Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചുരിദാറിന്റെ യഥാർത്ഥ വില 945രൂപ; 30 ശതമാനം ഡിസ്‌കൗണ്ട് നൽകാൻ ഇട്ടവില 2230 രൂപയും; തൊടുപുഴയിലെ കൺസൾട്ടൻസി സ്ഥാപനം ഉടമ ജോണി ഡിസ്‌കൗണ്ട് ആസ്വദിച്ച് വാങ്ങിയത് 1561 രൂപയ്ക്ക്; കല്ല്യാൺ സിൽക്കിന്റെ ഡിസ്‌കൗണ്ട് സെയിലിലെ സത്യം പറഞ്ഞ് ഒരു പാവം ഇടപാടുകാരൻ

ചുരിദാറിന്റെ യഥാർത്ഥ വില 945രൂപ; 30 ശതമാനം ഡിസ്‌കൗണ്ട് നൽകാൻ ഇട്ടവില 2230 രൂപയും; തൊടുപുഴയിലെ കൺസൾട്ടൻസി സ്ഥാപനം ഉടമ ജോണി ഡിസ്‌കൗണ്ട് ആസ്വദിച്ച് വാങ്ങിയത് 1561 രൂപയ്ക്ക്; കല്ല്യാൺ സിൽക്കിന്റെ ഡിസ്‌കൗണ്ട് സെയിലിലെ സത്യം പറഞ്ഞ് ഒരു പാവം ഇടപാടുകാരൻ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ഡിസ്‌കൗണ്ട് സെയിൽ എന്ന പേരിൽ നടക്കുന്നത് തുണിയുടെ വില കൂട്ടിയിട്ടുള്ള വിൽപ്പനയോ? തൊടുപുഴയിലെ കല്ല്യാൺ സിൽക്കിൽ നിന്ന് തുണി വാങ്ങിയവരുടെ പരാതി കേട്ടാൽ ഈ ആക്ഷേപം സത്യമാണെന്ന് ബോധ്യമാകും. വൻകിട തുണിക്കടകളിലെ ഡിസ്‌കൗണ്ട് കച്ചവടങ്ങളെല്ലാം ശുദ്ധ തട്ടിപ്പാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. ചോദ്യം ചെയ്യാനെത്തുന്നവരെ തട്ടിപ്പ് നിയമങ്ങൾ പറഞ്ഞ് വിരട്ടിവിടും. കളി കാര്യമാകുമെന്ന് തോന്നിയാൽ പണം തിരികെ നൽകാമെന്ന വാഗ്ദാനവും.

തൊടുപുഴയിലെ കല്ല്യാൺ സിൽക്കിൽ കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന ജോണി കുടുംബവുമായാണ് തുണി വാങ്ങിക്കാനെത്തിയത്. ഇവിടെ ഓരോ സാധനത്തിനും പ്രത്യേകം ബിൽ നൽകുന്നതാണ് രീതി. മുപ്പത് ശതമാനം ഡിസ്‌കൗണ്ടിൽ തുണി വാങ്ങാമെന്ന മോഹവുമായെത്തി കടയാകെ ചുറ്റിക്കറങ്ങി തുണിയെടുത്തു. എടുത്ത എല്ലാത്തിനും ബില്ലും കിട്ടി. ഇതുമായി വീട്ടിലെത്തിയപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. 1561 രൂപ നൽകി വാങ്ങിയ തുണിക്കുള്ളിൽ 945 രൂപയുടെ മറ്റൊരു പ്രൈസ് ടാഗ്. അതായത് 945 രൂപയുടെ സാധനം 2230 രൂപ വിലയുണ്ടെന്ന് തെറ്റിധരിപ്പിച്ച് മുപ്പ്ത് ശതമാനം വിലക്കുറവിൽ എന്ന് വരുത്തി 1561 രൂപയ്ക്ക് നൽകിയിരിക്കുന്നു.

പ്രൈസ് ടാഗ്് കണ്ടതോടെ കള്ളക്കളി ജോണി തിരിച്ചറിഞ്ഞു. ഉടൻ തന്നെ ചുരിദാറുമായി കല്ല്യാൺ സിൽക്കിലെത്തി. എന്നാൽ വളരെ മോശമായ രീതിയിലായിരുന്നു പെരുമാറ്റം. മറ്റേതെങ്കിലും തുണിയിലെ പ്രൈസ് ടാഗ് താനെ വന്ന് ചുരിദാറിൽ ഒട്ടിപ്പിടിച്ചതായിരിക്കുമെന്ന തരത്തിൽ ജീവനക്കാരുടെ പെരുമാറ്റം. ഒരു അസ്വാഭാവികതയുമില്ലെന്ന വാദവും. എല്ലാത്തിനും ഉപരി ഒരിക്കൽ വിൽക്കുന്ന സാധനം തിരിച്ചെടുക്കില്ലെന്ന ന്യായവും. ബില്ലിൽ തന്നെ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിശദീകരിച്ചു. എന്നാൽ ചതി തിരിച്ചറിഞ്ഞ ജോണി അധികമായ തുക തിരിച്ചു നൽകിയേ മതിയാകൂവെന്ന് വിശദീകരിച്ചു. പോയി പിന്നീട് വരാനായിരുന്നു നിർദ്ദേശം.

അങ്ങനെ അധികമായി ഈടാക്കിയ തുകയ്ക്കായി മൂന്ന് തവണ തൊടുപുഴയിലെ കടയിൽ ജോണിയെത്തി. ഇതിനിടെയിൽ വിറ്റതൊന്നും തിരിച്ചെടുക്കില്ലെന്ന വാദത്തിന് നിയമസാധുതയില്ലെന്ന് ജോണി തിരിച്ചറിഞ്ഞു. ബില്ലിൽ അങ്ങനെ രേഖപ്പെടുത്തുന്നത് തന്നെ നിയമവിരുദ്ധമാണെന്ന കോടതി വിധി സുഹൃത്തുക്കളിൽ നിന്ന് അറിഞ്ഞതോടെ അതും ചോദ്യം ചെയ്തു. ഇതിന് വ്യക്തമായ മറുപടി നൽകാൻ കല്ല്യാൺ സിൽക്കിൽ ആർക്കും കഴിഞ്ഞതുമില്ല. ഗുഡ്‌സ് വൺസ് സോൾഡ് വിൽ നോട്ട് ബീ ടെക്കൺ ബാക്ക് എന്നെഴുതിയ ബിൽ പുലിവാലാകുമെന്ന് കല്ല്യാൺ സിൽക്കും തിരിച്ചറിഞ്ഞു. ഇതോടെ പണമെല്ലാം മടക്കികൊടുക്കാമെന്നും തുണിക്കട അറിയിച്ചു.

എന്നാൽ പണം വാങ്ങി ഒത്തുതീർപ്പിന് ജോണി തയ്യാറായില്ല. നിയമപോരാട്ടത്തിലൂടെ ഡിസ്‌കൗണ്ട് കച്ചവടത്തിലെ കള്ളത്തരം പുറത്തുകൊണ്ടു വരാനാണ് തീരുമാനം. ഇതിനൊപ്പം വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ലെന്ന നിയമവിരുദ്ധത പുറംലോകത്ത് ചർച്ചയാക്കാനും ആഗ്രഹിച്ചു. കൺസ്യൂമർ കോടതിയുടെ ശ്രദ്ധിയിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് തീരുമാനം. അതുകൊണ്ട് കൂടിയാണ് അധികമായി ഈടാക്കിയ തുക തിരിച്ചു വാങ്ങേണ്ടെന്ന് ജോണി തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പകർപ്പ് കിട്ടിയാൽ ഉടൻ നിയമനടപടി തുടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. ഡിസ്‌കൗണ്ടിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളുടെ നേർചിത്രമായി ഇതിനെ ഉയർത്തിക്കാട്ടാനാണ് ശ്രമം.

ആളുകളെ കൂടുതലായി ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഡിസ്‌കൗണ്ട് ഓഫറുകളുമായി കടകൾ എത്താറ്. ഓഫ് സീസണിൽ കച്ചവടം പൊടിപൊടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യധാരാ മാദ്ധ്യമങ്ങളിൽ പരസ്യങ്ങൾ നിറച്ച് ആളുകളെ ഷോറോ റൂമിലേക്ക് എത്തിക്കും. ഇതെല്ലാം പരസ്യമത്തിൽ മാത്രം ഒതുങ്ങുന്ന കാര്യങ്ങളാണ്. യഥാർത്ഥ വില മറച്ച് തുക കൂട്ടി പ്രദർശിപ്പിച്ച ശേഷം പരമാവധി ലാഭമെടുക്കുന്ന കച്ചവട തന്ത്രം തന്നെയാണ് ഡിസ്‌കൗണ്ട് സെയിലുകൾ. പരമാവധി കരുതലോടെ എല്ലാം ചെയ്യുന്നതു കൊണ്ട് ആരും പിടിക്കപ്പെടുന്നില്ല. എന്നാൽ പഴയ പ്രൈസ് ടാഗ് മാറ്റാൻ മറന്നതു കൊണ്ട് തട്ടിപ്പ് ജോണി തിരിച്ചറിഞ്ഞു.

അതായത് സാധാരണ ദിവസങ്ങളിൽ 945 രൂപയ്ക്ക് കിട്ടുന്ന സാധനം, ഡിസ്‌കൗണ്ട് സെയിലിലൂടെ 1561 രൂപയ്ക്ക് വിൽക്കുന്ന തട്ടിപ്പാണ് തൊടുപുഴ കല്ല്യാൺ സിൽക്കിൽ നടന്നത്. വേറെയും തുണികൾ കല്ല്യാൺ സിൽക്കിൽ നിന്ന് വാങ്ങിയെങ്കിലും അതിലെല്ലാം പ്രൈസ് ടാഗിലും ബില്ലിലും ഒരേ തുക തന്നെയായിരുന്നു രേഖപ്പെടുത്തിയത്. പല കടകളിൽ പോയാൽ ഓരേ തുണിക്ക് പലവിലയാണ്. അതുകൊണ്ട് തന്നെ ഒരു വസ്ത്രത്തിന്റേയും യഥാർത്ഥ വില ആർക്കും തിരിച്ചറിയാൻ കഴയില്ല. ഈ സാഹചര്യമാണ് ഡിസ്‌കൗണ്ട് സെയിലിന്റെ മറവിൽ ചൂഷണം ചെയ്യുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP