Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് കണ്ടെടുത്തത് അച്ഛൻ സൂരജിന് പാമ്പിനെ ഇട്ട് നൽകിയ അതേ പ്ലാസ്റ്റിക് ജാർ; സൂരജ് വീട്ടിൽ നിന്ന് പാമ്പുമായി പോയത് ഇതേ ജാറുമായി; ഉത്ര ചേച്ചി മരിച്ചപ്പോൾ സൂരജ് പറഞ്ഞത് പൊലീസിനോട് തന്റെ പേര് ഒരിക്കലും പറയരുതെന്ന്; ഉത്രയുടെ മരണം അറിഞ്ഞപ്പോഴാണ് ആദ്യ പാമ്പ് കടിയുടെ വാർത്തയും അറിയുന്നത്; പൊലീസിനോട് തുറന്നുപറയാൻ മടിച്ചു നിന്നത് അച്ഛനെ കുരുക്കി; ഉത്ര കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ചാവറകാവ് സുരേഷിന്റെ മകൻ സുനിൽ മറുനാടനോട്

പൊലീസ് കണ്ടെടുത്തത് അച്ഛൻ സൂരജിന് പാമ്പിനെ ഇട്ട് നൽകിയ അതേ പ്ലാസ്റ്റിക് ജാർ; സൂരജ് വീട്ടിൽ നിന്ന് പാമ്പുമായി പോയത് ഇതേ ജാറുമായി;  ഉത്ര ചേച്ചി മരിച്ചപ്പോൾ സൂരജ് പറഞ്ഞത് പൊലീസിനോട് തന്റെ പേര് ഒരിക്കലും പറയരുതെന്ന്; ഉത്രയുടെ മരണം അറിഞ്ഞപ്പോഴാണ് ആദ്യ പാമ്പ് കടിയുടെ വാർത്തയും അറിയുന്നത്; പൊലീസിനോട് തുറന്നുപറയാൻ മടിച്ചു നിന്നത് അച്ഛനെ കുരുക്കി; ഉത്ര കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ചാവറകാവ് സുരേഷിന്റെ മകൻ സുനിൽ മറുനാടനോട്

എം മനോജ് കുമാർ

 തിരുവനന്തപുരം: കരിമൂർഖന്റെ കടിയേറ്റുള്ള അഞ്ചലിലെ ഉത്രയുടെ മരണത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തലുകളുമായി ചാവറകാവ് സുരേഷിന്റെ മകൻ സുനിൽ രംഗത്ത്. പാമ്പിനെ ഇട്ട് നൽകിയപ്പോൾ തന്റെ അച്ഛൻ നൽകിയ അതേ പാത്രമാണ് ഉത്രയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തത് എന്നാണ് സുനിൽ മറുനാടനോട് വെളിപ്പെടുത്തിയത്. ഉത്രയുടെ മരണം തന്റെ അച്ഛൻ കൊടുത്ത പാമ്പിൽ നിന്നാണെന്നുള്ള നിർണ്ണായകമായ വെളിപ്പെടുത്തലാണ് സുനിൽ മറുനാടനോട് നടത്തിയത്. തന്റെ അച്ഛൻ പിടിച്ച പാമ്പ് അച്ഛൻ നൽകിയ അതേ പാത്രത്തിലാണ് സൂരജ് ഉത്രയുടെ വീട്ടിലേക്ക് കൊണ്ടുപോയത് എന്നാണ് സുനിൽ മറുനാടന് മുന്നിൽ വെളിപ്പെടുത്തൽ നടത്തിയത്. പൊലീസ് ഉത്രയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത് അച്ഛൻ സൂരജിന് പാമ്പിനെ നൽകിയ അതേ പാത്രമാണ്. ഉത്രയെ കടിച്ച പാമ്പും സൂരജ് കൊണ്ടുവന്ന പാമ്പും ഒരേ പാമ്പ് തന്നെയാണ് എന്ന് തെളിയിക്കേണ്ടി വന്നതാണ് പൊലീസിന്റെ മുന്നിലുള്ള ചാലഞ്ച്. ഇത് തെളിയിക്കാൻ സഹായമാകുന്ന നിർണ്ണായക വിവരമാണ് സുനിൽ പുറത്തു വിടുന്നത്.

ഉത്രയെ കടിച്ച പാമ്പും കൊന്നു കുഴിച്ചിട്ട പാമ്പും ഒന്നെന്നു തെളിയിക്കാൻ വേണ്ടിയാണ് വെറ്ററിനറി ഡോക്ടർമാരെ കൊണ്ട് വന്നു പൊലീസ് ഇന്നു ചത്ത പാമ്പിന്റെ പോസ്റ്റ്മോർട്ടം നടത്തിയത്. ചത്ത പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തിൽ കയറിയ വിഷവും ഒന്ന് തന്നെയാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് പോസ്റ്റ്‌മോർട്ടം പൊലീസ് നടത്തിയത്. ശാസ്ത്രീയമായ തെളിവുകൾ ശക്തിപ്പെടുത്തി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാനാണ് പൊലീസിന്റെ ശ്രമം. ഈ കാര്യത്തിൽ പൊലീസിനെ സഹായിക്കുന്നതാണ് പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതേ പോലെ തന്നെ പ്രധാനമാണ് ചാവറുകാവ് സുരേഷ് സൂരജിനെ നൽകിയ പാമ്പ് തന്നെയാണ് ഉത്രയെ കടിച്ചത് എന്നുള്ളതും. ഈ കാര്യത്തിലെ ശക്തമായ തെളിവായി മാറുകയാണ് സുനിലിന്റെ വെളിപ്പെടുത്തൽ. അതേ പാമ്പ്, അതേ പാത്രം എന്നാണ് സുനിൽ മറുനാടനോട് പറഞ്ഞത്. ഇപ്പോൾ ഉത്രയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത കുപ്പി ഒരു പ്രധാന തെളിവാണ്. ആ കുപ്പിയിൽ തന്നെയാണ് ഈ പാമ്പ് കിടന്നത് എന്നതും പ്രധാന തെളിവാണ്. ഇതിനെ സാധൂകരിക്കുന്ന മൊഴിയാണ് സുനിലിന്റെത്. ഇതുപോലെ സങ്കീർണ്ണമായ ഒരു കേസിൽ പൊലീസിനെ സഹായിക്കാൻ ഉതകുന്ന തെളിവാണ് ചാവറകാവ് സുരേഷിന്റെ മകനും പുറത്തു വിടുന്നത്. പാമ്പിനെ പിടിച്ചപ്പോൾ അച്ഛൻ പാമ്പിനൊപ്പം നൽകിയ പാത്രമാണ് പൊലീസ് ഉത്രയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. പാമ്പിന്റെ അംശങ്ങളും പാമ്പ് ആ പാത്രത്തിൽ കിടന്നിരുന്ന തെളിവുകളും പാത്രത്തിൽ കാണും. ഇതേ പാത്രം തന്നെയാണ് ഉത്രയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തത് എന്നാണ് സുനിൽ പറയുന്നത്.

ഉത്രയെ കടിച്ച ആ പാമ്പ് എവിടെ നിന്ന് പിടിച്ചതാണ് എന്നറിയില്ല. അത് അച്ഛൻ ഒരു ഡയറിയിൽ എഴുതിവെക്കാറുണ്ട്. ആ ഡയറി ക്രൈംബ്രാഞ്ച് കൊണ്ടുപോയിട്ടുണ്ട്. എവിടെ നിന്ന് പിടിച്ചതാണ് എന്നറിയാൻ അച്ഛനു മാത്രമേ കഴിയൂ. അച്ഛൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലും. അതിനാൽ ആ പാമ്പ് എവിടെ നിന്ന് പിടിച്ചു എന്ന് കൃത്യമായി പറയാൻ കഴിയില്ല. ഈ പാമ്പിനു ശേഷവും ഒരുപാട് പാമ്പിനെ അച്ഛൻ പിടിച്ചിട്ടുണ്ട്. ഉത്രയെ കടിച്ച ആദ്യ പാമ്പിനു പിന്നിലും വലിയ ചതി ഒളിഞ്ഞു കിടക്കുന്നുണ്ട്. സൂരജ് ചതിയനാണ് എന്ന് തെളിയിക്കുന്ന വലിയ ചതി. പാമ്പിനെ പരിചയപ്പെടുത്തണം. ക്ലാസ് എടുക്കണം എന്ന് പറഞ്ഞിട്ടാണ് ആദ്യം അണലിയുമായി സൂരജിന്റെ വീട്ടിൽ അച്ഛൻ പോകുന്നത്. ഈ പാമ്പാണ് ആദ്യം ഉത്രയെ കടിക്കുന്നത്. പാമ്പിനെ തുറന്നു വിട്ടപ്പോൾ ഗെറ്റ് കടന്നു അത് വീടിരിക്കുന്ന പറമ്പിനു അകത്തേക്ക് പോയി. സൂരജ് ഓടിപ്പോയി നോക്കി പിന്നീട് പറഞ്ഞത് പാമ്പ് ഇഴഞ്ഞു പോയി എന്ന്. പാമ്പിനെ കാണുകയാണെങ്കിൽ വിളിക്കാം അണ്ണാ എന്ന് പറഞ്ഞു സ്‌നേഹത്തോടെ അച്ഛനെ പറഞ്ഞുവിടുകയായിരുന്നു. ആ പാമ്പിനെ എടുത്ത് സൂരജ് ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. ഈ പാമ്പാണ് ആദ്യം ഉത്ര ചേച്ചിയെ കടിച്ചത്.

ഈ പാമ്പ് ഉത്രയെ കടിച്ചു എന്നൊന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല. അത് പത്രവാർത്തയും ആയിരുന്നില്ല. അത് വാർത്തയായിരുന്നെങ്കിൽ രണ്ടാമത് പാമ്പിനെ അച്ഛൻ സൂരജിന് നൽകില്ലായിരുന്നു. ഉത്ര ചേച്ചിയെ രക്ഷിക്കാനും കഴിയുമായിരുന്നു. ഉത്ര ചേച്ചി പാമ്പ് കടിച്ച് മരിച്ചപ്പോഴാണ് ആദ്യ പാമ്പ് കടിയുടെ വാർത്തയും ഒപ്പം വരുന്നത്. അപ്പോഴാണ് ആദ്യത്തെ അണലിയാണ് ഉത്രയെ കടിച്ചത് എന്ന് അച്ഛൻ അറിയുന്നത്. രണ്ടാമത് നൽകിയ പാമ്പ് കടിച്ച് ഉത്ര മരിച്ച ശേഷം സൂരജ് അച്ഛനെ ബന്ധപ്പെട്ടിരുന്നു. ഏതെങ്കിലും രീതിയിൽ പൊലീസ് തിരഞ്ഞു വരികയാണെങ്കിൽ തന്റെ പേര് ഒരിക്കലും പറയരുത് എന്നാണ് സൂരജ് പറഞ്ഞത്. അച്ഛൻ അവനെ വലിയ രീതിയിൽ ചീത്തവിളിച്ചു. ഉത്ര മരിച്ച ശേഷം ഞങ്ങൾ അച്ഛനോട് പറഞ്ഞതാണ്. എല്ലാം പൊലീസിനോട് പറയാൻ. പക്ഷെ താൻ കുരുങ്ങും എന്ന ഭീതിയിലാണ് പറയാതിരുന്നത്. അറസ്റ്റിലാകും എന്ന് ഭയന്നാണ് അച്ഛൻ വിവരങ്ങൾ മറച്ചു വെച്ചത്. ഇത് അച്ഛനെ കുടുക്കുകയും ചെയ്തു. 2017 മുതൽ അച്ഛൻ പാമ്പിനെ പിടിക്കുന്നുണ്ട്. ഫോറസ്റ്റുകാരുമായി ബന്ധവുമുണ്ട്. ഇത് ഒരു ചതിയാണ്. അച്ഛൻ കുരുങ്ങിയതാണ്. എന്റെ ഭാര്യയെ കൊല്ലാനാണ് എന്ന് പറഞ്ഞാൽ ആരെങ്കിലും പാമ്പിനെ നൽകുമോ? സൂരജും ഒരു പാമ്പ് സ്‌നേഹിയാണ് എന്ന് പറഞ്ഞാണ് അച്ഛനെ കബളിപ്പിച്ചത്. അച്ഛൻ പ്രകൃതി സ്‌നേഹിയാണ്. ഇതിന്റെ ഭാഗമാണ് പാമ്പുകളോടുള്ള താത്പര്യവും. ബാങ്ക് ജോലിക്കാരനാണ് സൂരജ്. അതുകൊണ്ടെക്കെയാണ് അച്ഛൻ വഴങ്ങിയതും പാമ്പിനെ നല്കിയതും-സുനിൽ പറയുന്നു.

കേസിലെ ശാസ്ത്രീയ അന്വേഷണത്തിൽ പൊലീസിനെ സഹായിക്കുന്ന നിർണ്ണായക വെളിപ്പെടുത്തലാണ് സുനിൽ നടത്തിയത്. അച്ഛൻ നൽകിയ അതേ പാത്രമാണ് ഉത്രയുടെ വീട്ടിനു പിന്നിൽ നിന്ന് പൊലീസ് കണ്ടെടുത്തത് എന്ന നിർണ്ണായക വെളിപ്പെടുത്തലാണ് സുരേഷിന്റെത്. തല്ലിക്കൊന്നു കുഴിച്ചിട്ട പാമ്പിന്റെ ഗന്ധവും തെളിവുകളും ഈ പാത്രത്തിൽ കാണും. പുറത്തു നിന്നുള്ള പാമ്പാണ് ഉത്രയെ കടിച്ചത് എന്ന് സൂരജിന് തെളിയിക്കാൻ ഇതോടെ പ്രയാസമാകും. ഫോറൻസിക് അന്വേഷണത്തിൽ പാത്രത്തിലെ അതെ പാമ്പാണ് കൊല്ലപ്പെട്ടത് എന്നും തെളിഞ്ഞാൽ സൂരജിന് മുന്നിലുള്ള കുരുക്ക് മുറുകും. ഉത്രയെ കൊന്നത് കരിമൂർഖനെക്കൊണ്ട് കടിപ്പിച്ച് താൻ തന്നെയാണ് ഉത്രയെ കൊന്നത് എന്ന് സൂരജ് സമ്മതിച്ചു കഴിഞ്ഞു. ഇത് ശാസ്ത്രീയമായി തെളിയിക്കാൻ ഫോറൻസിക് സയൻസിന്റെ പിൻബലം വേണം. പൊലീസിനു യഥാർത്ഥ മൊഴി നൽകിയ സൂരജ് ഇപ്പോൾ വീണ്ടും താനല്ല കൊന്നത് എന്നാണ് തെളിയിക്കാൻ ശ്രമിക്കുന്നത്.

മകളുടെ കൊലപാതകിയുമായി പൊലീസ്എത്തിയപ്പോൾ ഉത്രയുടെ വീട്ടിൽ വൈകാരിക രംഗങ്ങളാണ് അരങ്ങറിയത്. മകളുടെ കൊലപാതകി വീട്ടിൽ കയറുന്നത് കരഞ്ഞുകൊണ്ടാണ് ഉത്രയുടെ അമ്മ തടഞ്ഞത്. അപ്പോൾ താനല്ല അത് ചെയ്തതെന്നാണ് സൂരജ് വിളിച്ചു കൂവിയത്. ഇപ്പോഴും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് സൂരജ്. ഉത്രയുടെ വീടിനു മുന്നിൽ സർപ്പക്കാവാണ്. വിജനമായ ഇടങ്ങളും ധാരാളം. ജനൽ തുറന്നിട്ടപ്പോൾ അതിൽക്കൂടി അകത്ത് കയറിയ പാമ്പാണ് ഉത്രയെ കടിച്ചത് എന്നാണ് സൂരജ് തെളിയിക്കാൻ ശ്രമിക്കുന്നത്. ഇന്നു ചത്ത പാമ്പിന്റെ പോസ്റ്റ്മോർട്ടം നടത്തിയ പൊലീസും കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് ഉത്രയുടെ ശരീരത്തിൽ കയറിയ വിഷം ഇതേ പാമ്പിന്റെ കൊത്തുകൊണ്ടാണ് എന്നുള്ളതാണ്. അതിന്റെ തെളിവുകൾ ശേഖരിച്ചാണ് വെറ്ററിനറി ഡോക്ടർമാർ മടങ്ങിയത്.

ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.ആർ ജയന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയിരുന്നത്. കേസിനെ സഹായിക്കുന്ന വിധത്തിലുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ വേണ്ടിയായിരുന്നു പോസ്റ്റുമോർട്ടം നടപടികളിലേക്ക് കടന്നിരുന്നത്. ഉത്രയുടെ ഇടതുകൈത്തണ്ടയിലെ കടിയേറ്റ മുറിവും പാമ്പിന്റെ പല്ലുകളും താരതമ്യം ചെയ്ത് പരിശോധിച്ചു. പാമ്പിന്റെ മാംസം അഴുകി തുടങ്ങിയിരുന്നു. എങ്കിലും വിഷപ്പല്ലും മറ്റും ലഭിച്ചിട്ടുണ്ട്. മൂർഖൻ പാമ്പാണ് ഉത്രയെ കടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഉത്രയെ കടിച്ച മൂർഖനെ സഹോദരൻ തല്ലിക്കൊന്ന് കുഴിച്ചിട്ടിരുന്നു. ഈ പാമ്പിനെ പുറത്തെടുത്താണ് രാവിലെ പോസ്റ്റ്മോർട്ടം നടത്തിയത്. കൊലപാതകക്കേസിൽ പാമ്പിന്റെ പോസ്റ്റ്മോർട്ടം നടത്തുന്ന സംസ്ഥാനത്തെ ആദ്യകേസാണ് ഇത്. 152 സെന്റീമീറ്റർ നീളം പാമ്പിനുണ്ടായിരുന്നതായും ഡോക്ടർമാർ പറഞ്ഞു. പാമ്പിന്റെ പോസ്റ്റുമോർട്ടം കേരളത്തിലെ ചാനലുകൾ തൽസമയം നൽകുകയും ചെയ്തിരുന്നു. ഉത്രയെ കടിച്ചത് ഈ പാമ്പാണെന്ന് തെളിയിക്കാൻ കൂടിയാണ് പോസ്റ്റ്‌മോർട്ടം. പാമ്പിന്റെ വിഷപല്ലിന്റെ അളവ് മനസ്സിലാക്കാനാണ് ഇത്.

അതേസമയം ശാസ്ത്രീയ തെളിവു ശേഖരണത്തിന്റെഭാഗമായി കൂടുതൽ വിശദ പരിശോധനക്കും പൊലീസ് ഒരുങ്ങുന്നുണ്ട്. ഉത്ര പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഉത്രയെ കടിച്ച മൂർഖന്റെ ഡി.എൻ.എ പരിശോധിക്കുമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്റ അറിയിച്ചു. ഈ പാമ്പ് കടിച്ച് തന്നെയാണോ ഉത്ര മരിച്ചതെന്നറിയാനാണ് പാമ്പിന്റെ ഡി.എൻ.എ പരിശോധിക്കുന്നതെന്ന് ഡി.ജി.പി അറിയിച്ചു. ഹൈദരാബോദിലോ പൂണെയിലോ ആയിരിക്കും പരിശോധന. 90 ദിവസത്തിനുള്ളിൽ എല്ലാ ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കുമെന്നും ഡി.ജി.പി അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP