Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരിച്ചടി മറികടക്കാൻ തട്ടിപ്പ് കമ്പനികളുണ്ടാക്കി; വിശ്വസ്തരെ ഡയറക്ടർമാരുമാക്കി; കള്ളിപൊളിഞ്ഞപ്പോൾ എല്ലാവരും നാടുവിട്ടു; 1000 കോടിയുടെ ജാമ്യത്തുക കണ്ടെത്താൻ വഴികളില്ലാതെ അറ്റ്‌ലസ് ഗ്രൂപ്പ്; രാമചന്ദ്രന്റെ ജയിൽ മോചനം ഉടൻ നടക്കില്ല; നട്ടംതിരിയുന്ന ജീവനക്കാരുടെ ദുരിതം കാണാതെ മലയാളി കൂട്ടായ്മകളും

തിരിച്ചടി മറികടക്കാൻ തട്ടിപ്പ് കമ്പനികളുണ്ടാക്കി; വിശ്വസ്തരെ ഡയറക്ടർമാരുമാക്കി; കള്ളിപൊളിഞ്ഞപ്പോൾ എല്ലാവരും നാടുവിട്ടു; 1000 കോടിയുടെ ജാമ്യത്തുക കണ്ടെത്താൻ വഴികളില്ലാതെ അറ്റ്‌ലസ് ഗ്രൂപ്പ്; രാമചന്ദ്രന്റെ ജയിൽ മോചനം ഉടൻ നടക്കില്ല; നട്ടംതിരിയുന്ന ജീവനക്കാരുടെ ദുരിതം കാണാതെ മലയാളി കൂട്ടായ്മകളും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്‌: അറ്റ്‌ലസ് രാമചന്ദ്രനെ അഴിക്കുള്ളിലാക്കിയത് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ നടത്തിയ കള്ളക്കളികൾ തന്നെ. ഇന്ത്യയിലെ ഓഹരി നിക്ഷേപം പൊളിഞ്ഞതോടെ മൂന്ന് തട്ടിപ്പ് കമ്പനികളുണ്ടാക്കി ഗൾഫിൽ നിന്ന് ഫണ്ട് കണ്ടെത്താൻ രാമചന്ദ്രൻ ശ്രമിച്ചിരുന്നു. വിശ്വസ്തരായ ജീവനക്കാരെ ഡയറക്ടർമാരാക്കിയായിരുന്നു ഈ നീക്കം. രാമചന്ദ്രൻ ജയിലിനുള്ളിൽ ആയതോടെ ഈ ഡയറക്ടർമാരെല്ലാം യുഎഇ വിട്ടു. ഗൾഫിലെ വിവിധ ബാങ്കുകളിൽ നിന്ന് ആയിരം കോടിയലധികം ലോൺ എടുപ്പിച്ച് രമാചന്ദ്രനെ കുഴിയിൽ ചാടിച്ച് ജീവനക്കാരിൽ പലരും മാസങ്ങൾക്ക് മുമ്പ് തന്നെ യുഎഇയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവരാകാം രാമചന്ദ്രനെ ചതിച്ചതെന്നാണ് അറ്റല്‌സ് ഗ്രൂപ്പിലെ ജീവനക്കാരുടെ പക്ഷം. ഏതായാലും സ്ഥാപനം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങൂന്നതോടെ രാമചന്ദ്രന് ഉടൻ പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് സൂചന.

വിദേശ മലയാളികളുടെ നേതൃത്വത്തിൽ ചിലർ രാമചന്ദ്രനെ പുറത്തിറക്കാൻ തുടക്കത്തിൽ ശ്രമിച്ചിരുന്നു. എന്നാൽ അറ്റ്‌ലസിന്റെ ആശുപത്രിയും കടകളും വിറ്റാൽ പോലും ആയിരം കോടിയുടെ ജാമ്യത്തുക കിട്ടില്ലെന്ന സൂചന കിട്ടിയതോടെ അവരെല്ലാം പിന്മാറി. ചെറിയ വിലയ്ക്ക് എല്ലാം വാങ്ങാമെന്ന് മോഹിച്ചവരും ഇതോടെ തിരിച്ചടിയിലായി. എല്ലാം വിറ്റാൽ താൻ പുറത്തിറങ്ങില്ലെന്ന് അറിഞ്ഞതോടെ രാമചന്ദ്രനും നിരാശയിലായി. അമേരിക്കയിലുള്ള മകനും ഫണ്ട് കണ്ടെത്താൻ കഴിയുന്നില്ല. സാമ്പത്തിക കുറ്റകൃത്യമായതിനാൽ സർക്കാരുകളും ഇടപെടുന്നില്ല. ഇതോടെ അറ്റ്‌ലസ് ഗ്രൂപ്പ് വലിയ പ്രതിസന്ധിയിലേക്കായി. ആഴ്ചകൾക്കുള്ളിൽ അറ്റ്‌ലസിന്റെ എല്ലാ ശാഖകളും അടയ്ക്കുമെന്നാണ് സൂചന. ഇതോടെ ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിലായി. ഇവരെ സഹായിക്കാൻ പ്രവാസി മലയാളികളുടെ സംഘടന പോലുമില്ല. ഇതിൽ വേദന ഏറെയുണ്ടെന്ന് അറ്റ്‌ലസ് ഗ്രൂപ്പിലെ ജീവനക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

അറ്റ്‌ലസ് ഗ്രൂപ്പിന്റെ ജനറൽ മാനേജരായി സായി ബാബയെന്നയാൾ പ്രവർത്തിച്ചപ്പോഴാണ് വലിയ തുക രാമചന്ദ്രൻ വായ്പ എടുത്തത്. എന്നാൽ ഈ വർഷം ആദ്യം തന്നെ ഇയാൾ സ്ഥാനം ഒഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങി. ചെന്നൈയിലാണ് ഇയാൾ ഇപ്പോൾ. സാമ്പത്തികമായി നല്ല അവസ്ഥയിൽ. അറ്റല്‌സിന് വരാൻ പോകുന്ന കുടുക്കുകൾ തിരിച്ചറിഞ്ഞാകും സായി ബാബ സ്ഥാപനം വിട്ടതെന്നാണ് അറ്റ്‌ലസ് ഗ്രൂപ്പിലെ ജീവനക്കാരുടെ ഭാഷ്യം. കച്ചവടം പൊളിയുന്നുവെന്ന ധാരണ രാമചന്ദ്രനും ഉണ്ടായിരുന്നു. അതുകൊണ്ടാണ് മാങ്കൂൾ ജനറൽ ട്രേഡിങ്ങ്, അൽ ലായഹ്, അൽ സ്വാത എന്നീ കമ്പനികൾ ഉണ്ടാക്കിയത്. ഇതിലൂടെ ഫണ്ട് കണ്ടെത്താനായിരുന്നു ശ്രമം. ഫൈസല് കൂപ്പത്ത്, സുർജിത് ശിവൻ, പത്മാക്ഷൻ നായർ, ജംഷീർ എന്നീ ജീവനക്കാരായിരുന്നു ഡയറക്ടർമാർ. ഗൾഫിൽ നിയമനടപടി ഭയന്ന് ഇവരും യുഎഇ വിട്ടു. ഇതിന് സമാനമായി രാമചന്ദ്രന്റെ വിശ്വസ്തരായി അറിയപ്പെടുന്നവരെല്ലാം തിരികെ പോയെന്നാണ് സൂചന.

ഗൾഫിലെ അറ്റ്‌ലസിന്റെ ഷോറുമിൽ നാമമാത്രമായ സ്വർണ്ണവും ഡൈമണ്ടും മാത്രമേ ഉള്ളൂ. വിവാദമായതോടെ ആരും സ്വർണം വാങ്ങാൻ വരുന്നില്ല. ഈ സാഹചര്യത്തിൽ ആയിരം കോടി രൂപയുടെ ജാമ്യത്തുക കെട്ടിവച്ച് പുറത്തുവരാൻ രാമചന്ദ്രന് കഴിയില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മോചനം വിദൂര സ്വപ്‌നമാണെന്നും ജീവനക്കാർ വിലയിരുത്തുന്നു. അറ്റ്‌ലസ് രാമചന്ദ്രനും മകളും ജയിലിൽ ആയതോടെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട് എന്നറിയാവുന്ന ജീവനക്കാർ നല്ലരീതിയിലാണ് സഹകരിച്ചു പോന്നത്. ഒരു മാസം ശമ്പളം വൈകിയെങ്കിലും മാനേജ്‌മെന്റിനൊപ്പമാണ് ജീവനക്കാർ നിലകൊണ്ടത്. എന്നാൽ, ഉത്തരവാദിത്തം വഹിക്കേണ്ടുന്ന രാമചന്ദ്രന്റെ മകൻ അമേരിക്കയിലേക്ക് പോയതും ഫണ്ടിങ് നിൽക്കുകയും ചെയ്തതോടെ ദുബായിലെ അറ്റ്‌ലസ് ജുവല്ലറിയിലെ ജീവനക്കാർ തീർത്തും ദുരിതത്തിലാണ്. ആർ്ക്കും വ്യക്തമായ ഉത്തരം നൽകാനില്ല. ഭാര്യ ഇന്ദുവിനോടും ജീവനക്കാർ ബുദ്ധിമുട്ട് അറിയിച്ചു. എന്നാൽ ഫണ്ടൊന്നും ഇല്ലെന്നും ശമ്പളം തരാനില്ലെന്നുമാണ് മറുപടി ലഭിച്ചത്. സ്വന്തം നിലയിൽ നാട്ടിലേക്ക് മടങ്ങാനും ഉപദേശിക്കുന്നുണ്ട്.

തുടക്കത്തിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുമെന്ന വിശ്വാസം ജീവനക്കാർക്ക് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മാനേജ്‌മെന്റ് ഒന്നും വ്യക്തമായി പറയുന്നു പോലുമില്ല. മുതലാളിയും മകളും ജയിലിൽ ആയതിനാൽ ആരോടും പരാതിപ്പെടാനും കഴിയുന്നില്ല. മകൻ ഈ പ്രശ്‌നങ്ങൾ ഉണ്ടായപ്പം തന്നെ അമേരിക്കയിൽ പോയി. ഇപ്പോൾ ഇമെയ്ൽ വഴി മാത്രമാണ് ഇദ്ദേഹവുമായി ബന്ധപ്പെടുന്നത് ജീവനക്കാർ പറയുന്നു. ഈ സാഹചര്യത്തിലാണ് അറ്റല്‌സ് രാമചന്ദ്രന്റെ തട്ടിപ്പു കമ്പനികളുടെ കാര്യങ്ങൾ പുറത്തുവരുന്നത്. ഇന്ത്യയുടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത അറ്റ്‌ലസ് ഇന്ത്യാ ജ്യൂലറി ലിമിറ്റഡിന്റെ ഓഹരി മൂല്യം ഉയർത്തുക മാത്രമായിരുന്നു ലക്ഷ്യം. അതിന് വേണ്ടി നടത്തിയ തിരുമറികളാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. ഇത് മനസ്സിലായതോടെ രാമചന്ദ്രനെ രക്ഷിക്കാൻ മുന്നിൽ നിന്നവരെല്ലാം പിൻവാങ്ങി. ഭാര്യ ഇന്ദുവിനും ഒന്നും ചെയ്യാൻ കഴിയുന്നില്ല.

ആയിരക്കണക്കിന് കോടികൾ ബാങ്കിൽ നിന്നും ലോണെടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ പ്രമുഖ പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനെ ദുഓഗസ്റ്റ് മാസം 23ാം തീയ്യതിയാണ് കസ്റ്റഡിയിൽ എടുത്തതും പിന്നീട് കോടതിയിൽ ഹാജരാക്കി ജയിലിൽ അടച്ചതും. അറസ്റ്റിലായ രാമചന്ദ്രന് വേണ്ടി ആദ്യഘട്ടങ്ങളിൽ നിരവധി പേർ സഹായവാഗ്ദാനങ്ങളുമായി രംഗത്തെത്തി. അദ്ദേഹത്തെ സഹായിക്കാൻ ദുബായിലെ മലയാളികൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും കാമ്പയിൻ ആരംഭിച്ചെങ്കിലും പിന്നീട് തട്ടിപ്പിന്റെ ആഴം വളരെ വലുതാണെന്ന വിധത്തിലാണ് വാർത്തകൾ വന്നത്. ഒടുവിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് രാമചന്ദ്രന്റെ ജാമ്യാപേക്ഷ ദുബായ് കോടതി വീണ്ടും തള്ളി. ഇതോടെ പ്രതിസന്ധിയും കൂടി. അതേസമയം ദുബായിലെ ജുവല്ലറികളിൽ മാത്രമാണ് ഈ പ്രതിസന്ധി ഉള്ളതെന്നു ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ബഹ്‌റൈൻ, ഇന്ത്യ, ഖത്തർ എന്നിവിടങ്ങളിലെ ജുവല്ലറികളിൽ ശമ്പളം കൃത്യമായി നൽകുന്നുണ്ടെന്നുമാണ് ജീവക്കാർ മറുനാടനോട് വ്യക്തമാക്കിയത്.

അതിനിടെ ഒക്ടോബർ 29 വരെ അറ്റ്‌ലസ് രാമചന്ദ്രന്റെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കയാണ് കോടതി. ഇതിനിടെ പുറത്തിറക്കണമെങ്കിൽ കോടതിയിൽ കോടികൾ കെട്ടിവെക്കേണ്ടി വരും. അതിനുള്ള ഫണ്ട് കണ്ടെത്താനാണ് മാനേജ്‌മെന്റിന്റെ ശ്രമം. അറ്റ്‌ലസിന്റെ സ്ഥാപനങ്ങളുടെ പേരിൽ മടങ്ങിയ ചെക്കുകൾ മടങ്ങിയതിനെ തുടർന്നു ദുബായിലെ റിഫ, ബർദുബായ്, നായിഫ് പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. യുഎഇയിലെ ഇരുപതോളം ബാങ്കുകളിലായി ആയിരം കോടി രൂപയുടെ ബാധ്യതയാണ് രാമചന്ദ്രൻ നായർക്കും അറ്റ്‌ലസ് ഗ്രൂപ്പിനും ഉള്ളത്. അറ്റ്‌ലസ് ഹെൽത്ത് കെയർ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ പലരും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇത് വിൽക്കാൻ അറ്റ്‌ലസ് ഗ്രൂപ്പിന് താത്പര്യമില്ലെന്നാണു റിപ്പോർട്ടുകൾ.

അറ്റ്‌ലസ് ഗ്രൂപ്പിന്റെ കേരളത്തിലെ ആസ്തികളും വിൽക്കാൻ ആലോചന നടക്കുന്നുണ്ടെന്നാണ് വിവരം. കൊച്ചിയിൽ അറ്റ്‌ലസ് പ്രോപ്പർട്ടീസിന് കീഴിലുള്ള പദ്ധതികൾ വിറ്റേയ്ക്കുമെന്നും സൂചനയുണ്ട്. എന്നാൽ, ഇതിനൊന്നും നേതൃത്വം നൽകാൻ ആരുമില്ല. അതുകൊണ്ട് തന്നെ രാമചന്ദ്രനും മകൾക്കും അനിശ്ചിതമായി ജയിലിൽ കഴിയേണ്ടി വരുമെന്നാണ് ജീവനക്കാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP