Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അച്ഛൻ പത്രസമ്മേളനം നടത്തി തള്ളി പറഞ്ഞിട്ടും കൈവിടാത്തത് 'ഭഗവാൻ' മാത്രം; ലുക്ക് ഔട്ട് നോട്ടീസിറക്കിയിട്ടും അഴിക്കുള്ളിലാവാതെ രക്ഷപ്പെട്ടത് ഈശ്വര കടാക്ഷം മൂലം; ഓഷിവാര പൊലീസ് സ്‌റ്റേഷനിൽ എത്തി മൊഴി കൊടുത്തും ഡിഎൻഎ പരിശോധനയ്ക്ക് സമ്മതം അറിയിച്ചതിനും ശേഷം ഓടിയെത്തിയത് കണ്ണന് നന്ദി പറയാൻ; ഒപ്പമുണ്ടായിരുന്നത് ആത്മസുഹൃത്തായ നിറപറയുടെ മുതലാളി ബിജുവും; കോടിയേരി കുടുംബത്തിന്റെ ദൈവ വിശ്വാസം ചർച്ചയാക്കി ബിനോയുടെ ഗുരുവായൂരിലെ നിർമ്മാല്യ ദർശനം

അച്ഛൻ പത്രസമ്മേളനം നടത്തി തള്ളി പറഞ്ഞിട്ടും കൈവിടാത്തത് 'ഭഗവാൻ' മാത്രം; ലുക്ക് ഔട്ട് നോട്ടീസിറക്കിയിട്ടും അഴിക്കുള്ളിലാവാതെ രക്ഷപ്പെട്ടത് ഈശ്വര കടാക്ഷം മൂലം; ഓഷിവാര പൊലീസ് സ്‌റ്റേഷനിൽ എത്തി മൊഴി കൊടുത്തും ഡിഎൻഎ പരിശോധനയ്ക്ക് സമ്മതം അറിയിച്ചതിനും ശേഷം ഓടിയെത്തിയത് കണ്ണന് നന്ദി പറയാൻ; ഒപ്പമുണ്ടായിരുന്നത് ആത്മസുഹൃത്തായ നിറപറയുടെ മുതലാളി ബിജുവും; കോടിയേരി കുടുംബത്തിന്റെ ദൈവ വിശ്വാസം ചർച്ചയാക്കി ബിനോയുടെ ഗുരുവായൂരിലെ നിർമ്മാല്യ ദർശനം

പ്രവീൺ സുകുമാരൻ

ഗുരുവായൂർ: അറസ്റ്റ് ഒഴിവായതിൽ നന്ദി പറയാൻ ബിനോയ് കോടിയേരി ഓടിയെത്തിയത് ഗുരുവായൂർ ക്ഷേത്ര നടയിൽ. ആപത്ത് ഘട്ടത്തിൽ അച്ഛൻ പോലും കൈവിട്ടപ്പോഴും ഈശ്വരൻ കൂടെ നിന്നതു കൊണ്ടാണ് ജയിൽ വാസം ഒഴിവായതെന്നാണ് ബിനോയിയുടെ വിശ്വാസം. അതുകൊണ്ടാണ് ഓഷിവാര പൊലീസ് സ്‌റ്റേഷനിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നേരെ ഗുരുവായൂരിൽ ബിനോയ് പറന്നിറങ്ങിയത്. പുലർച്ചെ നട തുറന്നപ്പോൾ തന്നെ കണ്ണനെ കണ്ട് നന്ദി അറിയിച്ചു. നിർമ്മാല്യ ദർശനം നടത്തിയതിനുശേഷം വഴിപാട് ചീട്ടാക്കിയാണ് മടങ്ങിയത്.

നിറപറയുടെ മുതലാളിയായ ബിജു മാത്രമാണ് ബിനോയിയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. ദർശനത്തിനുശേഷം ഉടനെ ഗുരുവായൂരിൽ നിന്ന് മടങ്ങുകയും ചെയ്തു. കേസിൽ അറസ്റ്റ് ഒഴിവായാൽ ഗുരുവായൂരപ്പെന തൊഴാമെന്ന് നേർന്നിരുന്നു. ഇതാണ് നാടകീയ സംഭവങ്ങൾക്ക് അടുത്ത ദിവസം തന്നെ ബിനോയ് ചെയ്തതും. എല്ലാ തിങ്കളാഴ്ചയും ബിനോയിക്ക് മുംബൈയിലെ കോടതിയിൽ ഹാജരാകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ബിനോയ് ഉടൻ മുംബൈയിൽ തിരിച്ചെത്തുമെന്നാണ് സൂചന. ഡിഎൻഎ പരിശോധനയ്ക്കും വിധേയനാകണം. ഇതെല്ലാം നല്ല രീതിയിൽ വരുമെന്നാണ് ബിനോയിയുടെ പ്രതീക്ഷ. ഇതിന് വേണ്ടി കൂടി പ്രാർത്ഥിച്ചാണ് ബിനോയിയുടെ മടക്കം.

ബിഹാർ സ്വദേശിനിയായ യുവതിയുടെ പീഡനപരാതിയിൽ ഇന്നലെ രാവിലെ മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ് ചോദ്യംചെയ്യലിന് ഹാജരായിരുന്നു. കോടതി തീരുമാന പ്രകാരമായിരുന്നു ഇത്. ബിനോയിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. ജാമ്യം കിട്ടാതിരിക്കാൻ യുവതി ഒട്ടേറെ തെളിവുകളും നൽകി. കേസ് വന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയായ അച്ഛൻ കോടിയേരി ബാലകൃഷ്ണനും മകനെ കൈവിട്ടു. പത്ര സമ്മേളനം നടത്തി തന്നെ മകനെ സഹായിക്കില്ലെന്ന് പ്രഖ്യാപിച്ചു. കാശ് കൊടുത്ത് കേസൊതുക്കാനുള്ള നീക്കവും പൊളിഞ്ഞു. ഇതിനിടെയാണ് ഉപാധികളോടെ മുൻകൂർ ജാമ്യം കോടതി അനുവദിച്ചത്. അതുകൊണ്ട് മാത്രമാണ് ജയിൽ വാസം ഒഴിവായത്. ഇതിന് കാരണം ഈശ്വരാനുഗ്രഹം മാത്രമാണെന്നാണ് ബിനോയ് പറയുന്നത്.

ബിനോയിയുടെ അടുത്ത സുഹൃത്താണ് നിറപറയുടെ മുതലാളി കൂടിയായ ബിജു. ആരേയും അറിയിക്കാതെ ഉറ്റ സുഹൃത്തിനേയും കൂട്ടി ഗുരൂവായൂരിലെത്തിയത്. മറ്റ് കുടുംബാഗങ്ങളാരും കൂടെ ഉണ്ടായിരുന്നില്ല. ഹാർയുവതിയുടെ ബലാത്സംഗപരാതിയിൽ ഡി.എൻ.എ. പരിശോധനയ്ക്കു സമ്മതമറിയിച്ചാണ് ബിനോയ് കോടിയേരി ഇന്നലെ കേരളത്തിലേക്ക് മടങ്ങിയത്. രക്തസാംപിൾ നൽകണമെന്ന മുംബൈ ഓഷിവാര പൊലീസിന്റെ ആവശ്യം ബിനോയ് അംഗീകരിച്ചു. അടുത്ത തിങ്കളാഴ്ച ഡി.എൻ.എ. പരിശോധനയ്ക്ക് വിധേയമാകാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാരാശുപത്രിയിൽ രക്തസാംപിളുകൾ ശേഖരിച്ചശേഷം മുംബൈ കലീനയിലെ ഫോറൻസിക് ലാബിലാണ് പരിശോധന നടത്തുക. തിങ്കളാഴ്ച 12.15-ന് ഓഷിവാര പൊലീസ് സ്റ്റേഷനിൽ എത്തിയ ബിനോയിയെ അരമണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. 12.50-ന് തിരിച്ചുപോകുകയുംചെയ്തു. ഇതിന് ശേഷമാണ് ഗുരുവായൂർ ദർശനത്തിന് എത്തിയത്.

പീഡനപരാതി നല്കിയ യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം അറിയാൻ പൊലീസ് ആവശ്യപ്പെട്ടാൽ ഡി.എൻ.എ. പരിശോധനയ്ക്ക് വിധേയനാകണമെന്ന് ജാമ്യം അനുവദിച്ച മുംബൈ ദിൻദോഷിയിലെ സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു. ഒരു മാസം എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനോയ് തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിലെത്തിയത്. ജൂലായ് മൂന്നിന് മുൻകൂർ ജാമ്യം ലഭിച്ചതിനുശേഷം നാലിന് ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയ ബിനോയിയെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ബിനോയിയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും മുംബൈ പൊലീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ തീർത്തും പ്രതിരോധത്തിലായ ബിനോയ് കേരളത്തിൽ ഒളിവിലുണ്ടെന്നും മുംബൈ പൊലീസ് കണ്ടെത്തിയിരുന്നു. ജാമ്യ ഹർജിയിൽ പ്രതികൂല തീരുമാനം വരുമെന്നായിരുന്നു മുംബൈ കോടതിയുടെ പ്രതീക്ഷ. എന്നാൽ അപ്രതീക്ഷിതമായി കോടതി ജ്യാമം അനുവദിക്കുകയായിരുന്നു.

കോടിയേരി ബാലകൃഷ്ണൻ അവിശ്വാസിയാണെങ്കിലും കുടുംബം വിശ്വാസികളാണ്. ബിനോയിയുടെ അനുജൻ ബിനീഷ് ശബരിമല അയ്യപ്പന്റെ ഭക്തനാണ്. കാടാംമ്പുഴ ക്ഷേത്രത്തിൽ നടത്തിയ പൂമൂടലും കുടുംബ വീട്ടിലെ പൂജകളുമെല്ലാം പലപ്പോഴും ചർച്ചകളിലും എത്തി. ബിനോയിയുടെ ഗുരുവായൂർ ക്ഷേത്ര ദർശനവും സിപിഎം കുടുംബത്തിന്റെ ഭക്തിയുടെ തെളിവാണ്. ഈ ഭക്തിമാത്രമാണ് തന്നെ ജയിൽ വാസത്തിൽ നിന്ന് രക്ഷിച്ചതെന്ന് ബിനോയിയും വിശ്വസിക്കുന്നു. അച്ഛൻ പോലും തള്ളി പറഞ്ഞിട്ടും പതറാതെ മുമ്പോട്ട് പോയത് ഈ കരുത്തിലാണെന്നും വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഗുരുവായൂരിൽ ഓടിയെത്തിയത്.

അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായ ബിനോയ് കോടിയേരിയെ പൊലീസ് ചോദ്യം ചെയ്തു. യുവതി ഹാജരാക്കിയ തെളിവുകളിൽ ബിനോയ് കോടിയേരിയുടെ വിശദീകരണം തേടിയ ശേഷമാണ് ഡിഎൻഎ പരിശോധനയ്ക്ക് സന്നദ്ധനാവണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. അടുത്ത തിങ്കളാഴ്ച പരിശോധനയ്ക്കായി രക്തസാമ്പിൾ നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന വേണമെന്നായിരുന്നു പീഡനപരാതി ഉന്നയിച്ച യുവതിയുടെ പ്രധാന ആവശ്യം. അതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ തീരുമാനമെടുക്കാമെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു. തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP