Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡെപ്യൂട്ടി കളക്ടറായി സർവ്വീസിൽ കയറിയത് 2006ൽ; ബിജു പ്രഭാകർ ഐഎഎസ് നേടിയത് വ്യാജ ബയോഡാറ്റ നൽകിയോ? തിരുവനന്തപുരം കളക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസുകാരൻ; ഫ്രോഡുകളെ സഹായിക്കാത്തിലുള്ള വൈരാഗ്യമാണെന്ന് ബിജു പ്രഭാകറും

ഡെപ്യൂട്ടി കളക്ടറായി സർവ്വീസിൽ കയറിയത് 2006ൽ; ബിജു പ്രഭാകർ ഐഎഎസ് നേടിയത് വ്യാജ ബയോഡാറ്റ നൽകിയോ? തിരുവനന്തപുരം കളക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസുകാരൻ; ഫ്രോഡുകളെ സഹായിക്കാത്തിലുള്ള വൈരാഗ്യമാണെന്ന് ബിജു പ്രഭാകറും

അരുൺ ജയകുമാർ

തിരുവനന്തപുരം ജില്ലാ കളക്ടർ ബിജു പ്രഭാകറിന്റെ ഐ.എ.എസ് ക്രമവിരുദ്ധമായി നേടിയതാണെന്ന ആക്ഷേപം ശക്തമാകുന്നു. എത്രയും വേഗം അദ്ദേഹത്തിന്റെ ഐ എ എസ്. റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. സംസ്ഥാന ശിശുക്ഷേമ സംരക്ഷണ സമിതി ചെയർമാനും കോൺഗ്രസ് നേതാവുമായ ചെമ്പഴന്തി അനിലാണ് പരാതി നല്കിയിരിക്കുന്നത്. ഡെപ്യൂട്ടി കളക്ടറായി സർവ്വീസിൽ പ്രവേശിച്ച് മിനിമം 8 വർഷം പൂർത്തിയാക്കിയവരിൽ നിന്നും മാത്രമാണ് ഐ എ എസ്് കൺഫർ ചെയ്യുന്നതിനുള്ള അപേക്ഷ ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിങ് ക്ഷണിക്കുന്നത്.

എന്നാൽ 21.8.2006ൽ മാത്രം ഡെപ്യൂട്ടി കളക്ടറായി സർവ്വീസിൽ പ്രവേശിച്ച ബിജു പ്രഭാകർ 1997ലെ സർവ്വീസ് റെഗുലേഷൻസിൽ നിഷ്‌ക്കർഷിക്കുന്ന യോഗ്യതകൾ ഉണ്ടെന്ന് കാണിച്ച് വ്യാജ ബയോഡാറ്റ നൽകിയാണ് ഐഎഎസ് രപ്പെടുത്തിയതെന്നാണ് പരാതിക്കാരുടെ ആക്ഷേപം. ബിജു പ്രഭാകറിനു ഐ.എ.എസ് ലഭിച്ച ഫയൽ വിവരങ്ങൾ വിവരാവകാശമായി ആരാഞ്ഞപ്പോൾ സംസ്ഥാന പൊതു ഭരണ വകുപ്പിൽ നിന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നും ലഭിച്ച മറുപടി ഫയലുകൾ നിലവിലില്ലെന്നാണെന്നും പരാതിക്കാർ പറയുന്നു. തങ്ങളുന്നയിക്കുന്ന പരാതികൾ തെറ്റാണെങ്കിൽ കളക്ടർക്ക് തങ്ങൾക്കെതിരെ മാനനഷ്ടത്തിനു കേസ് കൊടുക്കാമെന്നും പരാതിക്കാർ പറയുന്നു.

1996ൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് എന്ന കേന്ദ്ര പൊതുമേഖല സ്ഥാപനത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ പ്ലാന്റ് മാനേജരായി ജോലിയിൽ പ്രവേശിച്ച ബിജു പ്രഭാകർ അവിഹിത സ്വാധീനം ഉപയോഗിച്ച് 6.5.1996ൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സിൽ നിന്നും ഫാക്ടറീസ് അന്റ് ബോയിലേഴ്‌സ് വകുപ്പിൽ ടെക്ക് നിക്കൽ ഓഫീസറായി ഡെപ്യൂട്ടേഷൻ തരപ്പെടുത്തിയെടുക്കുകയും തുടർന്ന് അവിടെനിന്നും ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് എന്ന സ്റ്റേറ്റ് സർവ്വീസിലേക്ക് ഡെപ്യൂട്ടേഷനിൽ പോവുകയും ചെയ്തു. എന്നാൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്‌സിൽ നിന്നും സംസ്ഥാനസർവീസിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുവാൻ വ്യവസ്ഥയില്ലെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. ബിജു പ്രഭാകറിനെ കേരള സർവ്വീസിൽ ഉൾപ്പെടുന്ന ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിൽ ഉൾക്കൊള്ളിക്കുകയോ ഡെപ്യൂട്ടേഷൻ അംഗീകരിച്ച് നൽകുകയോ ചെയ്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു.

21/8/2006ൽ ഡെപ്യൂട്ടി കലക്ടറുടെ കേഡറിൽ സർവ്വേ വകുപ്പിൽ അസി: സെക്രട്ടറിയായി ജോലിയിലിരിക്കേ തന്റെ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡിലെയും ഫാക്ടീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിലെയും സർവ്വീസ് കാലയളവ് കൂടി പരിഗണിച്ച് തന്നെ ഐ എ എസ്സ് സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തമെന്നു കാണിച്ച് 2962007 ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗിലും അന്നത്തെ റെവന്യു പ്രൻസിപ്പൽ സെക്രട്ടറിക്കും ബിജു പ്രഭാകർ അപേക്ഷ കൊടുത്തിരുന്നു. തുടർന്നാണ് ഡെപ്യൂട്ടി കലക്ടർ പദവിയിൽ ഒരു വർഷം മാത്രം സർവീസുണ്ടായിരുന്ന ബിജു പ്രഭാകറിനെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി യോഗ്യതാ മാനദണ്ഡങ്ങളുണ്ടെന്ന് തെറ്റിധരിപ്പിച്ചാണ് അന്നത്തെ ചീഫ് സെക്രട്ടറിയും റെവന്യു സെക്രട്ടറിയും ബിജുവിന് ഐഎ.എസ്. തരപ്പെടുത്തികൊടുത്തതെന്നും പരാതിക്കാർ ആരോപിക്കുന്നു.

ഫാക്ടറീസ് ആൻഡ് ബോയിലേയ്‌ഴ്‌സ് വകുപ്പിൽ ഡെപ്യുട്ടേഷൻ നിയമനം നേടിയത് 1996 ലെ ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് സർവ്വീസ് റൂൾ ലംഘിച്ചാണെന്നും പരാതിക്കാർ പറയുന്നു.ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സിൽ നിന്നും ഐടി അറ്റ് സ്‌കൂളിന്റെ ഡയക്ടറായും ചട്ടവിരുദ്ധമായി നിയമനം തരപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ നിയമനത്തിന് കേന്ദ്ര സർവ്വീസിൽ മിനിമം 5 വർഷത്തെ പരിചയം ആവശ്യമാമെന്നിരിക്കെ ബിജു പ്രഭാകറിന്റെ അവിഹിത സ്വാധീനം എത്രയെന്ന് മനസ്സിലാക്കാവുന്നതാണെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു

എന്നാൽ പ്രസ്തുത ശുപാർശ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിങ് തള്ളുകയാണുണ്ടായത് . തുടർന്ന് തീരുമാനത്തിനെതിരെ ബിജു പ്രഭാകർ ഹൈക്കോടതിയെ സമീപിക്കുകയും ഒരു റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുകയും ചെയ്തിരുന്നു. വസ്തുതകൾ മറച്ചുവച്ചു എന്നു കണ്ട ഹൈക്കോടതി പ്രസ്തുത റിട്ട് പെറ്റീഷൻ തള്ളുകയാണുണ്ടായത്. ബിജു പ്രഭാകർ വീണ്ടും സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിൽ കേസ് ഫയൽ ചെയ്തു. എല്ലാ യോഗ്യതകളും ഉണ്ടോയെന്ന് പരിശോധിച്ച് യോഗ്യതാ മാനദണ്ഡത്തിനകത്ത് വരുന്നുവെങ്കിൽ സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുത്താൻ സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ നിർദ്ദേശിക്കുകയുണ്ടായി

ബിജു പ്രഭാകരന് ഐ എ എസ് ലഭിച്ചതിനെ സംബന്ധിച്ച് വിവിധ കോടതികളിൽ കേസുകൾ നിലവിലുണ്ടെങ്കിലും ഉദ്യോഗസ്ഥ ലോബി ഫയലുകൾ കോടതികളിൽ എത്തിക്കുവാൻ തയ്യാറാകാത്തതിനാൽ പ്രസ്തുത കേസുകൾ തീർപ്പാകാതെ കിടക്കുകയാണെന്നാണെന്നും പരാതിക്കാർ ആരോപിക്കുന്നുണ്ട. കൊടിയ തട്ടിപ്പിലൂടെ അർഹരെ തഴഞ്ഞ് ബിജു പ്രഭാകർ നേടിയ ഐഎഎസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം, കേന്ദ്ര വിജിലൻസ് കമ്മീഷൻ, യു പി എസ് സി എന്നിവടങ്ങളിൽ നൽകിയിട്ടുണ്ട്. വസ്തുതകൾ പരിശോധിച്ച് അവശ്യമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ ഉന്നത നീതിപീഠങ്ങളെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാർ.

അതേസമയം ഇത്തരം ആരോപണങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നയാളല്ല താനെന്നും ആരോപണമുന്നയിക്കുന്നവർ ആദ്യം സ്വന്തം ചരിത്രം പരിശോധിക്കട്ടെയെന്നുമാണ് തിരുവനന്തപുരം ജില്ലാ കളക്ടർ ബിജു പ്രഭാകർ പ്രതികരിച്ചത്.ശത്രുക്കൾ പ്രചരിപ്പിക്കുന്ന ഇത്തരം ദുഷ്പ്രചരണങ്ങൾ മാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തരം ആരോപണങ്ങളും കുപ്രചരണങ്ങളും തനിക്കെതിരെ ഉന്നയിക്കുന്നവരുടെ ചരിത്രം പരിശോധിച്ചാൽ എന്തുകൊണ്ടാണ് ഇവർ തനിക്കെതിരെ പ്രവർത്തിക്കുന്നത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇത്തരം ഫ്രോഡുകളെ സഹായിക്കാത്തതിന്റെ പേരിൽ ശത്രുതകളെ അനവധിയായി സമ്പാതിച്ചയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ 5 കേസുകളാണ് തന്റെ ഐഎഎസ് റദ്ദാക്കുന്നത് സമ്പത്തിച്ച് കോടതിയുടെ പരിഗണനയിലുള്ളത്. അഴിമതിക്കാരായ ഇത്തരക്കാർക്ക് കൂട്ടു നിൽക്കാത്തതിനാണ് ഇവയെല്ലാം കേസുകളായി മാറിയത്. 2006ൽ എന്റോൾ ചെയ്യപ്പെട്ട തനിക്ക് നിയമപോരാട്ടം നടത്തി രണ്ടര വർഷത്തിനുശേഷമാണ് അവ ഒഴിവാക്കാനായത്. ശിശുക്ഷേമ സമിതിയുടെ പേരും പറഞ്ഞ് കുട്ടികളെ കടത്തുന്ന പണിയാണ് സുനിൽ സി കുരിയനും കൂട്ടാളികളും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ കയ്യിൽ അഴിമതിപണം ധാരാളമുള്ളതുകൊണ്ടാകും കേസുകളുമായി ഇങ്ങനെ നടക്കുന്നതെന്നും കളക്ടർ പ്രതികരിച്ചു.

തിരുവനന്തപുരം ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാവാണ് ചെമ്പഴന്തി അനിൽ. മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന തച്ചടി പ്രഭാകരന്റെ മകനാണ് ബിജു പ്രഭാകർ. കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ പോലും വിട്ടു വീഴ്ച ഇല്ലാത്ത നിലപാടായിരുന്നു ബിജു പ്രഭാകർ എടുത്തിരുന്നത്. റവന്യൂമന്ത്രി അടൂർ പ്രകാശുമായി പലപ്പോഴും ഉടക്കിലുമായിരുന്നു. ഓപ്പറേഷൻ അനന്തയിൽ ബാറുടമ ബിജു രമേശിനെതിരെ നടപടികളെടുത്തതും ബിജു പ്രഭാകറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP