Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ(എം) വീണ്ടും അടവുനയത്തിന്; കോൺഗ്രസിനെയും ബിജെപിയെയും തറപറ്റിക്കാൻ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടാക്കും: പച്ചക്കൊടി കാട്ടി സംസ്ഥാന നേതൃത്വം

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ(എം) വീണ്ടും അടവുനയത്തിന്; കോൺഗ്രസിനെയും ബിജെപിയെയും തറപറ്റിക്കാൻ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടാക്കും: പച്ചക്കൊടി കാട്ടി സംസ്ഥാന നേതൃത്വം

കെ സി റിയാസ്

കോഴിക്കോട്: ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സിപിഐ(എം) വീണ്ടും അടവുനയത്തിന്. ജമാഅത്തെ ഇസ്്‌ലാമിയുടെ പിന്തുണയുള്ള വെൽഫെയർ പാർട്ടിയുമായി കൈകോർത്താണ് സി പി എം അടവുനയത്തിനു കളമൊരുക്കുന്നത്. മുമ്പ് മുസ്‌ലിം ലീഗുമായി മലപ്പുറം ജില്ലയിലുൾപ്പെടെ വിവിധ പഞ്ചായത്തുകളിൽ പരീക്ഷിച്ച അടവുനയത്തിന്റെ പുതിയ പതിപ്പാണ് വെൽഫെയർ പാർട്ടിയിലൂടെ സിപിഐ(എം) പുറത്തെടുക്കുക.

മാസങ്ങൾക്കു മുമ്പേ ഇത്തരമൊരു കൂട്ടുകെട്ടിനുവേണ്ടി വെൽഫെയർ പാർട്ടി, സി പി എം പ്രാദേശികഘടകങ്ങളുമായി ബന്ധപ്പെട്ടെങ്കിലും ബ്രാഞ്ച്-ലോക്കൽ-ഏരിയാ കമ്മിറ്റികൾ തീരുമാനം ജില്ലാ കമ്മിറ്റിക്കു വിടുകയായിരുന്നു. വിവിധ ഘടകങ്ങളിൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയർന്നതിനാൽ നേതൃത്വത്തിൽനിന്ന് ഇതുവരെയും അനുകൂലമായ സിഗ്‌നൽ ലഭിച്ചിരുന്നില്ല. എന്നാൽ പാർട്ടിക്കു ഭരണം നിലനിർത്താനോ സീറ്റ് പിടിച്ചെടുക്കാനോ അനിവാര്യമായ സ്ഥലങ്ങളിൽ അത്തരമൊരു കൂട്ടുകെട്ടിനുള്ള പ്രാദേശികസാധ്യത തള്ളിക്കളയേണ്ടതില്ലെന്നാണ് നേതൃത്വം ഏറ്റവും ഒടുവിൽ എത്തിയിട്ടുള്ള ധാരണ.

ഇടതുമുന്നണിയിൽ ഘടകകക്ഷികൾക്കൊന്നും വെൽഫെയർ പാർട്ടിയുമായി ധാരണയിലെത്തുന്നതിൽ കാര്യമായ എതിർപ്പില്ല. എന്നാൽ (പഴയ) പൊന്നാനി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി ഡി പി, ജനപക്ഷം പോലുള്ള ശക്തികളെ മുന്നണിയോട് കൂട്ടിക്കെട്ടി പ്രചാരണം നടത്തിയത് പാർട്ടിക്കും മുന്നണിക്കും ഏറെ ക്ഷീണമുണ്ടാക്കിയെന്നു സി പി എം നേതൃത്വം വിലയിരുത്തിയിരുന്നു. അത്തരമൊരു സാഹചര്യത്തിൽ മതരാഷ്ട്രവാദ പ്രസ്ഥാനങ്ങളുമായുള്ള സന്ധിനീക്കങ്ങൾ പാർട്ടിക്കു ദോഷകരമാവുമെന്ന വിലയിരുത്തലാണ് പാർട്ടിയിലെ ഒരു ചെറിയ വിഭാഗം ചൂണ്ടിക്കാണിച്ചത്.

ജമാഅത്തെ ഇസ്‌ലാമിയുടെ അനുഗ്രഹാശിസ്സുകളോടെ പ്രവർത്തിക്കുന്ന വെൽഫെയർ പാർട്ടിയുമായി സന്ധിനീക്കങ്ങളുണ്ടാവുന്നത് മതനിരപേക്ഷ ചേരിയിലെ വോട്ടുകളിൽ ചോർച്ചയുണ്ടാക്കുമെന്നും ഇത് പാർട്ടിക്കു താൽകാലിക നേട്ടങ്ങളുണ്ടാക്കിയാലും ആത്യന്തികമായി ക്ഷീണമാണുണ്ടാക്കുകയെന്നും ഇവർ വാദിച്ചു. എന്നാൽ നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ ഉള്ള തെരഞ്ഞെടുപ്പല്ല, പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ ഉയരുകയെന്നും പ്രായോഗികതയിൽ ഊന്നിയുള്ള തീരുമാനമാണ് വേണ്ടതെന്നും മറുവിഭാഗം നിരത്തി. ഗ്രാമീണ വികസനമാണ് പരമപ്രധാനമെന്നിരിക്കെ, മുന്നണിയിലെ ഘടകകക്ഷിയെന്നോ അല്ലെന്നോ ഉള്ള പരിഗണനകൾക്കപ്പുറം നാടിന്റെ വികസനത്തിൽ തൽപ്പരരായ മതനിരപേക്ഷ കാഴ്ചപ്പാടുള്ള മുഴുവൻ സംഘടനകളുടെയും പിന്തുണ ആർജിക്കാവുന്ന തന്ത്രമാണ് പാർട്ടി സ്വീകരിക്കേണ്ടതെന്നും ഇവർ ചൂണ്ടിക്കാട്ടി.

ജമാഅത്തെ ഇസ്‌ലാമിയോടുള്ള നയസമീപനങ്ങളുടെ ഭാഗമെന്നോണം, ആദ്യഘട്ട ചർച്ചകളിൽ സി പി എം വേണ്ടത്ര മുഖംകൊടുത്തിരുന്നില്ലെങ്കിലും വെൽഫെയർ പാർട്ടി പ്രവർത്തകർ വിവിധ ഇടത് ഘടകകക്ഷി നേതാക്കളിലൂടെ തങ്ങളുടെ സമ്മർദ്ദം പ്രാദേശികമായി ശക്തമാക്കിയപ്പോൾ സി പി എം ജില്ലാ നേതൃത്വം വിഷയത്തിൽ ഇടപെടാൻ നിർബന്ധിതരാവുകയായിരുന്നു. പാർട്ടി ചിഹ്നത്തിലും പാർട്ടി പേരിലും മത്സരിക്കരുതെന്ന് സി പി എം തുടക്കത്തിൽ നിർദേശിച്ചെങ്കിലും വെൽഫെയർ പാർട്ടി അതോട് യോജിച്ചിരുന്നില്ല. എന്നാൽ സഹകരണ മുന്നണി, ജനകീയ മുന്നണി തുടങ്ങി പൊതുസമൂഹത്തിൽ കുറേക്കൂടി സ്വീകാര്യത ലഭിക്കുന്നവിധത്തിൽ മുന്നണി സ്ഥാനാർത്ഥികൾ ആവാമെന്നതിനു ധാരണയുണ്ട്. ഇതനുസരിച്ച് ഓരോ പഞ്ചായത്തിലും വെൽഫെയർ പാർട്ടിയെ മുന്നണിയോടടുപ്പിച്ച് അവരുടെ ശക്തിക്കനുസരിച്ച് സീറ്റു ധാരണയിലെത്താനും നേതൃത്വം പച്ചക്കൊടി വീശിയിട്ടുണ്ട്. ഇതനുസരിച്ചുള്ള സീറ്റു ചർച്ചകൾ തുടങ്ങിയതായാണ് വിവരം.

എസ് എൻ ഡി പി പ്രാദേശിക ഘടകങ്ങളുമായും ഇവ്വിധം സീറ്റുകൾ പങ്കുവെക്കാൻ സി പി എം തയ്യാറാണ്. കോൺഗ്രസിനെയും ബിജെപിയെയും തറപറ്റിക്കുക എന്ന നയത്തിൽ ഊന്നിയാണ് പാർട്ടി സഖ്യങ്ങളുണ്ടാവുക. സി പി എം ജില്ലാ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ-ഏരിയാ കമ്മിറ്റി സെക്രട്ടറിമാർ എന്നിവരെ മത്സരിക്കുന്നതിൽനിന്ന് പാർട്ടി വിലക്കിയിട്ടുമുണ്ട്. ലോക്കൽ സെക്രട്ടറിമാർ മത്സരിക്കേണ്ട നിർബന്ധിത സാഹചര്യമുള്ളിടത്ത് തെരഞ്ഞെടുപ്പിനു മുമ്പ് പദവി രാജിവെക്കണമെന്നും കർശന നിർദേശമുണ്ട്. രണ്ടിൽ കൂടുതൽ തവണ മത്സരിച്ചവർ സ്ഥാനാർത്ഥിയാവരുതെന്നതും പാർട്ടി നിഷ്‌കർഷിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ നാടിന്റെ പ്രാദേശിക വികസനമാണ് പാർട്ടി മുഖ്യമായി കാണുന്നതെന്നു സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പറഞ്ഞു. ഗ്രാമീണ വികസനത്തിൽ തൽപ്പരരായ പല പാർട്ടിക്കാരും സംഘടനകളും വ്യക്തികളുമുണ്ടാവും. മുന്നണിക്കകത്തും പുറത്തുമുള്ള അത്തരം സുമനസ്സുകളുടെ കൂട്ടായ്മയ്ക്കു പലതും ചെയ്യാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗീയത നാം നേരിടുന്ന വലിയ ആപത്താണ്. ആർ എസ് എസിന്റെ ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷങ്ങളിൽ കാണുന്ന വർഗീയതയും രണ്ടും പരസ്പര പൂരകങ്ങളാണ്. രണ്ടിനെയും പാർട്ടി ശക്തമായി എതിർക്കും. പ്രസ്തുത ദൗത്യം നിർവഹിക്കുമ്പോൾതന്നെയും വികസന തൽപ്പരരായ വ്യത്യസ്ത കാഴ്ചപ്പാടുള്ളവരെ കൂട്ടിയോജിപ്പിക്കാനും ശ്രമമുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ കക്ഷികളുമായി പ്രാദേശിക തലത്തിൽ നീക്കുപോക്കുണ്ടാകുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുൽഹമീദ് വാണിയമ്പലം പറഞ്ഞു. ജില്ലാ-സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടല്ലെങ്കിലും വിവിധ പഞ്ചായത്തുകളിൽ അത്തരമൊരു സന്ധിസംഭാഷണങ്ങൾ നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP