Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുല്ലപെരിയാർ നഷ്ടമായതിന് പിന്നാലെ കേരളത്തിന് ചെമ്പകവല്ലി ഡാമും നഷ്ടമായേക്കും; മുല്ലപ്പെരിയാർ കരാറിന്റെ ഭാഗമെന്ന് വാദിച്ച് മദ്രാസ് ഹൈക്കോടതിയിൽ നിന്നും തമിഴ്‌നാട് പുനർനിർമ്മാണത്തിന് അനുമതി വാങ്ങി; ചെമ്പകവല്ലിയെ കുറിച്ച് ഒന്നുമറിയാത്ത പിണറായി വിഷയം പഠിക്കട്ടേയെന്ന് പറഞ്ഞു ചർച്ച മാറ്റി വച്ചു; കേരളാ അതിർത്തിയിൽ നിർമ്മിച്ച അണക്കെട്ട് പുനർനിർമ്മിച്ചാൽ കേരളത്തിന് നഷ്ടങ്ങൾ ഏറെ

മുല്ലപെരിയാർ നഷ്ടമായതിന് പിന്നാലെ കേരളത്തിന് ചെമ്പകവല്ലി ഡാമും നഷ്ടമായേക്കും; മുല്ലപ്പെരിയാർ കരാറിന്റെ ഭാഗമെന്ന് വാദിച്ച് മദ്രാസ് ഹൈക്കോടതിയിൽ നിന്നും തമിഴ്‌നാട് പുനർനിർമ്മാണത്തിന് അനുമതി വാങ്ങി; ചെമ്പകവല്ലിയെ കുറിച്ച് ഒന്നുമറിയാത്ത പിണറായി വിഷയം പഠിക്കട്ടേയെന്ന് പറഞ്ഞു ചർച്ച മാറ്റി വച്ചു; കേരളാ അതിർത്തിയിൽ നിർമ്മിച്ച അണക്കെട്ട് പുനർനിർമ്മിച്ചാൽ കേരളത്തിന് നഷ്ടങ്ങൾ ഏറെ

മറുനാടൻ മലയാളി ബ്യൂറോ

തേക്കടി : പെരിയാർ കടുവാ സങ്കേതത്തിനുള്ളിലെ തകർന്ന പുരാതന ചെക്ക് ഡാമിനെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമാക്കി പുനർനിർമ്മിക്കാൻ തമിഴ്‌നാട് നീക്കം. ചെമ്പകവല്ലിയെന്നു വിളിക്കുന്ന ഈ ഡാം പുനർ നിർമ്മിച്ചു ഇവിടെ നിന്നു കനാൽ വഴി ശിവകാശിയിലെ അതിർത്തി ഗ്രാമങ്ങളിൽ വെള്ളമെത്തിക്കാനാണ് തമിഴ്‌നാട് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ആഴ്ച മദ്രാസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ തമിഴ്‌നാട് ഈ വിഷയവും ഉന്നയിച്ചുവെന്നാണ് വിവരം.

എന്നാൽ ചെമ്പകവല്ലി ഡാമിനെക്കുറിച്ചു കാര്യമായൊന്നും അറിവില്ലാത്തതിനാൽ വിഷയം പരിശോധിക്കട്ടെയെന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. ഏതായാലും നിർമ്മാണവുമായി മുന്നോട്ട് പോകാനാണ് തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം. ഏതാനും മാസം മുമ്പ് മദ്രാസ് ഹൈക്കോടതിയിൽ നിന്നും ഇതുസംബന്ധിച്ച കേസിൽ തമിഴ്‌നാടിന് അനുകൂല വിധിലഭിച്ചിരുന്നു. ഇതിനെതിരെ കേരളം അപ്പീൽ നൽകിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ നടപടികളുമായി തമിഴ്‌നാടിന് മുന്നോട്ട് പോകാനും കഴിയും. കേരളത്തിന്റെ ജലസമ്പത്ത് മുഴുവൻ തടഞ്ഞു നിർത്തി കൊണ്ടു പോകാനാണ് തമിഴ്‌നാടിന്റെ ശ്രമം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന പ്രകോപനപരമായ പ്രഖ്യാപനത്തിനൊപ്പമാണ് ഈ നീക്കവും.

പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ ശിവകാശി ജില്ലയുമായി അതിർത്തി പങ്കിടുന്ന കേരളത്തിന്റെ ഭൂമിയിലാണ് ചെമ്പകവല്ലി ചെക്ക് ഡാം ഉള്ളത്. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും സംസ്ഥാന ജല വകുപ്പിനോ മുല്ലപ്പെരിയാർ സെല്ലിനോ ഇല്ല.ഇടയ്ക്ക് സംസ്ഥാന വനംവകുപ്പ് ഈ അണക്കെട്ടിനെക്കുറിച്ചു വിവരങ്ങൾ ശേഖരിച്ചിരുന്നു. അസി.ഫോറസ്റ്റ് കൺസർവേറ്റർ നടത്തിയ ഈ അന്വേഷണത്തിൽ കല്ലുകൊണ്ടു കെട്ടിയ ഈ ഡാം കമ്മിഷൻ ചെയ്തത് 1951ലാണെന്നതിനു തെളിവു ലഭിച്ചിരുന്നു. വി പി രാമകൃഷ്ണപിള്ള ജല വകുപ്പു മന്ത്രിയായിരുന്നപ്പോൾ തമിഴ്‌നാടിനു അനുകൂലമായ നിലപാടെടുത്ത് ഈ ഡാമിന്റെ അറ്റകുറ്റപ്പണിക്കായി തമിഴ്‌നാട് നൽകിയ 5,15,000 രൂപ സ്വീകരിച്ചിരുന്നുവെന്നും രേഖകളുണ്ട്.

എന്നിട്ടും നിർമ്മാണമൊന്നും നടത്തിയില്ല. ഇക്കാര്യങ്ങളെല്ലാം തമിഴ്‌നാട് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 1773ൽ നിർമ്മിച്ചതാണ് ചെമ്പകവല്ലിയെന്നാണു തമിഴ്‌നാടിന്റെ വാദം. അതിനാൽ ഈ ഡാമും പാട്ടക്കരാറിലുൾപ്പെടുമെന്നും അവർ അവകാശപ്പെടുന്നു. സംസ്ഥാനത്തിന്റെ വനഭൂമിയിൽ അനധികൃതമായി തമിഴ്‌നാട് നിർമ്മിച്ചതെന്നു കേരളം കരുതുന്ന ഈ ഡാം ഇപ്പോൾ പൂർണമായും തകർന്ന നിലയിലാണ്. ഈ ഡാം പുനർനിർമ്മിക്കാൻ കേരളത്തിന്റെ അനുമതി ആവശ്യപ്പെട്ടു വർഷങ്ങൾക്കു മുമ്പു തന്നെ തമിഴ്‌നാട് ശ്രമം നടത്തിയിരുന്നു. എന്നാൽ ചെമ്പകവല്ലി ചെക്ക് ഡാം പുനർനിർമ്മിക്കാൻ അനുവദിക്കുകയില്ലെന്നു കേരളം അസന്ദിഗ്ധമായി പ്രഖ്യാപിച്ചതിനെ തുടർന്നാണു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലാണ് തമിഴ്‌നാടിന് അനുകൂല വിധി കിട്ടിയത്.

മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാടിനു അനുകൂലമായ സുപ്രിം കോടതി വിധി വന്നതിന്റെ ചുവടു പിടിച്ച് പാട്ടക്കരാർ നിലവിൽ വരുമ്പോൾത്തന്നെ നിലനിൽക്കുന്ന ഡാമായിരുന്നു ചെമ്പകവല്ലിയെന്നായിരുന്നു തമിഴ്‌നാട് ഹൈക്കോടതിയിൽ വാദിച്ചത്.മുല്ലപ്പെരിയാർ കരാറിലൊരിടത്തും ഇത്തരമൊരു ഡാമിനെക്കുറിച്ചു പരാമർശമില്ലെന്നും അതിനാൽ പാട്ടക്കരാറിലുൾപ്പെടുന്നതല്ലെന്നായിരുന്നു കേരളത്തിന്റെ വാദം. നിയമവിരുദ്ധമായി നിർമ്മിച്ച ഈ ചെക്ക് ഡാമിന് സംസ്ഥാനത്തിന്റെ അനുമതിയോ അംഗീകാരമോ ഇല്ല തുടങ്ങിയ വസ്തുതകളും കേരളം മദ്രാസ് ഹൈക്കോടതിയെ ധരിപ്പിച്ചെങ്കിലും കോടതിവിധി തമിഴ്‌നാടിനു അനുകൂലമാവുകയായിരുന്നു. ചെമ്പകവല്ലി ഡാം പുനർനിർമ്മിക്കാനും അവിടെ നിന്നും ശിവകാശിയിലേക്ക് കനാൽ നിർമ്മിക്കാനും കേരളം അനുമതി നൽകണമെന്നായിരുന്നു കോടതി വിധിച്ചത്.

ഈ ഡാം നിർമ്മാണം ജനകീയ പ്രശ്നമാക്കി ഉയർത്തിക്കൊണ്ടു വരാനും തമിഴ്‌നാട് ശ്രമിക്കുന്നുണ്ട്. ശിവകാശി ജില്ലയിലെ 50,000 ഓളം ആളുകൾക്ക് പ്രയോജനപ്പെടുന്ന ഈ ചെക്ക് ഡാം പുനർനിർമ്മിക്കാൻ അനുവദിക്കണമെന്നു ചൂണ്ടിക്കാട്ടി നിരവധി നിവേദനങ്ങളും രാഷ്ട്രീയ പ്രമേയങ്ങളും സംസ്ഥാന ജല വകുപ്പിന് ലഭിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP