Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇതര സംസ്ഥാനങ്ങളിലും വിദേശത്തും സ്വത്തുക്കൾ വാരിക്കൂട്ടുകയും ബിസിനസ് ശൃംഖല പടുത്തുയർത്തുകയും ചെയ്തവരിൽ കേരളത്തിൽ നിന്നുള്ള ഒരു ഡസനിലേറെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; ഐഎഎസ് കുപ്പായമിട്ട് ഇപ്പോഴു നാടു ഭരിക്കുന്നവരിൽ മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും ഊട്ടിയിലും നൂറുകണക്കിന് ഏക്കർ തോട്ടങ്ങളുള്ളവർ മുതൽ ശ്രീലങ്കയിലും ഗൾഫിലും ബിസിനസുള്ളവർ വരെ; വിൻസൻ എം പോളും ജേക്കബ് തോമസും ചേർന്നു നടത്തിയ ഓപ്പറേഷൻ അഴിമതി അട്ടിമറിച്ചത് യുഡിഎഫ് മന്ത്രിസഭ; തട്ടിപ്പുകാരെ സംരക്ഷിച്ച് പിണറായിയും

ഇതര സംസ്ഥാനങ്ങളിലും വിദേശത്തും സ്വത്തുക്കൾ വാരിക്കൂട്ടുകയും ബിസിനസ് ശൃംഖല പടുത്തുയർത്തുകയും ചെയ്തവരിൽ കേരളത്തിൽ നിന്നുള്ള ഒരു ഡസനിലേറെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; ഐഎഎസ് കുപ്പായമിട്ട് ഇപ്പോഴു നാടു ഭരിക്കുന്നവരിൽ മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും ഊട്ടിയിലും നൂറുകണക്കിന് ഏക്കർ തോട്ടങ്ങളുള്ളവർ മുതൽ ശ്രീലങ്കയിലും ഗൾഫിലും ബിസിനസുള്ളവർ വരെ; വിൻസൻ എം പോളും ജേക്കബ് തോമസും ചേർന്നു നടത്തിയ ഓപ്പറേഷൻ അഴിമതി അട്ടിമറിച്ചത് യുഡിഎഫ് മന്ത്രിസഭ; തട്ടിപ്പുകാരെ സംരക്ഷിച്ച് പിണറായിയും

പി വിനയചന്ദ്രൻ

തിരുവനന്തപുരം: അധികാരത്തിന്റെ മറവിൽ കണക്കില്ലാതെ കോടികൾ സമ്പാദിച്ചു കൂട്ടിയിട്ടുള്ളത് സൂരജ് എന്ന ഐ.എ.എസുകാരൻ മാത്രമല്ല. ഇതരസംസ്ഥാനങ്ങളിലും വിദേശത്തും സ്വത്തുക്കൾ വാരിക്കൂട്ടുകയും ബിസിനസ് ശൃംഖല പടുത്തുയർത്തുകയും ചെയ്ത ഒരുഡസനിലേറെ സിവിൽസർവീസ് ഉദ്യോഗസ്ഥരെ വിജിലൻസ് ഉപമേധാവിയായിരുന്ന ജേക്കബ് തോമസ് കണ്ടെത്തിയിരുന്നു. എല്ലാ തെളിവുകളും സഹിതം നടപടിയെടുക്കാൻ അനുമതി തേടിയപ്പോൾ ഒന്നും പുറത്തുവരാതെ യു.ഡി.എഫ് സർക്കാർ ഒതുക്കിക്കൊടുത്തു. ഐ.എ.എസുകാരോ അവരുടെ അസോസിയേഷനോ സമ്മതിച്ചു തരില്ലെങ്കിലും അലക്കിത്തേച്ച കുപ്പായവും മുഖത്തെ ഗൗരവത്തിനുമപ്പുറം ചില ഐ.എ.എസുകാരെങ്കിലും ഇപ്പോഴും വഴിവിട്ട മാർഗ്ഗങ്ങളിലൂടെ കാര്യമായി ധനം സമ്പാദിച്ചുകൂട്ടുന്നുണ്ട്.

അനധികൃത സ്വത്തുള്ള സിവിൽ സർവീസുകാർക്കെതിരേ 'ഓപ്പറേഷൻ അഴിമതി' എന്ന പേരിൽ നടത്താനിരുന്ന നടപടികളാണ് 2015ൽ ആഭ്യന്തരവകുപ്പ് തടഞ്ഞത്. മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും ഊട്ടിയിലും നൂറുകണക്കിന് ഏക്കർതോട്ടങ്ങളുള്ളവർ മുതൽ ശ്രീലങ്കയിലും ഗൾഫിലും ബിസിനസുള്ളവർ വരെയുണ്ടായിരുന്നു വിജിലൻസിന്റെ സംശയമുനയിലുള്ള ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ. ഭാര്യയുടേയും മക്കളുടേയും അടുത്തബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വിരമിച്ച ഉദ്യോഗസ്ഥരുടേയുമൊക്കെ പേരിലാണ് ഈ ഉദ്യോഗസ്ഥർ കോടികളുടെ സ്വത്തുക്കൾ സമ്പാദിച്ചുകൂട്ടിയിട്ടുള്ളത്.ഉന്നതനായ ഉദ്യോഗസ്ഥൻ മുതൽ കളക്ടർമാർ വരെയുള്ള നിരീക്ഷണത്തിലുള്ളവരുടെ സ്വത്തുവിവരം വെളിപ്പെടുത്തിയതിന്റെ റിപ്പോർട്ടും ആദായനികുതിരേഖകളും വിജിലൻസ് ശേഖരിച്ചിച്ചിരുന്നു. അന്ന് വിജിലൻസ് മേധാവിയായിരുന്ന വിൻസൺ എം പോളിന്റെ മേൽനോട്ടത്തിൽ അതീവരഹസ്യമായിട്ടായിരുന്നു പരിശോധനകൾ.

സ്വത്തുവിവരത്തിൽ മതിയായ വിവരങ്ങളില്ലെങ്കിൽ വകുപ്പുതലനടപടിയും ആദായനികുതി അടയ്ക്കുന്നതിൽ കൃത്രിമമുണ്ടെങ്കിൽ പിഴയും മാത്രമാണ് ശിക്ഷാനടപടി. അതിനാൽ പ്രാഥമികപരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാനായിരുന്നു വിജിലൻസിന്റെ തീരുമാനം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പൂർണപിന്തുണയോടെയാണ് ഉന്നതർക്കെതിരേ വിജിലൻസിന്റെ നീക്കങ്ങൾ. അതീവരഹസ്യമായി ആദ്യഘട്ടം പൂർത്തിയാക്കിയതിനുശേഷം തുടർച്ചയായ റെയ്ഡുകളും മറ്റും നടത്താൻ സർക്കാരിന്റെ അനുമതി ചോദിച്ചതോടെയാണ് വിജിലൻസിന് വിലങ്ങുവീണത്.

വമ്പൻ പദ്ധതിയുടെ കരാർ ലഭിക്കാൻ ഒരു ഉന്നത ഉദ്യോഗസ്ഥന് ബ്രിട്ടൺ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനി അരക്കോടി രൂപയുടെ കൈക്കൂലി അഡ്വാൻസ് നൽകിയിരുന്നു. അമേരിക്കയിലും യൂറോപ്പിലും ഏഷ്യാപസഫിക്കിലും ആഫ്രിക്കയിലുമടക്കം 27രാജ്യങ്ങളിൽ സ്വാധീനമുള്ള കമ്പനിക്ക് സർക്കാരിന്റെ നിർണായകമായൊരു തീരുമാനം കാരണം കരാർ ലഭിക്കാതായതോടെ കമ്പനിയുടെ വഡോദരയിലെ ഉദ്യോഗസ്ഥന്റെ ജോലിനഷ്ടപ്പെട്ട സംഭവവുമുണ്ടായി. അരക്കോടിരൂപയുടെ കൈക്കൂലി അഡ്വാൻസ് തിരിച്ചുവാങ്ങാൻ ബ്രിട്ടൺ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യൻപ്രതിനിധി തലസ്ഥാനത്ത് തമ്പടിച്ചു. കമ്പനിപ്രതിനിധി ഉന്നതരായ രാഷ്ട്രീയക്കാരെ സമീപിച്ച് പണം തിരിച്ചുവാങ്ങിയെടുക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതേഉദ്യോഗസ്ഥൻ കേന്ദ്ര സെക്രട്ടറിയായി വിരമിച്ചയാളുമായി ചേർന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയതിന്റെ വിവരങ്ങളും വിജിലൻസിന് കിട്ടിയിരുന്നു.

ഭരണകേന്ദ്രങ്ങളുമായി ഏറെഅടുപ്പമുള്ള മറ്റൊരു ഉദ്യോഗസ്ഥന് മഹാരാഷ്ട്രയിൽ 300ഏക്കറിലധികം തോട്ടമുണ്ടെന്നും അഴിമതിക്കേസിൽ കുടുങ്ങിയ മുന്മന്ത്രിക്കായി 1200ഏക്കർ തോട്ടം ഈ ഉദ്യോഗസ്ഥൻ വാങ്ങിയെന്നും കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശുകാരനായ ഉദ്യോഗസ്ഥനാണ് ശ്രീലങ്കയിൽ ഹോട്ടൽ വ്യവസായമുള്ളത്. വൻകിട്ടഹോട്ടലുകളുടെ ശൃംഖലതന്നെ ഉറ്റബന്ധുക്കളുമായി ചേർന്ന് ഇദ്ദേഹം പടുത്തുയർത്തിയിട്ടുണ്ട്. കൊച്ചിയിൽ സുപ്രധാന പദവിയിലുള്ള ഉദ്യോഗസ്ഥൻ നാലുവർഷം കൊണ്ട് ഊട്ടിയിൽ ഏക്കറുകണക്കിന് ഭൂമിവാങ്ങിക്കൂട്ടിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ മറ്റുപലേടത്തും ഇദ്ദേഹത്തിന് ഭൂമിയുണ്ട്. കൊച്ചിയിലെ ഒരുവമ്പൻ പദ്ധതിക്ക് ഭൂമിഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും ഉദ്യോഗസ്ഥനെതിരേയുള്ള ആരോപണമുണ്ടായിട്ടുണ്ട്. ഈ ആരോപണങ്ങൾ വിജിലൻസ് പരിശോധിച്ചിരുന്നു.

രണ്ട് വനിതാ ഉദ്യോഗസ്ഥർ, മൂന്ന് കളക്ടർമാർ, ഉന്നത കോൺഗ്രസ് നേതാവിന്റെ ഉറ്റബന്ധുവായ കൊച്ചിയിലും തിരുവനന്തപുരത്തും ഓഫീസുണ്ടായിരുന്ന ഐ.എ.എസുകാരൻ, നിരന്തരം വിദേശയാത്ര നടത്തുന്ന വനിതാ ഉദ്യോഗസ്ഥ, തലസ്ഥാനത്തെ മുൻജില്ലാകളക്ടർ എന്നിവരെല്ലാം അനധികൃത സ്വത്തുസമ്പാദനത്തിനും അഴിമതിക്കും വിജിലൻസിന്റെ നോട്ടപ്പുള്ളികളായിരുന്നു. ചിലമന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫംഗങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാർ എന്നിങ്ങനെ നൂറിലേറെ പേരെയാണ് വിജിലൻസ് നിരീക്ഷണത്തിലാക്കിയിരുന്നത്.

പൊലീസ്, വൈദ്യുതിബോർഡ്,മോട്ടോർവാഹന വകുപ്പ്, വാണിജ്യനികുതി, ജലഅഥോറിറ്റി, റവന്യൂ, രജിസ്ട്‌റേഷൻ, പൊതുമരാമത്ത്, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് അഴിമതിയിലും അനധികൃതസ്വത്തിലും മുൻപന്തിയിലെന്നും കണ്ടെത്തിയിരുന്നു. അഴിമതിക്കാരായ ഉന്നതഉദ്യോഗസ്ഥരെ കുടുക്കാനുള്ള വിജിലൻസിന്റെ കർമ്മപദ്ധതി ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരമായിരുന്നു. വില്ലേജ്ഓഫീസർമാരേയും ക്ലാർക്കുമാരേയും മാത്രംപിടിക്കാതെ ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതി കണ്ടെത്താനും കർശനനടപടിയെടുക്കാനും വിജിലൻസ് മേധാവിയോട് ചെന്നിത്തല നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ വേണ്ടപ്പെട്ടവരുടെ അഴിമതികൾ കണ്ടെത്തിയതോടെ വിജിലൻസിനെ കൂട്ടിലടച്ചു.

ഒരു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ വരുമാനത്തിൽ കവിഞ്ഞും ക്രമവിരുദ്ധമായും സ്വത്തുവകകൾ സമ്പാദിച്ചതിനെക്കുറിച്ചും യഥാർത്ഥ സ്വത്തുവിവരങ്ങൾ കേന്ദ്രസർക്കാരിൽ നിന്ന് മറച്ചുവച്ചതിനെക്കുറിച്ചും കേന്ദ്രവിജിലൻസ് കമ്മിഷണറുടെ അന്വേഷണം ആവശ്യപ്പെട്ട് വി എസ്.അച്യുതാനന്ദൻ പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിനെതിരേ കേന്ദ്രആദായനികുതി വകുപ്പിന്റെ അന്വേഷണവും നടന്നിരുന്നു. ഇപ്പോൾ പിണറായി സർക്കാരും ഇതേ പാതയിലാണ്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ കേസെടുക്കാൻ മുതിർന്ന ഉദ്യോഗസ്ഥന്റെയോ ഭരണാധികാരിയുടെയോ അനുമതി വേണം. അതായത് വകുപ്പ് സെക്രട്ടറിക്കെതിരെ അന്വേഷണം നടത്താൻ പോലും മന്ത്രിയുടെ അനുമതി വേണം. മന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP