Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപിനെ പുറത്താക്കിയ 'പൃഥ്വിയുടെ തീരുമാനം' ചർച്ചയാക്കും; ഡിസ്മിസൽ നടപടി ഏകകണ്ഠമായി വോട്ടിനിട്ട് തള്ളി ജനപ്രിയ നായകനെ വരവേൽക്കാനൊരുങ്ങി താരസംഘടന; മോഹൻലാൽ എതിരില്ലാതെ ഇന്നസെന്റിന്റെ പിൻഗാമിയാകും; ഇടവേള ബാബു ജനറൽ സെക്രട്ടറിയും; പൃഥ്വിക്കും രമ്യാനമ്പീശനും എതിരെ നടപടിയുമുണ്ടാകില്ല; ഐക്യസന്ദേശം നൽകാൻ 'അമ്മ'യ്ക്ക് ഇനി പുതു നേതൃത്വം

ദിലീപിനെ പുറത്താക്കിയ 'പൃഥ്വിയുടെ തീരുമാനം' ചർച്ചയാക്കും; ഡിസ്മിസൽ നടപടി ഏകകണ്ഠമായി വോട്ടിനിട്ട് തള്ളി ജനപ്രിയ നായകനെ വരവേൽക്കാനൊരുങ്ങി താരസംഘടന; മോഹൻലാൽ എതിരില്ലാതെ ഇന്നസെന്റിന്റെ പിൻഗാമിയാകും; ഇടവേള ബാബു ജനറൽ സെക്രട്ടറിയും; പൃഥ്വിക്കും രമ്യാനമ്പീശനും എതിരെ നടപടിയുമുണ്ടാകില്ല; ഐക്യസന്ദേശം നൽകാൻ 'അമ്മ'യ്ക്ക് ഇനി പുതു നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ എത്തും. ഇടവേള ബാബുവായിരിക്കും ജനറൽ സെക്രട്ടറി. ഇക്കാര്യത്തിൽ മുതിർന്ന സിനിമാകാർക്കിടയിൽ ധാരണയുണ്ടായി കഴിഞ്ഞു. ഇതിനൊപ്പം ദിലീപിന്റെ അംഗത്വകാര്യത്തിലും അമ്മയുടെ അടുത്ത ജനറൽ ബോഡി യോഗം തീരുമാനം എടുക്കും. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ അവൈലബിൾ എക്‌സിക്യൂട്ടീവ് തീരുമാനിച്ചിരുന്നു. ഈ തീരുമാനം പൊതുയോഗത്തിൽ ചർച്ചയ്‌ക്കെടുക്കും. പൊതുയോഗം അന്തിമ തീരുമാനവും എടുക്കും.

ദിലീപിനെ അമ്മയിൽ സജീവമാക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇത്. അമ്മയിലെ ബഹുഭൂരിഭാഗവും ദിലീപിനൊപ്പമാണ്. കോടതി ശിക്ഷിക്കും വരെ ദിലീപിനെ തെറ്റുകാരനായി കാണുന്നത് ശരിയല്ലെന്ന പൊതുവികാരമാണ് അമ്മയിലുള്ളത്. ഈ സാഹചര്യത്തിൽ ദിലീപിനെ പുറത്താക്കിയ നടപടി ചർച്ചയ്ക്ക് വന്നാൽ പൊതുയോഗം അത് തള്ളിക്കളയാനാണ് സാധ്യത. കേസിൽ കോടതി വിധി വരും വരെ ദിലീപിനെതിരായ നടപടികൾ റദ്ദാക്കുകയും ചെയ്യും. ഫലത്തിൽ അമ്മയുടെ അംഗമായി ദിലീപ് മാറും. ഈ യോഗത്തിന് ദിലീപ് എത്താൻ സാധ്യത കുറവാണ്. താൻ ഇനി സംഘടനയിലേക്കില്ലെന്ന നിലപാടിൽ ദിലീപ് ഉറച്ച് നിൽക്കുകയാണ്. ഈ സാഹചര്യത്തിലും ദിലീപിനെതിരായ നടപടി തള്ളിക്കളയാൻ തന്നെയാണ് സിനിമാക്കാർക്കിടയിലെ പൊതു തീരുമാനം.

ഈ മാസം 24ന് നടക്കുന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ മമ്മൂട്ടി അടക്കമുള്ളവർ സംഘടനയുടെ സ്ഥാനങ്ങൾ ഒഴിയും. ഇപ്പോഴത്തെ പ്രസിഡന്റായ ഇന്നസെന്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. എന്നാൽ മറ്റൊരാൾ ഇതേ സ്ഥാനത്തേക്ക് നോമിനേഷൻ കൊടുക്കുകയും മത്സരമുണ്ടാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ താൻ പിന്മാറുമെന്നും മോഹൻലാൽ അറിയിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറിയായി മത്സരിക്കാനൊരുങ്ങുന്ന ഇടവേള ബാബുവും ഇതേ അഭിപ്രായത്തിലാണ്. എന്നാൽ മോഹൻലാലിന്റെ പാനലിനെതിരെ ആരും മത്സരിക്കില്ലെന്നാണ് സൂചന. മഞ്ജു വാര്യരും സുഹൃത്തുകള്ളും മോഹൻലാലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പൃഥ്വിരാജും എതിർക്കില്ലെന്നാണ് സൂചന.

17 വർഷമായി അമ്മ പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റ് ഒഴിയുന്നതോടെ ഈ സ്ഥാനത്ത് മോഹൻ ലാൽ എത്തുമെന്ന് മറുനാടൻ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ ലാലിന് മാത്രമേ സംഘടനയെ കൊണ്ട് പോകാൻ കഴിയൂവെന്ന പൊതു വികാരം സിനിമാക്കാർക്കിടയിൽ ഉയർന്നിരുന്നു. അമ്മയുടെ പ്രസിഡന്റ് സ്ഥാനം ആഗ്രഹിച്ചിരുന്ന കെബി ഗണേശ് കുമാറും ലാലിനെ പിന്തുണയ്ക്കും. ആരും ലാലിനെതിരെ രംഗത്ത് വരില്ലെന്നാണ് ഏവരുടേയും വിലയിരുത്തൽ. അതിനിടെ പൃഥ്വിരാജിനെതിരേയും രമ്യാ നമ്പീശനെതിരേയും നടപടിയുണ്ടാകുമെന്ന പ്രചരണം ശക്തമാണ്. എന്നാൽ ഇതിൽ ഒരു തരിമ്പു പോലും സത്യമില്ലെന്ന് അമ്മയിലെ ഭാരവാഹികളിൽ പ്രധാനി മറുനാടനോട് പറഞ്ഞു. എല്ലാവരേയും ഒരുമിപ്പിക്കാനാണ് അമ്മയിൽ ശ്രമം നടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായാണ് ഈ മാസം അമ്മ ജനറൽ ബോഡി വിളിച്ചിരിക്കുന്നത്. എല്ലാ തലമുറയിലുംപെട്ട താരങ്ങൾക്കിടയിലുള്ള പൊതുസ്വീകാര്യതയാണ് മോഹൻലാലിനെ ഈ സ്ഥാനത്തേക്ക് കൊണ്ടു വരാൻ ഇന്നസെന്റിനെ പ്രേരിപ്പിച്ചത്. ഇപ്പോൾ ഓസ്‌ട്രേലിയയിലുള്ള മോഹൻലാൽ ജനറൽ ബോഡി യോഗത്തിനു മുമ്പായി നാട്ടിൽ തിരിച്ചെത്തും. നടിയെ ആക്രമിച്ച സംഭവത്തിനു ശേഷമുണ്ടായ ചില വഴിത്തിരിവുകളും സിനിമയിലെ വനിതാ സംഘടനയുടെ രൂപീകരണവും അമ്മ നേതൃമാറ്റത്തെ സ്വാധീനിക്കും. വനിതകൾക്ക് അർഹിക്കുന്ന സ്ഥാനങ്ങൾ നൽകും. പുതിയ ഭാരവാഹികളെ തീരുമാനിക്കുക മോഹൻലാലായിരിക്കുമെന്നും സൂചനയുണ്ട്. ദിലീപും മോഹൻലാലിനെ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അനുകൂലിക്കുന്നുണ്ട്. ലാലിനെ പിന്തുണയ്ക്കണമെന്ന് വിശ്വസ്തരോട് ദിലീപ് ആവശ്യപ്പെട്ടു കഴിഞ്ഞു. മോഹൻ ലാൽ പാനലിനെതിരെ ദിലീപിന്റെ അടുപ്പക്കാർ ആരും മത്സരിക്കില്ല.

നേരത്തെ സംഘടന പിടിച്ചെടുക്കാൻ പൃഥ്വിരാജ് ശ്രമിക്കുന്നുവെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇത് പൊളിക്കാൻ ദിലീപിനെ അനുകൂലിക്കുന്നവരും ശ്രമം നടത്തിയിരുന്നു. അമ്മയിൽ ദിലീപിനെ അനുകൂലിക്കുന്നവർക്ക് ബഹുഭൂരിപക്ഷം ഉണ്ട്. അതുകൊണ്ട് തന്നെ പൃഥ്വി രാജിന് സംഘടന പിടിക്കാനാവില്ലെന്ന് വിലയിരുത്തലുമെത്തി. ഇതോടെ ഈ നീക്കം പൃഥ്വിരാജ് ഉപേക്ഷിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് അമ്മ സംഘടിപ്പിച്ച ഷോയിലും പൃഥ്വി രാജ് പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ അമ്മയുടെ യോഗത്തിൽ പൃഥ്വി എത്തുമോയെന്ന സംശയവും സജീവമാണ്. ദിലീപിന്റെ നടപടിയെ കുറിച്ച് ചർച്ച ചെയ്യുന്ന യോഗത്തിൽ മഞ്ജു വാര്യരും പങ്കെടുക്കാനിടയില്ല.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിലായതോടെയാണ് അച്ചടക്ക നടപടിയുമായി അവൈലബിൾ എക്‌സിക്യൂട്ടീവ് എത്തിയത്. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മമ്മൂട്ടിയാണ് പ്രഖ്യാപിച്ചത്. പൃഥ്വിരാജിന്റെ സമ്മർദ്ദമായിരുന്നു ഇതിന് കാരണമെന്ന വിലയിരുത്തലുകളും ഉണ്ടായി. എന്നാൽ അതിന് ശേഷം അമ്മയ്ക്ക് ഇക്കാര്യത്തിൽ ചർച്ചകളൊന്നും നടത്താനായില്ല. ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് പൊതു യോഗമാണ്. അതുകൊണ്ടാണ് ഈ വിഷയവും കൊച്ചിയിലെ യോഗത്തിൽ ചർച്ചയാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP