Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ ഒളിവിൽ പോയിട്ടില്ല; എന്റെ കൈയിൽ ഉള്ളത് റദ്ദ് ചെയ്യപ്പെട്ട പാസ്‌പോർട്ടുകൾ; ഞാൻ പാക്കിസ്ഥാനിൽ പോയിട്ടില്ല; കേൾക്കുന്നതൊക്കെ നികേഷിനെതിരെയുള്ള കേസിൽ ഞാൻ ജയിക്കുമെന്നായപ്പോൾ പുറത്തു വിടുന്ന കള്ളക്കഥകൾ: എട്ട് പാസ്‌പോർട്ട് അടക്കമുള്ള വിഷയങ്ങളിൽ മൻസൂറിനു പറയാനുള്ളത്

ഞാൻ ഒളിവിൽ പോയിട്ടില്ല; എന്റെ കൈയിൽ ഉള്ളത് റദ്ദ് ചെയ്യപ്പെട്ട പാസ്‌പോർട്ടുകൾ; ഞാൻ പാക്കിസ്ഥാനിൽ പോയിട്ടില്ല; കേൾക്കുന്നതൊക്കെ നികേഷിനെതിരെയുള്ള കേസിൽ ഞാൻ ജയിക്കുമെന്നായപ്പോൾ പുറത്തു വിടുന്ന കള്ളക്കഥകൾ: എട്ട് പാസ്‌പോർട്ട് അടക്കമുള്ള വിഷയങ്ങളിൽ മൻസൂറിനു പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എട്ടു പാസ്‌പോർട്ടുകൾ കൈവശം വച്ചു പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്റെ പേരിൽ ഇമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിങ്ങിലും കേസിലും ബാഹ്യ ഇടപെടൽ ഉണ്ടായതായി ആരോപിച്ചു ചിക്കിങ്ങ്സ് ഉടമ മൻസൂർ രംഗത്ത്.

ഇമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് നായർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ആ റിപ്പോർട്ടിൽ പറയുന്നതൊക്കെ പച്ചക്കള്ളം ആണെന്നും റിപ്പോർട്ടർ ചാനൽ ഉടമ നികേഷ് കുമാറിനു വേണ്ടി ഉണ്ടാക്കിയ കള്ളക്കേസുകൾ ആണെന്നും ആരോപിച്ചാണ് മൻസൂർ രംഗത്തു വന്നത്. മൻസൂറിനെതിരെയുള്ള റിപ്പോർട്ടിന്റെ പകർപ്പ് സഹിതം മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വാർത്തയുടെ പ്രതികരണം ആരാഞ്ഞപ്പോൾ ആണ് മൻസൂർ സുപ്രധാനമായ വെളിപ്പെടുത്തലുകൾ നടത്തിയത്.

മറുനാടൻ വാർത്തയിൽ പറയുന്നതുപോലെ ഒരു റിപ്പോർട്ട് ഉണ്ടെന്നു സമ്മതിച്ച മൻസൂർ ആ റിപ്പോർട്ടിലെ ആരോപണങ്ങൾ എല്ലാം പൂർണ്ണമായും വ്യാജമാണെന്ന് അവകാശപ്പെട്ടു. താൻ ഒളിവിൽ ആണ് എന്ന മറുനാടൻ വാർത്തയും മൻസൂർ നിഷേധിച്ചു:'കഴിഞ്ഞ വ്യാഴാഴ്ച നാട്ടിൽ നിന്നും ദുബായിൽ എത്തിയ ശേഷം ലണ്ടനിൽ പോയ ഞാൻ ഇന്നലെ വീണ്ടും ദുബായിൽ എത്തി. രണ്ടു ദിവസത്തിനകം വീണ്ടും നാട്ടിൽ വരുന്നുണ്ട്. ഞാൻ ഒളിവിൽ ആണെന്നു പറയുമ്പോൾ എങ്ങനെയാണ് എന്റെ മൊബൈൽ ഫോണിൽ നിന്നും നിങ്ങളുമായി സംസാരിക്കാൻ സാധിക്കുന്നത്'. മറുനാടൻ ലേഖകനുമായി ഫോണിൽ സംസാരിച്ച മൻസൂർ ചോദിക്കുന്നു.

തനിക്കു എട്ടല്ല, 14 പാസ്‌പോർട്ടുകൾ ഉണ്ടെന്നും എന്നല്ല ഒന്നും വ്യാജമല്ലെന്നും മൻസൂർ പറഞ്ഞു. ഞാൻ 30 വർഷമായി ധാരാളം തവണ വിദേശ യാത്ര നടത്തുന്ന വ്യക്തിയാണ്. ഒട്ടേറെ രാജ്യങ്ങളിൽ എനിക്ക് ബിസിനസ് ഉണ്ട്. അതുകൊണ്ട് തന്നെ അവിടങ്ങളിൽ എല്ലാം എനിക്ക് വിസയുമുണ്ട്. ധാരാളം യാത്ര ചെയ്യുന്നതുകൊണ്ട് പാസ്‌പോർട്ടിൽ പേജുകൾ തീരുമ്പോൾ പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുക സ്വഭാവികമാണ്. ഓരോ തവണയും പുതിയ നമ്പരിൽ ഉള്ള പാസ്‌പോർട്ടാണ് അനുവദിക്കുന്നത്. പുതിയ പാസ്‌പോർട്ട് അനുവദിക്കുമ്പോൾ പഴയത് റദ്ദ് ചെയ്യും- മൻസൂർ വ്യക്തമാക്കുന്നു.

'വിസയുള്ള പാസ്‌പോർട്ടുകൾ പുതിയ പാസ്‌പോർട്ടിനൊപ്പം കൊണ്ടു നടക്കുക സ്വഭാവികമാണ്. അതാണ് എല്ലാ പാസ്‌പോർട്ടുകളും കൊണ്ടു നടക്കുന്നത്. ഒരിക്കൽ ഇമിഗ്രേഷൻ ഓഫീസർ എയർപോർട്ടിൽ വച്ച് പുതിയ പാസ്‌പോർട്ടിന് പകരം പഴയ പാസ്‌പോർട്ടിന്റെ വിവരം അടിച്ചു ചേർത്തതിന്റെ പേരിൽ ഒരു സംശയം ഉണ്ടായിരുന്നു. അതിന്റെ പേരിൽ ഒരാൾ കേസ് കൊടുത്തപ്പോൾ ആണ് ഞാൻ പോലും അറിയുന്നത്. അന്നു പൊലീസും കേസ് അന്വേഷിച്ചു എന്റെ പാസ്‌പോർട്ടുകൾ എല്ലാം ശരിയാണ് എന്നു വ്യക്തമാക്കിയതാണ്. അന്നു തള്ളിയ ആരോപണങ്ങൾ വച്ച് പുതിയ കേസ് എടുക്കുന്നതും ബോധപൂർവ്വം റിപ്പോർട്ട് നൽകുന്നതും ചില ഗൂഢലക്ഷ്യങ്ങളുടെ ഭാഗമാണ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ എനിക്ക് കൂടുതൽ പറയാൻ സാധിക്കില്ല.'

താൻ ഒരിക്കലും പാക്കിസ്ഥാൻ സന്ദർശിച്ചിട്ടില്ലെന്നും പാക്കിസ്ഥാനിൽ തനിക്ക് ബിസിനസ് ഇല്ലെന്നും മൻസൂർ വ്യക്തമാക്കി. കാശ്മീരിൽ ഫ്രാഞ്ചൈസി ഉണ്ടായിരുന്നു. എന്നാൽ രണ്ട് വർഷം മുമ്പ് തന്നെ ആ ഫ്രാഞ്ചൈസി നിർത്തി. കാശ്മീരിൽ ബിസിനസ് ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെന്നു ഞാൻ കരുതുന്നില്ല. പൊലീസ് അന്വേഷിച്ചു ക്ലിയർ ചെയ്ത വിഷയത്തിൽ യാതൊരു അടിസ്ഥാനവും ഇല്ലാതെ ഇങ്ങനെ ഒരു റിപ്പോർട്ട് സമർപ്പിച്ചതിന്റെ പിന്നിൽ ബാഹ്യ ശക്തികളുടെ സമ്മർദ്ദം കാണും എന്നാണു ഞാൻ വിശ്വസിക്കുന്നത്.

വ്യാജ പാസ്‌പോർട്ട് എന്നാരോപിക്കുമ്പോൾ പല പേരുകളിൽ ആവേണ്ടേ എന്നാണ് മൻസൂർ ചോദിക്കുന്നത്. എന്റെ എല്ലാ പാസ്‌പോർട്ടുകളും എന്റെ പേരിൽ തന്നെയാണ്. അതിലെ ഒരു പേര് പോലും മാറ്റമില്ല. ഒരേ പേരിൽ പല പാസ്‌പോർട്ട് എടുത്തിട്ട് ഞാൻ എന്തു ചെയ്യാനാണ്. വ്യാജ പാസ്‌പോർട്ട് പല പേരുകളിൽ എടുത്തിട്ടല്ലെ കാര്യമുള്ളു. ഇതൊന്നും അറിയാതെ ഈ പ്രചരണം നടത്തുന്നത് നികേഷ്‌കുമാറുമായുള്ള കേസിൽ എനിക്ക് ആനുകൂല വിധി വരുമെന്ന സാഹചര്യത്തിൽ എനിക്ക് റിപ്പോർട്ട് ചാനലിന്റെ ഉടമസ്ഥാവകാശം ലഭിക്കാതിരിക്കാൻ വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമാണ്-മൻസൂർ ആരോപിക്കുന്നു.

ആഷിക്ക് മുഹമ്മദ് താജുദ്ദീൻ എന്നയാളുടെ പരാതിയുടെ പുറത്താണ് ഇപ്പോഴത്തെ അന്വേഷണം. നികേഷുമായി വളരെ അടുത്ത ബന്ധം ഉണ്ടെന്നു താജുദ്ദീൻ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇന്ത്യാവിഷൻ മുതൽ നികേഷിനൊപ്പം ഉള്ളയാൾ ആണ് താജുദ്ദീൻ. താജുദ്ദീൻ തന്നെയാണ് അയാളുടെ അമ്മയെ കബളിപ്പിക്കാൻ ശ്രമിച്ചു എന്ന പേരിൽ പരാതി കൊടുത്തിരിക്കുന്നത്. എന്നാൽ എന്നെ പരിചയമേയില്ല എന്നാണ് മുമ്പ് ഈ കേസിൽ താജുദ്ദീൻ പറഞ്ഞത്. എന്തായാലും ഈ ഗൂഢാലോചനയ്‌ക്കെതിരെ ഞാൻ നിയമപരമായി തന്നെ പ്രതികരിക്കും - മൻസൂർ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP