Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്നു കോടി പണമായി നൽകി; 12 കോടിയുടെ ആസ്തികൾ ഈട് വച്ച് കോടികൾ ലോണെടുത്തു നൽകി; എന്നിട്ടും രേഖ ഉണ്ടാക്കി ഓഹരി അടിച്ചുമാറ്റി പുറത്താക്കി; വനിതാ വൈസ് ചെയർമാന്റെ പരാതിയെ തുടർന്ന് ഇടുക്കി എസ്‌പിയുടെ നിർദ്ദേശപ്രകാരം റിപ്പോർട്ടർ എം ഡി നികേഷ് കുമാറിനും ഭാര്യ റാണിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് തൊടുപുഴ പൊലീസ്

മൂന്നു കോടി പണമായി നൽകി; 12 കോടിയുടെ ആസ്തികൾ ഈട് വച്ച് കോടികൾ ലോണെടുത്തു നൽകി; എന്നിട്ടും രേഖ ഉണ്ടാക്കി ഓഹരി അടിച്ചുമാറ്റി പുറത്താക്കി; വനിതാ വൈസ് ചെയർമാന്റെ പരാതിയെ തുടർന്ന് ഇടുക്കി എസ്‌പിയുടെ നിർദ്ദേശപ്രകാരം റിപ്പോർട്ടർ എം ഡി നികേഷ് കുമാറിനും ഭാര്യ റാണിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് തൊടുപുഴ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളത്തിലെ ദൃശ്യമാദ്ധ്യമ രംഗത്തെ ഏറ്റവും പേരെടുത്ത അവതാരകരിൽ ഒരാളും റിപ്പോർട്ടർ ചാനൽ മേധാവിയുമായ എം വി നികേഷ് കുമാറിനും ഭാര്യയും വാർത്താ അവതാരികയുമായ റാണി നികേഷ് കുമാറിനുമെതിരെ വഞ്ചനാകുറ്റത്തിന് തൊടുപുഴ പൊലീസ് കേസെടുത്തു. തൊടുപുഴ കരിമണ്ണൂർ സ്വദേശിയും റിപ്പോർട്ടർ ചാനലിന്റെ വൈസ് ചെയർമാനുമായ ലാലിയ ജോസഫിന്റെ പരാതിയെ തുടർന്നാണ് ഇടുക്കി എസ്‌പിയുടെ നിർദ്ദേശ പ്രകാരം തൊടുപുഴ ഡിവൈഎസ്‌പി ജോൺ ജോസഫ് നടത്തിയ പ്രാഥമിക അന്വേഷത്തിന്റെ വെളിച്ചത്തിൽ കേസ് എടുത്തത്. തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലാലിയ മുമ്പ് നൽകിയ പരാതിയുടെ മേൽ ചർച്ചകൾ നടക്കുകയും മന്ത്രി രമേശ് ചെന്നിത്തലയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പ് ഉണ്ടാക്കുകയും ചെയ്തു എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. അതിനിടയിലാണ് കേസ് രജിസ്റ്റർ ചെയ്ത് എഫ്‌ഐആർ ഇട്ടതായി പൊലീസ് വൃത്തങ്ങൾ മറുനാടൻ മലയാളിയോട് അറിയിച്ചത്.

ഏതാണ്ട് മൂന്ന് കോടിയോളം രൂപ പണമായും 12 കോടി ആസ്തിയുള്ള ഭൂമികൾ ഈടായും നൽകിയ ശേഷം വാഗ്ദാനം ചെയ്ത് ഓഹരി നൽകിയിരിക്കുകയും അതിനിടയിൽ വ്യാജ രേഖ ഉണ്ടാക്കുകയും ചെയ്തു എന്നാണ് ലാലിയയുടെ പരാതി. പൊലീസ് കേസ് ഒഴിവാക്കാനായി മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടു നടത്തിയ ഒത്തുതീർപ്പ് വ്യവസ്ഥകൾക്ക് ശേഷം നികേഷ് കുമാർ വീണ്ടും വാക്ക് മാറിയതാണ് ലാലിയെയും ഭർത്താവും പൊതുപ്രവർത്തകനുമായ സി പി മാത്യുവിനെയും പ്രകോപിപ്പിച്ചത് എന്നാണ് സൂചന. എഫ്‌ഐആർ ഇട്ട ശേഷവും ഒത്തുതീർപ്പ് പ്രതീക്ഷിക്കുന്നതുകൊണ്ടാവാം മറുനാടൻ മലയാളിയിൽ നിന്നും വിളിച്ചപ്പോൾ ലാലിയ ഇതേക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചത്. എന്നാൽ തൊടുപുഴ പൊലീസ് കേസ് എടുത്ത കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്ന് കോടി പണമായും 12 കോടി പണയമായും നൽകിയെങ്കിലും തൊടുപുഴ എസ്‌പിക്ക് കൊടുത്ത പരാതിയിൽ ഒന്നരക്കോടിയുടെ കാര്യമാണ് പറഞ്ഞിരിക്കുന്നത്. റിപ്പോർട്ടർ ചാനലിന്റെ മാതൃസ്ഥാപനമായ ഇൻഡോ - ഏഷ്യൻ ന്യൂസ് ചാനൽ തുടങ്ങാനെന്ന പേരിൽ ഒന്നരക്കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്. തൊടുപുഴയിലെ ഒരു സ്വകാര്യ ബാങ്കുവഴിയാണ് പണം കൈമാറിയതെന്നും പരാതിയിൽ പറയുന്നു. ഏതാനും ആഴ്‌ച്ചകൾക്ക് മുമ്പ് എസ്‌പിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തി പ്രഥമദൃഷ്ട്യാ കേസുണ്ടെങ്കിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ എസ് പി കെ വി ജോസഫ് തൊടുപുഴ ഡിവൈഎസ്‌പി ജോൺസൺ ജോസഫിന് നിർദ്ദേശം നൽകുകയായിരുന്നു. ഡിവൈഎസ്‌പി തന്നെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നാണ് തൊടുപുഴ എസ്‌ഐയോട് കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെയാണ് എഫ്‌ഐആർ എടുത്തത്.

അടുത്ത ദിവസങ്ങളിൽ തന്നെ പണം നിക്ഷേപിച്ച തൊടുപുഴയിലെ സ്വകാര്യ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി ബാങ്കിനു കത്ത് നൽകും. കേസുമായി ബന്ധപ്പെട്ട് നികേഷിന്റെയും ഭാര്യയുടെയും മൊഴി എടുക്കാനായി വിളിച്ചുവരുത്തുമെന്നും പൊലീസ് പറഞ്ഞു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യേണ്ടിയും വരും. എന്നാൽ പൊലീസ് സ്റ്റേഷനിൽ നിന്നും തന്നെ ജാമ്യം നൽകി അയയ്ക്കാനാണ് സാധ്യത. അതേസമയം വാർത്തയെകുറിച്ച് നികേഷ് കുമാറിന്റെയോ റിപ്പോർട്ടർ ചാനലിന്റെയോ വിശദീകരണം ലഭ്യമായിട്ടില്ല.

റിപ്പോർട്ടർ ചാനലിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. ആദ്യ കാലം മുതൽ ഇവിടെ നിക്ഷേപിച്ചവർ പലരും ഇവിടെ നിന്നു പോയത് കേസ് കൊടുത്താണ്. ഒന്നിലേറെ കേസുകൾ ഇപ്പോൾ തന്നെ നികേഷിന്റെ പേരിലുണ്ട്. പ്രധാന നിക്ഷേപകനായ ദുബായിലെ വ്യവസായി ചെന്നൈ കോടതിയിൽ നൽകിയ കേസാണ് അതിൽ പ്രധാനം. ആ പരാതിയെ തുടർന്നായിരുന്നു ഓഹരി ഇടപാടുകളിലെ ക്രമക്കേടുകൾ പലതും വെളിയിൽ വന്നത്. ഈ വ്യവസായിയിൽ നിന്നും നികേഷ് കുമാർ പണം സമാഹിരിച്ചിരുന്നു.

നിശ്ചിത ശതമാനം ഓഹരികൾ നൽകാമെന്നായിരുന്നു ഈ വ്യവസായിക്ക് നൽകിയ വാഗ്ദാനം. ഇത് പ്രകാരം കുറച്ച ഓഹരികൾ അദ്ദേഹത്തിന് നൽകുകയും ചെയ്തു. എന്നാൽ, ഇതിനിടെ ലാലിയക്കു നല്കാനുള്ള ബാക്കി ഓഹരികൾ നൽകുകയും ചെയ്തില്ല. പണം കൈ പറ്റിയതിനു ശേഷം നികേഷ് നൽ്കാമെന്ന് വാഗ്ദാനം ചെയ്ത ഓഹരികൾ മുഴുവനും നൽകാത്തതിനെ തുടർന്നും നല്കിയ ഓഹരികൾക്ക് കൂടുതൽ വില ഈടാക്കിയതിനെ തുടർന്നും ഓഹരി ഉടമയായ ദുബായ് വ്യവസായി ചെന്നൈ കമ്പനി ലോ ബോർഡിനെ സമീപിച്ചു. ഇതിനിടെ ചാനലിലെ ഓഹരികൾ ചെന്നൈ ആസ്ഥാനമായുള്ള സൺ ഗ്രൂപ്പിന് വിൽപ്പന നടത്താൻ നികേഷ് ആലോചന നടത്തി.

ഇങ്ങനെ വിൽപ്പന ശ്രമം നടത്തുന്നതറിഞ്ഞ ദുബൈ വ്യവസായി ചെന്നൈ കമ്പനി ലോ ബോർഡിൽ നിന്ന് ചാനെൽ കൈമാറ്റം മരവിപ്പിച്ചു. അതോടൊപ്പം റിപ്പോർട്ടർ ടിവിയുടെ കണക്കുകൾ പരിശോധിക്കാനുള്ള അനുമതിയും കമ്പനി ലോ ബോർഡിൽ നിന്നും സമ്പാദിച്ചു. കഴിഞ്ഞ 5 വർഷമായി വിളിക്കാതിരുന്ന വാർഷിക ജനറൽ ബോഡി മീറ്റിങ് (AGM ) വിളിപ്പിക്കാനുള്ള ഉത്തരവും കമ്പനി ലോ ബോർഡിൽ നിന്നും വാങ്ങി. ഇങ്ങനെ വിളിച്ചു ചേർക്കപെട്ട AGM ൽ ആണ് കൃത്രിമ രേഖകൾ ചമച്ച് നികേഷ് ഓഹരികൾ സ്വന്തമാക്കിയെന്നുമുള്ള ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടത്.

നേരത്തെ റിപ്പോർട്ടർ ചാനലിലെ സർവീസ് ചാർജ് അടക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് കാണിച്ച് നികേഷ്‌കുമാറിനെതിരെ സെൻട്രൽ എക്‌സൈസ് വകുപ്പ് നടപടി എടുത്തത് വൻ വിവാദമായിരുന്നു. സർവീസ് ചാർജ് കുടിശ്ശികയായ ഒന്നരക്കോടി രൂപയുടെ പേരിൽ ആയിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും പണം അന്നുതന്നെ അടയ്ക്കാൻ കോടതി അനുമതി നൽകിയതോടെ റിമാൻഡ് റദ്ദ് ചെയ്ത് വിട്ടയച്ചു. സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർച്ച് പകുതിയോളം തുക അടച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടത്.

അതേസമയം നികേഷ് നേതൃത്വം നൽകുന്ന റിപ്പോർട്ടർ ചാനൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുകയാണ്. ഇടയ്ക്കിടെ ശമ്പളം മുടങ്ങുക പതിവാണ്. ഇപ്പോൾ രണ്ടുമാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാരിൽ പലരും മറുനാടൻ മലയാളിയോട് പറഞ്ഞു. ഒട്ടേറെ പ്രമുഖർ ഇതേ തുടർന്നാണ് റിപ്പോർട്ടർ വിട്ട് പോവുകയുണ്ടായി. നികേഷിന്റെ ഇടം വലം കൈകളായി നിന്നിരുന്ന പിറ്റി നാസറും പികെ പ്രകാശനും റിപ്പോർട്ടർ വിട്ടിരുന്നു. ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച് മന്ത്രിയായി പ്രതിസന്ധികളെ മറികടക്കാനാണ് നികേഷ് ശ്രമിക്കുന്നതെന്നാണ് എതിരാളികൾ ആരോപിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP