Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വയനാട് ജില്ലയുടെ സർക്കാർ പേജിൽ കയറിയാൽ ആദ്യം കണ്ണിൽ പെടുക കളക്ടറുടെ സീറ്റിന് പിന്നിലെ തിളങ്ങുന്ന ആനക്കൊമ്പുകൾ; വീട്ടിൽ ആനക്കൊമ്പ് സൂക്ഷിച്ചതിന് ഒന്നാം പ്രതിയായ മോഹൻലാലിന് ഇല്ലാത്ത ഓണർഷിപ്പ് കളക്ടർക്കുണ്ടോ? വിവരാവകാശ ചോദ്യത്തിന് മറുപടി ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ലൈസൻസ് കളക്ടർക്കില്ലെന്ന്; ചേംബറിൽ ആനക്കൊമ്പുകൾ പ്രദർശിപ്പിക്കാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ടിലേറെ; അത് ഇവിടെ തന്നെ സൂക്ഷിക്കണമെന്ന് നിർബന്ധമില്ലെന്നും സർക്കാർ പറഞ്ഞാൽ മാറ്റാമെന്നും അജയകുമാർ

വയനാട് ജില്ലയുടെ സർക്കാർ പേജിൽ കയറിയാൽ ആദ്യം കണ്ണിൽ പെടുക കളക്ടറുടെ സീറ്റിന് പിന്നിലെ തിളങ്ങുന്ന ആനക്കൊമ്പുകൾ; വീട്ടിൽ ആനക്കൊമ്പ് സൂക്ഷിച്ചതിന് ഒന്നാം പ്രതിയായ മോഹൻലാലിന് ഇല്ലാത്ത ഓണർഷിപ്പ് കളക്ടർക്കുണ്ടോ? വിവരാവകാശ ചോദ്യത്തിന് മറുപടി ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ലൈസൻസ് കളക്ടർക്കില്ലെന്ന്; ചേംബറിൽ ആനക്കൊമ്പുകൾ പ്രദർശിപ്പിക്കാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ടിലേറെ;  അത് ഇവിടെ തന്നെ സൂക്ഷിക്കണമെന്ന് നിർബന്ധമില്ലെന്നും സർക്കാർ പറഞ്ഞാൽ മാറ്റാമെന്നും അജയകുമാർ

എം മനോജ് കുമാർ

 കൽപ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ ചേംബറിൽ അനുമതിയില്ലാതെ ആനക്കൊമ്പുകൾ സൂക്ഷിച്ചിരിക്കുന്നത് വിവാദമാകുന്നു. സൂക്ഷിക്കാനോ പ്രദർശിപ്പിക്കാനോ അനുമതിയില്ലാതെയാണ് ജില്ലാ ഭരണം നടത്തുന്ന ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടറുടെ ഓഫീസിൽ ആനക്കൊമ്പുകൾ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തിരിക്കുന്നത്. ആനക്കൊമ്പ് കൈമാറുന്നതും കൈവശംവയ്ക്കുന്നതും ക്രിമിനൽ കുറ്റമായി നിലനിൽക്കെയാണ് കളക്ടറുടെ ചേംബറിൽ തന്നെ ആനക്കൊമ്പുകൾ പ്രദർശിപ്പിച്ചിരിക്കുന്നതും. ആനക്കൊമ്പ് കൈവശം വെച്ച കേസിൽ നടൻ മോഹൻലാൽ ഒന്നാം പ്രതിയാണെന്ന് കഴിഞ്ഞ മാസം അവസാനമാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. അനധികൃതമായി ആനക്കൊമ്പ് കൈവശം വെച്ച കേസിൽ മോഹൻലാൽ അടക്കം നാലുപേരെ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചിട്ടുമുണ്ട്.

ആനക്കൊമ്പ് കൈവശം വയ്ക്കണമെങ്കിൽ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് വേണം. മോഹൻലാലിന്റെ കയ്യിൽ ഈ സർട്ടിഫിക്കറ്റില്ല. ഒരാളുടെ കയ്യിൽ നിന്നും വാങ്ങിച്ച ആനക്കൊമ്പ് ആണ് മോഹൻലാൽ സൂക്ഷിച്ചിരിക്കുന്നത്. കേസ് വന്നതും പ്രതിയായതും അത് കാരണമാണ്. ഈ കേസിൽ ഒന്നാം പ്രതി തന്നെയാണ് മോഹൻലാൽ. അങ്ങിനെയെങ്കിൽ ആനക്കൊമ്പ് സൂക്ഷിച്ചതിനും പ്രദർശിപ്പിച്ചതിന്റെയും പേരിൽ കളക്ടർക്ക് എതിരെയും കേസ് വരാവുന്നതാണ്. ജില്ലാ ഭരണാധികാരി ആണെങ്കിൽ കൂടി ആനക്കൊമ്പ് സൂക്ഷിക്കാൻ വനം വകുപ്പ് നൽകുന്ന ലൈസൻസ് ജില്ലാ കളക്ടർക്കില്ല. ഈ ലൈസൻസ് കളക്ടർക്ക് നൽകിയിട്ടില്ലെന്നു വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ വനംവകുപ്പ് വ്യക്തമാക്കുന്നുമുണ്ട്.

ആനക്കൊമ്പ് കൈവശം വെച്ചതിന്റെ പേരിൽ പരമാവധി അഞ്ചു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മോഹൻലാലിന് നേരെ ചുമത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ തന്നെയാണ് വയനാട് കളക്ടറേറ്റിൽ കളക്ടർ തന്നെ അനധികൃതമായി ആനക്കൊമ്പുകൾ സൂക്ഷിച്ചിരിക്കുന്നത്. വന്യജീവികളെ സംരക്ഷിക്കാനും അവയെ സംരക്ഷിക്കുന്ന നിയമങ്ങൾ നടപ്പിലാക്കാനും ബാധ്യതപ്പെട്ട ജില്ല കൂടിയാണ് വയനാട്. ജില്ലയിലെ മുപ്പത്തിയെട്ട് ശതമാനവും വനവുമാണ്. ഇത്തരം ജില്ലയിൽ തന്നെയാണ് കളക്ടറുടെ ഓഫീസിൽ തന്നെ ആനക്കൊമ്പുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം വയനാട് സ്വദേശി കുഞ്ഞുമുഹമ്മദ് നൽകിയ അപേക്ഷയിൽ ആനക്കൊമ്പുകൾ പ്രദർശിപ്പിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് അനുമതി നൽകിയിട്ടില്ലെന്ന് വനംവകുപ്പ് വിശദമാക്കിയിട്ടുണ്ട്. ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഉള്ള വ്യക്തികൾ ആരൊക്കെയെന്നു വനം വകുപ്പിന് അറിയാം. എന്നാൽ ഇത്തരം ഒരു ലൈസൻസ് വയനാട് കളക്ടർക്ക് നൽകിയിട്ടില്ല. വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിൽ വനംവകുപ്പ് വ്യക്തമാക്കുന്നു.

ആനക്കൊമ്പുകൾ പ്രദർശിപ്പിക്കാൻ വനംവകുപ്പ് ജില്ലാ കളക്ടർക്ക് അനുമതി നൽകിയിട്ടില്ല എന്ന് വ്യക്തമായിരിക്കെ തന്നെയാണ് കാൽ നൂറ്റാണ്ടിലേറെയായി നിയമവിരുദ്ധമായി ആനക്കൊമ്പുകൾ കളക്ടറുടെ ചേംബറിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. 1991 മുതൽ ആനക്കൊമ്പുകൾ കളക്ടറുടെ ഓഫീസിൽ സൂക്ഷിക്കുന്നുണ്ട്. ട്രഷറിയിൽ സൂക്ഷിക്കേണ്ട ആനക്കൊമ്പുകൾ ആണ് കളക്ടർ ചേംബറിൽ സൂക്ഷിച്ചിരിക്കുന്നത്. ഒപ്പം പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ആനക്കൊമ്പുകൾ കളക്ടർ വനംവകുപ്പിൽ നിന്ന് കൈപ്പറ്റിയതിനു രേഖയുണ്ട്. പക്ഷെ ആനക്കൊമ്പ് പ്രദർശിപ്പിക്കാനോ സൂക്ഷിക്കാനോ കളക്ടർക്ക് അധികാരമില്ല. വനം-വന്യജീവി നിയമപ്രകാരം ആനക്കൊമ്പുകളും മറ്റും പ്രദർശിപ്പിക്കുന്നത് കുറ്റകരമാണ്.

ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ആവശ്യമുണ്ട്. കേരളത്തിൽ തന്നെ വളരെ ചുരുക്കം പേർക്ക് മാത്രമാണ് ആനക്കൊമ്പുകളും മാൻ കൊമ്പുകളും മറ്റും സൂക്ഷിക്കാൻ അനുമതിയുള്ളത്. ഈ സാഹചര്യം നിലനിൽക്കെയാണ് എല്ലാ നിയമങ്ങളും മറികടന്നു ആനക്കൊമ്പുകൾ വയനാട് ജില്ലാ കളക്ടറുടെ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നത്. ഇതേ ആനക്കൊമ്പ് കണ്ടു മോഹിച്ച ഒരു കളക്ടർ, ട്രാൻസ്ഫർ ആയപ്പോൾ അത് ബാഗിലാക്കി കൊണ്ടുപോകാൻ ഒരുങ്ങിയതാണ്. പക്ഷെ സ്റ്റാഫും മറ്റും ബഹളമുണ്ടാക്കിയതിനാൽ ഈ കൊണ്ടുപോകൽ നടന്നില്ല. 1991-ലെ കളക്ടർ ആണ് വനംവകുപ്പിൽ നിന്നും ആനക്കൊമ്പുകൾ കൈപ്പറ്റുന്നത്. എന്തിനാണ് വനംവകുപ്പിൽ നിന്ന് ആനക്കൊമ്പ് കൈപ്പറ്റിയത് എന്ന ചോദ്യത്തിനു തത്ക്കാലം ഉത്തരമില്ല. അതിന്റെ രേഖകൾ കളക്ടേറ്റിലും ലഭ്യമല്ല എന്നാണ് അറിയുന്നത്. കളക്ടർ കൈപ്പറ്റി എന്നതിന് പക്ഷെ രേഖയുണ്ട്. നൽകിയ ആനക്കൊമ്പുകൾ പ്രദർശിപ്പിക്കാൻ കളക്ടർക്ക് വനംവകുപ്പ് അനുമതി നൽകിയിട്ടില്ല.

ആനക്കൊമ്പ്, മാൻകൊമ്പുകൾ എന്നിവ പ്രദർശിപ്പിക്കാൻ വനം വകുപ്പ് ആർക്കും അനുമതി നൽകാറില്ല. ആനക്കൊമ്പുകളും മാൻകൊമ്പുകളും സൂക്ഷിക്കാൻ നിലവിൽ അനുമതി നൽകിയിട്ടുള്ളത് അത് പരമ്പരാഗതമായി കൈവശം വച്ചിരിക്കുന്നവർക്ക് മാത്രമാണ്. ഇതാര്, അവരുടെ വിശദാംശങ്ങൾ എന്തൊക്കെ എന്നത് വനംവകുപ്പിന് അറിയാവുന്നതുമാണ്. അല്ലാതെ പുതുതായി ആർക്കും വനംവകുപ്പ് അനുമതി നൽകാറില്ല. ആനക്കൊമ്പ് കൈവശം വയ്ക്കണമെങ്കിൽ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് വേണം. ഇപ്പോൾ ആനക്കൊമ്പ് സൂക്ഷിച്ചിരിക്കുന്ന ആളുകളുടെ കയ്യിൽ ഈ ഓണർഷിപ്പ് സർട്ടിഫിക്കറ്റുണ്ട്. മോഹൻലാലിന്റെ കയ്യിൽ ആദ്യം ഈ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. മോഹൻലാൽ കേസിൽ കുടുങ്ങിയതോടെ മുൻകാല പ്രാബല്യത്തോടെ സർക്കാർ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് മോഹൻലാലിന് നൽകുകയായിരുന്നു. മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുൻകാല പ്രാബല്യത്തോടെ നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇപ്പോൾ പൊതുതാൽപര്യ ഹർജിയും നിലനിൽക്കുന്നുണ്ട്. ആലുവ ഉദ്യോഗമണ്ഡൽ സ്വദേശി എ.എ.പൗലോസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഈ ആവശ്യമുള്ളത്. ഈ ഹർജിയിലെ വാദവും തുടരുകയാണ്.

ആനക്കൊമ്പ് തുടങ്ങിയ വസ്തുക്കൾ വീട്ടിലുണ്ടെങ്കിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ മുന്നിൽ ആ ആവശ്യം ഡിക്ലയർ ചെയ്യണം. പരമ്പരാഗതമായി കിട്ടിയതാണെങ്കിൽ മാത്രമേ ഈ അപേക്ഷയ്ക്ക് സാധൂകരണവും ലഭിക്കുകയുള്ളൂ. ഈ ആവശ്യം വനംവകുപ്പ് നേരിട്ട് പരിശോധിക്കും. പക്ഷെ ഇപ്പോൾ ഇത്തരം അപേക്ഷ വനംവകുപ്പ് സ്വീകരിക്കുന്നില്ല. ഇത്തരം അപേക്ഷ നല്കാൻ വനംവകുപ്പ് ആകെ നൽകിയ സമയം 2003-ൽ മാത്രമാണ്. അതും ആറു മാസം മാത്രം. ആ സമയം അപ്പോൾ കഴിഞ്ഞു. അതുകൊണ്ട് തന്നെ പരമ്പരാഗതമായി ലഭിച്ചതാണ് ആനക്കൊമ്പുകൾ എന്ന് പറഞ്ഞു ആർക്കും ചീഫ് ലൈഫ് വാർഡനു അപേക്ഷ നൽകാൻ കഴിയില്ല. നൽകിയാൽ അത് പരിഗണിക്കുകയുമില്ല. അന്ന് സമയം നൽകിയപ്പോൾ തന്നെ ഭൂരിപക്ഷം പേരും അപേക്ഷ നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ പല വീടുകളിലും സൂക്ഷിച്ചിരിക്കുന്ന ആനക്കൊമ്പും മാൻ തലയുമെല്ലാം പുറത്തറിഞ്ഞാൽനീങ്ങുന്നത് നിയമ നടപടികളിലേക്കാണ്. .

മോഹൻലാൽ നേരിടുന്ന നിയമനടപടികൾ ഇവരും നേരിടേണ്ടി വന്നേക്കും. ഇപ്പോൾ ഒരാളുടെ കയ്യിൽ ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഉണ്ടെങ്കിൽ അത് ആ വ്യക്തിക്ക് കൈമാറാൻ അവകാശമില്ല. അതുകൊണ്ട് തന്നെ ഈ സർട്ടിഫിക്കറ്റ് സഹിതം ആരെങ്കിലും ആനക്കൊമ്പ് വാങ്ങിയാൽ അവരും നിയമനടപടിക്ക് വിധേയമാകുന്ന അവസ്ഥ വരും. മോഹൻലാൽ നേരിട്ടത് ഇതേ പ്രശ്‌നമാണ്. മോഹൻലാലിന് ആനക്കൊമ്പ് നൽകിയ ആളിന് സർട്ടിഫിക്കറ്റുണ്ട്. പക്ഷെ ഈ സർട്ടിഫിക്കറ്റ് കൈമാറാൻ അവകാശമില്ല. മോഹൻലാൽ കേസിൽ കുടുങ്ങുകയും ചെയ്തു. ഈ സാഹചര്യവും നിയമനടപടികളുമെല്ലാം തുടരുമ്പോൾ തന്നെയാണ് വയനാട് കളക്ടറെറ്റിൽ, കളക്ടറുടെ ചേംബറിൽ ആനക്കൊമ്പുകൾ നിയമവിരുദ്ധമായി പ്രദർശിപ്പിച്ചിരിക്കുന്നതും.

വയനാട് കളക്ടർ നൽകുന്ന വിശദീകരണം:

വർഷങ്ങൾ ആയി ആയി ആനക്കൊമ്പുകൾ കളക്ടറുടെ ചേംബറിലുണ്ട്. വനംവകുപ്പ് കളക്ടർക്ക് നൽകിയ ആനക്കൊമ്പുകൾ തന്നെയാണ് ചേംബറിലുള്ളത്. വനംവകുപ്പിന്റെ അനുമതിയോടെയാണ് കളക്ടറെറ്റിൽ ആനക്കൊമ്പുകൾ വന്നത്. അതിന്റെ ചരിത്രം എന്തെന്ന് എനിക്കറിയില്ല-വയനാട് കളക്ടർ അജയകുമാർ എ.ആർ. മറുനാടനോട് പറഞ്ഞു.

വർഷങ്ങൾ ആയി ആനക്കൊമ്പുകൾ അവിടെയുണ്ട് എന്നറിയാം. അത് ഇവിടെ തന്നെ സൂക്ഷിക്കണം എന്നതിന് കളക്ടർ എന്ന നിലയ്ക്ക് എനിക്ക് ഒരു നിർബന്ധവുമില്ല. സർക്കാർ പറയുകയാണെങ്കിൽ ആനക്കൊമ്പുകൾ മാറ്റാൻ ഞാൻ തയ്യാറാണ്-കളക്ടർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP