Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നും അറിഞ്ഞു കൊണ്ട് ചെയ്തതല്ല.. എല്ലാവർക്കും തെറ്റിദ്ധാരണ ആയിരുന്നു; ഞാനും അപ്പച്ചനും അമ്മച്ചിയും മനഃപൂർവ്വം നാട്ടിൽ രോഗം പടർത്താൻ ശ്രമിച്ചെന്നായിരുന്നു ആരോപണം; അറിഞ്ഞുകൊണ്ട് ഞങ്ങൾ അങ്ങനെ ചെയ്യുമോ? സോഷ്യൽ മീഡിയയിൽ നിന്നും ഒരുപാട് അസഭ്യ വാക്കുകൾ കേൾക്കേണ്ടി വന്നു; രോഗം ഭേദമായി ചെല്ലുമ്പോൾ നാട്ടുകാർ എങ്ങനെ പ്രതികരിക്കും എന്നൊക്കെ ആശങ്കയുണ്ടായിരുന്നു; ധൈര്യം പകർന്നത് ആരോഗ്യ പ്രവർത്തകർ; എല്ലവർക്കും നന്ദി; കോവിഡ് ഭേദമായ ഐത്തല സ്വദേശി റിജോ മറുനാടനോട്

ഒന്നും അറിഞ്ഞു കൊണ്ട് ചെയ്തതല്ല.. എല്ലാവർക്കും തെറ്റിദ്ധാരണ ആയിരുന്നു; ഞാനും അപ്പച്ചനും അമ്മച്ചിയും മനഃപൂർവ്വം നാട്ടിൽ രോഗം പടർത്താൻ ശ്രമിച്ചെന്നായിരുന്നു ആരോപണം; അറിഞ്ഞുകൊണ്ട് ഞങ്ങൾ അങ്ങനെ ചെയ്യുമോ? സോഷ്യൽ മീഡിയയിൽ നിന്നും ഒരുപാട് അസഭ്യ വാക്കുകൾ കേൾക്കേണ്ടി വന്നു; രോഗം ഭേദമായി ചെല്ലുമ്പോൾ നാട്ടുകാർ എങ്ങനെ പ്രതികരിക്കും എന്നൊക്കെ ആശങ്കയുണ്ടായിരുന്നു; ധൈര്യം പകർന്നത് ആരോഗ്യ പ്രവർത്തകർ; എല്ലവർക്കും നന്ദി; കോവിഡ് ഭേദമായ ഐത്തല സ്വദേശി റിജോ മറുനാടനോട്

ആർ പീയൂഷ്

പത്തനംതിട്ട: ആരോപണങ്ങൾ കേട്ടപ്പോൾ വലിയ സങ്കടമായിരുന്നു. ഒന്നും അറിഞ്ഞു കൊണ്ട് ചെയ്തതല്ല. എല്ലാം മനസ്സിലാക്കി കൂടെ നിന്ന എല്ലാവർക്കും നന്ദി. ഇന്ന് അപ്പച്ചനും അമ്മച്ചിയും ഞാനും രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയിരുന്നു. ഇറ്റലിയിൽ നിന്നുമെത്തിയ ശേഷം കൊറോണ ബാധിച്ച പത്തനംതിട്ട ഐത്തല സ്വദേശി റിജോ മറുനാടൻ മലയാളിയോട് പറഞ്ഞ വാക്കുകളാണിത്. കോവിഡ് 19 ബാധിച്ച് മാർച്ച് ആറാം തീയതി മുതലാണ് റിജോയും മാതാപിതാക്കളും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊറന്റൈനിൽ കഴിഞ്ഞത്. അവസാനം നടത്തിയ ടെസ്റ്റുകളിൽ ഫലം നെഗറ്റീവ് ആയതോടെയാണ് ഇവർക്ക് രോഗം ഭേദമായെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഇവരെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇറ്റലിയിൽ നിന്നെത്തി രോഗം നാട്ടിലെല്ലാവർക്കും പകർത്തി കൊടുത്തു എന്നാരോപിച്ച് സോഷ്യൽ മീഡിയ വഴി വലിയ പ്രതിഷേധം ഐത്തലയിലെ ഈ കുടുംബത്തിന് നേരെ ഉണ്ടായി. അതിനെ പറ്റിയും ആശുപത്രിയിലെ അനുഭവങ്ങളും റിജോ മറുനാടനുമായി പങ്കു വയ്ക്കുകയാണ്.

വലിയ തെറ്റിദ്ധാരണയായിരുന്നു എല്ലാവർക്കും. ഞാനും അപ്പച്ചനും അമ്മച്ചിയും മനഃപൂർവ്വം ഈ നാട്ടിൽ എല്ലാവർക്കും രോഗം പടർത്താൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. എന്നാൽ ഞങ്ങൾ അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്യുമോ? അതും ഞങ്ങളുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുമായി സമ്പർക്കം പുലർത്തുമോ? ഞങ്ങൾ ഇതൊന്നും അറിയാതെയാണ് ബന്ധുക്കളുടെ അടുത്തും മറ്റും പോയത്. നാട്ടുകാരിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ഒരുപാട് അസഭ്യ വാക്കുകൾ കേൾക്കേണ്ടി വന്നു. എന്നാൽ അവസാനം എല്ലാവരും മനസ്സിലാക്കിയപ്പോൾ സന്തോഷമുണ്ട്.

രോഗം സ്ഥിരീകരിച്ചപ്പോൾ വലിയ കുറ്റപ്പെടുത്തലുകളായിരുന്നു എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടായത്. സോഷ്യൽ മീഡിയ വഴി ഞങ്ങളുടെ ചിത്രം പ്രചരിപ്പിച്ച് അപമാനിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ കണ്ടപ്പോൾ വലിയ മനോവിഷമമായിരുന്നു. രോഗം ഭേദമായി ചെല്ലുമ്പോൾ ഇനി നാട്ടുകാർ എങ്ങനെയാവും പ്രതികരിക്കുക, ദേഹോപദ്രവം ചെയ്യുമോ എന്നൊക്കെയുള്ള ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾക്ക് ധൈര്യം പകർന്നത് ആരോഗ്യ പ്രവർത്തകരും ആത്മീയ ഗുരുക്കന്മാരുമായിരുന്നു. അരമനയിൽ നിന്നും പള്ളിയിൽ നിന്നുമൊക്കെ വലിയ പിൻതുണ കിട്ടി. അവർ തന്ന ആത്മ ധൈര്യമാണ് എല്ലാ വിഷമങ്ങളും മാറ്റിയത്.

മാർച്ച് 6 നാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിക്കുന്നത്. ഏഴാം തീയതി രാത്രിയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. 24 ദിവസം ഇവിടെ ഒരു കുറവും ഉദ്യോഗസ്ഥർ വരുത്തിയിട്ടില്ല. ഡോക്ടർ ശരത്, നസീർ എന്നിവർ വളരെ നല്ല രീതിയിലാണ് ചിക്തിസിച്ചത്. കൂടോതെ ഇവിടുത്തെ നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ പിന്നെ നമ്മുടെ സർക്കാർ എല്ലാവർക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുകയാണ്. പിന്നെ മാധ്യമ പ്രവർത്തകരുടെ കാര്യം പ്രത്യേകം എടുത്തു പറയണം. ഞങ്ങളുടെ എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിച്ചതിൽ നിർണ്ണായക പങ്കു വഹിച്ചത് അവരാണ്. ഞങ്ങളുടെ നാവ് എന്ന് തന്നെ പറയണം. അവർക്കും ഹൃദയം നിറഞ്ഞ നന്ദി.

ജനങ്ങളൊന്നും പേടിക്കേണ്ടതില്ല. നിങ്ങളൊക്കെ നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ എല്ലാ സംരക്ഷണയും സഹായവും ലഭ്യമാകും. സർക്കാർ നിർദ്ദേശം അക്ഷരം പ്രതി പാലിച്ചാൽ നിങ്ങൾക്ക് കോവിഡിനെ പേടിക്കേണ്ടതില്ല. നമ്മുടെ നാട്ടിലെ ചികിത്സ തന്നെയാണ് മികച്ചത് എന്ന് ഇത്രയും ദിവസം ഇവിടെ കഴിഞ്ഞപ്പോൾ മനസ്സിലായി. ആദ്യം തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് എല്ലാവരും മനസ്സിലാക്കിയതിൽ സന്തോഷം: റിജോ പറഞ്ഞു.

ഫെബ്രുവരി 29ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരുന്നു ഇറ്റലിയിൽ നിന്നും ഇവർ എത്തിയത്. ഇവരുമായി അടുത്തിടപഴകിയ സഹോദരിക്കും കുഞ്ഞിനും കൊറോണ പിടിപെട്ടിരുന്നു. ഇവർ ഏതാനും ദിവസം മുൻപ് അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു. പിന്നാലെയാണ് ഇവരുടെ രോഗം ഭേദമായെന്ന് റിപ്പോർട്ട് വന്നതും ഡിസ്ചാർജ് ചെയ്തതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP