Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടുക്കി ഡാമിൽ സുരക്ഷാബോട്ട് തീപിടിച്ചു മുങ്ങിയത് അട്ടിമറിയെന്നു സംശയം, സംഭവം ഇരുപതോളം പൊലിസുകാർ കാവൽനിൽക്കുന്ന അതിസുരക്ഷാമേഖലയിൽ, വൈദ്യുതി വകുപ്പ് ജീവനക്കാർ സംശയത്തിന്റെ നിഴലിൽ, ഫയർഫോഴ്‌സ് എത്തിയത് സൈറൺ മുഴക്കാതെ

ഇടുക്കി ഡാമിൽ സുരക്ഷാബോട്ട് തീപിടിച്ചു മുങ്ങിയത് അട്ടിമറിയെന്നു സംശയം, സംഭവം ഇരുപതോളം പൊലിസുകാർ കാവൽനിൽക്കുന്ന അതിസുരക്ഷാമേഖലയിൽ, വൈദ്യുതി വകുപ്പ് ജീവനക്കാർ സംശയത്തിന്റെ നിഴലിൽ, ഫയർഫോഴ്‌സ് എത്തിയത് സൈറൺ മുഴക്കാതെ

ഇടുക്കി: ഇടുക്കി ഡാമിന്റെ അതീവ സുരക്ഷാമേഖലയിൽ വൈദ്യുതി വകുപ്പിന്റെ ബോട്ട് കത്തിനശിച്ച സംഭവം അട്ടിമറിയെന്നു സൂചന. വൈദ്യുതി വകുപ്പിലെ ജീവനക്കാർ സംശയത്തിന്റെ നിഴലിലാണ്. ഇരുപതോളം പൊലീസുകാർ കാവൽ നിൽക്കുന്നതിനിടെ ബോട്ട് കത്തിയമർന്ന് ഡാമിൽ താഴ്ന്നതു സ്വാഭാവികമല്ലെന്ന വിലയിരുത്തലാണ് ഉന്നത പൊലിസ്‌വൃത്തങ്ങളിൽനിന്നുയരുന്നത്.

ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് കെ. എസ്. ഇ. ബിയുടെ നിരീക്ഷണബോട്ടായ പെരിയാർ ചെറുതോണിഡാമിന്റെ ഷട്ടറിനോടുചേർന്ന് എരിഞ്ഞുവീണത്. അന്നുരാവിലെ അറ്റകുറ്റപ്പണികൾ തീർത്തശേഷം അയ്യപ്പൻകോവിൽ, വൈരമണി തുടങ്ങിയ സ്ഥലങ്ങളിൽ സർവീസ് നടത്തി തിരിച്ചെത്തിയതാണ് കത്തിയ ബോട്ട്. സുരക്ഷാ വിഭാഗത്തിന്റെ ചുമതലയിലാണ് ബോട്ട് സൂക്ഷിച്ചിരുന്നത്. ഇതിനായി പ്രത്യേക ജീവനക്കാരനെയും നിയമിച്ചിട്ടുണ്ട്. സമീപത്തുതന്നെ പൊലിസ് ഗാർഡ് റൂമുണ്ട്. ഇതൊക്കെയായിട്ടും ബോട്ട് കത്തിയമർന്നശേഷമാണ് മറ്റുള്ളവർ അറിഞ്ഞതെന്ന വാദം സംശയത്തിനിട നൽകുകയാണ്.

ജലാശയത്തിന്റെ തീരത്തു കെട്ടിയിട്ടിരുന്ന ബോട്ട് തീപിടിച്ച് 100 മീറ്ററോളം മാറിയാണ് മുങ്ങിയത്. ഇടുക്കിയിൽനിന്ന് ഫയർ ഫോഴ്‌സ് എത്തിയപ്പോഴേക്കും ബോട്ട് വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. ഫയർഫോഴസ് എത്തിയത് സൈറൺ മുഴക്കുകയും ബീക്കൺ ലൈറ്റ് കത്തിക്കാതെയുമായിരുന്നതും ദുരൂഹത വർധിപ്പിക്കുകയാണ്. 2006-ൽ 14 ലക്ഷം രൂപ മുടക്കി സമുദ്ര എന്ന കമ്പനിയിൽനിന്നുമാണ് ബോട്ട് ഡാം സേഫ്ടി വിഭാഗം വാങ്ങിയത്. ആധുനിക സജ്ജീകരണങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ബോട്ടിൽ 12 പേർക്കാണ് യാത്ര ചെയ്യാവുന്നത്. ബാറ്ററിയുടെ വയറുകൾ കൂട്ടിമുട്ടി തീപിടിച്ചതാകാമെന്നാണ് കെ. എസ്. ഇ. ബിയിലെ ചില ഉന്നതരുടെ നിഗമനം. എന്നാൽ കേസ് അന്വേഷിക്കുന്ന പൊലിസ് ഇത് തള്ളിക്കളയുകയാണ്.

ബോട്ട് അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ പേരിൽ ക്രമക്കേടുകൾ പതിവാണെന്നും പെരിയാർ ബോട്ടിന്റെ പണികളിലെ ക്രമക്കേട് അന്വേഷിക്കാൻ ആലോചനയുണ്ടായതിനെ തുടർന്ന് ബോട്ട് കത്തിച്ചതാണെന്ന ആരോപണമാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽതന്നെ ഉയരുന്നത്. ബോട്ട് കെട്ടിയിട്ടിരുന്ന സ്ഥലത്ത് വൈദ്യുതി വകുപ്പിന്റെ ഉദ്യോഗസ്ഥരോ, പൊലിസോ അറിയാതെ പുറത്തുനിന്നും ആർക്കും എത്താനാവില്ല. യാദൃച്ഛികമായി തീ പിടിച്ചാൽ തന്നെ അപ്പോൾത്തന്നെ പൊലിസിന് അറിയാനാകും. ജലാശയത്തിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ട് 100 മീറ്ററോളം നീങ്ങി 300 അടിയിലേറെ ആഴമുള്ള ഭാഗത്താണ് മുങ്ങിയത്. ഡാമിലെ തന്നെ മറ്റൊരു ബോട്ടിൽ ഏഴോളം ഉദ്യോഗസ്ഥർ ചേർന്ന് കത്തിക്കൊണ്ടിരുന്ന ബോട്ടിനു സമീപമെത്തി നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് ബോട്ട് മുങ്ങിത്താണത്. അതിനു മുമ്പായി ബോട്ട് താഴ്ന്നു പോകാതിരിക്കാൻ ബോട്ടിൽ കയർ കെട്ടിയെങ്കിലും ബോട്ട് കരയ്ക്കടുപ്പിക്കാൻ ശ്രമിച്ചില്ലെന്നു മാത്രമല്ല, കെട്ടിയ കയറിന്റെ അഗ്രം വിട്ടുകളയുകയും ചെയ്തു.

ശനി, ഞായർ ദിവസങ്ങളിലും പൊതു അവധിദിവസങ്ങളിലും ഇടുക്കി, ചെറുതോണി ഡാമുകൾ ഡാമുകൾ സന്ദർശകർക്കായി തുറന്നു കൊടുക്കാറുണ്ട്. ഏതാനും മാസങ്ങൾക്കു മുമ്പാണ് തുടർച്ചയായ പ്രവേശനം അനുവദിച്ചു തുടങ്ങിയത്. എന്നാൽ വൈദ്യുതി വകുപ്പ് ജീവനക്കാർ ഇതിന് എതിരുനിൽക്കുന്ന നിലപാടാണ് ഇടുക്കിയിൽ സ്വീകരിച്ചിരുന്നത്. പൊതുജനങ്ങളുടെ സന്ദർശനാനുമതി ഡാമിന്റെ സുരക്ഷയെ ബാധിക്കുമെന്നാണ് അവർ ഉയർത്തുന്ന വാദം. ഇതേസമയം കുളമാവ് ഡാമിനു മുകളിലൂടെ മുഴുവൻസമയം വാഹനഗതാഗതം നടക്കുന്നതിൽ ഇക്കൂട്ടർ അപാകത കാണുന്നുമില്ല. ഇത്തരം അപകടങ്ങളുടെ പേരിൽ സന്ദർശനം നിരോധിക്കാൻ കഴിയുമെന്ന ഗൂഢാലോചന ഉദ്യോഗസ്ഥർക്കിയിൽ നടന്നതായും സൂചനയുണ്ട്.

ബോട്ട് കത്തിയതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലിസിനോട്, കത്തിയ ബോട്ട് വെള്ളത്തിൽനിന്നു പുറത്തെടുക്കുക അസാധ്യമാണെന്നാണ് കെ. എസ്. ഇ. ബി ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ ബോട്ട് പുറത്തെടുക്കാൻ നാവികസേനയുടെ സഹായം തേടാനാണ് പൊലിസ് നിശ്ചയിച്ചിരിക്കുന്നത്. ഇടുക്കി സ.ഐ സിബിച്ചൻ ഫ്രാൻസീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തെക്കുറിച്ച് വൈദ്യുതി വകുപ്പ് വിജിലൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോട്ട് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയാൽ തീപിടുത്ത കാരണം അറിയാനാകുമെന്ന് പൊലിസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP