Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഗ്രഹിച്ചത് രണ്ടാമൂഴത്തിലൂടെ മഹാഭാരതത്തിന് പുതിയ ഭാഷ്യം ചമയ്ക്കാൻ; എംടി ഉടക്കിയപ്പോൾ 1000 കോടിയുടെ പ്രോജക്ടിൽ നിന്നും ബിആർ ഷെട്ടി പിന്മാറി; പിടിച്ചു നിൽക്കാൻ പിന്നെ കണ്ടെത്തിയത് മോഹൻലാൽ നായകനാകുന്ന 'സാക്ഷാൽ പിണറായിയുടെ' ജീവിത സിനിമ; ഊരി പടിച്ച കത്തിക്കും ഉയർത്തി പിടിച്ച വാളിന് നടുവിലൂടെ നടന്ന സഖാവിന്റെ കഥ ഇനി സിനിമയാകില്ല; വ്യക്തിപൂജാ വിവാദം ഭയന്ന് ബയോപിക്കിൽ നിന്ന് പിണറായിയുടെ പിന്മാറ്റം; ബാലനെ മുൻനിർത്തിയുള്ള കളിയും പൊളിഞ്ഞു; പുഷ് ശ്രീകുമാർ വീണ്ടും നിരാശൻ

ആഗ്രഹിച്ചത് രണ്ടാമൂഴത്തിലൂടെ മഹാഭാരതത്തിന് പുതിയ ഭാഷ്യം ചമയ്ക്കാൻ; എംടി ഉടക്കിയപ്പോൾ 1000 കോടിയുടെ പ്രോജക്ടിൽ നിന്നും ബിആർ ഷെട്ടി പിന്മാറി; പിടിച്ചു നിൽക്കാൻ പിന്നെ കണ്ടെത്തിയത് മോഹൻലാൽ നായകനാകുന്ന 'സാക്ഷാൽ പിണറായിയുടെ' ജീവിത സിനിമ; ഊരി പടിച്ച കത്തിക്കും ഉയർത്തി പിടിച്ച വാളിന് നടുവിലൂടെ നടന്ന സഖാവിന്റെ കഥ ഇനി സിനിമയാകില്ല; വ്യക്തിപൂജാ വിവാദം ഭയന്ന് ബയോപിക്കിൽ നിന്ന് പിണറായിയുടെ പിന്മാറ്റം; ബാലനെ മുൻനിർത്തിയുള്ള കളിയും പൊളിഞ്ഞു; പുഷ് ശ്രീകുമാർ വീണ്ടും നിരാശൻ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: എംടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്ര ഭാഷ്യം നിയമകുരുക്കിൽ പെട്ടതോടെ ഒടിയൻ സിനിമയുടെ നിർമ്മാതാവായ ശ്രീകുമാർ മേനോൻ കരുക്കൾ നീക്കിയത് സാക്ഷാൽ പിണറായി വിജയന്റെ ജീവിതം സിനിമയാക്കാൻ! തുടക്കത്തിൽ പ്രോജക്ടിനോട് താൽപ്പര്യം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഒടുവിൽ പദ്ധതിക്ക് നോ പറഞ്ഞു. ഗുണത്തേക്കാൾ ദോഷമാകും ഈ സിനിമ ചെയ്യുകയെന്ന ഉപദേശം കിട്ടിയതോടെയാണ് ശ്രീകുമാറിന്റെ ബയോപിക്കിന് മുഖ്യമന്ത്രി വിസമ്മതം അറിയിച്ചത്. സിനിമയിൽ പിണറായി ആയി അഭിനയിക്കാൻ ശ്രീകുമാർ മേനോൻ മനസ്സിൽ കണ്ടത് മോഹൻലാലിനെയാണ്. ലാലും പദ്ധതിയുമായി സഹകരിക്കാനില്ലെന്ന് അപ്പോൾ തന്നെ ശ്രീകുമാർ മനോനെ അറിയിച്ചതായാണ് സൂചന.

സാംസ്‌കാരിക മന്ത്രി കൂടിയായ എകെ ബാലൻ വഴിയാണ് സിനിമയുടെ ആശയം മുഖ്യമന്ത്രിയെ ശ്രീകുമാർ ധരിപ്പിച്ചത്. തുടർന്ന് ചർച്ചകളും നടന്നു. ഒടിയൻ സിനിമയുടെ സംവിധായകനായ ശ്രീകുമാർ മേനോന് സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്നായിരന്നു ബാലൻ പിണറായിയെ അറിയിച്ചത്. അദ്ദേഹം അതിന്റെ വിശദാംശങ്ങൾ തിരിക്കിയില്ല. എന്നാൽ തന്റെ ജീവ ചരിത്രം ആയതു കൊണ്ട് തന്നെ പാർട്ടിയെ ഇക്കാര്യം പിണറായി അറിയിക്കുകയായിരുന്നു. വ്യക്തിപൂജാ വിവാദങ്ങൾ സിപിഎമ്മിനെ പിടിച്ചുലച്ചിരുന്നു. പി ജയരാജനുമായി ബന്ധപ്പെട്ട് കർശന തീരുമാനങ്ങൾ സിപിഎം എടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ വ്യക്തിപൂജയായി സിനിമ വിലയിരുത്തുമെന്ന സംശയം പിണറായിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് പാർട്ടിയെ അറിയിച്ചത്.

ഈ സമയം പാർട്ടി കാര്യങ്ങൾ തിരക്കി. സിനിമ വേണ്ടെന്ന പൊതു അഭിപ്രായമാണ് സിപിഎം അനുഭാവികളായ സിനിമാക്കാർ നൽകിയത്. ഇത് പലവിധ വിവാദമുണ്ടാകുമെന്നും വിശദീകരിച്ചു. ഒടിയൻ സിനിമ ബോക്സ് ഓഫീസിൽ വിജയമായെങ്കിലും അതുമായി ബന്ധപ്പെട്ടുയർന്ന പ്രേക്ഷകാഭിപ്രായങ്ങളും ചർച്ചയായി. അങ്ങനെ ശ്രീകുമാർ മേനോനുമായി സിനിമാ സഹകരണം വേണ്ടെന്ന നിലപാടിലാണ് സിപിഎം എത്തിയത്. ഇക്കാര്യം പിണറായിയെ കാര്യകാരണ സഹിതം ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. ശ്രീകുമാർ മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇതോടെ പിണറായിയുടെ കാതിലെത്തി. ഇതോടെയാണ് സിനിമ വേണ്ടെന്ന തീരുമാനം പിണറായി എടുത്തതും.

സാസ്‌കാരിക മന്ത്രിക്കാണ് സിനിമയുടേയും ചുമതല. അതുകൊണ്ടാണ് ബാലൻ മന്ത്രി വഴി പിണറായിലേക്ക് ശ്രീകുമാർ എത്തിയത്. പാലക്കാടുകാരാണ് ഇരുവരും. സിനിമയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന സന്ദേശം ബാലനാണ് അതുകൊണ്ട് തന്നെ മുഖ്യമന്ത്രി നൽകിയത്. ഇത്തരം ആൾക്കാരെ ദയവ് ചെയ്ത് തന്റെ അടുത്തേക്ക് അയയ്ക്കരുതെന്നും പിണറായി നിർദ്ദേശിച്ചതായി സൂചനയുണ്ട്. ഏതായാലും ആദ്യം മോഹൻലാലും പിന്നീട് സാക്ഷാൽ പിണറായിയും സിനിമയോട് നോ പറഞ്ഞു. ഇതോടെയാണ് ശ്രീകുമാർ മേനോൻ നിരാശനായത്. എന്നാൽ ഇനിയും ശ്രീകുമാർ മേനോൻ പ്രതീക്ഷ കൈവിട്ടിട്ടില്ല.

സിനിമയുടെ അണിയറ പ്രവർത്തനങ്ങളിൽ ശ്രീകുമാർ മേനോൻ സജീവമാണ്. കഥയും തിരക്കഥയും എഴുതുകയാണ് ഇപ്പോഴെന്നും സൂചനയുണ്ട്. പിണറായിയുടെ അനുമതി കിട്ടിയില്ലെങ്കിൽ ഇരട്ടച്ചങ്കനെ കുറിച്ച് പിണറായി എന്ന പേരുപറയാതെ അതുമായി സാമ്യമുള്ള കഥാ പശ്ചാത്തലത്തിലൂടെ മറ്റൊരു സ്വതന്ത്ര സിനിമ ചെയ്യാനാണ് പദ്ധതി. എന്നാൽ സിപിഎം ഈ സിനിമയോട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക സജീവമാണ്. അതുകൊണ്ട് ഇനി ശ്രീകുമാർ മേനോന്റെ പിണറായി പ്രോജക്ട് നടക്കില്ലെന്നാണ് സിനിമാക്കാർക്കിടയിലെ സംസാര വിഷയം. പിണറായിയെ കുറിച്ച് സിനിമയെടുക്കാൻ മറ്റ് ചിലരും ശ്രമം നടത്തുന്നുണ്ട്. എന്നാൽ ബയോപിക്കുകളോട് പിണറായി സഹകരിക്കില്ല.

ബ്രണ്ണൻ കോളേജിൽ തൂങ്ങി കിടന്ന വാളുകൾക്കിയിലൂടെ നടന്ന പിണറായിയുടെ ജനനം മുതൽ മുഖ്യമന്ത്രി കസേരയിൽ എത്തും വരെയുള്ള കഥ അവതരിപ്പിക്കാനാണ് ശ്രീകുമാർ മേനോൻ ആഗ്രഹിച്ചിരുന്നത്. സാധാരണക്കാരനായ പിണറായി എങ്ങനെ കേരളത്തിന്റെ ഭരണകസേരയിൽ എത്തിയെന്നതിന്റെ നേർ ചിത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ഇത്തരത്തിൽ ബയോപിക് ഇറങ്ങിയിരുന്നു. സമാന സ്വാഭവത്തിൽ പിണറായി എന്ന രാഷ്ട്രീയക്കാരനെ അവതരിപ്പിക്കാനായിരുന്നു പദ്ധതി. എംടിയുടെ രണ്ടാമൂഴം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് ഈ നീക്കം ശ്രീകുമാർ മേനോൻ നടത്തിയത്.

ഒടിയനിൽ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കിലും ശ്രീകുമാർ മേനോന് ഒരു ഡേറ്റ് കൂടി കൊടുക്കാൻ ലാലിനും ആഗ്രഹമുണ്ടായിരുന്നു. പിണറായിയുടെ കഥയിലേക്ക് ലാൽ എത്തിയാൽ അത് ചരിത്ര വിജയമാകുമെന്നും കരുതി. വേണു നാഗവള്ളിയുടെ ലാൽ സലാം മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ നിർണ്ണായക സിനിമയാണ്. അതിലെ നെട്ടൂരാൻ ഇന്നും ജനഹൃദയങ്ങളിലുണ്ട്. ഇതെല്ലാം മനസ്സിൽ വച്ചാണ് പിണറായിയുടെ കഥ പറയുന്ന കമ്മ്യൂണിസ്റ്റ് ചിത്രത്തിൽ ലാലിനെ ശ്രീകുമാർ മേനോൻ മനസ്സിൽ കണ്ടത്. എന്നാൽ ലാലിന് ഈ പ്രോജക്ടിനോട് ആദ്യം മുതലേ താൽപ്പര്യമില്ലായിരുന്നു. പിണറായിയിൽ നിന്ന് അനുമതി കിട്ടില്ലെന്നും ലാൽ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു.

നേരത്തെ മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ സിനിമ ചെയ്യുന്നുവെന്ന് പ്രചരിക്കുന്ന വ്യാജവാർത്തകൾക്കും പോസ്റ്ററിനുമെതിരെ സംവിധായകൻ രംഗത്ത് എത്തിയിരുന്നു. മോഹൻലാലിന്റെ ചിത്രത്തോടൊപ്പം ദ കോമറേഡ് എന്ന പേരിൽ ഒരു പോസ്റ്ററും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. പിണറായിയുടെ ബയോപിക്കിന് വേണ്ടി തയ്യാറാക്കിയതായിരുന്നു ഈ പോസ്റ്ററെന്നും സൂചനയുണ്ട്. ഹരികൃഷ്ണന്റെ തിരക്കഥയിൽ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പേരിൽ 'ദ കോമ്രേഡ്' എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. ഒടിയൻ എന്ന ചിത്രത്തിന്റെ ആലോചനകൾക്കു മുമ്പേ താൻ ആലോചിച്ച പ്രൊജക്ട് ആണിതെന്നും അതിന്റെ ഭാഗമായി വരച്ച ചില സ്‌കെച്ചുകൾ ഇപ്പോൾ ആരോ പുറത്തു വിട്ടിരിക്കയാണെന്നുമാണ് ശ്രീകുമാർ മേനോൻ പോസ്റ്റിലൂടെ വിശദീകരിച്ചിരുന്നു.

ഇന്ന് സോഷ്യൽ മീഡിയയിൽ ഞാൻ ശ്രീ മോഹൻലാലിനെ നായകനാക്കി കോമ്രേഡ് എന്ന പേരിൽ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകൾ പ്രചരിക്കുക ഉണ്ടായി. ക്രിയേറ്റീവ് പോസ്റ്റേഴ്‌സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ് കളും ആലോചിക്കും. അതിൽ ചിലത് നടക്കും ചിലത് നടക്കില്ല. കോമ്രേഡ് എന്ന ഈ പ്രൊജക്റ്റ് വളരെ മുൻപ് ആലോചിച്ചത് ആണ് ഒടിയനും മുൻപേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോൺസെപ്‌റ് സ്‌കെച്ച്കൾ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാർത്ത യാഥാർഥ്യം അല്ല. ലാലേട്ടൻ അറിയാത്ത വാർത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് ആര് പുറത്തുവിട്ടതാണെങ്കിലും വർക്ക് എത്തിക്‌സ്നു നിരക്കാത്ത പ്രവർത്തിയായി പോയി.-ഇതായിരുന്നു ശ്രീകുമാർ മേനോന്റെ അന്നത്തെ പ്രതികരണം.

രസ്യ സംവിധായകരിൽ ശ്രദ്ധേയനായിരുന്നു പുഷ് ശ്രീകുമാർ. കല്യാണിന്റെ പരസ്യങ്ങളിലൂടെ കൈയടി നേടിയ മലയാളി. എന്നാൽ ദിലീപ്-മഞ്ജു വാര്യർ കുടുംബ പ്രശ്‌നങ്ങളോടെയാണ് ശ്രീകുമാർ മേനോൻ എന്ന പുഷ് ശ്രീകുമാർ മലയാളികൾക്കിയിൽ ചർച്ചാ വിഷയമാകുന്നത്. തന്റെ കുടുംബ പ്രശ്‌നത്തിൽ ദിലീപ് എന്നും വില്ലൻ സ്ഥാനത്ത് നിർത്തിയത് ശ്രീകുമാർ മേനോനെയാണ്. പിന്നീട് മോഹൻലാൽ നായകനായി 1000 കോടിയുടെ ബ്രഹ്മാണ്ഢ ചിത്രം രണ്ടാമൂഴം പ്രഖ്യാപിച്ചു. മലയാളത്തിലെ ഏറ്റവും ബജറ്റുള്ള ഒടിയൻ എന്ന സിനിമയുമായി വെള്ളിത്തിരയിലേക്കും കാലെടുത്തു വച്ചു. ഇങ്ങനെ മലയാള സിനിമയിലെ പ്രധാനിയായി മാറാനുള്ള ശ്രമത്തിനിടെയിൽ ശ്രീകുമാർ മേനോൻ തന്റെ ബ്രാൻഡിനെ കൈവിട്ടു. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പുഷ് എന്ന പരസ്യ കമ്പനി ഇന്ന് സാമ്പത്തിക പ്രതിസന്ധിയാൽ നട്ടം തിരിയുകയാണ്. ഇതോടെ കമ്പനി പൂട്ടി.

പരസ്യകല, ബ്രാൻഡിങ്, സ്ട്രാറ്റജിക് കൺസൾട്ടിങ്, പബ്ലിക് റിലേഷൻസ്, ഡിജിറ്റൽ ഈവന്റ്സ്, സെലിബ്രിറ്റി മാനേജ്‌മെന്റ്, എന്റ്‌റർറ്റെയിന്മെന്റ് ഇൻഫ്രാസ്ട്രക്ച്ചർ വികസന മേഖലകളിലായിരുന്നു പുഷ് ഇന്റ്‌റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസ് പ്രവർത്തിച്ചിരുന്നത്. ഇതിന് ശേഷം ചലച്ചിത്ര നിർമ്മാണ വിതരണ രംഗത്ത് മാറ്റത്തിന് തുടക്കം കുറിക്കുമെന്ന അവകാശവാദവുമായണ് പുഷ് ഇന്റ്‌റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസും എയോൺ ഇൻഫ്രാസ്ട്രക്ച്ചറും ചേർന്ന് രൂപം നൽകിയ എന്റ്‌റർറ്റെയിന്മെന്റ് കൺസോർഷ്യമായ പുഷ് മോഷൻ പിക്ച്ചർ കമ്പനി & എയോൺ എന്റർറ്റെയിന്മെന്റ് നിലവിൽ വന്നു. ഈ പദ്ധതികളെല്ലാം ഇന്ന് പ്രതിസന്ധിയിലാണ്.

ദക്ഷിണേന്ത്യയിൽ 10 മൾട്ടിപ്ലക്‌സ് സ്‌ക്രീനുകൾ സ്ഥാപിക്കുമെന്നും 2020 ൽ രാജ്യത്ത്് 50 സ്‌ക്രീനുകളും 2022 ൽ 100 സ്‌ക്രീനുകളും നിർമ്മിക്കുമെന്നുമുള്ള അവകാശ വാദങ്ങളും നിരത്തി. ഇതെല്ലാം പൊളിയുകയാണ്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച പുഷ് പടിപടിയായി വളർന്ന് യു എ ഇ, മെന, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. ആഗോള വിപണി കീഴടക്കിയ പ്രമുഖ ബ്രാൻഡുകളെല്ലാം പുഷിന്റെ ക്ലയന്റാവുകയും ചെയ്തു. എന്നാൽ ഒടിയനിലേക്ക് ശ്രീകുമാർ മേനോൻ ശ്രദ്ധമാറ്റിയതോടെ എല്ലാം അവതാളത്തിലായി.

ഒരു കാലത്ത് അമിതാഭച്ചൻ, സച്ചിൻ ടെന്റുൽക്കർ, പുനീത് രാജ്കുമാർ, ചിരഞ്ചീവി തുടങ്ങി ഒട്ടനവധി സൂപ്പർ താരങ്ങളുടെ ബ്രാന്റ് ഹാന്റലിങ് ചെയ്തിരുന്നത് ഈ പാലക്കാടുകാരനായിരുന്നു. ഒടിയൻ സിനിമയ്ക്കിടെയാണ് പുഷിലെ തകർച്ച പുറംലോകത്ത് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP