Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാത് ലാബ് ഉപയോഗിക്കുന്ന ഡോക്ടർമാർ സർക്കാർ ആശുപത്രികളിലില്ല; സാഗര ഹോസ്പിറ്റലിലെ 18 കോടിയുടെ അത്യാധുനിക ഉപകരണങ്ങൾ അമൃതയ്ക്ക് നൽകി സഹകരണ വകുപ്പ്; കൺസ്യൂമർഫെഡ് അഴിമതിക്കു പിന്നാലെ സാഗര കരാറും സംശയ നിഴലിൽ

കാത് ലാബ് ഉപയോഗിക്കുന്ന ഡോക്ടർമാർ സർക്കാർ ആശുപത്രികളിലില്ല; സാഗര ഹോസ്പിറ്റലിലെ 18 കോടിയുടെ അത്യാധുനിക ഉപകരണങ്ങൾ അമൃതയ്ക്ക് നൽകി സഹകരണ വകുപ്പ്; കൺസ്യൂമർഫെഡ് അഴിമതിക്കു പിന്നാലെ സാഗര കരാറും സംശയ നിഴലിൽ

തിരുവനന്തപുരം : പരാധീനതകളിൽ നട്ടം തിരിയുന്ന സർക്കാർ ആശുപത്രികളിൽ സാധാരണക്കാരായ രോഗികൾക്കു മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനാകാത്ത സാഹചര്യമുള്ളപ്പോഴാണ് സഹകരണ വകുപ്പിന്റെ കീഴിലുള്ള ആലപ്പുഴ സാഗര കോ-ഓപ്പറേറ്റിവ് ആശുപത്രിയിൽനിന്ന് 18 കോടിയിലധികം രൂപ വിലയുള്ള ആധുനിക ചികിത്സാ സംവിധാനങ്ങളായ കാത്ത് ലാബും ഡയാലിസിസ് യൂണിറ്റും കൊച്ചി അമൃതയ്ക്ക് കൈമാറിയത്.

പ്രതിദിനം നൂറുകണക്കിന് രോഗികൾ ചികിത്സയ്ക്കായി എത്തുന്ന കൊച്ചിയിലെ ജനറൽ ആശുപത്രിയെ അവഗണിച്ചാണ് കാത്ത് ലാബും ഡയാലിസിസ് യൂണിറ്റും സ്വകാര്യ ആശുപത്രിയായ അമൃതയ്ക്ക് സഹകരണ വകുപ്പ് നൽകിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ഹൃദ്രോഗ ചികിത്സ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് അമൃത ആശുപത്രിയുമായി സാഗര സഹകരണ ആശുപത്രി കരാർ ഒപ്പിട്ടതെന്നാണ് സഹകരണവകുപ്പിന്റെ വിശദീകരണം.

എന്നാൽ ഈ കരാറിൽ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജെ.ബി.കോശി ചീഫ് സെക്രട്ടറിയോടും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടും വിശദീകരണം തേടിയത്. സഹകരണവകുപ്പ് മന്ത്രി സി.എൻ.ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ കേപ് ഡയറക്ടർ എസ്. രവീന്ദ്രനും അമൃത മാനേജിങ് ഡയറക്ടർ പ്രേം നായറും തമ്മിലാണ് കരാർ ഒപ്പിട്ടത്. കോടികളുടെ അഴിമതി നടന്ന സഹകരണവകുപ്പിന്റെ ഈ നടപടിയുടെ പിന്നിലും അഴിമതിയുണ്ടെന്ന് ആരോപണം ശക്തമായിരിക്കുകയാണ്.

ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി അടക്കമുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള കാത്ത് ലാബ് സംവിധാനം സാഗര ആശുപത്രിയിൽ ഏർപ്പെടുത്തിയത് എറണാകുളം മെഡിക്കൽ കോളേജ് ലക്ഷ്യമിട്ടുകൊണ്ടാണ്. പക്ഷെ എറണാകുളം മെഡിക്കൽ കോളേജ് പിന്നീട് ആരോഗ്യവകുപ്പ് ഏറ്റെടുക്കുകയും ചെയ്തു. സാഗരയ്ക്ക് ഏറ്റവും അടുത്തുള്ള സർക്കാർ ആശുപത്രികളായ ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളെയും എറണാകുളം ജനറൽ ആശുപത്രിയേയും തഴഞ്ഞു കൊണ്ടാണ് മികച്ച ചികിത്സാ സംവിധാനങ്ങൾ സ്വകാര്യ ആശുപത്രിക്ക് തീറെഴുതി നൽകിയത്. നൂറുകണക്കിന് രോഗികൾ എത്തുന്ന എറണാകുളം ജനറൽ മെഡിക്കൽ കോളേജിൽ കാർഡിയോളജി ടെസ്റ്റു പോലും മര്യാദയ്ക്ക് നടത്താൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. സാഗര ആശുപത്രിയിലെ കാത്ത് ലാബും ഡയാലിസിസ് യൂണിറ്റ് അടക്കമുള്ള സംവിധാനങ്ങളും എറണാകുളത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയാൽ സാധാരണക്കാരായ ആയിരക്കണക്കിന് ഹൃദ്രോഗികൾക്കും വൃക്കരോഗികൾക്കും ആശ്വാസമാകുമെന്നിരിക്കെയാണ് സഹകരണവകുപ്പിന്റെ ഈ നടപടി.

എന്നാൽ സഹകരണവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി പി.വേണുഗോപാലിന്റെ വാദം ഇങ്ങനെ ' സാഗര ആശുപത്രിയിലെ ഈ സംവിധാനങ്ങൾ ഉപയോഗിക്കാനാകാതെ കിടക്കുകയായിരുന്നു. എറണാകുളം മെഡിക്കൽ കോളേജ് ആരോഗ്യവകുപ്പ് ഏറ്റെടുത്തതോടെ സഹകരണവകുപ്പിന്റെ കീഴിൽനിന്നും മാറുകയും സാഗര ആശുപത്രി മാത്രമാകുകയും ചെയ്തു. സാഗര ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും ശമ്പളം നൽകാൻ കഴിയാത്ത സ്ഥിതിയാണ് സഹകരണവകുപ്പിനുള്ളത്. ഈ സാഹചര്യത്തിലാണ് സ്വകാര്യആശുപത്രിയുമായി ധാരണാപത്രം ഒപ്പിട്ടത് '

സഹകരണവകുപ്പിന്റെ ഈ വാദം അംഗീകരിച്ചാൽ പോലും ധാരണാപത്രം ഒപ്പിടുന്നതിൽ നിന്ന് സർക്കാർ ആശുപത്രികളെ എന്തിന് ഒഴിവാക്കി എന്നതിനുള്ള മറുപടി വിചിത്രമാണ്. ' കാത്ത് ലാബ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കാൻ അറിയാവുന്ന ഡോക്ടർമാർ സർക്കാർ മേഖലയിൽ കുറവാണ്. എന്നാൽ സർക്കാർ ആശുപത്രികളിൽ ഈടാക്കുന്ന നിരക്കിന് അമൃതയിൽ ഈ സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്നും സഹകരണ വകുപ്പ് അവകാശപ്പെടുന്നു. ആരോഗ്യവകുപ്പ് ഏറ്റെടുത്ത എറണാകുളം മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗമോ, കാർഡിയോളജിസ്‌റ്റോ ഇല്ലാത്തതു കൊണ്ടാണ് എറണാകുളം സഹകരണ മെഡിക്കൽ കോളേജിനെ ഒഴിവാക്കിയതെന്ന മുടന്തൻ ന്യായവും മുന്നോട്ടുവയ്ക്കുന്നു. എറണാകുളം മെഡിക്കൽ കോളേജിൽ പിജി കോഴ്‌സുകൾ ഉണ്ടെങ്കിലും സൂപ്പർ സ്‌പെഷ്യാലിറ്റി വിങ് ഇല്ലാത്തതിനാൽ ട്രെയിനിങിനായി മറ്റ് സ്വകാര്യ ആശുപത്രികളെയാണ് സമീപിക്കുന്നതെന്നും സഹകരണ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയ കോട്ടയം സർക്കാർ മെഡിക്കൽ കോളേജിനെയും തൊട്ടടുത്തുള്ള ആലപ്പുഴ മെഡിക്കൽ കോളേജിനെയും ഒഴിവാക്കി ഹൃദ്രോഗ ചികിത്സയിലെ ആധുനിക സംവിധാനമായ കാത്ത് ലാബ് സ്വകാര്യ ആശുപത്രിക്ക് നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ധാരണാപത്രത്തിനെതിരെ പരാതി നൽകിയ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ മൂവ്‌മെന്റ് ആരോപിക്കുന്നത്. സാഗര ആശുപത്രിയിലെ കാത്ത് ലാബും മറ്റു സംവിധാനങ്ങളും എറണാകുളത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്.

അസൗകര്യങ്ങൾ കൊണ്ട് പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് കഴിയാത്ത സാഹചര്യത്തിൽ സ്വകാര്യ ആശുപത്രിയിലേക്ക് നൂതന ചികിത്സാ സംവിധാനങ്ങൾ മാറ്റിയെന്നുള്ള ആരോപണത്തിൽ കഴമ്പുണ്ടെന്നു പ്രഥമദൃഷ്ട്യാ മനസിലാക്കിയതിനാലാണ് വിശദീകരണം തേടുന്നതെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കുന്നു. ' സർക്കാരിന്റെ ഈ തീരുമാനത്തിൽ യുക്തിയുണ്ടെന്നു തോന്നുന്നില്ല. സർക്കാർ ആശുപത്രികൾക്ക് ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിൽ സ്വകാര്യ ആശുപത്രികളുമായി കിടപിടിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം യുക്തിരഹിതമായി തോന്നുന്നതെന്നും പരാതിക്കാരിയായ ടി.ബി.മിനി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP