Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കത്തിന് ബദലായി ജനസമ്പർക്കവുമായി സിപിഎമ്മും; ഗ്രാമപഞ്ചായത്ത് വഴി നൽകുന്ന സേവനങ്ങൾക്ക് ജനസമ്പർക്കം വഴി പരിഹാരം കാണും; അടുത്ത മാസം തുടങ്ങുന്ന പരിപാടിയിലൂടെ ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്

ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കത്തിന് ബദലായി ജനസമ്പർക്കവുമായി സിപിഎമ്മും; ഗ്രാമപഞ്ചായത്ത് വഴി നൽകുന്ന സേവനങ്ങൾക്ക് ജനസമ്പർക്കം വഴി പരിഹാരം കാണും; അടുത്ത മാസം തുടങ്ങുന്ന പരിപാടിയിലൂടെ ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്

പാലക്കാട്: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി ശുദ്ധതട്ടിപ്പാണെന്നും ഒരു വില്ലേജ് ഓഫീസർ ചെയ്യേണ്ട ജോലി മാത്രമാണ് അതെന്നുമാണ് ഇതിനെപ്പറ്റി തുടക്കം മുതൽക്കേ സിപിഐ(എം) പറഞ്ഞിരുന്നത്. സോളാർ വിഷയം കത്തിനിൽക്കുന്ന സമയത്താണ് രണ്ടാംഘട്ട ജനസമ്പർക്ക പരിപാടി മുഖ്യമന്ത്രി പൂർത്തിയാക്കിയത്. ജനങ്ങൾക്ക് ഗുണമുണ്ടായാലും ഇല്ലെങ്കിലും പുലർച്ചെ മുതൽ പാതിരാത്രി വരെ ഭക്ഷണം പോലും കഴിക്കാൻ സമയം കണ്ടെത്താതെ ജനങ്ങളുടെ ആവലാതികൾ കേൾക്കാനും പരിഹാരം കണ്ടെത്താനും മുഖ്യമന്ത്രി ശ്രമിച്ചു എന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയതതും കുറെ പേരൊക്കെ വിശ്വസിച്ചതും.

രണ്ടാംഘട്ട ജനസമ്പർക്കത്തിലൂടെയാണ് സോളാറിന്റെ നാണക്കേടിൽനിന്ന് ഇത്തിരി ആശ്വാസം മുഖ്യമന്ത്രിക്ക് ലഭിച്ചത്. ബാർകോഴ വിഷയം, സരിതയുടെ കത്ത്, വിവിധ ഘടക കക്ഷികളുടെ വിവിധ ആവശ്യങ്ങളിലുള്ള അതൃപ്തി എന്നിവ നിലനിൽക്കുമ്പോഴാണ് മൂന്നാംഘട്ട ജനസമ്പർക്ക പരിപാടിയുമായി മുഖ്യമന്ത്രി ജനങ്ങളിലേക്കിറങ്ങുന്നത്. ആദ്യദിനത്തിലെ ജനസമ്പർക്കത്തിൽ ഒരു ഗ്ലാസ് ചായയും പഴംപൊരിയും മാത്രം കഴിച്ച് പരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉച്ചക്ക് ഊണുപോലും ഉപേക്ഷിച്ച് പാതിരാത്രി വരെ ജനങ്ങളുടെ വേദനയും പരാതികളും കേട്ടെന്നൊക്കെയാണ് റിപ്പോർട്ടുകൾ.

മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലെ വാഗ്ദാനങ്ങൾ നടന്നാലും ഇല്ലെങ്കിലും അത് കുറെയൊക്കെ ജനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന വിലയിരുത്തലിൽ അതിനെതിരെ ജനസമ്പർക്ക പരിപാടിയുമായി തന്നെ രംഗത്തിറങ്ങാൻ സിപിഐ(എം). തീരുമാനിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടിക്ക് പകരമായി പഞ്ചായത്ത് തലത്തിൽ നടത്താനാണ് നീക്കം. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ജനസമ്പർക്കം തുടങ്ങുന്നത്.

ഇതിലൂടെ ജനപ്രതിനിധികൾക്ക് സാധാരണക്കാരുമായി കൂടുതൽ ഇടപെഴകാനും ജനങ്ങളുടെ ചെറിയ പ്രശ്‌നങ്ങൾക്കു പോലും പരിഹാരം കണ്ടെത്താനാകുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. ഗ്രാമപഞ്ചായത്ത് വഴി നൽകുന്ന സേവനങ്ങളിലാണ് ജനസമ്പർക്ക പരിപാടി മുഖേന പരിഹാരം കാണുന്നത്. ലൈസൻസ്, കെട്ടിടനമ്പർ, ക്ഷേമ പെൻഷനുകൾ തുടങ്ങിയ വിഷയങ്ങൾക്ക് പരിഹാരം കാണും. സംസ്ഥാന സർക്കാർ വഴി ചെയ്യേണ്ട കാര്യങ്ങൾ അങ്ങോട്ട് റഫർ ചെയ്യും. പരിസ്ഥിതിപ്രശ്‌നം, ജനങ്ങളെ ബാധിക്കുന്ന മറ്റു വിഷയങ്ങൾ എന്നിവയിലും ഇടപെടലുണ്ടാവും.

ഇതിലൂടെ, അടുത്തുവരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വൻവിജയം നേടാൻ കാരണമാകുമെന്നാണു പാർട്ടി കരുതുന്നത്. അടുത്തമാസം മുതൽ തന്നെ ജനസമ്പർക്ക പരിപാടി തുടങ്ങാനാണ് നീക്കം. ജൂൺ മാസം മുതൽ കാലവർഷം സജീവമാകുന്നതിനാലും പിന്നീട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുന്നതിനാലുമാണ് മെയ് മാസത്തിൽ നടത്തുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പരിപാടിക്ക് ബദലായാണ് സിപിഎമ്മിന്റെ ജനസമ്പർക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP