Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാർ സിനിമക്ക് തിരക്കഥ രചിക്കുന്നത് ജയരാജ് പറഞ്ഞിട്ട്; തിരക്കഥ വാങ്ങുകയും വായിക്കുകയും ചെയ്തത് മോഹൻലാൽ; നരേഷൻ മുഴുവൻ കേട്ടത് പ്രിയദർശനും; ഒറിജിനൽ തിരക്കഥ വായിച്ച് ആവേശത്തോടെ മുന്നോട്ടു വന്ന സംവിധായകർ പിന്നീട് രംഗം കാലിയാക്കി; ഒടുവിൽ തിരക്കഥ ഡിസി ബുക്‌സ് വഴി പുസ്തകമാക്കി തിരക്കഥാകൃത്ത്; പുസ്തകത്തിലെ രംഗങ്ങൾ സിനിമയിൽ വരുമെന്ന ആശങ്കയിൽ ടി പി രാജീവൻ; ലാലിന്റെ കുഞ്ഞാലി മരയ്ക്കാർ വിവാദത്തിലേക്കോ?

മോഹൻലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാർ സിനിമക്ക് തിരക്കഥ രചിക്കുന്നത് ജയരാജ് പറഞ്ഞിട്ട്; തിരക്കഥ വാങ്ങുകയും വായിക്കുകയും ചെയ്തത് മോഹൻലാൽ; നരേഷൻ മുഴുവൻ കേട്ടത് പ്രിയദർശനും; ഒറിജിനൽ തിരക്കഥ വായിച്ച് ആവേശത്തോടെ മുന്നോട്ടു വന്ന സംവിധായകർ പിന്നീട് രംഗം കാലിയാക്കി; ഒടുവിൽ തിരക്കഥ ഡിസി ബുക്‌സ് വഴി പുസ്തകമാക്കി തിരക്കഥാകൃത്ത്; പുസ്തകത്തിലെ രംഗങ്ങൾ സിനിമയിൽ വരുമെന്ന ആശങ്കയിൽ ടി പി രാജീവൻ; ലാലിന്റെ കുഞ്ഞാലി മരയ്ക്കാർ വിവാദത്തിലേക്കോ?

എം മനോജ് കുമാർ

തിരുവനന്തപുരം: ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ടി.പി.രാജീവന്റെ കുഞ്ഞാലി മരക്കാർ എന്ന തിരക്കഥ പുസ്തകമാകാൻ ഒരുങ്ങുകയാണ്. പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ 'മരക്കാർ അറബിക്കടലിന്റെ സിംഹം' സിനിമ റിലീസിന് ഒരുങ്ങുന്ന ഘട്ടത്തിലാണ് രാജീവന്റെ പുസ്തകവും പുറത്തിറങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്. സിനിമക്ക് വേണ്ടി ടി പി രാജീവൻ രചിച്ച തിരക്കഥ ഒടുവിൽ പുസ്തകമാക്കേണ്ടി വന്നതിന് പിന്നിൽ ഒരു വലിയ കഥ തന്നെയുണ്ട്. പ്രിയദർശനെയും മോഹൻലാലിനെയും അടക്കം രാജീവൻ താനെഴുതിയ മരയ്ക്കാറുടെ കഥ പറയുന്ന തിരക്കഥ കാണിച്ചിരുന്നു. മോഹൻലാൽ നായകനാകുമെന്ന് കരുതിയാണ് തിരക്കഥ എഴുതിയത്. എന്നാൽ, പിന്നീട് പലകാരണങ്ങൾ കൊണ്ട് ഇത് നടക്കാതെ പോയി. അതുകൊണ്ടാണ് ഒടുവിൽ തിരക്കഥ പുസ്തകമാക്കി രാജീവൻ മാറ്റിയത്.

ഡി.സി.ബുക്‌സ് പുറത്തിറക്കുന്ന പുസ്തകത്തിലെ തിരക്കഥയിലെ സമാന രംഗങ്ങൾ പ്രിയൻ-മോഹൻലാൽ കൂട്ടുകെട്ടിന്റെ 'മരക്കാർ അറബിക്കടലിന്റെ സിംഹ'ത്തിൽ ഉണ്ടോയെന്ന ആശങ്കയിലാണ് ടി പി രാജീവൻ. അങ്ങനെ ഉണ്ടെങ്കിൽ നിയമവഴിയെ നീങ്ങണോ എന്ന കാര്യവും അദ്ദേഹം ആലോചിക്കുന്നു. താൻ നൽകിയ തിരക്കഥ ലാലും പ്രിയനും വായിച്ചിട്ടുണ്ട്. അതിന്റെ ഉള്ളടക്കം അവർക്ക് കൃത്യമായി ബോധ്യമുണ്ട് എന്നതാണ് രാജീവനെന്ന കലാകാരനെ ആശങ്കയിലാക്കുന്നത്. പുസ്തകത്തിലെ ഭാഗങ്ങൾ തിരക്കഥയിൽ ഉണ്ടെങ്കിൽ രണ്ടാമൂഴത്തിന്റെ പേരിൽ എം ടിയുടെ പരാതിയിൽ ശ്രീകുമാരമേനോൻ കോടതി കയറിയതിനെക്കാൾ കൂടുതൽ കുരുക്കുകളാകും പ്രിയദർശൻ-മോഹൻലാൽ ടീമിന് നേരിടേണ്ടി വരുക. അങ്ങനെ സംഭവിച്ചാൽ ഇത് ഈ സിനിമക്കായി കാത്തിരിക്കുന്നവരെയും നിരാശരാക്കുന്ന കാര്യമാകും.

കുഞ്ഞാലിമരക്കാറുമായി ബന്ധപ്പെട്ട് താൻ കോടതിയെ സമീപിച്ചാൽ മോഹൻലാലിനും പ്രിയദർശനും അങ്ങിനെ പെട്ടെന്ന് കൈ കഴുകാനും കഴിയില്ലെന്നാണ് രാജീവൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഇതിന് കാരണം മോഹൻലാലിനെ നായകനാക്കാൻ ഉദ്ദേശിച്ച് സംവിധായകൻ ജയരാജ് ആവശ്യപ്പെട്ട പ്രകാരം ടി.പി.രാജീവൻ എഴുതിയ തിരക്കഥയാണ് കുഞ്ഞാലി മരക്കാരുടേത്. ഈ തിരക്കഥ മുഴുവനായി വായിച്ച ഒരാൾ മോഹൻലാലാണ്. ഈ സ്‌ക്രിപ്റ്റിന്റെ ഉള്ളടക്കം മുഴുവൻ അറിയാവുന്ന ഒരാൾ പ്രിയദർശനുമാണ്. തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വളരെ നേരം ഇരുന്നു ടി.പി.രാജീവന്റെ വിവരണത്തിലൂടെ തന്നെ സ്‌ക്രിപ്പ്റ്റിന്റെ ഉള്ളടക്കം പ്രിയദർശൻ മുഴുവനായി തന്നെ പഠിച്ചിട്ടുമുണ്ട്. ഇതേ പ്രിയദർശൻ സംവിധായകനും മോഹൻലാൽ നായകനുമായി പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം'.

മോഹൻലാൽ തിരക്കഥ മുഴുവൻ വായിച്ചു; പ്രിയദർശൻ നരേഷനും കേട്ടു

രാജീവന്റെ കയ്യിൽ നിന്ന് താൻ വായിച്ച കുഞ്ഞാലി മരക്കാർ സ്‌ക്രിപ്പ്റ്റിൽ അല്ല ഞാൻ അഭിനയിക്കുന്നതെന്ന് രാജീവന്റെ കുഞ്ഞാലി മരയ്ക്കാർ വായിച്ച മോഹൻലാലോ, ഈ സ്‌ക്രിപ്പ്റ്റിന്റെ ഉള്ളടക്കം മുഴുവൻ അറിഞ്ഞു വെച്ചിട്ടുള്ള സംവിധായകൻ പ്രിയദർശനോ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. ഇതാണ് തിരക്കഥാകൃത്ത് എന്ന നിലയിൽ രാജീവന്റെ ആശങ്കകൾ അധികരിപ്പിക്കുന്നത്. മോഹൻലാലിന് സ്‌ക്രിപ്പിറ്റിന്റെ കോപ്പി നൽകിയതാണ്. സംവിധായകൻ എന്ന നിലയിൽ പ്രിയദർശനോട് രാജീവൻ നരേറ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. പക്ഷെ, ചെറിയ വിശദാംശങ്ങൾ പോലും പ്രിയദർശന് അറിയാം. എന്നാൽ പ്രിയദർശൻ സ്‌ക്രിപ്പ്റ്റ് മോഷ്ടിച്ചു എന്ന് ഞാൻ ഒരിക്കലും പറയില്ലാ എന്നാണ് രാജീവൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. അതേസമയം ഈ സിനിമാ ആശയം തനിക്ക് ന്ഷ്ടപ്പെട്ട കാര്യമാണ് രാജീവൻ വ്യക്തമാക്കുന്നത്.

ഓഗസ്റ്റ് സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി കുഞ്ഞാലി മര്ക്കാർ ആയി അഭിനയിക്കാൻ ഒരുങ്ങിയതുമാണ്. ഈ സ്‌ക്രിപ്പ്റ്റിന്റെ സാധ്യത മമ്മൂട്ടി മനസിലാക്കിയതുമാണ്. മൂന്നു മാസം മുൻപേ വരെ ഞാൻ മമ്മൂട്ടിയുമായി ഈ കാര്യം സംസാരിച്ചിരുന്നു. മമ്മൂട്ടി ഇപ്പോഴും സ്‌ക്രിപ്പ്റ്റിന്റെ കാര്യത്തിൽ തൽപ്പരനാണ്-രാജീവൻ പറയുന്നു. മോഹൻലാൽ ഗ്രൂപ്പിനെതിരെ, ഈ ഗ്രൂപ്പിന്റെ താത്പര്യങ്ങൾക്കെതിരെ നിൽക്കാൻ സിനിമാ രംഗത്ത് ആരും തയ്യാറല്ല. അത് സുഖകരമായ അനുഭവമായിരിക്കില്ല എന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെയാണ് ഞാൻ സംസാരിച്ച, ഈ സ്‌ക്രിപ്പ്റ്റ് കണ്ട സംവിധായകരും നിർമ്മാതാക്കളും ഒന്നൊഴിയാതെ എന്റെ കുഞ്ഞാലി മരയ്ക്കാർ പ്രോജക്റ്റിൽ നിന്ന് പിൻവാങ്ങിയത്. കുഞ്ഞാലി മരക്കാർ സിനിമയുമായി ബന്ധപ്പെട്ട് ചതിയല്ലാത്ത ഒരു ചതിയുടെ കഥകൾ മണക്കുന്നുണ്ട് എന്നാണ് രാജീവൻ പറഞ്ഞത്.

'മരക്കാർ അറബിക്കടലിന്റെ സിംഹ'ത്തിന്റെ തിരക്കഥയിൽ സംശയം

കുഞ്ഞാലി മരക്കാർ സിനിമയുടെ തിരക്കഥ അപൂർണമാക്കിയാണ് തിരക്കഥാകൃത്ത് ടി.ദാമോദരൻ രംഗം ഒഴിഞ്ഞത്. ഇതേ കുഞ്ഞാലി മരക്കാർ സിനിമയുടെ പൂർണ തിരക്കഥയാണ് ടി.പി.രാജീവന്റെ കയ്യിലുള്ളത്. തിരക്കഥ വായിക്കാൻ മോഹൻലാലിന് കോപ്പി നൽകുകയും ചെയ്തിരുന്നു. ഇത് അദ്ദേഹത്തിന്റെ കൈവശമുണ്ട് താനും. ഇതെല്ലാം സ്വാഭാവികമായും ടി.പി.രാജീവനു ആശങ്കകളുണ്ട്. വളരെയധികം റിസർച്ച് ചെയ്ത് എംജിഎസിനെപ്പോലുള്ള ഒട്ടുവളരെ ചരിത്രകാരന്മാരെ കണ്ടു സിനിമയാക്കാൻ താൻ എഴുതിയ തിരക്കഥ അത് ഇപ്പോഴും സിനിമയാകാതെ വെറും തിരക്കഥമാത്രമായി നിലനിൽക്കുകയാണ്. ഇതാണ് ഡിസി ബുക്‌സ് പുസ്തകമാക്കുന്നത്.

അതേസമയം ടി ദാമോദരൻ ബാക്കിയാക്കിയ തിരക്കഥയുമായി മുന്നോട്ടു പോയ പ്രിയൻ-ലാൽ ടീമിന്റെ സിനിമ ഓണത്തിനോ അതിനു ശേഷമോ തിയറ്ററുകളിൽ എത്തുമെന്നാണ് കരുതുന്നത്. ഈ സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ രാജീവൻ അറിഞ്ഞത് തന്റെ സ്‌ക്രിപ്പ്റ്റുമായി സാമ്യമുള്ള രംഗങ്ങൾ 'മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ കണ്ടെക്കുമെന്നാണ്. ഇതിന്റെ ചില സൂചനകൾ ടി.പി.രാജീവനു ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ടി.പി.രാജീവനുമായി ബന്ധപ്പെട്ടു സർക്കിളുകൾ ഇതിന്റെ നിയമവശം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അതുമാത്രമല്ല കുഞ്ഞാലി മരക്കാറുമായി ബന്ധപ്പെട്ടു വലിയ തിക്താനുഭവങ്ങൾ പ്രിയദർശന്റെ ഭാഗത്ത് നിന്ന് ടി.പി.രാജീവന് അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ 'മരക്കാർ അറബിക്കടലിന്റെ സിംഹ'ത്തിന്റെ വരവ് ടി.പി.രാജീവൻ സംശയ ദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്.

കുഞ്ഞാലിമരക്കാരെ പോലുള്ള യുദ്ധവും ചരിത്രവും കെട്ടുപിഴയുന്ന ഒരു സബ്ജക്റ്റ് ആസ്പദമാക്കി സിനിമയ്ക്ക് വേണ്ടി തിരക്കഥ രചിച്ചപ്പോൾ കയ്‌പ്പേറിയ ഒട്ടനവധി അനുഭവങ്ങളിലൂടെയാണ് തിരക്കഥാകൃത്ത് എന്ന നിലയിൽ ടി.പി.രാജീവിന് കടന്നുപോകേണ്ടി വന്നത്. അതേസമയം തീർത്തും നിരാശനായ എഴുത്തുകാരൻ ആരെയും കുറ്റപ്പെടുത്താനില്ല. ഒരു വ്യക്തിയെയും പിൻപോയിന്റ് ചെയ്യാൻ താത്പര്യമില്ല എന്ന് പറഞ്ഞാണ് രാജീവൻ മറുനാടനോട് പറഞ്ഞത്.

സിനിമയാകുമെന്നു കരുതി എഴുതി; വഴിത്തിരിവുകൾ ഞെട്ടിപ്പിച്ചു

സംവിധായകൻ ജയരാജന്റെ ആവശ്യപ്രകാരമാണ് കുഞ്ഞാലി മരക്കാർ സിനിമയുടെ തിരക്കഥ ടി പി രാജീവൻ എഴുതിയത്. ചരിത്രത്തെ ആസ്പദമാക്കിയുള്ള കുഞ്ഞാലിമരക്കാർ ആണ് എഴുതിയത്. ഭാവനകൊണ്ട് മാത്രം എഴുതുന്ന ആളല്ല ഞാൻ. പഠനം നടത്തിയിട്ട് വേണം എഴുതാൻ എന്നാണ് തീരുമാനിച്ചത്. അന്ന് ഒരു വർഷമാണ് കുഞ്ഞാലിമരക്കാറിനെ അറിയാൻ വേണ്ടി ചിലവഴിച്ചത്. എംജിഎസിനെപോലുള്ള ഡോക്ടർ എം.ഗംഗാധരനെ പോലുള്ള ഡോക്ടർ എം.കുഞ്ഞാലിയെ പോലുള്ള ചരിത്രകാരന്മാരെ നേരിട്ട് കണ്ടു. ചർച്ച നടത്തി. പോർച്ചുഗീസ് ഡോക്യുമെന്റ്‌സ് ശേഖരിച്ചു എല്ലാം കഴിഞ്ഞാണ് എഴുതി തുടങ്ങുന്നത്. ജയരാജന് വേണ്ട ചില മാറ്റങ്ങൾ എല്ലാം വരുത്തി. മോഹൻലാൽ ആണ് കുഞ്ഞാലിമരയ്ക്കാരെ അവതരിപ്പിക്കുക എന്ന് ജയരാജ് പറഞ്ഞു. ജയരാജാണ് എറണാകുളത്ത് എത്തി മോഹൻലാലിന് സ്‌ക്രിപ്പ്റ്റ് നേരിട്ട് കൊണ്ടുപോയി നൽകുന്നത്. മോഹൻലാൽ സ്‌ക്രിപ്പ്റ്റ് വായിച്ചിട്ട് പറയാം എന്ന് പറഞ്ഞു. മോഹൻലാൽ സ്‌ക്രിപ്പ്റ്റ് വായിക്കാൻ സമയം എടുത്തു. മോഹൻലാൽ പക്ഷെ കൃത്യമായ ഉത്തരം നൽകിയില്ല. ഞാൻ എന്റെ മേഖലയായ കവിതയിലേക്കും കോളം എഴുത്തിലേക്കും ഫിക്ഷനിലെക്കും മാറുകയും ചെയ്തു. അതിനിടയ്ക്ക് 'മാർഗം' ഒക്കെ എടുത്ത സംവിധായകൻ രാജീവ് വിജയരാഘവൻ ഈ സ്‌ക്രിപ്പ്റ്റ് വായിക്കാൻ ഇടയായി. രാജീവ് വിജയരാഘവൻ പറഞ്ഞു ഇത് രാജീവ് രവിക്ക് താത്പര്യം കാണും എന്ന് പറഞ്ഞു. ഞാൻ രാജീവ് രവിക്ക് സ്‌ക്രിപ്പ്റ്റ് എത്തിച്ചു കൊടുത്തു. രാജീവ് രവി ക്യാമറ കൂടി ചെയ്യുന്ന ആൾ ആണ്. അതുകൊണ്ട് തന്നെ പ്രോജക്റ്റ് നീണ്ടു നീണ്ടു പോയി. ആ പ്രോജക്ടും നടന്നില്ല. ഇത് ബിഗ് ബജറ്റ് ആണ്. നിർമ്മാതാവിനെ കിട്ടാൻ സമയം എടുക്കും. മറ്റാരെങ്കിലും ഇതിന്നിടയ്ക്ക് ചെയ്താൽ അതിനു വിരോധം ഇല്ലാ എന്നും എന്നോടു പറഞ്ഞു.

സംവിധായകർ മാറി മാറി വന്നു; എല്ലാവരും എന്തുകൊണ്ടോ പിൻവാങ്ങി

അന്തരിച്ച തിരക്കഥാകൃത്ത് ടി.എ.റസാഖ് ഞാനും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. റസാഖ് ഈ സ്‌ക്രിപ്പ്റ്റ് വായിച്ചിട്ടുണ്ട്. കുഞ്ഞാലി മരക്കാർ സിനിമയാക്കുക എന്നത് നീണ്ടു പോകുമ്പോഴാണ് റസാഖ് പറയുന്നത് സലിം അഹമ്മദിന് ഇതിൽ താത്പര്യമുണ്ട് എന്ന്. സലിം അഹമ്മദിന് പക്ഷെ പ്രൊഡ്യൂസറെ കിട്ടിയില്ല. കാര്യങ്ങൾ അങ്ങിനെ പോകുമ്പോഴാണ് ഓഗസ്റ്റ് മൂവീസ് സന്തോഷ് ശിവൻ, ഷാജി നടേശൻ, പൃഥ്വിരാജ് എന്നിവർ അടങ്ങിയ നിർമ്മാണ കമ്പനി അവർ മുന്നോട്ടു വന്നു. ഉറുമി എടുത്തത് ഓഗസ്റ്റ് മൂവീസ് ആയിരുന്നു. ഉറുമി വരുന്നതിനും മുൻപാണ് ഈ സ്‌ക്രിപ്പ്റ്റ് ഞാൻ എഴുതുന്നത്. അവർ എന്നെ വിളിച്ചു. സംസാരിച്ചു. ടോക്കൺ അഡ്വാൻസ് വരെ തന്നു. മമ്മൂട്ടിയാണ് നായകൻ ആകുന്നത് എന്ന് പറഞ്ഞു. മമ്മുട്ടിയും അതിൽ താത്പര്യം കാട്ടി. ആദ്യം സംവിധാനം ചെയ്യാം എന്ന് പറഞ്ഞത് അമൽ നീരദ് ആയിരുന്നു. പക്ഷെ ഇതും മുന്നോട്ടു പോയില്ല. അതിലും എന്തോ തടസങ്ങൾ വന്നു. എന്താണ് തടസം എന്ന് മനസിലായതുമില്ല. ഇതിലും അനൗൺസ്‌മെന്റ് ഒക്കെ ആയിരുന്നു. പക്ഷെ പ്രോജക്റ്റ് മുന്നോട്ടു പോയപ്പോൾ ഏതെങ്കിലും ഒരാൾ പിൻവാങ്ങും. ഒന്നുകിൽ സംവിധായകൻ പിൻവാങ്ങും,അല്ലെങ്കിൽ ക്യാമറാമാൻ പിൻവാങ്ങും അല്ലെങ്കിൽ നടൻ പിൻവാങ്ങും. കുഞ്ഞാലി മര്ക്കാരിൽ നിന്നും അമൽ നീരദ് പിൻവാങ്ങിയതായി പറഞ്ഞിട്ടുണ്ട്. അതിന്റെയും കാരണങ്ങൾ എനിക്ക് അറിയില്ല. പിന്നെ സന്തോഷ് ശിവൻ ആണ് ചെയ്യുന്നത് എന്ന് പറഞ്ഞു. യു ട്യൂബിൽ വരെ അതിന്റെ ടീസർ വന്നു. ഓഗസ്റ്റ് മൂവീസ് മമ്മുട്ടിയെ വെച്ച് ചെയ്യുന്നു എന്ന് പറഞ്ഞു. ഇപ്പോഴും ഓഗസ്റ്റ് മൂവീസിന്റെ കയ്യിലാണ് സ്‌ക്രിപ്പ്റ്റ് ഉള്ളത്.

തിരക്കഥ നേരിട്ട് കേൾക്കാൻ പ്രിയദർശൻ എത്തുന്നു

കുഞ്ഞാലി മരക്കാർ ചർച്ചകൾ നടന്നു കൊണ്ടിരിക്കെയാണ് പ്രിയദർശൻ വരുന്നത്. പ്രിയദർശൻ സംസാരിക്കണം എന്ന് പറഞ്ഞു. തിരുവനന്തപുരം ദേശാഭിമാനിക്ക് മുന്നിലുള്ള ഹോട്ടലിൽ വെച്ച് ഞാനും പ്രിയദർശൻ ആയും ചർച്ചകൾ നടന്നു. ഹോറിസൺ ഹോട്ടലിൽ നിന്നായിരുന്നു ഞാനും പ്രിയദർശനും തമ്മിലുള്ള ചർച്ചകൾ തീരുമാനിച്ചത്. ആരെങ്കിലും കാണും. അതിനാൽ രാജീവൻ താമസിക്കുന്ന ദേശാഭിമാനിക്ക് മുന്നിലുള്ള ഹോട്ടലിൽ വരാം എന്നാണ് പ്രിയദർശൻ പറഞ്ഞത്. അങ്ങിനെ തന്നെ വന്നു കാണുകയും ചെയ്തു. ഏത് പോയിന്റ് ഓഫ് വ്യൂവിലാണ് സ്‌ക്രിപ്പ്റ്റ് കണ്ടിരിക്കുന്നത് എന്ന് ഞാൻ ആ ഘട്ടത്തിൽ പ്രിയനോട് വിശദീകരിച്ചു. ഹിസ്റ്റൊറിക്കൽ ഫാക്ടും ഫിക്ഷണൽ ഫാക്ടും കൂടി ചേർത്തുള്ള ഒരു വേ ഓഫ് റൈറ്റിങ് ആണ് കുഞ്ഞാലി മരയ്ക്കാരിൽ ഞാൻ അനുവർത്തിച്ചത് എന്നും പറഞ്ഞിരുന്നു. കുഞ്ഞാലി മരയ്ക്കാർ ഇവിടെ ഉള്ള കഥയാണ്. ആരുടെയും കണ്ടുപിടുത്ത കഥയല്ല. ഏത് പോയിന്റ് ഓഫ് വ്യൂവിലാണ് ഹിസ്റ്റൊറിക്കൽ ഇവന്റ്‌സ് നമ്മൾ ഓർഗനൈസ് ചെയ്യുന്നത് എന്ന് അനുസരിച്ചിരിക്കും അതിന്റെ പ്രത്യേകത. അദ്ദേഹം പറഞ്ഞു. വളരെ പ്രസക്തമായ ഒരു കഥയാണ് ഇത്. എനിക്ക് താത്പര്യം ഉണ്ട് വർക്ക് ചെയ്യാൻ എന്ന് പറഞ്ഞു. സ്‌ക്രിപ്പ്റ്റ് ഞാൻ നൽകാം എന്ന് പറഞ്ഞു. സ്‌ക്രിപ്റ്റ് അയക്കേണ്ട. ഞാൻ ഒരാളെ അയച്ച് സ്‌ക്രിപ്പ്റ്റ് വാങ്ങിച്ചോളാം എന്ന് പറഞ്ഞു. നമ്മൾ തമ്മിൽ മാത്രം ഇത് അറിഞ്ഞാൽ മതി എന്ന് പറഞ്ഞു. എനിക്ക് ആ സംസാരം വളരെ ട്രെൻഡി ആയി തോന്നി. സ്‌ക്രിപ്റ്റിന്റെ എല്ലാ കാര്യങ്ങളും വശങ്ങളും ഞാൻ പ്രിയദർശനുമായുള്ള ആ ചർച്ചയിൽ വിശദമാക്കിയിരുന്നു. സ്‌ക്രിപ്പ്റ്റ് മുഴുവൻ എന്റെ മനസിലുള്ളതാണ്. പല തവണ ഞാൻ വായിക്കുകയും എഴുതുകയും ചെയ്ത സ്‌ക്രിപ്പ്റ്റ് ആണിത്. സീൻ ബൈ സീൻ ആയി, ഡയലോഗ് വരെ എനിക്ക് പറയാൻ കഴിയും. അങ്ങിനെയുള്ള സ്‌ക്രിപ്പ്റ്റിന്റെ പൂർണരൂപം ഈ ചർച്ചയിൽ പ്രിയദർശൻ മനസില്ലാക്കി എടുത്തിട്ടുണ്ടായിരുന്നു.

കഥ എന്റെ പേരിൽ വേണമെന്ന് പ്രിയദർശൻ; തിരക്കഥയിൽ ടി ദാമോദരന്റെ പേരും വേണം

പ്രിയദർശനുമായുള്ള ചർച്ചയുടെ കാര്യം ഞാൻ ഓഗസ്റ്റ് മൂവീസിന്റെ അടുക്കൽ പറഞ്ഞു. കാരണം ഇത് വെറുതെ കിടക്കുക ആയിരുന്നു. എന്റെ ഒരു വർഷത്തെ എഫെർട്ട് ആണ്. വിചിത്രമായ ഒരു കാര്യം. മോഹൻലാലിന് വേണ്ടി എഴുതിയ സ്‌ക്രിപ്റ്റ് മോഹൻലാലിന്റെ കയ്യിലേക്ക് തന്നെ പോകുന്നു എന്ന് എനിക്ക് തന്നെ തോന്നി. കാരണം മോഹൻലാലിനെ വച്ചാണ് ഞാൻ ഈ സ്‌ക്രിപ്പ്റ്റ് ചെയ്യുന്നത് എന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. സ്‌ക്രിപ്പ്റ്റ് വാങ്ങിക്കാൻ വേണ്ടി പ്രിയദർശന്റെ ഒരു അസിസ്റ്റന്റ്‌റ് പയ്യൻ ആണ് വന്നത്. പക്ഷെ ഒരു കണ്ടിഷൻ അസിസ്റ്റന്റ്‌റ് പറഞ്ഞു. കഥ പ്രിയദർശന്റെ പേരിൽ മാത്രമാകും ഉണ്ടാകുക. തിരക്കഥ-സംഭാഷണം പേര് വരുക ടി.ദാമോദരൻ-ടി.പി.രാജീവൻ എന്നിങ്ങനെയായിരിക്കും. ഇത് 2016ലോ 2017ലോ ആണ്. അപ്പോഴും ദാമോദരൻ മാഷ് മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിട്ടുണ്ട്. നേരത്തെ ദാമോദരൻ മാഷ് പ്രിയദർശനു വേണ്ടി ആലോചിച്ച പ്രോജക്റ്റ് ആണ്. അദ്ദേഹം കുറെ സീൻസ് എഴുതിവെച്ചിട്ടുണ്ട്. അതും കൂടി ഇൻ കോർപ്പറേറ്റ് ചെയ്യണം-പ്രിയന്റെ അസിസ്റ്റന്റ് ആയ സംവിധായകൻ പറഞ്ഞു. എനിക്ക് അത് കഴിയില്ല. ഈ രണ്ടു നിബന്ധനകളും എനിക്ക് സ്വീകാര്യമല്ല-ഞാൻ പറഞ്ഞു. പ്രിയദർശന് ദാമോദരൻ മാഷുടെ സ്‌ക്രിപ്പ്റ്റ് വെച്ച് വർക്ക് ചെയ്യാം. പിന്നെ എന്തിനാണ് എന്റെ സ്‌ക്രിപ്റ്റ്. ഈ ചിന്തകൾ ആണ് എന്നിൽ നിന്നും അപ്പോൾ പ്രവഹിച്ചത്. അതവിടെ ഏൻഡ് ചെയ്തു. ഞാൻ വർക്ക് ചെയ്ത സ്‌ക്രിപ്പ്റ്റ് ആണിത്. പിന്നെ എന്തിനു വേറെ പേരിൽ. ഇതാവശ്യമില്ലാ എന്ന് തന്നെ എനിക്ക് തോന്നി. പ്രിയദർശൻ മോഹൻലാലിനെ വെച്ച് ഈ സിനിമ ചെയ്യുന്നു എന്ന് പിന്നെയാണ് ഞാൻ അറിയുന്നത്.

ഓഗസ്റ്റ് മൂവീസ് കുഞ്ഞാലി മരയ്ക്കാർ മമ്മൂട്ടിയെ വെച്ച് അനൗൺസ് ചെയ്തു. പ്രിയദർശൻ മോഹൻലാലിനെ വെച്ചും അനൗൺസ് ചെയ്തു. അവർ തമ്മിൽ ഈ കാര്യത്തിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ നടന്നു. ഈ കാര്യങ്ങൾ മുഴുവനായി എനിക്ക് അറിയില്ല. കുഞ്ഞാലി മരയ്ക്കാർ പ്രോജക്റ്റിൽ നിന്നും സന്തോഷ് ശിവൻ എങ്ങിനെയാണ് പിൻവാങ്ങുന്നത് എന്ന കാര്യം പിന്നീടാണ് ഞാൻ അറിഞ്ഞത്. പ്രിയദർശൻ ടീം സന്തോഷ് ശിവനെ സമീപിച്ചിരുന്നു. ക്യാമറ ചെയ്യാൻ വേണ്ടി. പക്ഷെ സന്തോഷ് ശിവൻ ക്യാമറ ചെയ്തില്ല. വേറെ വർക്കിന്റെ കാര്യം പറഞ്ഞിട്ട്. പക്ഷെ കുഞ്ഞാലി മരയ്ക്കാർ പ്രോജക്റ്റിൽ നിന്നും സന്തോഷ് ശിവൻ പിൻവാങ്ങുകയായിരുന്നു. പിൻവാങ്ങിയെന്നു സന്തോഷ് ശിവൻ ഒരിക്കലും പറഞ്ഞില്ല. പക്ഷെ വർക്ക് ടേക്ക് ഓഫ് ചെയ്യുന്നില്ല.

പ്രിയദർശൻ പിന്നെ ഹൈദരാബാദിൽ നിന്നും കുഞ്ഞാലി മരയ്ക്കാർ ഷൂട്ട് തുടങ്ങുകയായിരുന്നു. എനിക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം പ്രിയദർശന്റെ കുഞ്ഞാലി മരയ്ക്കാരിൽ എന്റെ സ്‌ക്രിപ്പ്റ്റിൽ നിന്നുമുള്ള ചില കണ്ടന്റ് വരുന്നുണ്ട്. അത് വേദനാജനകമായ കാര്യമല്ലേ? ഇതൊക്കെ സിനിമയിൽ പതിവാണ് എന്നാണ് പറഞ്ഞത്. അത് എനിക്ക് അറിയില്ല.സിനിമയുമായി വലിയ ബന്ധം ഇല്ലാത്ത ആളാണ് ഞാൻ. അതുകൊണ്ട് തന്നെ സിനിമയിൽ എന്താണ് പതിവ്, പതിവില്ലാത്തത് എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ സ്‌ക്രിപ്പിറ്റിന്റെ കാര്യങ്ങൾ ഞാൻ പ്രിയദർശനുമായി സംസാരിച്ചതാണ്. ഇതേ സിനിമ പ്രിയദർശൻ വേറെ ചെയ്യുന്നു. അപ്പോൾ എന്നെ ഒന്ന് അറിയിക്കാമായിരുന്നു. ഞങ്ങൾ സംസാരിച്ചതല്ലേ-ടി.പി.രാജീവൻ പറയുന്നു.

പ്രിയദർശന്റെ കുഞ്ഞാലി മരക്കാരിൽ ടി.പി.രാജീവന്റെ സ്‌ക്രിപ്പ്റ്റിൽ നിന്നുമുള്ള രംഗങ്ങൾ വന്നാൽ 'മരക്കാർ അറബിക്കടലിന്റെ സിംഹം' നിയമക്കുരുക്കിലേക്ക് തന്നെ നീങ്ങും. ടി.പി.രാജീവൻ എഴുതിയ കുഞ്ഞാലി മരക്കാറിന്റെ സ്‌ക്രിപ്പ്റ്റ് ഡിസി ബുക്‌സ് പ്രിയദർശൻ സിനിമ വരുന്നതിനും മുൻപ് തന്നെ പ്രസിദ്ധീകരിക്കുന്നത് ടി.പി.രാജീവന്റെ വാദമുഖങ്ങൾ ശക്തമാക്കാക്കിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP