Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്മീഷണറെ ഒഴിവാക്കാൻ പഴുതു കണ്ടെത്തി; സിഐക്കും എസ്ഐക്കും പണി കിട്ടിയേക്കും; കലക്ടറുടെ ഉത്തരവിനെ ലംഘിക്കുന്നതൊന്നും കമ്മീഷണർ ചെയ്തിട്ടില്ല; 15 കിലോയിലധികം വെടിപൊട്ടിയിട്ടും കാഴ്ചക്കാരായതു പൊലീസിന്റെ വീഴ്ച; പുറ്റിങ്ങലിൽ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനങ്ങൾ ഇങ്ങനെ

കമ്മീഷണറെ ഒഴിവാക്കാൻ പഴുതു കണ്ടെത്തി; സിഐക്കും എസ്ഐക്കും പണി കിട്ടിയേക്കും; കലക്ടറുടെ ഉത്തരവിനെ ലംഘിക്കുന്നതൊന്നും കമ്മീഷണർ ചെയ്തിട്ടില്ല; 15 കിലോയിലധികം വെടിപൊട്ടിയിട്ടും കാഴ്ചക്കാരായതു പൊലീസിന്റെ വീഴ്ച; പുറ്റിങ്ങലിൽ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പുറ്റിങ്ങൽ ദുരന്തത്തിൽ പൊലീസിന്റെ വീഴ്ചയും ക്രൈംബ്രാഞ്ച് പരിശോധിക്കും. എന്നാൽ സംഭവത്തിൽ കൊല്ലം കമ്മീഷണറെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. കളക്ടറുടെ ഉത്തരവിനെ മറികടന്ന ജില്ലാ പൊലീസ് മേധാവി പി പ്രകാശ് ഉത്തരവിറക്കിയെന്ന വാദത്തെ ക്രൈംബ്രാഞ്ച് തള്ളുകയാണ്. മത്സര കമ്പത്തിനാണ് കളക്ടർ അനുമതി നിഷേധിച്ചത്. എന്നാൽ ആചാരപരമായ വെടിക്കട്ടിനാണ് എസ്‌പി രണ്ടാമത് ശുപാർശ ചെയ്തത്. ഇത് രണ്ടും രണ്ടാണമെന്നും അതുകൊണ്ട് തന്നെ പൊലീസ് മേധാവി ഭരണപരമായ വീഴ്ചയൊന്നും വരുത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

ജില്ലാ കളക്ടർ ഷൈനാമോൾ നിഷേധിച്ചപ്പോൾ അനുമതി നൽകണമെന്നാവശ്യപ്പെട്ടു കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ നൽകിയ കത്ത് വിവാദമാക്കേണ്ടതില്ലെന്നാണ് കണ്ടെത്തൽ. പന്ത്രണ്ടു കിലോ കരിമരുന്നു മാത്രം ഉപയോഗിക്കുമെന്ന ക്ഷേത്രം ഭാരവാഹികളുടെ വാദം തെറ്റാണെന്നും മത്സരക്കമ്പം നടത്തുന്നതിനാൽ ദുരന്തമുണ്ടാകാമെന്നു തഹസിൽദാർ മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മത്സര കമ്പത്തിന് അനുമതി നിഷേധിച്ചത്. ഈ സമയത്ത് പൊലീസും അനുകൂലിച്ചു. എന്നാൽ ആചാരപരമായ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് വെടിക്കെട്ടിന് ക്ഷേത്രാധികാരികൾ പൊലീസിനെ സമീപിച്ചു. ഇത് അനുവദിക്കാനാണ് കമ്മീഷണർ ശുപാർശ ചെയ്തത്. അതിൽ അസ്വാഭാവികതയൊന്നുമില്ല.

വെടിക്കെട്ട് നടത്താമെന്ന് ചാത്തന്നൂർ പൊലീസ് അസിസ്റ്റന്റ് കമ്മീഷർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണർ കളക്ടർക്കു കത്തു നൽകിയത്. ഇതിലും പ്രശ്‌നമൊന്നുമില്ല. തിരുവനന്തപുരം വെണ്ണിക്കോട് സ്വദേശി കൃഷ്ണൻകുട്ടിയുടെ ഭാര്യ അനാർക്കലിക്കാണ് വെടിക്കെട്ടിന് അനുമതി നൽകിയത്. കടുത്ത സുരക്ഷ പാലിച്ച് വെടിക്കെട്ട് നടത്തണമെന്നാണ് ജില്ലാ പൊലീസ് മേധാവി നൽകിയ കത്തിൽ പറയുന്നത്. അതിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകാമെന്നാണ് ശിപാർശ. വെടിക്കെട്ടു കാണാൻ വരുന്നവരെ പ്രദേശത്തുനിന്ന് അകറ്റി നിർത്താൻ പ്രത്യക വേലി നിർമ്മിക്കണം. ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ്, എക്‌സ്‌പ്ലോസീവ്‌സ് ഡയറക്ടർ എന്നിവരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കമ്മീഷണർ പറയുന്നു.

രാത്രി പത്തുമുതൽ പതിനഞ്ചു കിലോ വെടിമരുന്ന് ഉപയോഗിച്ച് മത്സരസ്വഭാവമില്ലാതെ കരിമരുന്നു പ്രയോഗം നടത്താൻ അനാർക്കലിക്ക് അനുമതി നൽകാൻ പരവൂർ സർക്കിൾ ഇൻസ്‌പെക്ടറും ശിപാർശ നൽകിയിരുന്നു. ഏപ്രിൽ ഒമ്പതിനാണ് ക്ഷേത്ര ഭരണസമിതി അപേക്ഷ സമർപ്പിച്ചതെന്നും സിഐയുടെ ശിപാർശയിൽ വ്യക്തമാക്കുന്നു. ഇത് അംഗീകരിച്ചതിൽ ഒരു പിശകും ക്രൈംബ്രാഞ്ച് കാണുന്നില്ല. മത്സര കമ്പത്തേയും വെടിക്കെട്ടിനേയും രണ്ടായിക്കാണണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. ഇതോടെ ഈ അനുമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെല്ലാം ക്രൈംബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകുമെന്ന് ഉറപ്പായി.

എന്നാൽ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി എന്നും ക്രൈംബ്രാഞ്ച് വിലയിരുത്തി. രാത്രി പത്തുമുതൽ പതിനഞ്ചു കിലോ വെടിമരുന്ന് ഉപയോഗിച്ച് മത്സരസ്വഭാവമില്ലാതെ കരിമരുന്നു പ്രയോഗം നടത്താനാണ് കമ്മീഷണർ അനുമതി നൽകിയത്. പിന്നെ എങ്ങനെ മത്സര കമ്പം അവിടെ നടന്നുവെന്നതാണ് ചോദ്യം. ഇതിന് ക്രൈംബ്രാഞ്ചിനും കൃത്യമായ ഉത്തരം കിട്ടുന്നില്ല. ഇക്കാര്യം പിരശോധിക്കാൻ പൊലീസ് തയ്യാറായില്ല. പതിനഞ്ച് കിലോയിൽ അധികം സ്‌ഫോടക വസ്തുക്കൾ അവിടെ ഉണ്ടായിരുന്നു. മൂന്നര മണിക്കൂറോളെ മത്സര കമ്പവും നടന്നു. പൊലീസ് മേധാവിയുടെ നിർദ്ദേശം അനുരിച്ച് ഇതും പാടില്ലാത്തതാണ്. ഇക്കാര്യങ്ങൾ പരിശോധിക്കാനും അനുമതിയില്ലാത്ത കാര്യങ്ങൾ തടയാനും പൊലീസ് ശ്രമിച്ചില്ല.

പരവൂരിലെ പ്രദേശിക പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ പറയുന്ന വാദവും തൃപ്തികരമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം. പരവൂരിൽ വലിയ സ്‌ഫോടനത്തിന് അൽപം മുമ്പ് രണ്ട് ചെറിയ വെടിക്കെട്ടപകടങ്ങളുണ്ടായെന്ന് പൊലീസ് പറയുന്നത് ഈ സാഹചര്യത്തിലാണ്. അപകട ശേഷം മത്സരക്കമ്പം നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ക്ഷേത്രം ഭാരവാഹികൾ അനുസരിച്ചില്ല. കരാറുകാരൻ ഉമേഷിന് പരവൂരിൽ നടന്ന സ്‌ഫോടനത്തിന് തൊട്ടുമുമ്പുണ്ടായ വെടിക്കെട്ട് അപകടത്തിലാണ് പരിക്ക് പറ്റിയതെന്ന് പരവൂർ സിഐ ചന്ദ്രകുമാർ വിശദീകരിച്ചിട്ടുണ്ട്.

ഇതേ തുടർന്ന് താൻ കമ്പം നിർത്തിവെക്കാൻ സംഘാടകൻ ലൗലിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും, സംഘാടകർ ഇക്കാര്യം ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നും സി ഐ ചന്ദ്രകുമാർ പറയുന്നു. എന്നാൽ നിർബന്ധപൂർവ്വം കമ്പം നിർത്താൻ പൊലീസ് ഒന്നും ചെയ്തില്ല. പതിനഞ്ച് കിലോയിൽ അധികം സ്‌ഫോടക വസ്തുക്കൾ ഉണ്ടോയെന്ന് പരിശോധിച്ചുമില്ല. ഇതാണ് വലിയ വീഴ്ചയെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. എന്നാൽ ഇതിന്റെ പേരിൽ പൊലീസുകാരൊന്നും കേസിൽ പ്രതിയാകില്ല. പക്ഷേ ഇവർക്ക് കുറ്റകരമായ അനാസ്ഥയുടെ പേരിൽ വകുപ്പ് തല നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. എസ് പിയും മൂന്ന് ഡിവൈഎസ്‌പിമാരും അടങ്ങുന്നതാണ് അന്വേഷണ സംഘം. ക്രൈം ബ്രാഞ്ച് സംഘത്തിൽ ഫോറൻസിക് വിദഗ്ദ്ധരും ഉൾപ്പെടുന്നു. സ്‌ഫോടനത്തിന് കാരണമായ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് എഡിജിപി ആനന്തകൃഷ്ണൻ വ്യക്തമാക്കി. ഉദ്യോഗസ്ഥ വീഴ്ചയും അന്വേഷിക്കും.അന്വേഷണപരിധിയിൽ ഉദ്യോഗസ്ഥരും വരുമെന്ന് എ!ഡിജിപി ആനന്തകൃഷ്ണൻ പറഞ്ഞു. ഉത്സവക്കമ്മിറ്റി ഭാരവാഹികൾക്കും കമ്പം നടത്തിപ്പുകാരും ഉൾപ്പെടെ 20 പേർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിട്ടുണ്ട്. പരവൂർ പൊലീസ് അപകട സ്ഥലത്ത് പരിശോധന നടത്തി. കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസിവ് തലവൻ ഡോ.വേണുവും അപകട സ്ഥലത്തെത്തി പരിശോധന നടത്തി.

ഞായറാഴ്ച പുലർച്ചെ 3.15നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ചു നടത്തിയ മത്സര വെടിക്കെട്ടിനിടെ ഒരു അമിട്ട് പൊട്ടിത്തെറിച്ച് ക്ഷേത്രവളപ്പിലെ തെക്കേ കമ്പപ്പുരയിൽ വീണാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. കോൺക്രീറ്റ് നിർമ്മിതമായ കമ്പപ്പുരയിൽ സൂക്ഷിച്ചിരുന്ന അമിട്ടുകളും ഗുണ്ടുകളും ഞൊടിയിടയിൽ പൊട്ടിത്തെറിച്ചു. നിമിഷങ്ങൾക്കുള്ളിൽ ക്ഷേത്രഗേറ്റിനു മുൻവശവും പരിസരവും അഗ്‌നിഗോളമായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ക്ഷേത്രപരിസരത്തിന് ഒന്നര കിലോമീറ്റർ ചുറ്റളവിൽ നൂറുകണക്കിനു വീടുകൾക്കും നാശം സംഭവിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP