Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രേഖകളും മൊഴികളും പരിശോധിച്ചതിൽ പരാതി തീർത്തും അടിസ്ഥാന രഹിതമെന്ന് ബോധ്യമായി; വരവ് ചെലവ് കണക്കുകൾ എല്ലാം കിറുകൃത്യം; കണക്കുകളുടെ സൂക്ഷ്മത വിലയിരുത്തലിന് ഓഡിറ്റിന് കൊടുത്തിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ട്; യുണൈറ്റഡ് നഴ്സ് അസോസിയേഷനിലെ അഴിമതി ആരോപണത്തിൽ ജാസ്മിൻ ഷായ്ക്ക് തൃശൂർ ക്രൈംബ്രാഞ്ച് നൽകുന്നത് ക്ലീൻ ചിറ്റ്; വിവാദമുണ്ടാക്കിയത് ആശുപത്രി മുതലാളിമാരുടെ കുതന്ത്രമെന്ന വാദം ശക്തമാക്കി കണ്ടെത്തലുകൾ; സത്യം വിവരിക്കുന്ന അന്വേഷണ റിപ്പോർട്ട് മറുനാടന്

രേഖകളും മൊഴികളും പരിശോധിച്ചതിൽ പരാതി തീർത്തും അടിസ്ഥാന രഹിതമെന്ന് ബോധ്യമായി; വരവ് ചെലവ് കണക്കുകൾ എല്ലാം കിറുകൃത്യം; കണക്കുകളുടെ സൂക്ഷ്മത വിലയിരുത്തലിന് ഓഡിറ്റിന് കൊടുത്തിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ട്; യുണൈറ്റഡ് നഴ്സ് അസോസിയേഷനിലെ അഴിമതി ആരോപണത്തിൽ ജാസ്മിൻ ഷായ്ക്ക് തൃശൂർ ക്രൈംബ്രാഞ്ച് നൽകുന്നത് ക്ലീൻ ചിറ്റ്; വിവാദമുണ്ടാക്കിയത് ആശുപത്രി മുതലാളിമാരുടെ കുതന്ത്രമെന്ന വാദം ശക്തമാക്കി കണ്ടെത്തലുകൾ; സത്യം വിവരിക്കുന്ന അന്വേഷണ റിപ്പോർട്ട് മറുനാടന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ സാമ്പത്തിക തട്ടിപ്പിൽ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ വിശദാംശങ്ങൾ മറുനാടന് ലഭിച്ചു. യുഎൻഎ നേതൃത്വത്തിന് എതിരായ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്നതാണ് പ്രാഥമിക റിപ്പോർട്ട്. രേഖകളും മൊഴികളും പരിശോധിച്ചതിൽ അഴിമതിയൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നത്. ഇതോടെ യുഎൻഎ നേതാവ് ജാസ്മിൻ ഷായെ ലക്ഷ്യമിട്ട് ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ആശുപത്രി മാനേജ്‌മെന്റാണെന്ന വാദം സജീവമാകുകയാണ്. ആശുപത്രിയിലെ ചൂഷണത്തിനെതിരെ നിലപാട് എടുത്ത സംഘടനയെ തകർക്കാനുള്ള ഗൂഢാലോചന ആരോപണത്തിന് പിന്നിലുണ്ടെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

പ്രാഥമിക അന്വേഷണത്തിൽ ഒരു തെളിവും കണ്ടെത്തിയിട്ടില്ല. ക്രമക്കേടും സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. കണക്കുകൾ ഓഡിറ്റ് ചെയ്യാൻ കൊടുത്തിട്ടുണ്ടെന്നും വിശദീകരിക്കുന്നു. എല്ലാ അർത്ഥത്തിലും ജാസ്മിൻഷായെ കുറ്റ വിമുക്തനാക്കുന്നതാണ് പ്രാഥമിക റിപ്പോർട്ട്. സംഘടനയുടെ വാഹനങ്ങൾ വാങ്ങിയതിന്റെ എഗ്രിമെന്റും പിരശോധിച്ചു. ഇതിലും ക്രമക്കേടില്ലെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. എല്ലാം മിനിട്‌സിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. സംഘടന നൽകിയ ധനസഹായത്തിന്റെ രേഖയിലും സംഘം പ്രശ്‌നങ്ങളൊന്നും കാണുന്നില്ല. അതുകൊണ്ട് പരാതികൾ അടിസ്ഥാന രഹിതമാണെന്ന് ബോധ്യപ്പെട്ടെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

ഓഡിറ്റ് ചെയ്ത റിപ്പോർട്ട് ലഭിക്കുന്നതിന് രജിസ്റ്റാർ ഓഫ് സൊസൈറ്റിയെ കൊണ്ട് പരിശോധിപ്പിച്ച് റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഈ റിപ്പോർട്ട് ഇടക്കാല റിപ്പോർട്ടായി പരിഗണിക്കണമെന്നും ഓഡിറ്റ് റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ സാക്ഷികളുടെ മൊഴികൾ ഉൾപ്പെടുത്തേണ്ടതുണ്ടെങ്കിൽ അത് ഉൾപ്പെടുത്തിയും ഓഡിറ്റ് റിപ്പോർട്ടിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അതിനെ കുറിപ്പ് വിശദ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് നൽകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുള്ളത്. ഡിവൈഎസ്‌പി കെ എ സുരേഷ് ബാബുവാണ് അന്വേഷണ റിപ്പോർട്ട് നൽകിയത്. ഏപ്രിൽ പത്തിനാണ് അന്വേഷണം പൂർത്തിയായതും. മറ്റ് അന്വേഷണങ്ങൾക്കൊന്നും റിപ്പോർട്ട് ശുപാർശയും ചെയ്യുന്നില്ല. ഇതോടെ തുടരന്വേഷണത്തിന് മറ്റൊരു ഉദ്യോഗസ്ഥനെ നിയോഗിച്ചതും സംശയാസ്പദമാകുകയാണ്.

ആശുപത്രി മാനേജുമെന്റാണ് ജാസ്മിൻഷായ്ക്ക് പിന്നിലെ ആരോപണത്തിന് പ്രേരക ഘടകമെന്ന വാദം സജീവമായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇത് കിട്ടിയതോടെ സർവ്വീസിൽ കുപ്രസിദ്ധനായ മറ്റൊരു ഉദ്യോഗസ്ഥനെ കൂടുതൽ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു. നേഴ്‌സിങ് മേഖലയിൽ സിഐടിയുവിനും തൊഴിലാളി സംഘടനയുണ്ട്. ഇവർക്കും യുഎൻഎയുടെ ഇടപെടലുകൾ ഭീഷണിയായിരുന്നു. ഈ സാഹചര്യത്തിലാണ് കള്ളക്കളികളിലൂടെ ജാസ്മിൻഷായെ തകർക്കാൻ ശ്രമിച്ചതെന്ന ആരോപണം സജീവമായിരുന്നു ഇത് ശരിവയ്ക്കുന്നതാണ് അന്വേഷണത്തിലെ കണ്ടെത്തലുകൾ. അപ്പോഴും സർക്കാർ ജാസ്മിൻഷായെ വേട്ടയാടാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്.

യുഎൻഎയുടെ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ അറിവോടെ സംഘടനയുടെ അക്കൗണ്ടിൽ നിന്നും മൂന്ന് കോടിയിലേറെ രൂപ പിൻവലിച്ചെന്നായിരുന്നു പരാതി. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി മുകേഷാണ് ഡിജിപിക്ക് പരാതി നൽകിയത്. ഈ പരാതിക്ക് പിന്നിൽ സിഐടിയുവാണെന്ന അഭിപ്രായം സ്ജീവമായിരുന്നു. സംഘത്തിലെ അംഗങ്ങളോട് പറയാതെയാണ് പല തവണയായി അക്കൗണ്ടിൽ നിന്നും മൂന്ന് കോടിയിലേറെ രൂപ പിൻവലിച്ചതെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഇതെല്ലാം തെറ്റാണെന്ന് തെളിയുകയാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം. കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നുവെന്നും കണ്ടെത്തി.

2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുകയാണ് കാണാനില്ലെന്നു കാണിച്ച് പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സംഘടനാ തീരുമാന പ്രകാരമല്ലാതെ പല വ്യക്തികൾക്കും ലക്ഷങ്ങൾ കൊടുത്തതായി കണക്കുകളിൽ കാണുന്നുണ്ടെന്നും സംഘടനയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2017 ഏപ്രിൽ ഒന്നു മുതൽ 2019 ജനുവരി 31 വരെയുള്ള കാലയളവിൽ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ അക്കൗണ്ടിലേക്ക് 3 കോടി 71 ലക്ഷം രൂപ വന്നതായാണ് രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ 2019 ജനുവരി 31 ന് പ്രസ്തുത അക്കൗണ്ടിലെ നീക്കിയിരിപ്പ് വെറും എട്ടു ലക്ഷത്തി അമ്പത്തി അയ്യായിരത്തി നാന്നൂറ്റി എട്ട് രൂപയാണ്. അംഗത്വ ഫീസിനത്തിൽ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങൾക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപ സംഘടനയുടെ പേരിലുള്ള നാലു അക്കൗണ്ടുകളിലും എത്തിയിട്ടില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു.

മൂന്നരക്കോടിയോളം രൂപ സംഘടനയുടെ തലപ്പത്തിരിക്കുന്ന ചിലരുടെ അടുപ്പക്കാരുടെ അക്കൗണ്ടിലേക്ക് പോയതായാണ് ആരോപണം. സംഘടനയുടെ പ്രസിഡന്റ് ജാസ്മിൻ ഷായുടെ ഡ്രൈവറുടെ പേരിൽ അമ്പത്തി ഒമ്പത് ലക്ഷം രൂപ പിൻവലിച്ചതായും യുഎൻഎ യുടെ മുൻ വൈസ് പ്രസിഡന്റ് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. അന്ന് തന്നെ ഏതൊരു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി യുഎൻഎ നേതാവ് ജാസ്മിൻ ഷാ പ്രതികരിച്ചിരുന്നു. സിബി മുകേഷിനെതിരെ സംഘടന നടപടിയെടുത്ത് പുറത്താക്കിയതാണെന്നും ഇതിനെ തുടർന്നാണ് ഇപ്പോൾ സംഘടനയെ തകർക്കാൻ സിബി മുകേഷ് രംഗത്തെത്തിയിരിക്കുന്നതെന്നും ജാസ്മിൻ ഷാ പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പുതിയ കണ്ടെത്തലുകൾ.

സംഘടനയുടെ കണക്ക് പുസ്തകൾ മുഴവൻ പരിശോധിച്ചിരുന്നു. വിവിധ ജില്ല ട്രഷറുമാരുടെ മൊഴിയും രേഖപ്പെടുത്തി. ഇതെല്ലാമാണ് ഇടക്കാല റിപ്പോർട്ടിലുണ്ടായിരുന്നത്. തിരുവനന്തപുരം സെൻട്രൽ ക്രൈംബ്രാഞ്ച് സൂപ്രണ്ടാകും ഇനി ഈ കേസ് അന്വേഷിക്കുക. യുഎൻഎയെ സംശയ നിഴലിൽ നിർത്തി നേഴ്‌സുമാരെ ഭിന്നിപ്പിക്കാനുള്ള തന്ത്രം മാത്രമാണ് ഇതെന്നാണ് വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP