Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ വി തോമസിനും ആന്റോയ്ക്കും പച്ചക്കൊടി കാട്ടുന്നത് വിജയസാധ്യത ഉറപ്പുവരുത്തിയ ശേഷം മാത്രം; ഉമ്മൻ ചാണ്ടി ഇല്ലെങ്കിൽ ഇടുക്കിയും തൃശ്ശൂരും ചാലക്കുടിയും തീരുമാനിക്കുക കത്തോലിക്കാ - യാക്കോബായ - ഹിന്ദു അനുപാതം നോക്കി; കെ സി വേണുഗോപാലും മുല്ലപ്പള്ളിയും മത്സരിക്കില്ലെന്ന് ഉറപ്പാക്കാതെ ആലപ്പുഴയിലും വടകരയിലും മറ്റുള്ളവരെ പരിഗണിക്കില്ല; പാലക്കാട്ട് ശ്രീകണ്ഠനും കാസർകോട് സുബ്ബറായും കണ്ണൂരിൽ സുധാകരനും ആറ്റിങ്ങലിൽ അടൂർ പ്രകാശും വയനാട്ടിൽ ഷാനിമോളും ഉറപ്പിച്ചു: കോൺഗ്രസ് സ്ഥാനാർത്ഥി ചിത്രം ഇങ്ങനെ

കെ വി തോമസിനും ആന്റോയ്ക്കും പച്ചക്കൊടി കാട്ടുന്നത് വിജയസാധ്യത ഉറപ്പുവരുത്തിയ ശേഷം മാത്രം; ഉമ്മൻ ചാണ്ടി ഇല്ലെങ്കിൽ ഇടുക്കിയും തൃശ്ശൂരും ചാലക്കുടിയും തീരുമാനിക്കുക കത്തോലിക്കാ - യാക്കോബായ - ഹിന്ദു അനുപാതം നോക്കി; കെ സി വേണുഗോപാലും മുല്ലപ്പള്ളിയും മത്സരിക്കില്ലെന്ന് ഉറപ്പാക്കാതെ ആലപ്പുഴയിലും വടകരയിലും മറ്റുള്ളവരെ പരിഗണിക്കില്ല; പാലക്കാട്ട് ശ്രീകണ്ഠനും കാസർകോട് സുബ്ബറായും കണ്ണൂരിൽ സുധാകരനും ആറ്റിങ്ങലിൽ അടൂർ പ്രകാശും വയനാട്ടിൽ ഷാനിമോളും ഉറപ്പിച്ചു: കോൺഗ്രസ് സ്ഥാനാർത്ഥി ചിത്രം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ നിന്നും പരമാവധി ലോക്‌സഭാ സീറ്റുകൾ വിജയിക്കുക എന്നതാണ് കോൺഗ്രസ് ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ അട്ടിമറിച്ച് അധികാരത്തിലെത്തണമെങ്കിൽ അതിന് കേരളം കോൺഗ്രസിനോട് ശരിക്കും കരുണ കാട്ടേണ്ട അവസ്ഥയിലാണ്. എന്നാൽ, വാക്കോവർ അനുവദിക്കില്ലെന്നും കടുത്ത പോരാട്ടത്തിന് ഒടുവിൽ വിജയിക്കാമെങ്കിൽ വിജയിച്ചോ എന്നു മട്ടില്ലാണ് സിപിഎമ്മിനെ സ്ഥാനാർത്ഥി നിർണയം. ശക്തരായവരെ സിപിഎം കളത്തിലിറക്കിയതോടെ കോൺഗ്രസ് നിലവിൽ തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയിലും മാറ്റം വരാനുള്ള സാധ്യതയേറി. എംപിമാർ അടക്കം പലരും സീറ്റുറപ്പിച്ചിരുന്നെങ്കിലും ഇവരിൽ ചിലർക്ക് സീറ്റു നഷ്ടമായേക്കുമെന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്.

സിപിഎം കഴിഞ്ഞതവണ അനായാസം വിജയിച്ചു കയറിയ മണ്ഡലത്തിൽ പോലും ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കി പിടിച്ചെടുക്കാൻ സാധിക്കുമോ എന്നാണ് രാഹുൽ ഗാന്ധി കെ സി വേണുഗോപാൽ അടക്കമുള്ളവരോട് ചോദിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അതിന് മുതിർന്ന നേതാക്കൾ മത്സരിച്ചാലും പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞു. ഇതോടെ ഉമ്മൻ ചാണ്ടി അടക്കമുള്ളവർ മത്സരിക്കാനുള്ള സാധ്യത കൂടിയിട്ടുണ്ട്. രാഹുൽ കേരളത്തിൽ എത്തിയപ്പോൾ പറഞ്ഞത് സ്ത്രീകൾക്കും ചെറുപ്പക്കാർക്കും സ്ഥാനാർത്ഥി പട്ടികയിൽ പ്രാധാന്യം നൽകുമെന്നാണ്. എന്നാൽ, വിജയ സാധ്യത മാത്രം നോക്കിയാണ് സിപിഎം സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. ഇതോടെ ചിത്രം മാറി. ഇതോടെ വിജയം മാത്രം മാനദണ്ഡമാക്കണമെന്ന നിർദ്ദേശം കെ സി വേണുഗോപാലിന് കോൺഗ്രസ് അധ്യക്ഷൻ നൽകിയിട്ടുണ്ട്.

ഇതോടെ സിറ്റിങ് എംപിമാരുടെ കാര്യത്തിൽ അടക്കം പുനർവിചിന്തനം നടത്താൻ പാർട്ടി ഒരുങ്ങുകയാണ്. എറണാകുളം, പത്തനംതിട്ട സ്ഥാനാർത്ഥികളുടെ കാര്യത്തിലാണ് കോൺഗ്രസിന് വീണ്ടുവിചാരമുള്ളത്. എറണാകുളത്ത് കെ വി തോമസിനെ മാറ്റി ഹൈബി ഈഡന് സീറ്റു നൽകണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. പി രാജീവിനെ പോലെ കരുത്തനായ സ്ഥാനാർത്ഥിയെ സിപിഎം രംഗത്തിറക്കിയതോടെയാണ് ഹൈബിക്ക് വേണ്ടിയുള്ള മുറവിളികൾ ഉയർന്നു തുടങ്ങിയത്. തുടർച്ചയായി മത്സരിക്കുന്ന തോമസ് മാഷ് മണ്ഡലത്തിൽ അത്രയ്ക്ക് ജനകീയനല്ലെന്ന വിലയിരുത്തലിന് ഇടയിലാണ് ഹൈബിയുടെ പേര് പുതിയ സാഹചര്യത്തിൽ ഉയർന്നുവരുന്നത്.

പത്തനംതിട്ട മണ്ഡലത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ ഡിസിസി അടക്കം ആന്റോ ആന്റണിക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. കൂടാതെ പിസി ജോർജ്ജ് എംഎൽഎ അടക്കം മത്സരിക്കാൻ ഇറങ്ങുന്നു. ഓർത്തഡോക്‌സ് സമുദായ പിന്തുണയോടെ വീണാ ജോർജ്ജ് ഇടതു സ്ഥാനാർത്ഥി ആകുമ്പോൾ ശബരിമല വിഷയത്തിൽ ഹൈന്ദവ വികാരം ശക്തമായി നിലനിൽക്കുന്ന മണ്ഡലത്തിൽ ഹിന്ദു സ്ഥാനാർത്ഥി വേണമെന്ന വാദവും ഉയരുന്നുണ്ട്. വിജയസാധ്യത മാത്രം പരിഗണിച്ചാൽ ഈ ലോക്‌സഭാ മണ്ഡലത്തിൽ ആന്റോയെ മാറ്റിപ്പരീക്ഷിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.

അതേസമയം കേരളത്തിലെ തെരഞ്ഞെടുപ്പു കാമ്പയിന് അടക്കം ജനകീയ മുഖമുള്ള നേതാവിന്റെ അഭാവം നിഴലിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ഉമ്മൻ ചാണ്ടി തന്നെയായിരുന്നു നായകൻ. എന്നാൽ, ഇപ്പോൾ അദ്ദേഹം കേരളരാഷ്ട്രീയത്തിൽ അത്രയ്ക്ക് സജീവമല്ല. ആന്ധ്രയുടെ ചുമതലയുള്ള നേതാവാണ് ചാണ്ടി. ഉമ്മൻ ചാണ്ടി മത്സരിച്ചാൽ മൊത്തം മണ്ഡലങ്ങളിൽ പാർട്ടി സംവിധാനത്തിന് ഉണർവ്വു ലഭിക്കുമെന്ന വികാരം കോൺഗ്രസുകാർക്കിടയിൽ ഉണ്ട്. അതുകൊണ്ട് ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയെ ഇപ്പോഴും പരിഗണിക്കുന്നുണ്ട്. അദ്ദേഹം മത്സരരംഗത്തുണ്ടെങ്കിൽ കോട്ടയം സീറ്റു വിട്ടുനൽകാൻ കേരളാ കോൺഗ്രസ് തയ്യാറായേക്കുമെന്ന വിലയിരുത്തലുമുണ്ട്.

സമുദായ സമവാക്യങ്ങൾ കൂടി വിലയിരുത്തിയാകും മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുക. ഉമ്മൻ ചാണ്ടി മത്സരിക്കുന്നില്ലെങ്കിൽ ഇടുക്കിയും തൃശ്ശൂരും ചാലക്കുടിയും തീരുമാനിക്കുക കത്തോലിക്കാ - യാക്കോബായ- ഹിന്ദു അനുപാതം ഉറപ്പു വരുത്തിയാകും. ചാലക്കുടി മണ്ഡലത്തിൽ ബെന്നി ബെഹനാനെ സ്ഥാനാർത്ഥിയാക്കി വിജയം ഉറപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. തൃശ്ശൂർ മണ്ഡലത്തിൽ ടി എൻ പ്രതാപന്റെ പേരു തന്നെയാണ് ശക്തമായി ഉയരുന്നത്. കെ സി വേണുഗോപാലും മുല്ലപ്പള്ളിയും മത്സരിക്കുന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. ഇവർ മത്സരിക്കണമെന്ന് ഹൈക്കമാൻഡ് പറയുന്ന സാഹചര്യം ഉണ്ടായേക്കും. സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണയത്തോടെ രണ്ട് മണ്ഡലങ്ങളിലും മറ്റു സ്ഥാനാർത്ഥികളെ കുറിച്ച് ചിന്തിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് കോൺഗ്രസ്.

പാലക്കാട് മണ്ഡലത്തിൽ നിലവിലെ ധാരണ അനുസരിച്ച് വി കെ ശ്രീകണ്ഠൻ തന്നെയാണ് സ്ഥാനാർത്ഥിയാകുക. അദ്ദേഹം മണ്ഡലത്തിൽ പദയാത്ര നടത്തി സ്ഥാനാർത്ഥിയാകുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ആദ്യം തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും പലരും പുറത്തുപോയിട്ടുണ്ട്. ഇടുക്കിയിൽ ഉമ്മൻ ചാണ്ടി എത്തിയാൽ ഡീൻ കുര്യാക്കോസ് പുറത്തുപോകും. കാസർകോട് മണ്ഡലത്തിൽ അബ്ദുള്ളക്കുട്ടിയെ പരിഗണിച്ചിരുന്നെങ്കിൽ ഇപ്പോൾ ആ സ്ഥിതി മാറി. സുബ്ബരായ്ക്കാണ് ഇപ്പോൾ മുൻഗണന ലഭിച്ചിരിക്കുന്നത്. കണ്ണൂരിൽ കെ സുധാകരന്റെ പേര് മാത്രമാണ് ഉയർന്നുകേൾക്കുന്നത്. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും തിരുവനന്തപുരത്ത് ശശി തരൂരും കോഴിക്കോട്ട് എം കെ രാഘവനും സീറ്റുറപ്പിച്ചിട്ടുണ്ട്.

ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശിനെ തന്നെ കളത്തിലിറക്കുമെന്നാണ് സൂചന. വയനാട്ടിൽ ഷാനിമോൾ ഉസ്മാൻ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിച്ചു. ഇതോടെ ടി സിദ്ദിഖ് പ്രതീക്ഷിച്ച മണ്ഡലത്തിൽ ഷാനിമോളീലൂടെ വിജയം ഉറപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് ഹൈക്കമാൻഡ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ചില എംപിമാരെ മാറ്റിപ്പരീക്ഷിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്. ആലത്തൂർ മൂന്ന് പേരുകളാണ് ഉയരുന്നത്. സുനിൽ ലാലൂർ (യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി), ശ്രീലാൽ ശ്രീധർ (കെ.എസ്.യു. വൈസ് പ്രസിഡന്റ്) എന്നിവരാണ് ഇവർ.

നിലവിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി സാധ്യതാ പട്ടിക ഇങ്ങനെയാണ്

തിരുവനന്തപുരം- ശശി തരൂർ
ആറ്റിങ്ങൽ- അടൂർ പ്രകാശ്
പത്തനംതിട്ട- ആന്റോ ആന്റണി
മാവേലിക്കര- കൊടിക്കുന്നിൽ സുരേഷ്
ആലപ്പുഴ- കെ സി വേണുഗോപാൽ
ഇടുക്കി- ഉമ്മൻ ചാണ്ടി, ഡീൻ കുര്യാക്കോസ്, ജോസഫ് വാഴയ്ക്കൻ
എറണാകുളം- കെ വി തോമസ്, ഹൈബി ഈഡൻ
ചാലക്കുടി- ബെന്നി ബെഹനാൻ
തൃശ്ശൂർ- ടി എൻ പ്രതാപൻ
ആലത്തൂർ-സുനിൽ ലാലൂർ, ശ്രീലാൽ ശ്രീധർ
പാലക്കാട്- വി കെ ശ്രീകണ്ഠൻ
കോഴിക്കോട്-എം കെ രാഘവൻ
വയനാട്-ഷാനിമോൾ ഉസ്മാൻ
വടകര-മുല്ലപ്പള്ളി, ടി സിദ്ദിഖ്, അഭിജിത്ത്
കണ്ണൂർ- കെ സുധാകരൻ
കാസർകോട്- സുബ്ബറായ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP