Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ടെക്‌നിക്കൽ ഡയറക്ടർ ആകാൻ സർക്കാർ നിശ്ചയിച്ച നാല് യോഗ്യതകളും അഞ്ജുവിന്റെ സഹോദരന് ഇല്ല; ജോലിക്ക് കയറിയത് റഷ്യൻ കോച്ചുമാർ പരിശീലിപ്പിച്ച് മെഡൽ നേടിയ ഭാര്യ അടക്കമുള്ള അന്താരാഷ്ട്ര താരങ്ങളുടെ പേരിൽ വ്യാജ അവകാശം പറഞ്ഞ്: പ്രസിഡന്റ് ആയി ചുമതല ഏറ്റ അഞ്ജു ആദ്യം സഹോദരനെ തിരുകി കയറ്റിയതിന്റെ രേഖകൾ മറുനാടൻ പുറത്ത് വിടുന്നു

ടെക്‌നിക്കൽ ഡയറക്ടർ ആകാൻ സർക്കാർ നിശ്ചയിച്ച നാല് യോഗ്യതകളും അഞ്ജുവിന്റെ സഹോദരന് ഇല്ല; ജോലിക്ക് കയറിയത് റഷ്യൻ കോച്ചുമാർ പരിശീലിപ്പിച്ച് മെഡൽ നേടിയ ഭാര്യ അടക്കമുള്ള അന്താരാഷ്ട്ര താരങ്ങളുടെ പേരിൽ വ്യാജ അവകാശം പറഞ്ഞ്:  പ്രസിഡന്റ് ആയി ചുമതല ഏറ്റ അഞ്ജു ആദ്യം സഹോദരനെ തിരുകി കയറ്റിയതിന്റെ രേഖകൾ മറുനാടൻ പുറത്ത് വിടുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്താരാഷ്ട്ര ലെവലിൽ പ്രശസ്തിയാർജിച്ച താൻ വെറും 40, 000 രൂപ വിമാന ടിക്കറ്റ് വാങ്ങിയതിനെ വമ്പൻ അഴിമതിയാക്കരുത് എന്നുപറഞ്ഞ് ആരോപണങ്ങളുടെ മുന ചെറുതാക്കാൻ അഞ്ജു ബോബി ജോർജ് നടത്തുന്ന ശ്രമങ്ങൾ വിലപ്പോകില്ല എന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. വിമാനക്കൂലി ഈടാക്കാൻ അനുവദിക്കുന്ന സർക്കാർ ഉത്തരവ് ഇറങ്ങിയിട്ട് വെറും ഒരാഴ്ചയേ ആയുള്ളൂ. എന്നിട്ടും 40,000 രൂപ കൈപ്പറ്റിയെന്നതാണ് യാഥാർത്ഥ്യം. ആകെ നാലുതവണ മാത്രമേ ഓഫീസിൽ വന്നുള്ളൂ എങ്കിൽ അതിൽ ഒരുതവണത്തെ യാത്ര മനോരമയുടെ ആവശ്യത്തിനായിരുന്നു എന്നത് വേറൊരു കാര്യം.

അതിനേക്കാൾ പ്രധാനം ചുമതലയേറ്റ ഉടൻതന്നെ ഞാനൊന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ അഞ്ജു ചെയർമാനായ അഡ്‌മിനിസ്‌ട്രേറ്റീവ് ബോർഡ് യാതൊരു യോഗ്യതകളും ഇല്ലാത്ത സഹോദരനെ സ്പോർട്സ് കൗൺസിലിൽ തിരുകി കയറ്റിയതാണ്. ഈ വിഷയത്തിൽ അഞ്ജു നടത്തുന്ന എല്ലാ അവകാശ വാദങ്ങളും തെറ്റാണെന്ന് ഞങ്ങൾ ഇന്ന് പുറത്തുവിടുന്ന രേഖകൾ വ്യക്തമാക്കുന്നു. സഹോദരന് എത്ര രൂപ ശമ്പളം നൽകും എന്ന കാര്യത്തിൽ മാത്രം വ്യക്തതയില്ല. സർക്കാരിന്റെ നിയമന ഉത്തരവിൽപ്പോലും ഈ അവ്യക്തതയുണ്ടെന്നതാണ് വിചിത്രം. എന്നാൽ സമാന തസ്തികകളിൽ എതാണ്ട് 80,000 രൂപയാണ് ശമ്പളമെന്നതിനാലാണ് ഇങ്ങനെ ഒരു വാദം ഉയർന്നുവന്നത്.

അഞ്ജു ബോബി ജോർജിന്റെ സഹോദരൻ അജിത് മാർക്കോസിന് സ്പോർട്സ് കൗൺസിലിൽ അസി. സെക്രട്ടറി (ടെക്‌നിക്കൽ) തസ്തികയിലാണ് നിയമനം നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന മാർച്ച് നാലിനാണ് അജിത്തിനെ നിയമിച്ച് ഉത്തരവിറക്കിയത്. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതിന് തൊട്ടുമുന്നേ ജോലിയിൽ പ്രവേശിച്ചു. ഇയാളുടെ വേതനം സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുന്നതിനും മുമ്പായിരുന്നു നിയമനം. ഒരുവർഷംമുമ്പ് ഇതേ തസ്തികയിലേക്ക് അജിത് അപേക്ഷിച്ചിരുന്നു. എന്നാൽ, അന്നത്തെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസ് അജിത്തിന് മതിയായ യോഗ്യതകളില്ലെന്ന് കണ്ടെത്തി അപേക്ഷ തള്ളി. അഞ്ജു ബോബി ജോർജ് പ്രസിഡന്റായി ചുമതലയേറ്റതോടെ വീണ്ടും നിയമന നടപടി തുടങ്ങി.

ഈ വിവാദത്തിലെ ഏറ്റവും ശ്രദ്ധേയമായ വിഷയം അജിത് മാർക്കോസിനെ നിയമിച്ചിരിക്കുന്ന തസ്തികയ്ക്ക് അത്യാവശ്യമായി സർക്കാർ ഉത്തരവിൽ പറയുന്ന നാലു യോഗ്യതകളും അജിത്തിന് ഇല്ല എന്നതാണ്. അസി. സെക്രട്ടറി (ടെക്‌നിക്കൽ) തസ്തികയ്ക്ക് സർക്കാർ ഉത്തരവു പ്രകാരം ഫിസിക്കൽ എഡ്യൂക്കേഷനിൽ മാസ്റ്റർ ബിരുദവും എൻഐഎസ് ഡിപ്‌ളോമയും വേണം. ഒപ്പം ഇന്ത്യയെ പ്രതിനിധാനം ചെയ്ത് അന്താരാഷ്ട്രമത്സരങ്ങളിൽ പങ്കെടുക്കുകയും മുൻ അന്താരാഷ്ട്ര പരിശീലകനോ ഫിസിക്കൽ എജുക്കേഷൻ മേഖലയിലെ വിദഗ്ധനോ ആയിരിക്കുകയും വേണം. ഡെപ്യൂട്ടേഷൻ വഴിയോ നേരിട്ടുള്ള നിയമനം വഴിയോ നികത്തേണ്ടതാണ് തസ്തികയെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ നാല് യോഗ്യതകളും ഒരുമിച്ച് ഉണ്ടാകുന്ന ഒരാളെ കണ്ടെത്തുക ഒരുപക്ഷേ പ്രയാസമായിരിക്കാം. ഏന്നാൽ ഇതിലൊന്നെങ്കിലും ആവശ്യമല്ലേ എ്ന്ന ചോദ്യമാണ് ഉയരുന്നത്. നിയമിതനായ അജിത്തിന് ഈ നാല് യോഗ്യതകളും ഇല്ല എന്നതാണ് വാസ്തവം. ടെക്‌നിക്കൽ ഡയറക്ടറുടെ ജോലിയാണ് ടെക്‌നിക്കൽ അസി. സെക്രട്ടറി തസ്തികയിൽ വരുന്നവർ ചെയ്യേണ്ടത്.

സ്പോർട്സ് കൗൺസിൽ നിലവിൽ വന്നപ്പോൾ മുതൽ ഇങ്ങനെയൊരു തസ്തികയുണ്ടെങ്കിലും ഇതിനു മുൻപ് മൂന്നുവർഷം മാത്രമാണ് ഈ തസ്തികയിൽ ആളുണ്ടായിരുന്നത്. ഒളിമ്പ്യൻ സുരേഷ് ബാബു ഈ തസ്തികയിൽ ഒരുവർഷം പൂർത്തിയാക്കും മുൻപ് അന്തരിച്ചു. പിന്നീട് ഒളിമ്പ്യൻ ബോബി അലോഷ്യസ് രണ്ടുവർഷം രണ്ടുവർഷം ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിച്ചു. ഒരുവർഷം മുമ്പ് ബോബി കസ്റ്റംസിലേക്ക് മടങ്ങിപ്പോയെങ്കിലും ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. അവിടേക്കാണ് അത്‌ലറ്റായോ പരിശീലകനായോ കായിക വിദഗ്ധനായോ യാതൊരുവിധ പരിചയവുമില്ലാത്ത അജിത് മർക്കോസ് എന്ന എംസിഎക്കാരൻ നിയമിതനാകുന്നത്.

അജിത് മാർക്കോസ് എംസിഎ ബിരുദധാരിയാണെന്നാണ് ജോലിക്കായി നൽകിയ ബയോഡാറ്റയിൽ വ്യക്തമാക്കുന്നത്. കോയമ്പത്തൂർ ആസ്ഥാനമായ ഭാരതിയാർ സർവകലാശാലയ്ക്കു കീഴിലുള്ള മഹാരാജ എൻജിനീയറിങ് കോളജിൽനിന്നുള്ള എംസിഎ ആണ് അജിത്തിനുള്ളത്. എട്ടുവർഷം ഐടി രംഗത്തു പരിചയമുണ്ടെന്നും പറഞ്ഞിട്ടുണ്ട്. . ബയോഡാറ്റ വായിക്കുന്ന ആർക്കും, അജിതിന് കായികാധ്യാപനപരിശീലനത്തിൽ യാതൊരു യോഗ്യതയുമില്ലെന്ന് വ്യക്തമാകും. സംസ്ഥാന മത്സരങ്ങളിൽപ്പോലും പങ്കെടുത്ത് എന്തെങ്കിലും മെഡൽ നേടിയതായും സൂചനയില്ല. അഞ്ജുവിന്റെ സഹോദരനെന്ന നിലയിൽ ജൂനിയർ അത്‌ലറ്റായ സിനിമോൾ പൗലോസുമായി വിവാഹം നടന്നതോടെയാണ് അജിത്തിന്റെ കായിക ബന്ധം ആരംഭിക്കുന്നത്. രസകരമായ വസ്തുത അജിത്തിന് ജോലി നൽകണമെന്ന് അപേക്ഷിച്ച് സർക്കാരിന് കത്തുനൽകിയ മൂന്നു കായികതാരങ്ങളിൽ ഒരാൾ അജിത്തിന്റെ ഭാര്യതന്നെയാണ് എന്നതാണ്.

ബാംഗ് ളൂരിലെ ദേശീയ ക്യാമ്പിൽ പരിശീലനം നടത്തുന്ന ഭാര്യ സിനിമോൾ പൗലോസിന് ഒപ്പം താമസിക്കാനായി അഞ്ജുവിന്റെ സ്വാധീനം ഉപയോഗിച്ച് പരിശീലകൻ എന്ന കത്ത് തരപ്പെടുത്തിയാണ് അജിത് മാർക്കോസ് 'കായിക വിദഗ്ധ'നായത്. ആരോപണം ഒഴിവാക്കാനായി സായിയിൽ നിന്നും ഒരാഴ്ച നീണ്ടുനിൽക്കുന്ന ഒരു പരിശീല കോഴ്‌സിൽ പങ്കെടുത്ത് സർട്ടിഫക്കറ്റും നേടി. സ്‌കൂളുകളിലെ കുട്ടികൾക്ക് എക്‌സർസൈസും മറ്റും പറഞ്ഞുകൊടുക്കാനുള്ള സർട്ടിഫിക്കറ്റാണിത്. ഈ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് അജിത് അന്താരാഷ്ട്ര കായികതാരങ്ങൾക്ക് പരിശീലനം കൊടുക്കുന്ന കോച്ചാണെന്ന് അവകാശപ്പെടുന്നത്.

അജിത്തിന് നിയമനം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിൽ പറയുന്നത് സിനിമോൾ പൗലോസ്, പ്രീജ ശ്രീധരൻ, സജീഷ് ജോസഫ് എന്നിവരുടെ നേട്ടത്തിനായി പ്രവർത്തിച്ച പരിശീലകനാണ് അജിത് എന്നാണ്. ടിയാന്റെ പരിശീലന മികവും കായിക, അക്കാഡമിക് രംഗത്തെ നേട്ടങ്ങളും കണക്കിലെടുത്ത് ഈ അത്‌ലറ്റുകളുടെ അഭ്യർത്ഥന പ്രകാരം ജോലി നൽകുന്നുവെന്ന് ഉത്തരവിൽ പറയുന്നു. സ്പോർട്സ് കൗൺസിലിന്റെ ശുപാർശ പ്രകാരം അന്നത്തെ സ്പോർട്സ് സെക്രട്ടറിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം ശിവശങ്കർ ആണ് നിയമന ഉത്തരവിൽ ഒപ്പുവച്ചിരിക്കുന്നത്. എന്നാൽ ഏഷ്യൻഗെയിംസടക്കം ഒട്ടേറ രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടിയിട്ടുള്ള പ്രീജ ശ്രീധരൻ റിട്ടയർ ചെയ്തതിനു ശേഷമാണ് അജിത് പരിശീലകനാകുന്നത് എന്നതാണ് വാസ്തവം.

അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന വിടവാങ്ങിയ പ്രീജശ്രീധരനും അജിത്തിന്റെ ഭാര്യയായ സിനിമോൾ പൗലോസും നേട്ടങ്ങളെല്ലാം കൊയ്തത് ദേശീയ ക്യാമ്പിലെ റഷ്യൻ പരിശീലകരുടെ കീഴിലാണ്. റിട്ടയർ ചെയ്ത പ്രീജയെ കഴിഞ്ഞ ദേശീയ ഗെയിംസിലുൾപ്പെടെ പങ്കെടുത്ത ശേഷമേ വിരമിക്കാവൂ എന്ന് സംസ്ഥാനം നിർബന്ധിച്ചപ്പോൾ പരിശീലനത്തിൽ അജിത് സഹായിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രീജയുടെ പരിശീലകൻ എന്ന അവകാശവാദം അജിത് ഉന്നയിക്കുന്നത്. ഏഷ്യൻ ഗെയിംസിൽ മെഡൽ വാങ്ങിയ പ്രീജയും സിനിമോളും അജിത്തിനെ പരിശീലകനായി ഔദ്യോഗികമായി അംഗീകരിച്ച ശേഷം ദേശീയ ഗെയിംസിൽ ലഭിച്ച സ്വാഭാവിക മെഡലൊഴിച്ച് മറ്റൊന്നും നേടിയിട്ടുമില്ല.

പത്മിനി തോമസ് പ്രസിഡന്റായിരിക്കവെ ആണ് അജിത്തിന്റെ നിയമനത്തിനായി ഉന്നത ശുപാർശയോടുകൂടി ആദ്യം അപേക്ഷ ലഭിക്കുന്നത്. നിയമത്തിൽ പറഞ്ഞിട്ടുള്ള ഒരുയോഗ്യതയും ഇല്ലാത്തതിനാൽ നിയമിക്കാനാവില്ലെന്ന് പറഞ്ഞ് പത്മിനി ഫയൽ മടക്കുകയായിരുന്നു. പിന്നീട് സർക്കാർ അധികാരമൊഴിയാൻ ആറുമാസം ബാക്കിനിൽക്കെ അപ്രതീക്ഷിതമായി പത്മിനിയെ മാറ്റി അഞ്ജുവിനെ കൊണ്ടുവന്നതിനു പിന്നിലെ കാരണങ്ങളിലൊന്നും ഇതാണെന്ന് ആരോപണമുണ്ട്. അഞ്ജു ചുമതലയേറ്റ ഉടൻ ആദ്യം നീക്കിയ ഫയലുകളിലൊന്ന് സഹോദരന്റെ നിയമനം സംബന്ധിച്ചായിരുന്നു. ഇതുസംബന്ധിച്ച് ചില വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് നിയമനം മാർച്ചുവരെ നീളുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഇക്കഴിഞ്ഞ മാർച്ച് നാലിനാണ് ഉത്തരവിറക്കിയതിലൂടെത്തന്നെ യുഡിഎഫ് സർക്കാർ അധികാരത്തിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പു സഹോദരനെ സർവീസിൽ തിരികിക്കിയറ്റാനാണ് അഞ്ജു ബോബി ജോർജ് ശ്രമിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

ചുമതലയേറ്റെടുത്ത അന്ന് ഉച്ചവരെ മാത്രമാണ് അജിത് സ്പോർട്സ് കൗൺസിലിൽ ഉണ്ടായത്. ചുമതലയേറ്റെടുത്ത അന്നുമുതൽ ജൂലൈ 15വരെ സ്‌പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കുകയും ചെയ്തു. ഈ വിവാദങ്ങൾ ഇങ്ങനെ തുടരുമ്പോഴും അരദിവസം ജോലിചെയ്ത അജിത്തിന് സർക്കാർ ശമ്പളം കൊടുത്തുകൊണ്ടിരിക്കുകയാണ്. അഞ്ജു പ്രസിഡന്റായുള്ള സ്പോർട്സ് കൗൺസിൽ പിരിച്ചുവിട്ടാലും അജിത്തിനെ പിരിച്ചുവിടാൻ ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടിവരും. അജിത്തിന്റെ നിയമനം സംബന്ധിച്ച രേഖകൾ ചോദിച്ച് കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ മറുനാടൻ മലയാളി ലേഖകൻ അഞ്ചുതവണ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. ഓരോ തവണയും അപൂർണമായ വിവരങ്ങളോടെയാണ് ഉത്തരം നൽകിയത്. എല്ലാ അപേക്ഷയിലും അജിത്തിന്റെ ശമ്പളത്തെക്കുറിച്ച് അന്വേഷിച്ചിരുന്നെങ്കിലും ഒരുതവണപോലും അത് ലഭിച്ചില്ല.

കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റെന്ന നിലയിൽ ആദ്യമായി കായികവകുപ്പുമന്ത്രി ഇ പി ജയരാജനെ സന്ദർശിച്ചപ്പോഴാണ് മന്ത്രി ചില സംശയങ്ങൾ ഉന്നയിച്ചത്. തുടർന്ന് രണ്ടു ദിവസത്തിനു ശേഷം മലയാള മനോരമ ലേഖകനെ വിളിച്ച് മന്ത്രി അപമര്യാദയായി പെരുമാറിയെന്ന് അഞ്ജു ആരോപിക്കുകയായിരുന്നു. പിറ്റേന്ന് ചാനലുകൾ ഈ വിഷയം ഏറ്റെടുത്തതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയമായി ഇതു മാറി. വിമാനയാത്രാ ഇനത്തിൽ വാങ്ങിയ 40,000 രൂപ തിരിച്ചുകൊടുത്ത് രക്തസാക്ഷി പരിവേഷത്തിന് അഞ്ജു ശ്രമിച്ചെങ്കിലും സഹോദരന്റെ അനധികൃത നിയമനം അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകുകയായിരുന്നു. ഇ പി ജയരാജന്റെ കീഴിൽ കേരളത്തിലെ സ്പോർട്സ് നന്നാവുകയില്ല എന്ന പ്രസ്താവനകൂടി അഞ്ജു ഇറക്കിയതോടെ ഇടതുപക്ഷ പ്രവർത്തർ ഒന്നടങ്കം അഞ്ജുവിന് എതിരായി മാറുകയായിരുന്നു. ഇന്നലെ പുറത്തുവിട്ട തുറന്നകത്തിലെ മുനവച്ചുള്ള ആരോപണങ്ങളിൽ വരുംദിവസങ്ങളിൽ പുതിയ വിവാദത്തിന് വഴിതെളിച്ചേക്കാം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP