സംഘടനയിൽ ഇപ്പോൾ ശക്തിപ്പെട്ടിട്ടുള്ളത്. ദിലീപിനായി വാദിക്കുന്നവർക്ക് അമ്മയിൽ ഭൂരിപക്ഷം ഉണ്ട്. അതുകൊണ്ട് തന്നെ ഈ വാദത്തിനാണ് മേൽക്കൈ.

നിയമപ്രകാരം പ്രവർത്തിച്ചിരുന്നുവെങ്കിൽ ദിലീപ് പുറത്തുവന്ന സാഹചര്യത്തിൽ വിശദീകരണം ആരാഞ്ഞ് , ഭൂരിപക്ഷ തീരുമാനമനുസരിച്ച് നടപടി സ്വീകരിക്കാമായിരുന്നെന്നും ഇതുമൂലം സംഘടനയിൽ ഇപ്പോൾ സംജാതമായ ചേരിതിരിവ് ഒഴിവാക്കാമായിരുന്നെന്നുമാണ് ഇക്കൂട്ടരുടെ വാദം. എന്നാൽ സംഘടനയിൽ അംഗമായ നടിയെ ആക്രമിക്കാൻ കൂട്ടുനിന്നു എന്ന കേസിൽ പൊലീസ് അറസ്റ്റു ചെയ്തതോടെ ദിലീപ് പൊതുസമൂഹത്തിൽ വെറുക്കപ്പെട്ടനായി മാറിയെന്നും ഇയാളെ പുറത്താക്കാൻ നേതൃത്വം നൽകിയവർ സംഘടനയുടെ മാനം കാത്തു എന്നുമാണ് എതിർവിഭാഗത്തിന്റെ വാദം. മമ്മൂട്ടിയാണ് തീരുമാനം എടുത്തത്. പൃഥ്വിരാജിന്റെ സമ്മർദ്ദാണ് ഇതിന് കാരണമെന്നും ആരോപണം ഉയർന്നു. ഈ സാഹചര്യത്തിലാണ് എക്‌സിക്യൂട്ടീവ് പോലും ചേരാത്തത്.

അതുകൊണ്ട് തന്നെ ഇനി എക്‌സിക്യൂട്ടീവ് ചേരില്ല. ജനറൽ ബോഡിയിലും ചേരിതിരിഞ്ഞുള്ള വാദപ്രതിവാദം ഉറപ്പായ സാഹചര്യമാണ് നിലവിലുള്ളത്.തർക്കം മുറുകിയാൽ നേതൃത്വനിര ഒന്നടങ്കം ഭാരവാഹിത്വ മൊഴിയാൻ സന്നദ്ധരാവുമെന്നും ഇതോടെ സമവായ ചർച്ചകൾക്ക് വേദിയൊരുങ്ങുമെന്നും പ്രശ്‌നം ചർച്ചകളിലുടെ പരിഹരിക്കുമെന്ന് കരുതുന്നവരും സംഘടനയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP