Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള മൂന്ന് സ്റ്റെന്റുകൾക്ക് അമൃതാ ആശുപത്രി വിലയിട്ടത് 2,85,000 രൂപ; നിർമ്മാതാവിനെ കണ്ടെത്തി വിളിച്ചു ചോദിച്ചപ്പോൾ വില വെറും 80,000 രൂപ മാത്രം; കൊള്ളലാഭക്കഥ പൊളിഞ്ഞിട്ടും അമിത വില ഈടാക്കി പാവങ്ങളുടെ ആശുപത്രി; ഹൃദയ രോഗികളെ പിഴിഞ്ഞ് സ്വകാര്യ ആശുപത്രികൾ കൊള്ളലാഭം കൊയ്യുന്നത് ഇങ്ങനെ

ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള മൂന്ന് സ്റ്റെന്റുകൾക്ക് അമൃതാ ആശുപത്രി വിലയിട്ടത് 2,85,000 രൂപ; നിർമ്മാതാവിനെ കണ്ടെത്തി വിളിച്ചു ചോദിച്ചപ്പോൾ വില വെറും 80,000 രൂപ മാത്രം; കൊള്ളലാഭക്കഥ പൊളിഞ്ഞിട്ടും അമിത വില ഈടാക്കി പാവങ്ങളുടെ ആശുപത്രി; ഹൃദയ രോഗികളെ പിഴിഞ്ഞ് സ്വകാര്യ ആശുപത്രികൾ കൊള്ളലാഭം കൊയ്യുന്നത് ഇങ്ങനെ

എം എസ് സനിൽകുമാർ

തിരുവനന്തപുരം: മതാ അമൃതാനന്ദമയീ മഠത്തിന്റെ കീഴിലെ ആശുപത്രിയാണ് അമൃത. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൾട്ടി സ്‌പെഷ്യാലി ആശുപത്രി. മാതാ അമൃതാനന്ദയമീ മഠം ചാരിറ്റബിൾ സംഘടനയാണ്. സർക്കാരിൽ നിന്ന് നികുതി ഇളവ് കിട്ടുന്ന സംഘം. എന്നിട്ടും അമൃതയുടെ ആശുപത്രിയിൽ കാശുണ്ടാക്കാൻ കൊള്ളയാണ് നടക്കുന്നത്. ഹൃദയ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സ്റ്റെന്റുകൾക്ക് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ കൊള്ളവില ഈടാക്കുന്നുണ്ട്. ഇത് തന്നെയാണ് അമൃതയിലേകും അവസ്ഥ. മൂന്നിരട്ടിയിലധികം വിലയാണ് രോഗികളിൽ നിന്നും അമൃതയും ഈടാക്കുന്നത്.

15000 രൂപ മുതൽ 25000 രൂപ വരെവരെ വിലയ്ക്ക് ആശുപത്രികൾക്ക് ലഭിക്കുന്ന സ്റ്റെന്റുകൾ ഒരുലക്ഷം മുതൽ 1 ,25 ,000 രൂപ വരെ ഈടാക്കിയാണ് രോഗികൾക്ക് നൽകുന്നതെന്ന് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് സ്റ്റെന്റുകൾ വാങ്ങാൻ രോഗികളെ ആശുപത്രി അധികൃതർ അനുവദിക്കാറുമില്ല. സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലെല്ലാം ഇതാണ് അവസ്ഥ. ഹൃദയരക്തക്കുഴലിൽ തടസ്സങ്ങളുണ്ടാകുമ്പോൾ നടത്തുന്ന ആന്ജിയോപ്ലാസ്റ്റി ശാസ്ത്രക്രിയയിലാണ് സ്റ്റെന്റുകൾ ഉപയോഗിക്കുന്നത്. കേരളത്തിൽ 42 ഓളം സ്വകാര്യ ആശുപത്രികളിൽ ആഞ്ജിയോപ്ലാസ്റ്റി ചെയ്യാൻ സൗകര്യമുണ്ട്. ഇവിടങ്ങളിൽ പ്രതിവർഷം 8000 മുതൽ 10000 വരെ ആന്ജിയോപ്ലാസ്റ്റികളാണ് നടക്കുന്നത്. ഒന്നിൽ കൂടുതൽ സ്റ്റെന്റുകൾ ഇടേണ്ടവരാണ് പല രോഗികളും. അങ്ങനെ വരുമ്പോൾ കോടികളുടെ ലാഭം കൊയ്യുകയാണ് രോഗികളെ പിഴിഞ്ഞ് ഈ സ്വകാര്യ ആശുപത്രികൾ. ഈ മാതൃകയാണ് അമൃതയും പരീക്ഷിച്ച് വിജയിപ്പിക്കുന്നത്.

കൊച്ചിയിലെ അമൃത ആശുപത്രിക്കെതിരെ സ്റ്റെന്റ് കച്ചവടത്തിന്റെ പേരിൽ ഇതിനകം പരാതി ഉയർന്നുകഴിഞ്ഞു. ആരോഗ്യപ്രവർത്തകനായ കെ എം ഗോപകുമാറാണ് പരാതിക്കാരൻ. നിയസഭാ പെറ്റിഷൻസ് കമ്മറ്റിക്കാണ് ഗോപകുമാർ പരാതി നൽകിയത്. കെ എം ഗോപകുമാറിന്റെ പിതാവ് എം.മാധവനെ ആഞ്ജിയോഗ്രാഫിക്കായി അമൃതയിൽ പ്രവേശിപ്പിക്കുന്നു. ആഞ്ജിയോഗ്രാമിന് ശേഷം മാധവന് ആന്ജിയോപ്ലാസ്റ്റി നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. 3 സ്റ്റെന്റുകൾ ഇടണം. തുടർന്ന് ഗോപകുമാർ ആശുപത്രി അഡ്‌മിനിസ്‌ട്രേഷനെ സമീപിച്ചു. തുടർനടപടികൾ അന്വേഷിച്ചു. ഒരു സ്റ്റെന്റിനു 95,000 രൂപ വിലവരുമെന്നു ആശുപത്രി അധികൃതർ അറിയിച്ചു. മൂന്നു സ്റ്റന്റിനും കൂടി 2, 85, 000 രൂപ. ഇതുകേട്ട ഗോപകുമാർ ഞെട്ടി.

ചുരുങ്ങിയ നിരക്കിൽ രോഗികൾക്ക് ചികിത്സ നൽകുമെന്ന് പരസ്യം ചെയ്യുന്ന ഒരു ചാരിറ്റബിൾ ആശുപത്രിയിൽ ഒരു സ്റ്റന്റിനു ഒരു ലക്ഷത്തോളം രൂപ. ഗോപകുമാർ അന്വേഷണം തുടങ്ങി. അമൃത ആശുപത്രിക്ക് സ്റ്റെന്റുകൾ വിതരണം ചെയ്യുന്ന നിർമ്മാതാവിനെ കണ്ടുപിടിച്ചു. അവരുമായി സംസാരിച്ചു . 35, 000 രൂപ മുതൽ 40, 000 രൂപ വരെയുള്ള വിലയ്ക്ക് സ്റ്റെന്റുകൾ നൽകാമെന്ന് നിർമ്മാതാവ് ഗോപകുമാറിനെ അറിയിച്ചു. ഒരു ഓഫറും നിർമ്മാതാവ് നൽകി. 3 സ്റ്റെന്റുകൾ 80, 000 രൂപയ്ക്ക് നൽകാം. അതായത് രണ്ടെണ്ണം വാങ്ങുമ്പോൾ ഒരെണ്ണം സൗജന്യം. ഗോപകുമാർ അമൃതയിലെ മെറ്റീരിയൽ പർചെയ്‌സ് ഡിവിഷനെ സമീപിച്ചു. ഇക്കാര്യം അറിയിച്ചു. അവർ രോഷാകുലരായി. പുറത്തുനിന്നു വാങ്ങുന്ന സ്റ്റെന്റുകൾ അമൃതയിൽ സ്വീകരിക്കില്ല. ആശുപത്രി പറയുന്ന വിലയ്ക്ക് ആശുപത്രിയിൽ നിന്ന് തന്നെ വാങ്ങണം. ആശുപത്രിക്കു സ്റ്റെന്റുകൾ നൽകുന്ന നിർമ്മാതാവാണെങ്കിൽ കൂടി രോഗിക്ക് അവരിൽ നിന്നും വാങ്ങാൻ അവകാശമില്ലത്രേ.

ഗോപകുമാർ നിരാശനായി. പിതാവിന്റെ നില ഓരോ ദിവസവും വഷളാവുകയാണ്. രോഗിയുടെ ഈ അവസ്ഥ ആശുപത്രി മുതലെടുക്കുകയാണ്. ഒടുവിൽ അമൃത ആശുപത്രി ഒരു നിർദ്ദേശം മുന്നോട്ടുവച്ചു. 2 സ്റ്റെന്റ് വാങ്ങുമ്പോൾ ഒരെണ്ണം ഫ്രീ തരാം. പക്ഷെ ഒരെണ്ണത്തിന് 87, 000 രൂപ വില വരും. അങ്ങനെ ഗോപകുമാർ 1, 74 , 000 രൂപയ്ക്ക് 3 സ്റ്റെന്റുകൾ ആശുപത്രിയിൽ നിന്ന് വാങ്ങിച്ചു. നിർമ്മാതാവ് നൽകാം എന്ന് പറഞ്ഞതിനേക്കാൾ 94000 രൂപ അധികമായി ആശുപത്രിയിൽ നൽകേണ്ടിവന്നു.

ഇത് ഒരൊറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ ആശുപത്രികളും ഡോക്ടർമാരും സ്റ്റെന്റ് നിർമ്മാതാക്കളും ചേർന്ന് നിയന്ത്രിക്കുന്ന ഒരു വലിയ മാഫിയാ ലോകത്തിന്റെ നേർച്ചിത്രമാണിത്. കേരളത്തിലെ പല ആശുപത്രികളുമായും മറുനാടൻ മലയാളി സ്റ്റന്റിന്റെ വില അറിയാൻ ബന്ധപ്പെട്ടു. എല്ലായിടത്തും ഒരുലക്ഷം രൂപയ്ക്ക് മുകളിലാണ് വില. 16000 രൂപ മുതൽ വിലയ്ക്ക് ആശുപത്രിക്ക് ലഭിക്കുന്ന സ്റ്റെന്റുകളാണ് ഇങ്ങനെ വൻ കൊള്ള വിലയ്ക്ക് വിൽക്കുന്നത്. ലാഭത്തിന്റെ വിഹിതം ആശുപത്രിക്കും ഡോക്ടർമാർക്കും സ്വന്തം.

നിർമ്മാതാക്കളും വിതരണക്കാരും പൊതുവിപണിയിൽ സ്റ്റെന്റുകൾ എത്തിക്കാറില്ല. നേരിട്ട് ആശുപത്രിക്കു നൽകുകയാണ് പതിവ്. അതുകൊണ്ട് രോഗികൾക്ക് ഇതിന്റെ വില അറിയാൻ സാധിക്കാറില്ല. ആശുപത്രിക്കാരും ഡോക്ടർമാരും പറയുന്നതാണ് വില. സ്റ്റെന്റിൽ നിർമ്മാതാക്കൾ എം ആർ പി രേഖപ്പെടുത്താറില്ല. അഥവാ രേഖപ്പെടുത്തിയാൽ തന്നെ ഒരു ലക്ഷം രൂപയോ അതിനു മുകളിലോ ആകും രേഖപ്പെടുത്തുക. ഇത് നിയന്ത്രിക്കാൻ ഇതുവരെ സർക്കാർ സംവിധാനങ്ങൾ തയ്യാറായിട്ടുമില്ല.

പൊതുവിപണിയിലോ മെഡിക്കൽ സ്റ്റോറുകളോ സ്റ്റെന്റ് വിൽക്കുന്നതിന് നിയമതടസ്സങ്ങൾ ഒന്നും നിലവിൽ ഇല്ല. പിന്നെ എന്തുകൊണ്ടാണ് നിർമ്മാതാക്കൾ ഇത് പൊതുവിപണിയിൽ എത്തിക്കാത്തത്? ആശുപത്രി അധികൃതരുടെ സമ്മർദ്ദം തന്നെ കാരണം. ആശുപത്രി അധികൃതരും സ്റ്റെന്റ് നിർമ്മാതാക്കളും തമ്മിൽ ഒരു അലിഖിത കരാർ നിലവിലുണ്ട്. ആശുപത്രിക്ക് മാത്രമേ സ്റ്റെന്റ് നൽകാവൂ എന്നതാണ് അത്. ഇതോടൊപ്പം ഡോക്ടർമാരുടെ പങ്കും കാണാതിരുന്നുകൂടാ. ചില പ്രത്യേക കമ്പനികളുടെ സ്റ്റെന്റ് മാത്രമേ ചില ഡോക്ടർമാർ നിർദ്ദേശിക്കാറുള്ളൂ. ഇതേക്കുറിച്ചോക്കെ വിശദമായ അന്വേഷണം നടത്തണമെന്നാണ് ഗോപകുമാർ നിയമസഭാ പെറ്റിഷൻസ് കമ്മറ്റിക്ക് നൽകിയ നിവേദനത്തിലെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP