Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാമാങ്കത്തിന്റെ അവശേഷിപ്പുകൾ ഖനനം ചെയ്യുന്നതിന് പകരം സ്വകാര്യ വ്യക്തിക്ക് വേണ്ടി കുഴിച്ചുമൂടി പുരാവസ്തു വകുപ്പ്; ചരിത്രത്തെ കുഴിച്ചുമൂടിയത് മുസ്ലിംലീഗ് നേതാവിന്റെ ബന്ധുവിന്റെ സ്വത്ത് സംരക്ഷിക്കാൻ; തെളിവുകൾ മറുനാടൻ മലയാളിക്ക്

മാമാങ്കത്തിന്റെ അവശേഷിപ്പുകൾ ഖനനം ചെയ്യുന്നതിന് പകരം സ്വകാര്യ വ്യക്തിക്ക് വേണ്ടി കുഴിച്ചുമൂടി പുരാവസ്തു വകുപ്പ്; ചരിത്രത്തെ കുഴിച്ചുമൂടിയത് മുസ്ലിംലീഗ് നേതാവിന്റെ ബന്ധുവിന്റെ സ്വത്ത് സംരക്ഷിക്കാൻ; തെളിവുകൾ മറുനാടൻ മലയാളിക്ക്

എം പി റാഫി

മലപ്പുറം: സാംസ്‌കാരിക കേരളത്തിന് അപമാനം വരുത്തി വച്ച്‌കൊണ്ട് സർക്കാറും പുരാവസ്തു വകുപ്പും പത്ത് വർഷം മുമ്പ് നടത്തിയ വൻ അഴിമതിയുടെ വിവരങ്ങൾ പുറത്ത്. മാമാങ്ക ചരിത്രങ്ങളുടെയും പൈതൃക സംസ്‌കാരത്തിന്റെയും അവശേഷിപ്പുകളെ സംരക്ഷിക്കുകയും തലമുറകൾ കൈമാറ്റം ചെയ്യപ്പെട്ട് ചരിത്രമാക്കി സൂക്ഷിക്കുകയും ചെയ്യേണ്ടതിനു പകരം കേരള പുരാവസ്തു വകുപ്പും സർക്കാറും ചരിത്രത്തെ നഗ്നമായി കുഴിച്ചു മൂടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണിത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഭൂമിക്കടിയിലെ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കാനുള്ള വലിയ ചലനങ്ങൾ സാംസ്‌കാരിക കേരളത്തിൽ വരും ദിവസങ്ങളിൽ ഇതുണ്ടാക്കും.

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കുറ്റിപ്പുറം റോഡിനോട് ചേർന്ന് തിരുന്നാവായ കൊടക്കലിലായിരുന്നു 12നൂറ്റാണ്ടിലധികം പഴക്കമുള്ള മാമാങ്ക ചരിത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയത്. 2003ൽ മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരാണ് തിരുന്നാവായ കൊടക്കലിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ഓട് കമ്പനി സ്ഥിതിചെയ്തിരുന്ന രണ്ട് ഏക്കർ ഭൂമിയിൽ ഖനനം ചെയ്തത്. ഉത്ഖനനത്തെ തുടർന്ന് നിലപാട് തറ, ശിവലിംഗം, പീഠം തുടങ്ങിയ മൂല്യമുള്ളതും ചരിത്ര സ്മാരകവുമായ വസ്തുക്കൾ കണ്ടെത്തിയിരുന്നത്. കൊടക്കലിനു സമീപത്തെ നൂറ് കണക്കിന് ഏക്കർ ഭൂമികൾ ഇന്നും സർക്കാർ അധീനതയിലാണെന്നിരിക്കെയാണ് രണ്ട് ഏക്കർ ഭൂമി മാത്രം സ്വകാര്യ വ്യക്തി കൈവശം വച്ചിരിക്കുന്നത്. എന്നാൽ കണ്ടെത്തിയ ചരിത്ര സ്മാരകങ്ങൾക്ക് സംരക്ഷണം നൽകി ഭൂമി പുരാവസ്തു വകുപ്പ് ഏറ്റെടുക്കേണ്ടതിനു പകരം ഖനനം ചെയ്ത് കണ്ടെത്തിയ ചരിത്ര സ്മാരകങ്ങളെല്ലാം മണ്ണിട്ട് മൂടുകയാണ് ഉപുരാവസ്തു സംരക്ഷണം നൽകേണ്ട ദ്യോഗസ്ഥർ ചെയ്തത്.

2003ൽ മലപ്പുറം ജില്ലാ കളക്ടർ 2/30500/2003 നമ്പർ പ്രകാരം പുരാവസ്തു വകുപ്പിന് നൽകിയ ഉത്തരവ് പ്രകാരമായിരുന്നു പരിശോധന. 2003സെപ്റ്റംബർ 13,14 തിയ്യതികളിലാണ് പുരാവസ്തു ഉദ്യോഗസ്ഥർ തിരുന്നാവായ കൊടക്കലിൽ പരിശോധന നടത്തിയതെന്നും ശിവലിംഗം ഉൾപ്പടെയുള്ള പുരാവസ്തുക്കളും ചരിത്ര സംഭവങ്ങളും ഇവിടെ നിന്നും കണ്ടെത്തിയതായും വിവരാവകാശ രേഖകളിൽ പറയുന്നു. കണ്ടെത്തിയ വസ്തുക്കൾ ഉദ്യോഗസ്ഥർ മണ്ണിട്ട് മൂടുകയാണുണ്ടായെതെന്ന് കേരള പുരാവസ്തു വകുപ്പ് കാര്യാലയിത്തിൽ നിന്നും ലഭിച്ച പത്ത് പേജുകളടങ്ങിയ വിവരാവകാശ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ഇതിനു പുറമെ പ്രാചീന ശിലായുഗങ്ങളിലെ ഗുഹകളും ശിലകളും ക്ഷേത്രാവശിഷ്ടങ്ങളും ഇവിടെയുണ്ട്. ഭൂവുടമകൾക്ക് വേണ്ടി ഉന്നതർ ഉദ്യോഗസ്ഥരെയും സർക്കാറിനെയും സ്വാധീനിച്ചു എന്നാതാണ് ഈ സംഭവം തെളിയിക്കുന്നത്. വാമൊഴി ചരിത്ര പഠനകേന്ദ്രം ഡയറക്ടറും എഴുത്തുകാരനുമായ തിരൂർ ദിനേശ് ആണ് തിരുവനന്തപുരം പുരാവസ്തു വകുപ്പ് കാര്യാലയത്തിൽനിന്നും തിരുന്നാവായ വില്ലേജിൽ നിന്നും രേഖകൾക്കായി വിവരാവകാശ അപേകഷ സമർപ്പിച്ചത്.

ഭാരതപ്പുഴയോരത്തെ ചരിത്ര സ്മാരകങ്ങളുടെയും സംസ്‌കാരത്തിന്റെയും ഉറവിടമായിരുന്നു കേരള ചരിത്രത്തിന്റെ പ്രധാന ഏടായ മാമാങ്കം എന്നത്. കഴിഞ്ഞ പത്ത് നൂറ്റാണ്ട് കാലത്തിലധികം പഴക്കമുണ്ട് തിരുന്നാവായ മാമാങ്കത്തിന്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടന്നിരുന്ന മാമാങ്കം 28 ദിവസം വരെ നീണ്ടു നിൽക്കുന്നതായിരുന്നു.

ചേരമാൻ പെരുമാൾ ആയിരുന്നു ആദ്യകാലങ്ങളിൽ മാമാങ്കത്തിന് നിലപാപാട് നിന്നിരുന്നത്. പിന്നീട് 1500കൾക്ക് ശേഷം കോഴിക്കോട് സാമൂതിരിപ്പാട് മാമാങ്കത്തിനായി തിരുന്നാവായ കൊടക്കലിൽ എത്താറുണ്ടായിരുന്നു. മാമാങ്ക കാലയളവിലെ 28 ദിവസങ്ങളും ഭരണം നടത്തിയിരുന്നതും താമസിച്ചിരുന്നതുമെല്ലാം കൊടക്കലിലെ കോവിലകത്തായിരുന്നു. അക്കാലഘട്ടത്തിൽ തന്നെ ഭൂമിക്കടിയിൽ ക്ഷേത്രവും ഗുഹകളും ഉണ്ടായതായി ചരിത്രകാരന്മാർ പറയുന്നു.

1800കൾക്ക് ശേഷമാണ് ബ്രിട്ടീഷുകാർ ഇവിടെ എത്തുന്നതും ഇവിടെ ഭൂമിയിൽ നിന്നും പല അവശിഷിടങ്ങളും രൂപങ്ങളും കണ്ടെടുത്തതിനെ തുടർന്ന് ഈ മണ്ണിൽ നിന്നും ഓട് നിർമ്മാണം ആരംഭിച്ച് പിന്നീട് ഓട്ട് കമ്പനി സ്ഥാപിക്കുകയാണ് ചെയ്തത്. പിന്നീട് പലതവണ ഈ ഭൂമി കൈമാറ്റം നടന്നിരുന്നു. 2003ൽ ഭൂമിയുടെ പുതിയ കൈവശക്കാർ ഈ ഓട് കമ്പനി പൊളിച്ച് മാറ്റി ഇവിടെ ഫ്‌ളാറ്റ് നിർമ്മിക്കാനുള്ള നീക്കമുണ്ടായിരുന്നു. എന്നാൽ ഇതിനെതിരിൽ പൊതുപ്രവർത്തകർ ഹൈക്കോടതിയിൽ പോയിരുന്നു. ഈ ഭൂമി ചരിത്ര സമാരകമല്ലെന്നായിരുന്നു പുതിയ കൈവശക്കാരുടെ വാതം. പിന്നീട് കോടതി ഈവിഷയത്തിൽ സർക്കാറിന്റെ വാതം കേൾക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ ബോധ്യപ്പെടുത്താനായി മലപ്പുറം ജില്ലാ കളക്ടർ ഉത്തരവിടുന്നതും പുരാവസ്തു ഉദ്യോഗസ്ഥർ നൽകിയ പരിശോധനാ റിപ്പോർട്ടിൽ കൈകടത്തലുകൾ ഉണ്ടായെന്ന് ബലപ്പെടുന്നതു.

ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയപ്പോൾ ഭൂഉടമകളും ഉദ്യോഗസ്ഥരും മാത്രമായിരുന്നു അകത്തുണ്ടായിരുന്നത് മാദ്ധ്യമ പ്രവർത്തകർക്കോ പൊതു ജനങ്ങൾക്കോ പ്രവേശനമുണ്ടായിരുന്നില്ല എന്നതും സംശയം ബലപ്പെടുത്തുന്നു. ഉത്ഖനനത്തിൽ ശിവലിംഗം, പീഠം, നിലപാട് തറ, ഭൂഗർഭ പാത, ക്ഷേത്രാവശിഷ്ഠങ്ങൾ എന്നിവയും കണ്ടെത്തിയിരുന്നു. കണ്ടെത്തിയ ശേഷം ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത് മണ്ണിട്ട് മൂടുകയായിരുന്നു. ഉദ്യേഗസ്ഥരുടെ റിപ്പോർട്ടിന്മേൽ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുകയോ ഭൂമി സംരക്ഷിക്കുകയോ ചെയ്യാതെ ഭൂ ഉടമകൾക്ക് തന്നെ ഈ ചരിത്ര സംഭവത്തെ വിട്ടുനൽകുകയാണുണ്ടായത്. സർക്കാറും രാഷ്ട്രീയ നേതൃത്വവും ഉന്നതരായ ഭൂ ഉടമകളെ സംരക്ഷിക്കുന്ന നഗ്നമായ കാഴ്ചയാണിത്.

2003ൽ യു.ഡി.എഫ് സർക്കാറിന്റെ ഭാഗമായിരുന്ന മുസ്ലിംലീഗ് ഭൂവുടമയായ ലീഗ് മുൻ മന്ത്രിയുടെ ബന്ധുവിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നിലാപാടിലേക്ക് സർക്കാറിനെ എത്തിച്ചതെന്നാണ് അറിയുന്നത്. മുന്മന്ത്രിയിലേക്കും അദ്ദേഹത്തിന്റെ മകനായ ഇപ്പോഴത്തെ എംഎ‍ൽഎയുടെയും അടുത്ത ബന്ധുവിന്റേതാണ് ഭൂമി എന്നുള്ളത് നിരവധി സംശയത്തിന്റെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പത്തുവർഷമായി ഈ ബന്ധുവാണ് ഭൂമി കൈവശം വച്ച്വരുന്നത്. ചിരിത്ര സംഭവങ്ങളെ കുഴിച്ചു മൂടാനുള്ള ബോധപൂർവ്വ മായ ഈ നീക്കങ്ങൾ വരും ദിവസങ്ങളിൽ വലിയ കോളിളക്കം സൃഷ്ടക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുന്നാവായ കൊടക്കലിൽ ഭൂമിക്കടിയിലുള്ള ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ചലനങ്ങൾ സാംസ്‌കാരിക കേരളത്തിൽ ഇത് വരും ദിവസങ്ങളിലുണ്ടാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP