Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ എം മാണി മന്ത്രിസ്ഥാനം രാജിവച്ചു; നിയമവ്യവസ്ഥയോട് ആദരവ് പ്രകടിപ്പിക്കാൻ വേണ്ടിയാണ് രാജി; രാജിക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു; യുഡിഎഫിന് കലവറയില്ലാത്ത പിന്തുണ നൽകുമെന്നും കെ എം മാണി മാദ്ധ്യമങ്ങളോട്; പിന്തുണയുമായി തോമസ് ഉണ്ണിയാടൻ ചീഫ് വിപ്പ് സ്ഥാനവും രാജിവച്ചു

കെ എം മാണി മന്ത്രിസ്ഥാനം രാജിവച്ചു; നിയമവ്യവസ്ഥയോട് ആദരവ് പ്രകടിപ്പിക്കാൻ വേണ്ടിയാണ് രാജി; രാജിക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു; യുഡിഎഫിന് കലവറയില്ലാത്ത പിന്തുണ നൽകുമെന്നും കെ എം മാണി മാദ്ധ്യമങ്ങളോട്; പിന്തുണയുമായി തോമസ് ഉണ്ണിയാടൻ ചീഫ് വിപ്പ് സ്ഥാനവും രാജിവച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർകോഴ കേസിൽ കോടതി പരാമർശത്തിന്റ പശ്ചാത്തലത്തിൽ ധനമന്ത്രി കെ എം മാണി രാജിവച്ചു. മാണിക്കൊപ്പം പിന്തുണ അർപ്പിച്ച് ചീഫ് വിപ്പ് സ്ഥാനത്തു നിന്നും തോമസ് ഉണ്ണിയാടനും രാജിവച്ചു. ഉദ്യോഗം നിറഞ്ഞ മണിക്കൂറുകൾക്കൊടുവിൽ ഇന്ന് രാത്രി 8.05 ഓടെയാണ് മാദ്ധ്യമങ്ങളെ കണ്ട് മാണി തന്റെ രാജിക്കാര്യം അറിയിച്ചത്. നിയമ വ്യവസ്ഥയോട് ഉള്ള ആദരവ് പ്രകടിപ്പിക്കുന്നതിന് വേണ്ടി നിയമ മന്ത്രി എന്ന സ്ഥാനം രാജിവെക്കുന്നുവെന്ന മാണി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. രാജിവെക്കുന്ന കാര്യം നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇത്രയും കാലം തന്റെ കൂടെ ജോലി ചെയ്ത സഹമന്ത്രിമാർക്ക് നന്ദി അറിയിക്കുന്നതായും മാണി അറിയിച്ചു. തുടർന്നും കലവറയില്ലാത്ത പിന്തുണ യുഡിഎഫിന് നൽകുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് രാജി നൽകാൻ മാണി തയ്യാറായില്ല. രാജിക്കത്ത് റോഷി അഗസ്റ്റിനും ജോസഫ് എം പുതുശ്ശേരിയും മുഖേന മുഖേന രാജിക്കത്ത് അദ്ദേഹം മുഖ്യമന്ത്രിയെ ഏൽപ്പിക്കുകയായിരുന്നു. ധനമന്ത്രിയുമായ കെ എം മാണി രാജിവയ്ക്കുന്ന സാഹചര്യം വന്നു ചേർന്നതിൽ അങ്ങേയറ്റം വിഷമമുണ്ടെന്ന് പറഞ്ഞാണ് ഉണ്ണിയാടൻ രാജി പ്രഖ്യാപിച്ചത്. കെ എം മാണി നീതിന്യായ വ്യവസ്ഥയോടുള്ള നീതിയും കൂറും പ്രഖ്യാപിച്ചാണു രാജിവയ്ക്കുന്നത്. രാജിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താനും ഗവൺമെന്റ് ചീഫ് വിപ്പ് പദവിയിൽ നിന്നും രാജിവെക്കുന്നതായി തോമസ് ഉണ്ണിയാടൻ പറഞ്ഞു.

അതേസമയം മാണിയുടെ രാജിക്കത്ത് ഉമ്മൻ ചാണ്ടി സ്വീകരിച്ചു. എന്നാൽ, തോമസ് ഉണ്ണിയാടന്റെ രാജി സ്വീകരിച്ചിട്ടില്ല. യുഡിഎഫ് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാണിയുടെ രാജി. മുന്നണി ഭേദമന്യേ മാണി രാജി വയ്ക്കണമെന്ന ആവശ്യമുയർന്നതിനെ തുടർന്ന് ഇന്നലെ മുതൽ കടുത്ത സമ്മർദ്ദത്തിലായിരുന്നു അദ്ദേഹം. എന്നാൽ, രാജിക്കായി സമ്മർദ്ദമുണ്ടായിട്ടില്ലെന്ന് കെ.എം. മാണിയും രാജി വയ്ക്കാനുള്ള തീരുമാനം മാണി സ്വമേധയാ കൈക്കൊണ്ടതാണെന്ന് പിന്നീട് മാദ്ധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിയും വ്യക്തമാക്കി. മാണി തെറ്റു ചെയ്തതായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജിവിഷയത്തിൽ പിജെ ജോസഫിന്റെ നിലപാടിനെ കുറിച്ച് പ്രതികരിക്കാൻ മാണി തയ്യാറായില്ല. മാണിക്കൊപ്പം രാജിവെക്കാൻ തയ്യാറല്ലെന്ന് മന്ത്രി പി ജെ ജോസഫ് വ്യക്തമാക്കിയിരുന്നു. താൻ രാജിവെക്കുമെന്ന കാര്യം നേരത്തെ തന്നെ തോമസ് ഉണ്ണിയാടൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. യുഡിഎഫ് നേതാക്കളും മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും അടക്കമുള്ളവരും രാജിവെക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നത് സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനായ മാണിക്ക് തിരിച്ചടിയായത്.

പിജെ ജോസഫിനെ കൊണ്ട് കൂടി രാജി വയ്‌പ്പിക്കാനാണ് നീക്കമാണ് മാണി തുടക്കം മുതൽ നടത്തിയത്. അതുകൊണ്ടാണ് രാജി നീണ്ടുപോയത്. രാജിയെന്ന തീരുമാനത്തോട് ജോസഫ് വഴങ്ങാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് മാണി മാത്രം രാജിവെക്കുന്ന സാഹചര്യം ഒരുങ്ങിയത്. ജോസഫിനെ രാജിവെക്കാനുള്ള തീരുമാനം രാജി വയ്ക്കാൻ ജോസഫ് തയ്യാറാണെങ്കിലും ഫ്രാൻസിസ് ജോർജും ആൻണി രാജുവും അടക്കമുള്ള നേതാക്കൾ അതിന് സമ്മതിച്ചില്ല. കൂടാതെ യുഡിഎഫ് മുന്നണി വിടേണ്ട സാഹചര്യം ഇല്ലെന്നും ഇവർ വ്യക്തമാക്കി. തുടർന്ന് ജോസഫ് വിഭാഗം നേതാക്കൾ പ്രത്യേകം യോഗം ചേർന്ന് മാണിയെ ജോസഫ് രാജിവെക്കില്ലെന്ന തീരുമാനം അറിയിക്കുകയായിരുന്നു.

കേരളാ കോൺഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് മാണി താൻ രാജിവെക്കാൻ സന്നദ്ധനാണെന്ന് അറിയിച്ചത്. മാണിയുടെ നിർദ്ദേശത്തെ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും സിഎഫ് തോമസും റോഷി അഗസ്റ്റിനും ജയരാജും അനുകൂലിച്ചു. മാണി എടുക്കുന്ന എന്ത് തീരുമാനവും എടുക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു. സ്റ്റിയറിങ് കമ്മറ്റിയിലെ ഭൂരിപക്ഷവും അതിന് പിന്തുണച്ചു. എന്നാൽ പിജെ ജോസഫ് വ്യക്തമായ മറുപടി നൽകിയില്ല. കൂടിയാലോചനകൾ അനിവാര്യമാണെന്നും മാണിക്കൊപ്പമാണ് താനെന്നും വ്യക്തിമാക്കി. എന്നാൽ ഫ്രാൻസിസ് ജോർജും ആന്റണി രാജുവും കുടുത്ത നിലപാട് എടുത്തതോടെ ജോസഫ് പ്രതിസന്ധിയിലായി. മോൻസ് ജോസഫും ടിയു കുരുവിളയും ജോസഫ് മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനെ എതിർത്തു.

തുടർന്ന് കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം പിജെ ജോസഫ് വിഭാഗം എംഎൽഎമാർ പ്രത്യേകം യോഗം ചേർന്നു. മോൻസ് ജോസഫ്, ടി യു കുരുവിള എന്നിവരുമായി ജോസഫ് വിശദമായാണ് ചർച്ച ചെയ്തത്. ജോസഫ് രാജിവെക്കില്ലെന്ന് വ്യക്കമായ സന്ദേശം ലഭിച്ചതോടെയാണ് മാണി മാദ്ധ്യമപ്രവർത്തകർക്ക് മുമ്പിലെത്തി രാജി പ്രഖ്യാപിച്ചത്.

നേരത്തെ, രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ ധനമന്ത്രി കെ.എം.മാണിക്ക് ഒരു ദിവസം സമയം അനുവദിക്കാൻ യുഡിഎഫിൽ ധാരണയായിരുന്നു. നാളത്തോടെ തീരുമാനമുണ്ടാകണം. ഇല്ലെങ്കിൽ രാജി ആവശ്യപ്പെടുമെന്ന് യുഡിഎഫ് നേതൃത്വം മാണിയെ അറിയിച്ചിരുന്നു. മാണി രാജിവയ്ക്കുമോയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണുകയെന്ന ഒറ്റവാക്ക് മറുപടിയാണ് കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ നൽകിയത്. കോടതി പരാമർശം എതിരായതിനാൽ രാജിവയ്ക്കണമെന്ന നിലപാട് തന്നെയാണ് മാണിയെ പലപ്പോഴും പിന്തുണച്ചിരുന്ന മുസ്‌ലിം ലീഗിന്റെയും. പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നതിനു മുമ്പ് രാജി തന്നെയാണ് നല്ലതെന്നാണ് ലീഗ് നിലപാട്.

ബാർകോഴയുടെ പേരിൽ കഴിഞ്ഞ ഒരു വർഷത്തോളമായി തുടർന്നു വരുന്ന രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലാണ് മാണിയുടെ രാജി. 2014 ഒക്ടോബർ 31ന് മനോരമ ന്യൂസ് ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് ബാർ ഉടമയായ ബിജു രമേശ് മന്ത്രി കെ.എം. മാണി ബാർ ഉടമകളിൽ നിന്ന് ഒരു കോടി രൂപയും പിന്നീട് അഞ്ചു കോടി രൂപയും കോഴ വാങ്ങിയതായി ആദ്യം ആരോപണമുന്നയിച്ചത്. ചാനൽ ചർച്ചയിൽ ഉയർന്ന ഈ ആരാപണമാണ് മാണിയെ തകർക്കുന്ന വിധത്തിലേക്ക് വളർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP