Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചിന്മയ യൂണിവേഴ്‌സിറ്റിയുടെ വിശാല കാമ്പസിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ മറവിൽ വൻ തട്ടിപ്പ് നടന്നോ? ഭൂമി വാങ്ങാൻ താൽപര്യപ്പെട്ട് അഡ്വാൻസ് നൽകിയ ശേഷം കബളിപ്പിച്ചെന്ന് മുഖ്യമന്ത്രിക്ക് അമേരിക്കൻ മലയാളിയുടെ പരാതി; സ്ഥലത്തിന്റെ ചിത്രങ്ങളിട്ട് ബ്രോഷർ ഉണ്ടാക്കി കോടികൾ സംഭാവനയായി പിരിച്ചെന്നും ആക്ഷേപം

ചിന്മയ യൂണിവേഴ്‌സിറ്റിയുടെ വിശാല കാമ്പസിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ മറവിൽ വൻ തട്ടിപ്പ് നടന്നോ? ഭൂമി വാങ്ങാൻ താൽപര്യപ്പെട്ട് അഡ്വാൻസ് നൽകിയ ശേഷം കബളിപ്പിച്ചെന്ന് മുഖ്യമന്ത്രിക്ക് അമേരിക്കൻ മലയാളിയുടെ പരാതി; സ്ഥലത്തിന്റെ ചിത്രങ്ങളിട്ട് ബ്രോഷർ ഉണ്ടാക്കി കോടികൾ സംഭാവനയായി പിരിച്ചെന്നും ആക്ഷേപം

ആർ.പീയൂഷ്

കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠത്തിനായി വിശാലമായ കാമ്പസ് സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ മറവിൽ വൻ പണപ്പിരിവ് നടത്തിയതായും ഭൂമി വാങ്ങാതെ തട്ടിപ്പ് നടത്തിയതായും ആക്ഷേപം. എറണാകുളം കോതമംഗലത്തെ ഭൂമി ഇതിനായി കണ്ടുവച്ച ശേഷം സ്ഥലത്തിന്റെ പടം ഉൾപ്പെടെ നൽകി സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വഴി ഡൊണേഷൻ സ്വീകരിച്ചശേഷം സ്ഥലം വാങ്ങാതെ കബളിപ്പിച്ചുവെന്ന് സ്ഥലമുടമ മുഖ്യമന്ത്രി പിണറായിക്ക് പരാതി നൽകി.

ചിന്മയ യൂണിവേഴ്സിറ്റി ഭൂമി ഇടപാടിൽ വൻ നടക്കുന്നതായും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കോതമംഗലം കീരംപാറ വില്ലേജിൽ മാളിയേക്കൽ ഔസേപ്പിന്റെ മകൻ തോമസ് ജോർജ്ജ് ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. പരാതിക്കാരനായ തോമസിനും കുടുംബത്തിനുമായി കീരംപാറ വില്ലേജിൽ പെരുവണ്ണൂരിൽ നാൽപ്പത് ഏക്കർ ഭൂമി ഉണ്ട്.

ഈ ഭൂമി ചിന്മയ യൂണിവേഴ്സിറ്റിയുടെ ആസ്ഥാന മന്ദിരം നിർമ്മിക്കുവാനും കോളേജ് നിർമ്മിക്കുവാനും ആവശ്യമുണ്ട് എന്ന് പറഞ്ഞ് അഡ്വാൻസ് നൽകുകയും സ്ഥലത്തിന്റെ പടമുൾപ്പെടെ വച്ചുകൊണ്ട് ബ്രോഷറും മറ്റും തയ്യാറാക്കി വൻ പണപ്പിരിവ് നടത്തിയ ശേഷം സ്ഥലം വേണ്ടെന്ന് പറഞ്ഞ് ഒഴിയുകയും ചെയ്തുവെന്നാണ് ആക്ഷേപം. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് തോമസ് പരാതി നൽകിയിരിക്കുന്നത്.

പരാതിയിൽ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ ഇപ്രകാരം:

ചിന്മയ ചാരിറ്റബിൾ ട്രസ്റ്റ്ര് പ്രതിനിധികളായ സ്വാമി മിത്രാനന്ദ, സ്വാമി അദ്വൈയാനന്ദ, ചിന്മയ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ സുരേഷ് സുബ്രഹ്മണ്യൻ, ചിന്മയ ഈശ്വർ ഗുരുകുല മെമ്പർ കാമ്പസ് ഡയറക്ടർ സുന്ദർ എന്നിവർ സ്ഥലത്തിൽ താൽപര്യം പ്രകടിപ്പിച്ച് സമീപിച്ചിരുന്നു. ഇതിൻ പ്രകാരം ഭൂമിയുടെ ഇടപാടുകൾക്കായി ചിന്മയ ചാരിറ്റബിൾ ട്രസ്റ്റ് ഒരു ഇടനിലക്കാരനെ ചുമതലപ്പെടുത്തി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ട്രസ്റ്റിന്റെ പല ആളുകളും സ്ഥലത്തെത്തി ഭൂമി കാണുകയും ചെയ്തു.

നാൽപത് ഏക്കർ പോരാ ഇനിയും കുറച്ച് സ്ഥലം കൂടി വേണം എന്ന് ഇവർ ആവശ്യപ്പെട്ടു. ഇതിൻ പ്രകാരം തോമസ് സമീപ സ്ഥല ഉടമകളായ ബീന, ഭാസ്‌ക്കരൻ, വിജയൻ എന്നിവരുമായി സംസാരിച്ച് അവരുടെ സ്ഥലവും ചിന്മയ ട്രസ്റ്റിന് നൽകാമെന്ന് ഉറപ്പ് കൊടുത്തു. തുടർന്ന് കഴിഞ്ഞവർഷം ജൂൺ 29ന് പ്രാഥമിക കരാർ എഴുതുകയും രേഖകൾ നൽകാൻ ആവശ്യപ്പെട്ട് അഡ്വാൻസ് തുകയായി ഒരുലക്ഷം രൂപ തോമസിന് നൽകുകയും ചെയ്തു.

രേഖകൾ പരിശോധിക്കുവാനായി പലവട്ടം ട്രസ്റ്റ് ലീഗൽ അഡൈ്വസർ വരികയും ആവശ്യപ്പെട്ട രേഖകളെല്ലാം ഇയാൾക്ക് മുന്നിൽ എത്തിച്ചു നൽകുകയും ചെയ്തു. പിന്നീട് സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ റീ സർവ്വേ നടത്തുകയും തഹസിൽദാർ സാക്ഷ്യപ്പെടുത്തിയ സ്‌ക്കെച്ച് സഹിതം ബോധ്യപ്പെടുത്തുകയും ചെയ്തു. എല്ലാ രേഖകളും ബോധ്യപ്പെട്ടതിന് ശേഷം മാസങ്ങൾ പിന്നിട്ടിട്ടും ഭൂമി വാങ്ങുന്ന കാര്യത്തിൽ യാതൊരു നീക്കവും ഇണ്ടാകാതിരുന്നതോടെ അന്വേഷിച്ചപ്പോൾ തൽക്കാലം ഭൂമി വാങ്ങുന്നില്ല എന്നാണ് ട്രസ്റ്റ് അധികാരികൾ അറിയിച്ചത്.

ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താൻ പോലുമറിയാതെ തന്റെ സ്ഥലത്തിന്റെ ചിത്രങ്ങൾ പകർത്തി ഭൂമി വാങ്ങാൻ സഹായം അഭ്യർത്ഥിച്ച് പരസ്യം ചെയ്തിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതെന്ന് തോമസ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവർഷം ആഗസ്റ്റിൽ ഭൂമി വാങ്ങാൻ സഹായം അഭ്യർത്ഥിച്ച് യു.എസ്.എ, യു.കെ, യൂറോപ്പ് എന്നിവടങ്ങളിൽ ചിന്മയ ചാരിറ്റബിൾ ട്രസ്റ്റ് പ്രത്യക നോട്ടീസ് ഇറക്കിയത്. നോട്ടീസിൽ തന്റെ ഭൂമിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പ്രചരണം നടത്തിയതും പണപ്പിരിവ് നടത്തിയതുമെന്ന് തോമസ് ചൂണ്ടിക്കാട്ടുന്നു.

കൂടാതെ ഇവരുടെ വെബ് സൈറ്റിലും പരസ്യം നൽകി. ഇത് വഴി അവർ കോടികൾ പിരിച്ചെടുത്തതായാണ് തോമസിന്റെ ആക്ഷേപം. ചിന്മയ വിശ്വവിദ്യാപീഠത്തിന്റെ പേരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിറവം ബ്രാഞ്ചിലെ 67337413952 എന്ന അക്കൗണ്ട് നമ്പരിലേക്കാണ് ഭൂമി വാങ്ങാനായി സംഭാവനകൾ സ്വീകരിച്ചിരിക്കുന്നതെന്നും വ്യക്തമാക്കിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്. ജനങ്ങളെ വഞ്ചിച്ചു കൊണ്ട് ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും കോടികൾ പിരിച്ചെടുത്ത ട്രസ്റ്റിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ അപേക്ഷിക്കുന്നു.

കരാർ രേഖകളും ഭൂമി വാങ്ങാൻ സഹായം അഭ്യർത്ഥിച്ചുകൊണ്ട് പുറത്തിറക്കിയ നോട്ടീസിന്റെ പകർപ്പും തെളിവുകളായി സമർപ്പിച്ചിട്ടുണ്ട്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് അമേരിക്കയിൽ ജോലി ചെയ്യുന്ന സ്ഥലഉടമയായ തോമസ് ജോർജ്ജ് നാട്ടിലെത്തിയത്. എന്തുകൊണ്ടാണ് ട്രസ്റ്റ് ഇത്തരത്തിൽ ഭൂമി വേണ്ട എന്ന തീരുമാനത്തിലെത്തിയത് എന്ന് എത്ര ചോദിച്ചിട്ടും അവർ വ്യക്തമായ മറുപടി പറഞ്ഞില്ലെന്നും ഇതോടെയാണ് ഭൂമി വാങ്ങാൻ എന്ന പേരിൽ പണപ്പിരിവ് നടത്തിയത് തട്ടിപ്പിനാണെന്ന് സംശയമുയർന്നതെന്നും ജോർജ് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ചിന്മയക്ക് നൽകാമെന്ന് കരാർ ഉണ്ടാക്കിയ സാഹചര്യത്തിൽ ഇതിനിടെ സ്ഥലംവാങ്ങാൻ എത്തിയ മറ്റു പലർക്കും കച്ചവടം നടത്താൻ പറ്റാത്തതിനാൽ ഭീമമായ നഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു.

സ്ഥലവിൽപനയുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ ചിന്മയയുമായി ബന്ധപ്പെട്ടവർ അവസാനമായി അറിയിച്ചത് ഈ സ്ഥലം തങ്ങളുടെ ആവശ്യവുമായി ചേരാത്തതിനാൽ തൽക്കാലം മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നാണ്. എന്നാൽ ഇതിന് ശേഷവും സ്ഥലത്തിന്റെ ചിത്രങ്ങൾ വച്ച ബ്രോഷർ വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ച് വിദേശ ഫണ്ടായി പണപ്പിരിവ് നടത്തുന്നതായി കണ്ടുവെന്നും തോമസ് പറയുന്നു. തുടർന്ന് സ്ഥാപനവുമായി ബന്ധപ്പെട്ട ഇക്കാര്യം തിരക്കിയപ്പോൾ ഉടൻ ബ്രോഷർ നീക്കംചെയ്തു. കുറച്ചുകൂടി അന്വേഷിച്ചപ്പോൾ ജനങ്ങളിൽ നിന്ന് പണം പിരിക്കുന്നതിനായി നടത്തിയ നാടകമായി തോന്നിയെന്നും ഈ സ്ഥാപനത്തിന്റെ പൊള്ളത്തരങ്ങൾ അന്വേഷണം നടത്തി ജനങ്ങൾക്ക് മുമ്പിൽ കൊണ്ടുവരണമെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് പരാതി.

ഭൂദാനം എന്ന പേരിൽ ആണ് ചിന്മയ വിശ്വവിദ്യാപീഠ യൂണിവേഴ്‌സിറ്റിക്കായി ഡൊണേഷൻ ചോദിച്ച് നോട്ടീസ് തയ്യാറാക്കിയിരുന്നത്. യൂണിവേഴ്‌സിറ്റിക്കായി വിശാലമായ ക്യാമ്പസ് സ്ഥാപിക്കാൻ സ്വാമി ചിന്മയാനന്ദൻ ജനിച്ച ജില്ലയായ എറണാകുളത്തുതന്നെ, ഇപ്പോഴുള്ള യൂണിവേഴ്‌സിറ്റിയിൽ നിന്ന് അൽപം മാറി ഇടം കണ്ടെത്തുന്നുവെന്ന് ഈ ബ്രോഷറിലും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഒരു യൂണിറ്റിന് ഒരുലക്ഷം രൂപ അഥവാ 1700 ഡോളർ നിശ്ചയിച്ചാണ് ഡൊണേഷൻ നൽകാനുള്ള അഭ്യർത്ഥന നടത്തുന്നത്. ഒന്നോ അതിലേറെയോ യൂണിറ്റുകൾ വാങ്ങാവുന്നതാണെന്നും വ്യക്തമാക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP