Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതവിശ്വാസം അനുസരിച്ച് കെട്ടുന്ന ചരടുകൾ പോലും കത്രിക കൊണ്ട് മുറിച്ച് കളയും; ഖുറാൻ പഠനം അടിച്ചേൽപ്പിക്കും; വിവാഹിതരായ വിദ്യാർത്ഥിനികളോട് വിവാഹിതരല്ലാത്തവർ സംസാരിക്കാൻ അനുവദിക്കില്ല; യൂണിവേഴ്‌സിറ്റി കോളേജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥികൾ ഉന്നയിച്ച പരാതി ശരിവച്ച് അന്വേഷണ കമ്മീഷൻ

മതവിശ്വാസം അനുസരിച്ച് കെട്ടുന്ന ചരടുകൾ പോലും കത്രിക കൊണ്ട് മുറിച്ച് കളയും; ഖുറാൻ പഠനം അടിച്ചേൽപ്പിക്കും; വിവാഹിതരായ വിദ്യാർത്ഥിനികളോട് വിവാഹിതരല്ലാത്തവർ സംസാരിക്കാൻ അനുവദിക്കില്ല; യൂണിവേഴ്‌സിറ്റി കോളേജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥികൾ ഉന്നയിച്ച പരാതി ശരിവച്ച് അന്വേഷണ കമ്മീഷൻ

എം എസ് സനിൽകുമാർ

തിരുവനന്തപുരം.: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അദ്ധ്യാപകൻ വിദ്യാർത്ഥികളെ നിർബന്ധിച്ച് മതപഠനത്തിനു വിധേയമാക്കുന്നതായ പരാതി ശരിയാണെന്ന് അന്വേഷണ റിപ്പോർട്ട്. വിദ്യാർത്ഥികളിൽ ഖുർ ആൻ അടിച്ചേൽപ്പിക്കുകയും ഖുർ ആൻ പഠിച്ചുകൊണ്ടുവരാൻ നിർബന്ധിക്കുകയും ചെയ്യുന്നതായാണ് പരാതി.

കോളേജിലെ ഇസ്ലാമിക് ഹിസ്റ്ററി വിഭാഗം മേധാവി മുഹമ്മദാലി ജിന്നയെക്കുറിച്ചാണ് പരാതി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. ഖുർആനിൽ സ്ത്രീകളെ മോശമായി പറയുന്ന വാക്കുകൾ എടുത്ത്‌കൊടുത്ത് അവ പെൺകുട്ടികളെക്കൊണ്ട് വായിപ്പിക്കുന്നു. അതുപോലെയാണ് ക്ലാസ്സിലെ പെൺകുട്ടികൾ നടക്കുന്നതെന്ന് പറയുന്നു.കയ്യിൽ ചരട് കെട്ടുന്ന കുട്ടികൾക്കും അദ്ധ്യാപകന്റെ അധിക്ഷേപം നേരിടേണ്ടി വരുന്നുണ്ട്. ഓരോ കുട്ടിയും അവരുടെ മതവിശ്വാസമനുസരിച്ചാണ് ചരട് കെട്ടുന്നത്. അത് അഴിച്ചുമാറ്റാൻ പ്രേരിപ്പിക്കുകയും അതിനു തയ്യാറാകാതെ വരുമ്പോൾ അദ്ധ്യാപകൻ തന്നെ അത് കത്രിക കൊണ്ട് മുറിച്ചുമാറ്റുകയും ചെയ്യുന്നതായി വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു.

ഇതൊക്കെ കുട്ടികളിൽ മാനസികമായ സങ്കടങ്ങൾ ഉണ്ടാക്കുന്നതായി പരാതിയിൽ പറയുന്നുണ്ട് . മറ്റുകുട്ടികൾക്ക് ഇഷ്ടമില്ലാഞ്ഞിട്ടുകൂടിയാണ് ഖുർ ആൻ പഠനം അടിച്ചേൽപ്പിക്കുന്നത്. സിലബസ്സിൽ ഇല്ലാത്തകാര്യങ്ങൾ പഠിപ്പിച്ച ശേഷം മതപരമായ കാര്യങ്ങൾ പറയുകയാണ് പതിവ് . അദ്ധ്യാപകനെതിരെ നടപടി എടുക്കണമെന്ന് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിരുന്നു. പരാതി അന്വേഷിക്കാൻ ബോട്ടണി വിഭാഗം അധ്യക്ഷ ഡോ. ഐ . മിനിയുടെ നേതൃത്വത്തിൽ ആറംഗ സമിതിയെ പ്രിൻസിപ്പൽ നിയോഗിച്ചു. ഇവരുടെ അന്വേഷണത്തിലാണ് പരാതിയിൽ പറയുന്ന ഭൂരിഭാഗം കാര്യങ്ങളും ശരിയാണെന്നു തെളിഞ്ഞത്. അന്വേഷണ സമിതി 25 വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി.

മൊഴിനല്കിയവരിൽ ഭൂരിഭാഗം കുട്ടികളും അദ്ധ്യാപകൻ സിലബസ്സിനു പുറത്തുള്ള കാര്യങ്ങൾ പഠിപ്പിക്കുന്നുവെന്ന അഭിപ്രായക്കാരാണ്. ഇസ്‌ലാം മതത്തിലെ ഒരു വിഭാഗത്തിന്റെ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകി ക്ലാസ്സിൽ സംസാരിക്കുന്നുവെന്ന വസ്തുതയും ഭൂരിപക്ഷം വിദ്യാർത്ഥികളും മൊഴിയിൽ ഊന്നിപ്പറയുന്നുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച നിഷ്‌കര്ഷകളെ സംബന്ധിച്ച് ക്ലാസ്സിൽ സംസാരിച്ചിട്ടുണ്ട്. ഖുർആൻ ഭാഗങ്ങൾ വായിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ കയ്യിൽ ധരിച്ചിട്ടുള്ള ചരടുകൾ അഴിച്ചുമാറ്റിച്ചിട്ടുണ്ട്. കൂടുതൽ വായനക്കെന്നോണം ചില ചെറു ഗ്രന്ഥങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നതായി മൊഴി ലഭിച്ചു.

അത്തരം ഗ്രന്ഥങ്ങൾ ഇസ്‌ലാം മതത്തിലെ ഒരു വിഭാഗത്തിന്റെ ആശയങ്ങൾക്ക് പ്രാമുഖ്യമുള്ളതാണെന്നതും ചില വിദ്യാർത്ഥികൾ മൊഴിനൽകി. മതപരമായ കാര്യങ്ങൾ ആവശ്യത്തിലധികം പഠിപ്പിക്കുന്നതായി ചിലകുട്ടികൾക്ക് അനുഭവപ്പെടുന്നുണ്ട്. മോശക്കാരായ സ്ത്രീകൾ ആരാണെന്ന് പരാമർശിക്കുന്ന ഖുർആൻ ഭാഗങ്ങൾ നിർബന്ധപൂർവ്വം വായിപ്പിക്കാറുണ്ടെന്നു വിദ്യാർത്ഥിനികൾ മൊഴി നൽകുന്നു. സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച പരാമർശങ്ങൾ ഉള്ള ഭാഗങ്ങളാണിത്. അത് പല വിദ്യാര്ഥിനികൾക്കും അരോചകമായി തോന്നാറുണ്ട്. അവർക്ക് അവരുടെ വിശ്വാസം അനുസരിച്ചുള്ള വസ്ത്രധാരണത്തിലാണ് താല്പര്യം...റിപ്പോർട്ട് പറയുന്നു.

മതാചാരപ്രകാരം കൈയിൽ കെട്ടുന്ന ചരട് അഴിച്ചുമാറ്റുന്നതു സംബന്ധിച്ച പരാതി ശരിവെയ്ക്കും വിധമാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും മൊഴിനല്കിയിട്ടുള്ളത്. രണ്ടു വിദ്യാർത്ഥിനികൾക്ക് അത് നേരിട്ടനുഭവമാണെന്ന രീതിയിൽ പറഞ്ഞിട്ടുണ്ട്. അൽ റാബിയ ബഷീർ എന്ന വിദ്യാർത്ഥിനിയോട് അഡ്‌മിഷൻ സമയത്ത് രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ തന്നെ കൈയിലെ ചരട് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായി പറയുന്നു. ഷഹ്ന ആർ ഷംനാദ് എന്ന വിദ്യാർത്ഥിനിയുടെ കൈയിലെ ചരട് നിർബന്ധപൂർവ്വം അഴിച്ചുമാറ്റിച്ചതായി വിദ്യാർത്ഥിനി മൊഴി നൽകി. മിക്ക വിദ്യാർത്ഥികൾക്കും ഇത് സംബന്ധിച്ച് അറിവുണ്ട്.

വിവാഹിതരായ വിദ്യാർത്ഥിനികൾ വിവാഹിതരല്ലാത്ത വിദ്യാർത്ഥികളോട് സംസാരിക്കുന്നത് വിലക്കിയിട്ടുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വിവാഹിതരായ വിദ്യാർത്ഥിനികളാണ് ഇങ്ങനെ മൊഴി നൽകുന്നത്. നബിദിനാഘോഷം സംബന്ധിച്ച ചില തർക്കങ്ങൾ അദ്ധ്യാപകൻ ക്ലാസ്സിൽ ഉന്നയിച്ചതായും വിദ്യാർത്ഥികൾ പറയുന്നു. അത് ചില വിദ്യാര്ഥികള്‌ക്കെങ്കിലും ബുദ്ധിമുട്ടായിട്ടുണ്ട്. മൃഗങ്ങളെ അറുക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ ക്ലാസ്സിൽ പറഞ്ഞിട്ടുണ്ട്. അതിൽ ചില വിദ്യാർത്ഥികൾക്ക് അതൃപ്തിയുണ്ട്.

പരാതിയിൽ പരാമർശിക്കപ്പെട്ട വകുപ്പ് അധ്യക്ഷൻ മുഹമ്മദലി ജിന്നയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. പഠനത്തിന്റെ ഭാഗമായി മാത്രമേ ഇസ്‌ലാം മത കാര്യങ്ങൾ പറഞ്ഞിട്ടുള്ളൂ എന്നാണ് അദ്ധ്യാപകന്റെ നിലപാട്. അത് സിലബസ്സിനു വെളിയിലുള്ള കാര്യങ്ങളായി പറയാൻ കഴിയില്ല. വിദ്യാർത്ഥികളുടെ സംശയങ്ങളക്ക് മറുപടിയായി നൽകുന്ന വിശദീകരണങ്ങളെയാണ് വിദ്യാർത്ഥികൾ മതകാര്യങ്ങളായി തെറ്റിദ്ധരിക്കുന്നത്. ഭരണഘടന അനുവദിക്കുന്ന സംസാരിക്കാനുള്ള സ്വാതന്ത്ര്യമേ താൻ ഉപയോഗിച്ചിട്ടുള്ളൂ. ഖുർആൻ ആരെയും നിർബന്ധിപ്പിച്ച് വായിപ്പിച്ചിട്ടില്ല. സ്ത്രീകളെ മോശമായി പരാമർശിക്കുന്ന ഒന്നും തന്നെ പറയുകയോ അങ്ങനെയുള്ള ഭാഗങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് വിദ്യാർത്ഥികളുടെ സംശയദൂരീകരണാർത്ഥം ചെയ്തിട്ടുള്ളതാണ്.

പരാതിയിൽ പറയുന്ന കാര്യങ്ങളിൽ ഒരളവു വരെ കഴമ്പുണ്ടെന്ന കാര്യം സാധൂകരിക്കപ്പെടുന്നതായിട്ടാണ് മൊഴികൾ പരിശോധിക്കുമ്പോൾ ബോധ്യപ്പെട്ടതെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. മറ്റൊരു വസ്തുത കമ്മീഷന് ബോധ്യപ്പെട്ടത് വിദ്യാർത്ഥികൾക്ക് ഡിപ്പാർട്ട്‌മെന്റിൽ മറ്റധ്യാപകരെക്കുറിച്ച് ഒരു പരാതിയുമില്ലെന്നതാണ്. അദ്ധ്യാപകൻ വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട വ്യക്തിയാണെന്ന പൊതുബോധ്യത്തെ മുൻനിർത്തി മുഹമ്മദാലി ജിന്ന കുറേക്കൂടി അവധാനതയോടും സഹിഷ്ണുതയോടും ക്ലാസ്സിൽ പെരുമാറണമെന്ന് കമ്മീഷൻ റിപ്പോർട്ട് ശുപാര്ശ ചെയ്യുന്നു. അദ്ധ്യാപകൻ സിലബസ് കേന്ദ്രീകൃതമായി അധ്യയനം നടത്താൻ ശ്രദ്ധിക്കണം. ക്ലാസ്സിലെ വിദ്യാർത്ഥികളുടെ വ്യക്തിവിശ്വാസങ്ങൾ ആദരിക്കാനും മനോനില പരിഗണിക്കാനും അദ്ധ്യാപകൻ ബാധ്യസ്ഥനാണ് .

ജനാധിപത്യരീതിയിൽ മതേതര നിലപാടിൽ നിന്നുകൊണ്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. വസ്ത്രധാരണരീതി സംബന്ധിച്ച് കോളേജ് കാമ്പസ്സിൽ പ്രത്യേക നിബന്ധനകൾ നിലവിലില്ലാത്തതിനാൽ സഭ്യമായ രീതിയിൽ വ്യക്തിതാല്പര്യത്തിനനുസരിച്ച് വസ്ത്രധാരണം നടത്താൻ വിദ്യാർത്ഥികൾക്കവകാശമുണ്ട്. ഒരു കാരണവശാലും അതിന്മേൽ പ്രത്യേക നിഷ്‌കർഷ വയ്ക്കാൻ പാടില്ല. കയ്യിൽ ചരട് ധരിക്കുന്നത്‌പോലുള്ള മതപരവും വ്യക്തിപരവുമായ കാര്യങ്ങളിൽ അദ്ധ്യാപകൻ ഇടപെടാൻ പാടില്ല. മതപരമായ ആഘോഷങ്ങളും ആചാരങ്ങളും വിദ്യാർത്ഥികളുടെ വ്യക്തിപരമായ സ്വാതത്ര്യമാണ്. അതിൽ അദ്ധ്യാപകന് കൈകടത്താൻ സ്വാതന്ത്ര്യമില്ല. ഡിപ്പാർട്ട്‌മെന്റിൽ ഒരു വനിതാ അദ്ധ്യാപികയെ ട്യൂട്ടറായി നിയമിക്കാവുന്നതാണെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു. റിപ്പോർട്ട് തുടർനടപടികൾക്കായി പ്രിസിപ്പലിനു സമർപ്പിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP