Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഷ്യയിലെ ഏറ്റവും വലിയ കുരിശുരൂപം കൈയേറിയ ഭൂമിയിൽ; എതിർപ്പുമായി ഹൈന്ദവസംഘടന ശൂലം കുത്തിയപ്പോഴുണ്ടായത് വൻ സംഘർഷം; പ്രശ്‌നം തീർക്കാൻ ഇരുവിഭാഗങ്ങൾക്കും ഭൂമി വീതിച്ചുനൽകി സർക്കാർ; തീർത്ഥാടനകേന്ദ്രത്തിന്റെ പേരിൽ കച്ചവടം കൊഴുക്കുന്ന എഴുകുംവയൽ ഭൂമികൊള്ളയുടെ മതമൈത്രി മോഡൽ

ഏഷ്യയിലെ ഏറ്റവും വലിയ കുരിശുരൂപം കൈയേറിയ ഭൂമിയിൽ; എതിർപ്പുമായി ഹൈന്ദവസംഘടന ശൂലം കുത്തിയപ്പോഴുണ്ടായത് വൻ സംഘർഷം; പ്രശ്‌നം തീർക്കാൻ ഇരുവിഭാഗങ്ങൾക്കും ഭൂമി വീതിച്ചുനൽകി സർക്കാർ; തീർത്ഥാടനകേന്ദ്രത്തിന്റെ പേരിൽ കച്ചവടം കൊഴുക്കുന്ന എഴുകുംവയൽ ഭൂമികൊള്ളയുടെ മതമൈത്രി മോഡൽ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: സംസ്ഥാനത്തു ഭൂമി കൈയേറ്റവും ഒഴിപ്പിക്കലും വീണ്ടും ചർച്ചയായപ്പോൾ ഏറ്റവും വിവാദമായത് പാപ്പാത്തിച്ചോലയിലെ കുരിശാണ്. ഹൈറേഞ്ചിലെ കുരിശുകൃഷിയെക്കുറിച്ചു സജീവമായ ചർച്ച നടക്കുന്നതിനിടെ തീർത്ഥാടനത്തിന്റെ പേരിൽ സർക്കാർ ഭൂമി കൈയേറിയതും പിന്നീട് സംഘർഷത്തിന്റെ പേരിൽ ഭൂമി സഭയ്ക്കു സർക്കാർതന്നെ കൈമാറിയതുമാണ് എഴുകുംവയലിനു പറയാനുള്ളത്. മതത്തിന്റെ പേരിൽ സർക്കാർ ഭൂമി കൈവശം വച്ചു കൊള്ളയടിക്കുന്നതിന്റെ നേർക്കാഴ്ചയാണ് ഇവിടെ.

മതസൗഹാർദത്തിനായി സർക്കാർതന്നെ മുന്നിട്ടിറങ്ങിയെന്നാണ് പിൽകാലത്ത് എഴുകുംവയലിലെ മാതൃകയെ വിശേഷിപ്പിച്ചത്. എന്നാൽ, കുരിശുരൂപം സ്ഥാപിച്ചതിനു പിന്നാലെ ശൂലം സ്ഥാപിച്ച് ഹൈന്ദവ സംഘടനകൾ എത്തിയതോടെ വലിയൊരു സംഘർഷമാണ് ഇവിടെയുണ്ടായത്. രണ്ടു മതവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തണുപ്പിക്കാൻ ഭൂമി മതസംഘടനകൾക്ക് എഴുതിക്കൊടുക്കുകയാണ് സർക്കാർ ചെയ്തത്. ഇപ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ കുരിശുരൂപമെന്ന പേരിൽ ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായി ഇവിടം മാറി. പള്ളിയും തൊട്ടടുത്തുള്ള കൽവിളക്കും കാണുമ്പോൾ മതമൈത്രിയുടെ സന്ദേശം പെട്ടെന്ന് മനസിലേക്ക് ഓടിവരും. എന്നാൽ വർഷങ്ങൾക്കു മുമ്പ് മതത്തിന്റെ പേരിൽ പോരടിച്ചപ്പോൾ ഇരുവരെയും സമാധാനിപ്പിക്കാൻ സർക്കാർ ഭൂമി ഇരുവിഭാഗങ്ങൾക്കും വീതിച്ചു നൽകുകയായിരുന്നെന്നതു ചരിത്രം.

കുരിശുകളിലൊന്നു തകർത്തു; പിന്നെ സംഘർഷം

1950കൾ മുതൽ ദുഃഖവെള്ളിയാഴ്ച ഇവിടേക്ക് കുരിശിന്റെ വഴി നടത്തിയിരുന്നു. തീർത്ഥാടന കേന്ദ്രമായി മാറിയത് ഒന്നര പതിറ്റാണ്ടിനപ്പുറമാണ്. സമുദ്രനിരപ്പിൽനിന്നും 3500ഓളം അടി ഉയരത്തിലുള്ള മലയിൽ വലിയ ക്രൂശിതരൂപത്തിന്റെ പണി ആരംഭിച്ചത് 2006-ലാണ്. പിറ്റേ വർഷം നിർമ്മാണം പൂർത്തീകരിച്ച് വെഞ്ചെരിപ്പ് നടത്തി. ഇതിന് പിന്നാലെ നിർഭാഗ്യകരമായ സംഭവങ്ങളുമുണ്ടായി. കുരിശിന്റെ വഴിനടത്തുന്നതിനായി സ്ഥാപിക്കപ്പെട്ടിരുന്ന 14 കുരിശുകളിലൊന്നിന്റെ മുകൾഭാഗം തകർക്കപ്പെട്ടു. മലമുകളിലെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉയർത്തി ഒരു വിഭാഗം ഹൈന്ദവർ രംഗത്തെത്തി. പുറത്തുനിന്നുള്ള ചിലരാണ് ഇതിന് പിന്നിൽ ചരടുവലിച്ചത്. ഇതിനൊപ്പം ഒരു രാത്രിയിൽ കുരിശിനുസമീപം വിഗ്രഹവും പ്രതിഷ്ഠിക്കപ്പെട്ടു. വർഗീയവൽക്കരിക്കപ്പെട്ട പ്രശ്‌നം കലഹത്തിന്റെ വക്കോളമെത്തി.

പ്രദേശത്തെ ഹൈന്ദവരെ അണിനിരത്തി സാമുദായിക സംഘർഷം സൃഷ്ടിക്കാനാണ് പുറത്തുനിന്നുള്ളവർ ശ്രമിച്ചത്. ഇതിനിടെ ജില്ലാ ഭരണകൂടവും പൊലിസും ജാഗ്രതയോടെ പരിഹാരശ്രമങ്ങൾ നടത്തി. വിഗ്രഹം പൊലിസ് നീക്കം ചെയ്തു. ഇരുവിഭാഗത്തെയും സാമുദായിക നേതാക്കളും പ്രദേശവാസികളും ഒറ്റക്കെട്ടായി സമാധാനശ്രമങ്ങൾ നടത്തിയത് നാടിന് ആശ്വാസമായി. സ്ഥലത്തെ സംബന്ധിച്ച തർക്കം പരിഹരിക്കപ്പെടാനാകാതെ കിടന്നതിനാൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പൊലിസുകാരെ മാസങ്ങളോളം കാവലിനിടുകയും ചെയ്തു. പല തവണ കലക്ട്രേറ്റിൽ ഹിയറിങ് നടത്തി. ഒടുവിൽ, ഒന്നരയേക്കർ ഭൂമി പള്ളിക്കുണ്ടെന്നും 50 സെന്റ് ഹൈന്ദവവിശ്വാസികൾക്കനുവദിച്ചും ജില്ലാ കലക്ടർ, ദേവികുളം ആർ. ഡി. ഒ, ഉടുമ്പൻചോല തഹസീൽദാർ എന്നിവരുടെ നേതൃത്വത്തിൽ തീർപ്പുകൽപിച്ചു രേഖയാക്കി. ഇതോടെയാണ് ശാശ്വത ശാന്തിയിലേക്ക് എഴുകുംവയൽ മടങ്ങിയത്. പിന്നീട് സമീപത്തെ ഒന്നരയേക്കർ ഭൂമി പള്ളിയധികൃതർ വിലകൊടുത്തുവാങ്ങി.

ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും ഭൂമി അളന്നുതിരിച്ചുകൊടുത്തു

ചെങ്കുത്തായ മലയിലേക്കുള്ള വഴി എഴുകുംവയൽ ജംഗ്ഷനിൽനിന്ന് ഏകദേശം 200 മീറ്റർ അകലെ കൂമ്പന്മല റോഡിൽനിന്ന് ആരംഭിക്കുന്നു. കാർഷിക മേഖലയി(സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങൾ)ലൂടെയാണ് കടന്നുപോകുന്നത്. മൂന്നു വശവും ചെങ്കുത്തായ പാറകളുള്ള മലയാണിത്. ഒരു വശത്ത് കൃഷിഭൂമിയും. ഈ ഭൂമിയിലൂടെയുള്ള നടപ്പുവഴിയാണ് മലയിലേക്കെത്താൻ ഉപയോഗിക്കുന്നത്. എട്ടോളം പേരുടെ കൈവശത്തിലുള്ള ഭൂമിയുടെ അതിരിലൂടെയാണ് വഴി. പള്ളിവക സ്ഥലത്തുനിന്ന് 150 മീറ്റർ മാറിയാണ് 50 സെന്റ് ഭൂമി ഹൈന്ദവ വിശ്വാസികൾക്ക് നൽകി ഉത്തരവായത്. രണ്ടു ഭൂമിക്കും ഇടയിലുള്ള സർക്കാർ ഭൂമി പള്ളിയിലെ ദുഃഖവെള്ളി ശുശ്രൂഷാ സമയത്ത് വിശ്വാസികൾക്ക് ഉപയോഗിക്കാൻ രേഖാമൂലം അനുമതിയും നൽകി. പള്ളിയുടെയും ഹൈന്ദവരുടെയും ഭൂമി കല്ലുകൾ സ്ഥാപിച്ചും പെയിന്റുപയോഗിച്ച് പാറമേൽ വരച്ചും തിരിച്ചിട്ടിരിക്കുന്നത് പിന്നീടുണ്ടാകാവുന്ന തർക്കങ്ങൾ ഒഴിവാക്കാനാണ്.

പള്ളിവക സ്ഥലത്തിന് മൂന്നുവശവും, ഹൈന്ദവവിശ്വാസികളുടെ ഭൂമിയുടെ നാല് വശവും സർക്കാർ ഭൂമിയാണ്. മൂന്നാർ പാപ്പാത്തിച്ചോലയിൽ നിലവിലെ പ്രശ്‌നം പൂർണമായും സർക്കാർ ഭൂമിക്കുള്ളിൽ കുരിശ് സ്ഥാപിച്ച് കയ്യേറിയതാണ്. വാഗമൺ ഉൾപ്പെടെ ചില കേന്ദ്രങ്ങളിലും തർക്കത്തിനാധാരം റവന്യൂ ഭൂമിയുടെ നടുവിൽ കുരിശ് സ്ഥാപിക്കപ്പെട്ടതാണ്. മലമുകളിൽ പള്ളിവക സ്ഥലത്തിന്റെ ഒരു ദിക്ക് കാർഷിക മേഖലയാണ്. മറ്റ് മൂന്ന് ദിശകളിൽ മാത്രമാണ് റവന്യൂ ഭൂമിയുള്ളത്. പള്ളിവക സ്ഥലത്തോട് ചേർന്നു കിടക്കുന്ന കൃഷി ഭൂമികളുടെ ഉടമസ്ഥാവകാശ രേഖകളിൽ ഒരു അതിരായി പതിറ്റാണ്ടുകൾക്കുമുമ്പുതന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നു കലക്ട്രേറ്റിലെ ഹിയറിങ്ങിൽ കണ്ടെത്തിയിരുന്നു.അതും സമീപകാലത്ത്. 1977 ജനുവരി ഒന്നിനു മുമ്പുള്ള കുടിയേറ്റങ്ങൾ മാത്രമാണ് നിയമപരമായി നിലനിൽക്കുന്നത്.എന്നാൽ എഴുകുംവയൽ മലയിൽ ഇത്തരമൊരു സ്ഥിതിവിശേഷമല്ല. ഇവിടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ നിർദിഷ്ട കാലപരിധിക്കും വളരെ മുമ്പേയുള്ളതാണെന്നതു തർക്കങ്ങൾ വേഗത്തിലും നീതിയുക്തമായും പരിഹരിക്കുന്നതിൽ നിർണായകമായി.

കൈയേറ്റ ഭൂമിയെ മതമൈത്രിയുടെ പ്രതീകമായി വിശേഷിപ്പിച്ച അനന്തരകാലം

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കുരിശിന്റെ പേരിൽ കയ്യേറ്റവും വിവാദങ്ങളും മതസ്പർധയും വർധിക്കുമ്പോഴും മതമൈത്രിയുടെയും പരസ്പരസൗഹാർദത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി നിലകൊള്ളുകയാണ് ഇപ്പോൾ എഴുകുംവയൽ നിത്യസഹായമാതാ പള്ളിയുടെ കുരിശുമല. ഏഷ്യയിലെ ഏറ്റവും വലിയ ക്രൂശിതരൂപം രൂപമാണ് മലയുടെ മുകളിലുള്ളത്. ദുഃഖവെള്ളി ആചരണത്തിന് ലക്ഷക്കണക്കിന് വിശ്വാസികൾ മലയിലെത്താറുണ്ട്. ഇത്തവണ വലിയ നോയമ്പുകാലത്ത് രണ്ടര ലക്ഷത്തോളം വിശ്വാസികളാണ് മലചവിട്ടിയത് ദുഃഖവെള്ളിയാഴ്ച മാത്രം കുരിശിന്റെ വഴിയിൽ പങ്കാളികളായത് മുക്കാൽ ലക്ഷത്തോളം ഭക്തരാണ്. ക്രൂശിത രൂപത്തിന്റെ വലിപ്പം നൽകുന്ന റിക്കോർഡിനും തീക്ഷ്ണമായ വിശ്വാസത്തിലൂടെ ലഭിക്കുന്ന ഫലസിദ്ധിയേക്കാളുമുപരി എഴുകുംവയൽ കുരിശുമലയെ പ്രസിദ്ധമാക്കുന്നതാണ് ഇവിടുത്തെ മതസൗഹാർദവും കാഴ്ചയുടെ മധുരവും.

മലമുകളിലെ കുരിശിനു തൊട്ടടുത്ത് ഹൈന്ദവവിശ്വാസികളുടെ ആരാധനാകേന്ദ്രം മാനവ മൈത്രിയുടെ ഒരുമ വിളിച്ചോതി നിൽക്കുന്നതാണ് പ്രത്യേകത. അക്ഷരത്തെറ്റുപോല ഒരിക്കൽ എവിടെനിന്നോ ഉയർന്നുവന്ന സമുദായസ്പർധയെ സംയമനത്തോടെ അതിജീവിക്കാനായ പ്രദേശവാസികളുടെയും മതനേതാക്കളുടെയും മനുഷ്യസ്‌നേഹത്തിന്റെ പ്രതീകം കൂടിയാണ് കുരിശും സമീപത്തെ ശൂലവും കൽവിളക്കും. കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച ക്രൂശിതരൂപത്തെ വണങ്ങി അനുഗ്രഹം പ്രാപിക്കാൻ ജനങ്ങൾ തിരക്കുകൂട്ടുമ്പോൾ, കൽവിളക്കിൽ എരിയുന്ന അഗ്‌നിജ്വാലകൾക്കുമുമ്പിൽ വിഷു ആഘോഷങ്ങളുമായി ഹൈന്ദവ സഹോദരരും നിറസാന്നിധ്യമായി. പതിറ്റാണ്ട് മുമ്പുണ്ടായ ഒരു കലഹത്തിൽ അന്ന് നാടു വിറകൊണ്ടെങ്കിലും കുടിയേറ്റജനതയുടെ ദീർഘവീക്ഷണവും ഹൃദയവിശാലതയും കാട്ടുതീപോലെ കത്തിപ്പടരാവുന്ന അഗ്‌നിയെ ക്രമേണ ഭസ്മമാക്കുകയായിരുന്നു. പിന്നീടിങ്ങോട്ട് മതസൗഹാർദത്തിന്റെ പര്യായമായി കുരിശുമല മാറുകയായിരുന്നു.

ദൃശ്യചാരുത എഴുകുംവയൽ മലയെ ആകർഷകമാക്കുന്ന പ്രധാന ഘടകമാണ്. മൂന്നാർപള്ളിവാസൽ മേഖലകൾ, ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശവും കാൽവരിമൗണ്ട് മലനിരകളും രാമക്കൽമേട് ടൂറിസ്റ്റ് സങ്കേതവുമൊക്കെ ഇവിടെനിന്നാൽ കാണാനാകും. നെടുങ്കണ്ടം, ഇരട്ടയാർ, കട്ടപ്പന തുടങ്ങിയ ടൗണുകളുടെ ഭാഗവും പള്ളികളും ക്ഷേത്രങ്ങളുമടക്കം 25ഓളം ആരാധനാലയങ്ങളും കാഴ്ചയുടെ പരിധിയിലുണ്ട്. എപ്പോഴും വീശുന്ന കുളിർകാറ്റ് മലമേലേക്കുള്ള യാത്രയുടെ ക്ഷീണമകറ്റും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP