Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അരുവിക്കരയിൽ സഹതാപത്തിന് സാധ്യത; കാർത്തികേയന്റെ സഹായം പറ്റാത്ത ഇടതുപക്ഷക്കാർ മണ്ഡലത്തിൽ ഇല്ല; സുലേഖ സ്ഥാനാർത്ഥിയായാൽ വോട്ട് ചോരും; ഉപതെരഞ്ഞെടുപ്പിനെ കരുതലോടെ കാണണമെന്ന് സിപിഎം

അരുവിക്കരയിൽ സഹതാപത്തിന് സാധ്യത; കാർത്തികേയന്റെ സഹായം പറ്റാത്ത ഇടതുപക്ഷക്കാർ മണ്ഡലത്തിൽ ഇല്ല; സുലേഖ സ്ഥാനാർത്ഥിയായാൽ വോട്ട് ചോരും; ഉപതെരഞ്ഞെടുപ്പിനെ കരുതലോടെ കാണണമെന്ന് സിപിഎം

ബി രഘുരാജ്‌

തിരുവനന്തപുരം: സ്പീക്കർ ജി കാർത്തികേയന്റെ മരണമുണ്ടാക്കിയ സഹതാപ തരംഗം അരുവിക്കര മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നതായി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ(എം) നടത്തിയ പ്രാഥമിക വിലയിരുത്തലുകളിൽ വ്യക്തം. സിപിഐ(എം) നേതാക്കൾ പോലും കാർത്തികേയന്റെ വിയോഗത്തെ വ്യക്തിപരമായ നഷ്ടമായാണ് കണക്കാക്കുന്നത്. ഇതിനൊപ്പം അരുവിക്കരയിലെ കോളനികളിലെ രാഷ്ട്രീയം ഇടതുപക്ഷത്തിന് അനുകൂലമാക്കാതിരിക്കാൻ യുഡിഎഫ് പണമൊഴുക്കുമെന്ന ആശങ്കയുമുണ്ടെന്നാണ് സൂചന. ഈ സഹചര്യത്തിൽ രാഷ്ട്രീയ മേധാവിത്വത്തിന്റെ അമിതാത്മവിശ്വാസത്തിൽ അരുവിക്കര തെരഞ്ഞെടുപ്പിന് നേരിടുന്നത് തിരിച്ചടിയാകുമെന്നാണ് സർവ്വേ നൽകുന്ന ചിത്രം. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങണമെന്നാണ് നിർദ്ദേശം.

പാർട്ടിയുടെ അനൗദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് അരുവിക്കരയിലെ മനസ്സ് അറിയാൻ സിപിഐ(എം) ജില്ലാ നേതൃത്വം ശ്രമിച്ചത്. വളരെ നേരത്തെ ബൂത്ത് കമ്മറ്റികൾ സജ്ജമാക്കി പ്രവർത്തനത്തിന് ഇറങ്ങിയതും കാര്യങ്ങൾ മനസ്സിലാക്കാനാണ്. അങ്ങനെ കിട്ടിയ വിവരങ്ങൾ ക്രോഡീകരിക്കുമ്പോഴാണ് അരുവിക്കരയുടെ മനസ്സ് ഇടത്തേക്ക് ചായുമോ എന്നതിൽ സംശയം നിറയുന്നത്. കാർത്തികേയൻ അരുവിക്കരയിൽ നടത്തിയ വികസന പ്രവർത്തനമല്ല, മറിച്ച് വ്യക്തി ബന്ധങ്ങളാണ് സഹാതാപതരംഗത്തിന് കാരണം. അതുകൊണ്ട് തന്നെ കാർത്തികേയന്റെ ഭാര്യ എം ടി സുലേഖ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനിറങ്ങിയാൽ കാര്യങ്ങൾ കൈവിടും. സുലേഖ തന്നെയാകും യുഡിഎഫ് സ്ഥാനാർത്ഥിയെന്ന വിലയിരുത്തലും സിപിഎമ്മിനുണ്ട്. നിലവിൽ മത്സരിക്കുന്നതിന് സുലേഖ സമ്മതം അറിയിച്ചിട്ടല്ല. എന്നാൽ എ കെ ആന്റണിയുടെ ഇടപെടലുകൾ സുലേഖയെ മത്സരരംഗത്ത് എത്തിക്കുമെന്നാണ് കണക്ക് കൂട്ടൽ. മറ്റൊരു സ്ഥാനാർത്ഥി എത്തിയാൽ അരുവിക്കരയിൽ വിജയം സുനിശ്ചിതമാണെന്നാണ് വിലയിരുത്തൽ.

മണ്ഡലത്തിലെ സിപിഎമ്മിന്റെ ലോക്കൽ കമ്മറ്റി അംഗങ്ങൾക്ക് പോലും കാർത്തികേയനുമായി വ്യക്തിപരമായ ബന്ധമുണ്ട്. സർക്കാർ ഡയറി ഉൾപ്പെടെ എല്ലാം അവർക്ക് കൃത്യമായി എത്തിക്കുന്ന നേതാവായിരുന്നു കാർത്തികേയൻ. കൊടിയുടെ നിറം നോക്കി കാര്യങ്ങളെ കാണുകയുമില്ലായിരുന്നു. കാർത്തികേയന്റെ സഹായം വാങ്ങാത്ത ഇടതു നേതാക്കളാരും അരുവിക്കരയിൽ ഇല്ല. ഇരുപത്തിയഞ്ച് വർഷം മണ്ഡലത്തെ കോൺഗ്രസ് കോട്ടയായി കാർത്തികേയൻ കാത്തതും ഈ സൗഹൃദത്തിന്റെ കരുത്തിലാണ്. വികസനത്തിന് പിന്നോക്കം നിൽക്കുന്ന മലയോര മണ്ഡലത്തിൽ കാർത്തികേയന്റെ വിജയത്തിന് ഇടതു പക്ഷത്ത് നിന്ന് പോലും വോട്ട് ഒഴുകിയിട്ടുണ്ട്. കാർത്തികേയനോട് വ്യക്തിബന്ധമുള്ള ഇക്കൂട്ടർ ഉപതെരഞ്ഞെടുപ്പിലും രാഷ്ട്രീയത്തിന് അപ്പുറം കാർത്തികേയന്റെ ഭാര്യയ്ക്ക് വോട്ട് ചെയ്യുമെന്നാണ് സിപിഎമ്മിന്റെ ഭയം. ഈ സാഹചര്യത്തിൽ പാർട്ടി വോട്ടുകൾ മറുപക്ഷത്ത് എത്താതിരിക്കാൻ കരുതലോടെ സിപിഐ(എം) നീങ്ങും.

സംസ്ഥാന രാഷ്ട്രീയത്തിൽ അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രസക്തി സിപിഐ(എം) അംഗങ്ങളെ ബോധ്യപ്പെടുത്തും. സംസ്ഥാനത്ത് ഇടതു പക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി നിലനിർത്താൻ അരുവിക്കരയിൽ ജയിക്കണം. അതുണ്ടായില്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പുകളെ പോലും സംസ്ഥാനത്തുടനീളം ബാധിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്കും തിരിച്ചടിയാകും. അതിനാൽ വ്യക്തിതാൽപ്പര്യങ്ങൾക്ക് അപ്പുറം സിപിഐ(എം) സ്ഥാനാർത്ഥിയുടെ ജയം ഉറപ്പിക്കണമെന്നാണ് ആവശ്യം. ലോക്കൽ കമ്മറ്റികളിലും മറ്റും സംസ്ഥാന നേതാക്കൾ തന്നെ പങ്കെടുത്ത് ഇക്കാര്യങ്ങൾ വിശദീകരിക്കും. വോട്ട് ചോരില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക സമിതികളേയും നിയോഗിക്കും. സിപിഎമ്മിന് വ്യക്തമായ സ്വാധീനമുള്ള മേഖലയാണ് അരുവിക്കര. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം ഉണ്ടാകണമെന്നാണ് ആവശ്യം. എന്നാൽ കാർത്തികേയന്റെ സഹാതാപ തംരഗത്തിനപ്പുറം പാർട്ടി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ആഗ്രിഹിക്കുന്നവരാണ് അരുവിക്കരയിലെ സിപിഎമ്മുകാർ. ആർഎസ്‌പിയുടെ മുന്നണി മാറ്റത്തോടെ അതിന് ലഭിച്ച അവസരം അവർ പാഴാക്കില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.

അരുവിക്കര മണ്ഡലത്തിൽ സീറ്റ് കണ്ണ് വയ്ക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്. ഇവർ സുലേഖ മത്സരിച്ചാൽ തോൽപ്പിക്കാൻ ശ്രമിക്കും. പക്ഷേ ഈ അട്ടിമറി നീക്കം സുലേഖയുടെ കാര്യത്തിൽ നടക്കുകയില്ല. കാരണം കാർത്തികേയന്റെ മരണം സാധാരണ കോൺഗ്രസുകാരിൽ വേദനയുണ്ടാക്കിയിട്ടുണ്ട്. ആരെല്ലാം ആവശ്യപ്പെട്ടാലും കോൺഗ്രിസന്റെ വോട്ടെല്ലാം അരുവിക്കരയിൽ സുലേഖയ്ക്ക് തന്നെ ലഭിക്കും. ഭരണം നിലനിർത്താൻ അരുവിക്കരയിൽ വിജയം അനിവാര്യമായതിനാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാകും കോൺഗ്രിസന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. നായകനായും നിരീക്ഷകനായും എ കെ ആന്റണിയും ഉണ്ടാകും. അതുകൊണ്ട് തന്നെ കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാകുമെന്ന് കരുതുന്നത് ഗുണകരമാകില്ല. സ്ഥാനാർത്ഥി മോഹികളായി നടക്കുന്ന കോൺഗ്രസുകാർക്കാർക്കും അരുവിക്കരയുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിയുന്നവരല്ലെന്നും സിപിഐ(എം) വിലയിരുത്തുന്നു.

ഈ സാഹചര്യത്തിൽ കരുത്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് നീക്കം. അതിന് മണ്ഡലത്തിൽ സജീവമായ വ്യക്തി മതിയെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. മുൻ സ്പീക്കറും സംസ്ഥാന സമിതി അംഗവുമായി എം വിജയകുമാറിനെ തന്നെയാണ് സംസ്ഥാന നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ മണ്ഡലത്തിൽ പ്രവർത്തന പരിചയമുള്ള വികെ മധു, കാട്ടക്കട ശശി എന്നീ മുതിർന്ന നേതാക്കളെയാണ് ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ മനസ്സിൽ കാണുന്നത്. ഡിവൈഎഫ്‌ഐ നേതാവ് സുനിൽകുമാർ, കാട്ടക്കട ഏര്യാ സെക്രട്ടറി ഐബി സതീഷ് എന്നിവരും പരിഗണിക്കപ്പെടും. എന്നാൽ മത്സരത്തിന് താൻ തയ്യാറാണെന്ന് വിജയകുമാർ ഉറച്ച നിലപാട് എടുത്താൻ അദ്ദേഹം തന്നെയാകും സ്ഥാനാർത്ഥി. മത്സരത്തിൽ നിന്ന് വിജയകുമാർ പിന്മാറിയാൽ മാത്രമേ മറ്റൊരാളെ പരിഗണിക്കാൻ സാധ്യതയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP