Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിരോധ കുത്തിവയ്പ് ഇസ്ലാമികവിരുദ്ധമെന്നു വ്യാപക പ്രചാരണം; പന്നിനെയ്യും ഇസ്രയേൽ- അമേരിക്ക ബന്ധവും പറഞ്ഞു ഭയപ്പെടുത്തി വാക്‌സിനുകളിൽ നിന്ന് അകറ്റി; പ്രത്യുൽപാദനശേഷി കുറച്ച് മുസ്ലിം ജനസംഖ്യ കുറയ്ക്കൽ ലക്ഷ്യമെന്നും പ്രചാരണം: മലപ്പുറത്തു ഡിഫ്തീരിയ വ്യാപകമായി

പ്രതിരോധ കുത്തിവയ്പ് ഇസ്ലാമികവിരുദ്ധമെന്നു വ്യാപക പ്രചാരണം; പന്നിനെയ്യും ഇസ്രയേൽ- അമേരിക്ക ബന്ധവും പറഞ്ഞു ഭയപ്പെടുത്തി വാക്‌സിനുകളിൽ നിന്ന് അകറ്റി; പ്രത്യുൽപാദനശേഷി കുറച്ച് മുസ്ലിം ജനസംഖ്യ കുറയ്ക്കൽ ലക്ഷ്യമെന്നും പ്രചാരണം: മലപ്പുറത്തു ഡിഫ്തീരിയ വ്യാപകമായി

എം പി റാഫി

മലപ്പുറം: മലപ്പുറം ജില്ലയിലെ കുട്ടികളിൽ പ്രതിരോധ കുത്തിവയ്‌പ്പ് നടത്തുന്നതിനായി സർക്കാറും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പദ്ധതികൾ മാറി മാറി ആവിഷ്‌കരിച്ചിട്ടും കുത്തിവയ്‌പ്പിനെ സംശയദൃഷ്ടികളോടെയാണ് ഇന്നും മലപ്പുറത്തെ രക്ഷിതാക്കൾ നോക്കിക്കാണുന്നത്.

നാടുകളിൽ നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്ന രോഗങ്ങൾ മലപ്പുറം ജില്ലയിൽ വീണ്ടും കണ്ടെത്തിയതോടെയാണ് പ്രതിരോധ കുത്തിവയ്‌പ്പ് ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് പരിശ്രമം നടത്തിവരുന്നത്. എന്നാൽ പ്രതിരോധ കുത്തിവയ്‌പ്പുകളെ ഭീകരമായ എന്തോ ആയാണ് ഇന്നും സാധാരണക്കാർ കണ്ടുവരുന്നത്.

കുത്തിവയ്പ് എടുക്കുന്ന കുട്ടികളിൽ ഭാവിയിൽ മാരകമായ അസുഖങ്ങളുണ്ടാകുമെന്നും പ്രത്യുൽപാദന ശേഷി നശിപ്പിക്കുമെന്നുമൊക്കെയുള്ള നിരവധി ആശങ്കകളാണ് ഇവരെ പിടിമുറുക്കിയിരിക്കുന്നത്. പ്രതിരോധ കുത്തിവയ്‌പ്പിനെതിരെയുള്ള പ്രചരണങ്ങൾ ശക്തമാകുന്നത് കുത്തിവയ്‌പ്പ് ക്യാമ്പുകളെ വലിയ തോതിൽ ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡിഫ്തീരിയ( തൊണ്ടമുള്ള്) രോഗം കാണപ്പെടുന്ന മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വീടുകൾ കയറിയും സ്‌കൂളുകൾ കേന്ദ്രീകരിച്ചും ബോധവൽക്കരണം നടത്തി വരികയാണിപ്പോൾ.

പ്രതിരോധ കുത്തിവയ്‌പ്പിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കുമ്പോഴും കുത്തിവയ്‌പ്പെടുക്കാത്ത കുട്ടികളുടെ എണ്ണത്തിൽ മല്ലപ്പുറം ജില്ലയാണ് ഏറ്റവും മുന്നിലുള്ളത്. ജില്ലയിലെ പ്രതിരോധ കുത്തിവയ്‌പ്പിന്റെ അഭാവമാണ് അടിക്കടിയുണ്ടാകുന്ന ഡിഫ്തീരിയക്ക് കാരണമാകുന്നത് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡിഫ്തീരിയ റിപ്പോർട്ട് ചെയ്യുന്നത് മലപ്പുറം ജില്ലയിൽ നിന്നാണ്. മറ്റു ജില്ലകളിൽ തീരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഡിഫ്തീരിയ പോലുള്ള രോഗങ്ങൾ മലപ്പുറത്ത് വർദ്ധിച്ചു വരുന്നത് അതീവഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് എടുത്തിട്ടുള്ളത്. കുട്ടികൾക്ക് യഥാസമയം നൽകേണ്ട കുത്തിവയ്‌പ്പ് കൊടുക്കാതിരിക്കുന്നതു മൂലമാണ് ഡിഫ്തീരിയ ബാധ തുടരെ ഉണ്ടാകുന്നത്. എന്നാൽ പ്രതിരോധ കുത്തിവയ്‌പ്പിനെതിരെ വ്യാപകമായ പ്രചരണമുള്ളതാണ് രക്ഷിതാക്കളെ ഇതിൽ നിന്നും പിന്നോട്ടടിക്കുന്നതെന്ന് മലപ്പുറം ഡി.എം.ഒ ഡോ. ഉമറുൽ ഫാറൂഖ് മറുനാടൻ മലയാളിയോടു പറഞ്ഞു.

പ്രതിരോധ കുത്തിവയ്‌പ്പ് നടത്തുന്നത് മുസ്ലിങ്ങളെ തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നാണ് പ്രധാന പ്രചാരണം നടക്കുന്നത്. മുസ്ലിങ്ങൾക്ക് ഹറാമായ പന്നിയുടെ നെയ്യ് ഉപയോഗിച്ചാണ് പ്രതിരോധ വാക്‌സിനുകൾ നിർമ്മിക്കുന്നതെന്നും ഇത് ഉണ്ടാക്കുന്നത് മുസ്ലിങ്ങളുടെ ശത്രുരാജ്യങ്ങളായ ഇസ്രയേലിൽ നിന്നും അമേരിക്കയിൽ നിന്നുമാണെന്നും പ്രചാരണമുണ്ട്. പ്രത്യുൽപാദനശേഷി കുറച്ച് മുസ്ലിങ്ങളിലെ ജനസംഖ്യ കുറയ്ക്കുകയാണ് പ്രതിരോധ കുത്തിവയ്‌പ്പിനു പിന്നിലെ അജണ്ടയെന്നാണ് സാധാരണക്കാരെ ധരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിലൂടെയാണ് ഇപ്പോൾ ഇത്തരം പ്രചാരണങ്ങൾ നടത്തി വരുന്നത്. അതേസമയം ഇത്തരം പ്രചാരണങ്ങളുടെ പിന്നിൽ ആയൂർവേദ ചികിത്സാ ലോബികളും വ്യാജ ഡോക്ടർമാരുമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. മതപരമായ പ്രചാരണങ്ങൾ നടത്തിയാൽ കൂടുതൽ പേർ അകപ്പെടുമെന്നതും ഇവരുടെ മേഖലകളിലേക്ക് ചികിത്സക്കായി ആളുകളെ ആകർഷിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നതും അദ്ദേഹം പറഞ്ഞു. എന്നാൽ സംശയങ്ങളിലും അഭ്യൂഹങ്ങളിലുംപെട്ട് കുത്തിവയ്‌പ്പെടുക്കാതിരിക്കുന്നതിലൂടെ വലിയ പ്രത്യാഘാതങ്ങൾ പതിയിരിക്കുന്ന വിവിരം സാധാരണക്കാർ അറിയാതെ പോകുകയാണ്.

ഈയിടെയായി അമ്പതോളം വിദ്യാർത്ഥികളിൽ ഡിഫ്തീരിയ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ കാര്യക്ഷമമായി പ്രതിരോധ നടപടിയെടുക്കാൻ ആരോഗ്യ വകുപ്പിന് സാധിച്ചില്ല. രണ്ടുമാസം മുമ്പ് കോട്ടുമല വെട്ടത്തൂർ യതീംഖാനയിലെ അഞ്ച് വിദ്യാർത്ഥികൾക്ക് ഡിഫിതീരിയ സ്ഥിരീകരിക്കുകയും ഇതിൽ രണ്ടു പേർ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ തൊട്ടു പിന്നാലെയാണ് ദിവസങ്ങൾക്ക് മുമ്പ് ജില്ലയുടെ തീരദേശ മേഖലയായ കൂട്ടായിയിൽ പന്ത്രണ്ടു വയസുകാരനു കൂടി ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വിദ്യാർത്ഥി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിനു ശേഷം സമീപ പ്രദേശങ്ങളിൽ നിന്നായി രണ്ടു കൂട്ടികളിൽ കൂടി ഡിഫ്തീരിയ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

രോഗം പിടിപെട്ട കുട്ടികളെല്ലാം പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാത്തവരാണ്. പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാതിരിക്കുന്നതിനു പുറമെ മുനുഷ്യന്റെ മാറിവരുന്ന ജീവിത സാഹചര്യവും ഭക്ഷണശീലവുമാണ് ഡിഫ്തീരിയ പോലുള്ള മാരകരോഗങ്ങൾക്ക് ഇടയാക്കുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. തൊണ്ടമുള്ളിന്റെ ബാക്ടീരിയകൾ ഹൃദയം, വൃക്ക, നാഡികൾ എന്നിവയെയാണ് ബാധിക്കുക. തൊണ്ടയിൽ പാടരൂപപ്പെടുകയും ശ്വാസതടസമുണ്ടാവുകയുമാണ് രോഗവസ്ഥ. ഈ പാടയിൽ നിന്നും വരുന്ന വിഷാംശം മറ്റ് ആന്തരികാവയവങ്ങളിലേക്ക് പടരുന്നതാണ് ജീവന് ഭീഷണി സൃഷ്ടിക്കുന്നത്.

ഡിഫ്തീരിയക്ക് ഫലപ്രദമായ മരുന്നില്ലെന്നതും ഈ രോഗം മുനുഷ്യന്റെ ജീവന് ഭീഷണിയാകുന്നു. ഡിഫ്തീരിയ നൂറുശതമാനം പകർച്ചക്ക് സാധ്യതയുള്ളതാണ്. ജീവന് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു. രോഗം കണ്ടെത്തിയ അഞ്ചുവയസിനു മുകളിലുള്ളവർക്ക് നൽകേണ്ട ടി ഡി വാക്‌സിൻ സർക്കാർ ആശുപത്രികളിൽ ഇന്നും ലഭ്യമല്ലെന്നതും പ്രശ്‌നത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. ഇത്തരം മാരകരോഗങ്ങളെ പ്രതിരോധിക്കാൻ ശൈശവത്തിൽ എടുക്കേണ്ട കുത്തിവെയ്‌പ്പ് കൃത്യസമയത്ത് എടുക്കുകയെന്നത് മാത്രമാണ് പരിഹാരം. രണ്ടു വയസിനുള്ളിൽ എടുക്കേണ്ട അഞ്ചു വാക്‌സിനുകൾ കൃത്യമായി നൽകുന്നവർ ജില്ലയിൽ ഇരുപതു ശതമാനത്തിൽ താഴെ മാത്രമാണ്. പ്രിതിരോധ കുത്തിവയ്‌പ്പ് നടക്കുന്നതിലെ അലംഭാവം വരാനിരിക്കുന്ന വൻദുരന്തങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പ്രതിരോധ കുത്തിവയ്‌പ്പിൽ സംസ്ഥാനത്ത് ഏറ്റവും പിറകിൽ നിൽക്കുന്ന മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് ഡിഫ്തീരിയ പോലുള്ള അപൂർവ രോഗങ്ങൾ വ്യാപകമായി കണ്ടുവരുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2013- 2014 വർഷങ്ങളിലായി മലപ്പുറം ജില്ലയിൽ മാത്രം പത്തു കുട്ടികളിലായിരുന്നു ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നത്. ഇക്കാലയളവിൽ രോഗം സ്ഥിരീകരിച്ചിരുന്നത് പത്തിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിലായിരുന്നു. 2015 ആരംഭത്തിൽ ഏഴിനും പതിനാറിനും ഇടയിലുള്ള 1,72,000ൽ അധികം കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ ഇരുപതിനായിരം കുട്ടികൾക്കു മാത്രമാണ് ഇതുവരെ കുത്തിവെപ്പ് നടത്താൻ കഴിഞ്ഞിട്ടുള്ളത്. ഇനിയും ഒന്നര ലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്‌പ്പ് എടക്കാനുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ ഏഴു വയസിനു താഴെയുള്ള 65000 കുട്ടികളിൽ 15000 കുട്ടികളിൽ മാത്രമാണ് 2015ൽ കുത്തിവയ്‌പ്പ് നടത്തിയിരുന്നത് ഏഴു വയസിനു താഴെയുള്ള അമ്പതിനായിരം കുട്ടികൾ ഇനിയും കിത്തിവെപ്പ് എടുക്കാത്തവരാണ്. സമ്പൂർണ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനവ്യാപകമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക പദ്ധതികൾ കേരള സർക്കാർ പ്രഖ്യപിച്ചിരുന്നു. കുട്ടികളുടെ ആരോഗ്യ ഭാവി ഉറപ്പാക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ടിക്ക് ( ടോട്ടൽ ഇമ്മ്യൂണൈസേഷൻ കാമ്പയിനിങ് കേരള) പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇതും കാര്യക്ഷമമായി നടക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രതിരോധ കുത്തിവെയ്‌പ്പിനായി മലപ്പുറം ജില്ലക്കു മാത്രം കോടികൾ ചെലവാക്കുന്നുണ്ട്. ജനപ്രതിനിധികളുടെ സഹായത്തോടെ സമ്പൂർണ പ്രതിരോധ കുത്തിവെയ്‌പ്പ് നടപ്പിലാക്കാനായി ആരോഗ്യ വകുപ്പ് ജില്ലയിൽ വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ക്യാമ്പുകൾ ഇപ്പോഴത്തെ പ്രതിരോധപ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP