Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആസ്ട്രൽ പ്രൊജക്ഷനെ തൊടാൻ കേരളാ പൊലീസിന് പേടി; നന്തൻകോട്ടെ നാല് കൊലപാതകവും വെറും പ്രതികാരദാഹത്തിന്റേതായി മാറും; സമ്പത്തിനും പ്രശസ്തിക്കും വേണ്ടി സാത്താൻ സേവ ചെയ്യുന്നവരിൽ വമ്പൻ ബിസിനസ്സുകാരും രാഷ്ട്രീയക്കാരുടെ മക്കളും; കേഡലിന്റെ 'ആത്മാവിന്റെ യാത്ര' തിയറി തള്ളിക്കളയും

ആസ്ട്രൽ പ്രൊജക്ഷനെ തൊടാൻ കേരളാ പൊലീസിന് പേടി; നന്തൻകോട്ടെ നാല് കൊലപാതകവും വെറും പ്രതികാരദാഹത്തിന്റേതായി മാറും; സമ്പത്തിനും പ്രശസ്തിക്കും വേണ്ടി സാത്താൻ സേവ ചെയ്യുന്നവരിൽ വമ്പൻ ബിസിനസ്സുകാരും രാഷ്ട്രീയക്കാരുടെ മക്കളും; കേഡലിന്റെ 'ആത്മാവിന്റെ യാത്ര' തിയറി തള്ളിക്കളയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആസ്ട്രൽ പ്രോജക്ഷനിൽ കേഡൽ പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് വിലയിരുത്തലിൽ പൊലീസ്. കേഡൽ കുറ്റവാളിയുടെ മനസ്സുള്ള വ്യക്തിയാണെന്നും കുടുംബത്തിൽ നിന്നുണ്ടായ അവഗണനയെ തുടർന്നാണ് അച്ഛനേയും അമ്മയേയും അനുജത്തിയേയും അമ്മയുടെ കുഞ്ഞമ്മയേയും കേഡൽ കൊലപ്പെടുത്തിയതെന്നും മൊഴി ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. മനഃശാസ്ത്ര വിദഗ്ധന്റെ സാന്നിധ്യത്തിലാണ് പൊലീസ് കേഡലിനെ ചോദ്യം ചെയ്തത്. ഈ മൊഴിയെടുക്കലിലാണ് നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. എന്നാൽ സാത്താൻ സേവയും അതീന്ദ്രീയജാലക്കഥകളും വെല്ലുവിളിയാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്. അതുകൊണ്ട് തന്നെ സ്ഥിരം പ്രതികാര കഥകളിലേക്ക് നന്തൻകോട്ടെ കൊലപാതകങ്ങളേയും എത്തിക്കും.

സാത്താൻ സേവയിലെ കൊല കോടതിയെ ബാധ്യപ്പെടുത്താനും പൊലീസ് നന്നേ വിഷമിപ്പിക്കും. പ്രതി മാനസിക രോഗിയാണെന്ന് കണ്ട കോടതി വെറുതെ വിടാൻ പോലും സാധ്യത ഏറെയാണ്. ഇതിനൊപ്പമാണ് സത്താൻ സേവയിൽ കേരളത്തിൽ സജീവമാകുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ. സമ്പത്തും പ്രശസ്തിയുമാണ് സാത്താൻ സേവയിലേക്ക് ആളുകളെ അടുപ്പിക്കുന്നത്. തിരുവനന്തപുരത്ത് ഇത്തരക്കാർ ഏറെയുണ്ട്. ഇവരുടെ ഒത്തു ചേരൽ കേന്ദ്രങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചനയുണ്ട്. നഗര ഹൃദയത്തിൽ വഴുതക്കാടു പോലും ഇത്തരം ഒത്തു ചേരൽ കേന്ദ്രങ്ങളുണ്ട്. ഉന്നത ബിസിനസ്സുകാരും രാഷ്ട്രീയക്കാരും അവരുടെ മക്കളുമെല്ലാം ഇവിടെ എത്തുന്നു. അതിവേഗം സമ്പത്ത് ഇരട്ടിയാക്കുകയാണ് ഇവരുടെയെല്ലാം ലക്ഷ്യം. സത്താനെ സേവിച്ച് ഇത് നേടുകയും ചെയ്യുന്നു. ആസ്ട്രൽ പ്രൊജക്ഷൻ പോലുള്ള വഴികൾ അവലംബിക്കുന്നവരും ഏറെ. കേഡലിന്റെ ക്രൂരതയോടെ ഇതെല്ലാം ചർച്ചയാകുകയാണ്. ഈ സാഹചര്യത്തിൽ ഇതെല്ലാം അന്വേഷിക്കേണ്ട ബാധ്യതയും പൊലീസിന് വന്നു ചേരും.

ഇതൊഴിവാക്കൻ കൂടിയാണ് നന്തൻകോട്ടെ കൊലപാതകങ്ങൾ സാധാരണ പ്രതികാര കൊലപാതകമാക്കുന്നത്. പഠനത്തിൽ പിന്നോക്കമായിരുന്നു കേഡൽ. അനുജത്തി മിടുക്കിയും. പ്ലസ് ടുവിന് അപ്പുറം ഔപചാരിക വിദ്യാഭ്യാസവുമില്ല. അമ്മ ഡോക്ടർ. അച്ഛൻ പ്രഫസർ. വീട്ടിൽ എപ്പോഴും കുത്തിയിരിക്കുന്ന കേഡലിനെ ഇവർ കളിയാക്കുമായിരുന്നു. ഈ പരിഹാസം കേഡലിന് താങ്ങാനായില്ല. അങ്ങനെ മാസങ്ങളുടെ ആസൂത്രണം. ഒടുവിൽ കൊലയും. എല്ലാം പ്രതികാരത്തിൽ തുടങ്ങുന്നു. തെളിവ് നശിപ്പിക്കുന്നത് പോലും കൃത്യമായ ആസൂത്രണവും ക്രിമിനൽ മാനസികാവസ്ഥയും സൂചിപ്പിക്കുന്നു. മനഃശാസ്ത്ര വിദഗ്ധന്റെ നേതൃത്വത്തിലാണ് എല്ലാം പ്രതിസമ്മതിച്ചതെന്നും പൊലീസ് പറയുന്നു. സാത്താൻ സേവയും അതീന്ദ്രീയവുമെല്ലാം പൊലീസിനെ തെറ്റിധരിപ്പിക്കാനുള്ള കേഡലിന്റെ തന്ത്രമായും വിലയിരുത്തുന്നു. അങ്ങനെ അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. എല്ലാം ഒറ്റയ്ക്കാണ് കേഡൽ ചെയ്തതെന്നും പൊലീസ് വിശദീകരിക്കുന്നു.

തുടക്കം മുതൽ പരസ്പരവിരുദ്ധവും അവിശ്വസനീയവുമായ കാര്യങ്ങൾ പറഞ്ഞ് പൊലീസിനെ കുഴക്കുകയായിരുന്നു കേഡൽ. അതുകൊണ്ടാണ് കേഡലിനെ ചോദ്യംചെയ്ത പൊലീസിന് മനോരോഗവിദഗ്ദ്ധന്റെ സഹായവും തേടേണ്ടിവന്നത്. താൻ ചെയ്ത കാര്യങ്ങൾ ഒട്ടും കൂസലില്ലാതെയാണ് ഇയാൾ പൊലീസിനോടു വിവരിച്ചത്. ശരീരത്തിൽനിന്ന് ആത്മാവിനെ വേർപെടുത്തുന്ന 'ആസ്ട്രൽ പ്രൊജക്ഷൻ' പദ്ധതി താൻ പരീക്ഷിക്കുകയായിരുന്നെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. യുക്തിക്കു നിരക്കാത്തതും ശാസ്ത്രം അംഗീകരിച്ചിട്ടില്ലാത്തതുമായ ഈ 'ആത്മാവിന്റെ യാത്ര' സംബന്ധിച്ച് ഇന്റർനെറ്റിൽനിന്നു ലഭിച്ച വിവരങ്ങൾ െവച്ചുള്ള പരീക്ഷണത്തിലായിരുന്നു താനെന്നാണ് കേഡലിന്റെ വാദം. കേരളത്തിൽ കൊലപാതകത്തിനുള്ള കാരണമായി ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഇക്കാര്യങ്ങൾ കേട്ട് കുഴയുകയാണ് പൊലീസ്. ഈ സാഹചര്യത്തിലാണ് പൊലീസ്, മെഡിക്കൽ കോളേജിൽനിന്നുള്ള മനോരോഗവിദഗ്ദ്ധൻ ഡോ. മോഹൻ റോയിയുടെ സഹായം തേടിയത്. പൊലീസിനൊപ്പം അദ്ദേഹം അഞ്ചുമണിക്കൂറോളം കേഡലിനെ ചോദ്യംചെയ്തു.

ശരീരത്തിൽനിന്ന് ആത്മാവിനെ സ്വതന്ത്രസഞ്ചാരത്തിനു വിടാനുള്ള ഈ പരീക്ഷണത്തിൽ കൊലപാതകം നടത്താനായി മഴു വാങ്ങിയെന്നും ഇയാൾ വെളിപ്പെടുത്തി. കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമ്പോൾ താൻ മറ്റൊരു ലോകത്തായിരുന്നുവെന്ന് ഇയാൾ പറഞ്ഞതായും അന്വേഷണസംഘം പറയുന്നു. അച്ഛനെയും അമ്മയെയും സഹോദരിയെയുമൊക്കെ തന്റെ മുറിയിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയപ്പോൾ മഴു ഉപയോഗിച്ച് വെട്ടിയത് തനിക്ക് ഓർമയില്ലെന്നും ഇയാൾ പറഞ്ഞു. എന്നാൽ, മഴു വലിച്ചെടുത്തത് ബോധത്തോടെയായിരുന്നുവെന്നും ഇയാൾ പൊലീസിനോടു വെളിപ്പെടുത്തി. ഇതോടെ ആസ്ട്രൽ പ്രൊജക്ഷനും സത്താൻ സേവയുമെല്ലാം മാധ്യമങ്ങൾ ചർച്ച ചെയ്തു. ഇത്തരം സാത്താൻ സേവക്കാർ കേരളത്തിലുണ്ടെന്നും തിരുവനന്തപുരത്ത് പല ഉന്നതരും ഇതിന്റെ അടിമകളാണെന്നും വാർത്തകളെത്തി. അന്ധവിശ്വാസവിരുദ്ധ നിയമം ഉള്ളതിനാൽ ഈ കേന്ദ്രങ്ങൾക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്ന വാദവും സജീവമായി. ഇതോടെയാണ് അതീന്ദ്രീയ വിശ്വാസം ചർച്ചയാക്കുന്നതിലെ പ്രശ്‌നങ്ങൾ ഉന്നതർക്ക് പിടികിട്ടിയത്. അതുകൊണ്ട് തൽകാലം നന്ദൻ കോട്ടെ കൊലപാതകത്തെ വെറും പ്രതികാരമായി മാറ്റുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന.

സ്വന്തം ശരീരത്തിൽനിന്ന് ആത്മാവിനെ പേർപെടുത്തി സഞ്ചാരം നടത്താനാകുമെന്ന വാദവുമായി വിവിധ വെബ്സൈറ്റുകൾ രംഗത്തുണ്ട്. ഇതിന്റെ പ്രാഥമികപാഠം മുതൽ അഭ്യസിപ്പിക്കുന്ന വെബ്സൈറ്റുകളും യൂട്യൂബ് വീഡിയോകളുമുണ്ട്. ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ക്രിയ. വിദേശങ്ങളിൽ ഏറക്കുറെ പരസ്യമായി സാത്താൻസേവയും ആസ്ട്രൽ പ്രൊജക്ഷനും അരങ്ങേറുന്നുണ്ട്. ആസ്ട്രൽ എന്ന പദത്തിന് അർത്ഥം സൂക്ഷ്മം എന്നാണ്. ശരീരത്തിൽനിന്ന് മനസിനെ മറ്റൊരു ലോകത്ത് എത്തിക്കുകയാണ് ഉദ്ദേശ്യം. ഫിലിപ്പെൻസിലെ എംബിബിഎസ് പഠനത്തിനിടെയാണ് കേഡൽ ആസ്ട്രൽ പ്രൊജക്ഷനിലേക്ക് വീഴുന്നതെന്നായിരുന്നു പൊലീസ് ആദ്യം നൽകിയ സൂചന. പൂർണബോധത്തോടെ സൂക്ഷ്മ ശരീരത്തെ ഉയർത്തി ഭൗതികശരീരത്തിൽ നിന്ന് വേർപെടുത്തുന്നതിനെയാണ് ആസ്ട്രൽ പ്രൊജക്ഷൻ എന്നുപറയുന്നത്. ഇതിൽ കേഡലിന് പത്തുകൊല്ലത്തോളം പരിചയമുണ്ടെന്നും സൂചന നൽകി. ഇതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ പൊക്കിൾക്കൊടി ബന്ധം അറത്തു കളയണമെന്നാണ് അന്ധവിശ്വാസം. ഇതിന്റെ ഭാഗമായിരിക്കാം കൊലപാതകമെന്ന മനഃശാസ്ത്ര വിലയിരുത്തലുകൾ സജീവമായിരുന്നു.

ആസ്ട്രൽ പ്രൊജക്ഷനായാലും കോടതിയിൽ കേസ് തെളിയിക്കുക എളുപ്പമാണെന്ന വിലയിരുത്തലുമുണ്ട്. ഇതും കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും. അതുകൊണ്ട് തന്നെ പ്രതിക്ക് ശിക്ഷ ഉറപ്പുമാണ്. എന്നാൽ ഇത്തരം വിഷയങ്ങളിൽ സാത്താൻ സേവയും മറ്റും ചർച്ചയാക്കുന്നത് പല ഉന്നതരും ആഗ്രഹിക്കുന്നില്ല. അതിന്റെ പ്രതിഫലനമാണ് പൊലീസിന്റെ കേസ് അന്വേഷണത്തിൽ കാണുന്നതെന്ന വിലയിരുത്തലുമെത്തുന്നു. വീട്ടിൽ നിന്ന് നേരിട്ട അവഗണനയാണ് കൊലപാതകത്തിനു പിന്നിലെന്നും കേഡൽ പറഞ്ഞു. ഇയാൾ ആദ്യം കൊല്ലാനുറച്ചത് അച്ഛനെയായിരുന്നുവെന്ന് മൊഴിയിൽ നിന്ന് വ്യക്തമായതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അച്ഛനെ കൊന്നതിനു ശോഷമാണ് ഇയാൾ മറ്റുള്ളവരെ കൊലപ്പെടുത്തിയതെന്നും ആഭിചാരമെന്നത് പുകമറമാത്രമാണെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി. കേഡലിന്റെ മനസ് കൊടും ക്രിമിനലിന്റേതാണെന്നും തെളിവ് നശിപ്പിക്കാനും കൃത്യം നടത്താനും ഇയാൾ കൃത്യമായ പദ്ധതികളിട്ടിരുന്നുവെന്നും മനഃശാസ്ത്ര വിദഗ്ധനും പറഞ്ഞു. എന്നാൽ ആസ്ട്രൽ പ്രൊജക്ഷന് ഉപയോഗിക്കുന്ന ഡമ്മി വീട്ടിൽ നിന്ന് കണ്ടെത്തിയ സാഹചര്യത്തെ കുറിച്ച് പൊലീസ് മൗനം പാലിക്കുകയും ചെയ്യുന്നു.

കേഡലിന് മാനസിക പ്രശ്നങ്ങൾ ഉള്ളതായി ആദ്യ ചോദ്യം ചെയ്യലിൽ സംശയമുയർന്നിരുന്നു. ഇതേ തുടർന്ന് അന്വേഷണസംഘത്തോടൊപ്പം മനഃശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തിയിരുന്നു. നാലു പേരെയും കൊല്ലാനുള്ള കേഡലിന്റെ തീരുമാനം പെട്ടെന്ന് ഉണ്ടായത് അല്ലെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന് പൊലീസ് ഇപ്പോൾ പറയുന്നു. മാസങ്ങളോളം അയാൾ ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയതായെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. തെളിവ് നശിപ്പിക്കാനും കൃത്യം നടത്താനുമെല്ലാം ഇയാൾ വ്യക്തമായ പദ്ധതിയും തയ്യാറാക്കിയിരുന്നു. അച്ഛൻ രാജ തങ്കത്തെയാണ് താൻ ആദ്യം കൊല ചെയ്തതെന്ന് കേഡൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്നാണ് സൂചന. അച്ഛനെ കൊലപ്പെടുത്തിയ ശേഷമാണ് അമ്മ ജീൻ പത്മ, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ താൻ കൊല ചെയ്തതെന്നും കേഡൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചുവത്രേ. വെള്ളിയാഴ്ചയാണ് ബന്ധു കൂടിയായ ലളിതയെ കേഡൽ കൊല ചെയ്തതെന്നാണ് മൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP