Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കവിതാ വിവാദത്തെക്കാൾ ജൂറി തർക്കം മനസിനെ മുറിപ്പെടുത്തി; തടസങ്ങൾ ഉണ്ടെങ്കിൽ നേരത്തെ അറിയിക്കാമായിരുന്നു; അതവർ ചെയ്തില്ല; എന്നെ പൊതു മണ്ഡലത്തിൽ നിന്നും അകറ്റി നിർത്താൻ ശ്രമിക്കുന്നവർ നീരാശപ്പെടേണ്ടി വരും; ആൾക്കൂട്ട വിചാരണയും ഖാപ്പ് പഞ്ചായത്തും എതിർക്കുന്ന എനിക്ക് നേരെ ആക്രമണം വന്നാൽ ചെറുത്തുനിൽപ്പ് എന്റെ ഭാഗത്തു നിന്നു തന്നെ വരും; ദീപ നിശാന്ത് മറുനാടനോട്

കവിതാ വിവാദത്തെക്കാൾ ജൂറി തർക്കം മനസിനെ മുറിപ്പെടുത്തി; തടസങ്ങൾ ഉണ്ടെങ്കിൽ നേരത്തെ അറിയിക്കാമായിരുന്നു; അതവർ ചെയ്തില്ല; എന്നെ പൊതു മണ്ഡലത്തിൽ നിന്നും അകറ്റി നിർത്താൻ ശ്രമിക്കുന്നവർ നീരാശപ്പെടേണ്ടി വരും; ആൾക്കൂട്ട വിചാരണയും ഖാപ്പ് പഞ്ചായത്തും എതിർക്കുന്ന എനിക്ക് നേരെ ആക്രമണം വന്നാൽ ചെറുത്തുനിൽപ്പ് എന്റെ ഭാഗത്തു നിന്നു തന്നെ വരും; ദീപ നിശാന്ത് മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: കവിതാ വിവാദമോ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിലെ ജൂറി വിവാദമോ ഉയർത്തിക്കാട്ടി എന്നെ നിശബ്ദയാക്കാൻ ശ്രമിച്ചാൽ അവർ നിരാശപ്പെടേണ്ടി വരുമെന്ന് ദീപാ നിശാന്ത്. കവിതാ വിവാദത്തിലും സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിലെ ജൂറി വിവാദത്തിലും കേന്ദ്രബിന്ദുവായി മാറിയശേഷം മറുനാടനോടുള്ള സംഭാഷണത്തിലാണ് ദീപ വിമർശകർക്ക് നേരെ ആഞ്ഞടിച്ചത്. കവിതാ വിവാദത്തേക്കാൾ മനസിനെ മുറിപ്പെടുത്തിയത് സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിലെ ജൂറി വിവാദമാണ്. പ്രശ്‌നത്തിൽ പൊതുവിദ്യാഭ്യാസ അധികൃതർക്കെതിരെ കടുത്ത രോഷമാണ് ദീപ പങ്കുവെച്ചത്.

ആലപ്പുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിധി കർത്താവായി ദീപ നിശാന്ത് എത്തിയതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസും കെഎസ് യുവും എബിവിപിയുമാണ് പ്രതിഷേധം ഉയർത്തിയത്.കെഎസ് യു രേഖാമൂലം പരാതിയും നൽകിയിരുന്നു. . കവിതാ മോഷണ വിവാദത്തിൽപ്പെട്ട ദീപ നിശാന്തിനെ വിധി കർത്താവാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഇവർ പ്രതിഷേധം ഉയർത്തിയത്. തുടർന്ന് മത്സരഫലം റദ്ദാക്കുകയും ഒടുവിൽ ജൂറിയിലുണ്ടായിരുന്ന സന്തോഷ് എച്ചിക്കാനത്തെക്കൊണ്ട് പുനർ വിധി നിർണയം നടത്തിക്കുകയും ചെയ്തിരുന്നു. ഇതിലാണ് ശക്തമായ പ്രതിഷേധം ഉയർത്തി ദീപ മറുനാടനോടു സംസാരിച്ചത്.

ഞാൻ കേരളാ വർമ്മ കോളേജിലെ ഒരധ്യാപികയാണ്. പുസ്തകങ്ങൾ രചിച്ചിട്ടുള്ള ആളാണ്. സാഹിത്യ അദ്ധ്യാപിക കൂടിയാണ്. പക്ഷെ കവിതാ വിവാദം വന്നതിലാൽ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ നിന്നും ഞാൻ മാറ്റി നിർത്തപ്പെട്ടു. അതിനുമാത്രമുള്ള എന്ത് അപരാധമാണ് ഞാൻ ചെയ്തിട്ടുള്ളത്. ദീപ ചോദിക്കുന്നു. ഞാൻ അദ്ധ്യാപികയാണ്. നാളെ എന്നോടു കേരള വർമ്മ കോളേജിൽ ക്ലാസ് എടുക്കേണ്ട എന്ന് പറയുമോ? ഞാൻ വാല്വേഷൻ ക്യാമ്പിൽ പങ്കെടുക്കുന്ന ആളാണ്. പരീക്ഷാഡ്യൂട്ടി ഏറ്റെടുക്കുന്ന ആളാണ്. അതെല്ലാം ഏറ്റെടുക്കാൻ ഈ പറയുന്ന ആളുകൾ വരുമോ? ഈ വിഷയം ഉണ്ടാകുന്നതിനു മുൻപാണ് വിദ്യാഭ്യാസവകുപ്പ് ഉപന്യാസ മത്സരത്തിൽ വിധി നിർണ്ണയത്തിനായി എന്നെ സമീപിക്കുന്നത്. കവിതാവിവാദം കേരളത്തിൽ എല്ലാവരും ചർച്ച ചെയ്ത വിഷയമാണ്.

തലേ ദിവസം പോലും ഞാൻ അവരെ വിളിച്ച് വരേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചതാണ്. അപ്പോഴൊന്നും ഒരു പ്രശ്‌നവും വിദ്യാഭ്യാസ വകുപ്പ് ഉയർത്തിയില്ല. പക്ഷെ ഉപന്യാസ മത്സരത്തിൽ ജൂറിയായി വന്നശേഷം മടങ്ങിപ്പോകേണ്ടി വരിക അപമാനകരമായി എനിക്ക് തോന്നി. ഒരാഴ്ച അവർക്ക് സമയം ഉണ്ടായിരുന്നു. അല്ലെങ്കിൽ ഇവിടെനിന്നു ഇറങ്ങുന്നതിനു മുൻപ് വരെ അവരുടെ മുന്നിൽ സമയം ഉണ്ടായിരുന്നു. പക്ഷെ ഒരു പ്രതികരണവും കലോത്സവ അധികൃതരുടെ ഭാഗത്ത് നിന്നും വന്നില്ല. കവിതാ വിവാദം നിലനിൽക്കുന്നതിനാൽ ഇപ്പോൾ തത്ക്കാലം വരേണ്ട എന്ന് പറഞ്ഞാൽ പോലും എനിക്ക് ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നില്ല. പക്ഷെ അങ്ങിനെ പറയാതെ അവിടെവെച്ച് ഒരു പ്രശ്‌നം വന്നപ്പോൾ എനിക്ക് സ്വാഭാവികമായും അവരുടെ തീരുമാനത്തോട് എനിക്ക് വിയോജിപ്പ് വന്നു.

സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ വിധി കർത്താവായി പോയത് ശരിയായി എന്നാണു എനിക്ക് ഇപ്പോഴും മനസിലുള്ളത്. കാരണം മാനസികമായി എന്നെ തകർക്കാനുള്ള ശ്രമങ്ങൾ ഫലവത്താകില്ല എന്ന് എനിക്ക് പൊതു സമൂഹത്തോട് പറയേണ്ടതുണ്ടായിരുന്നു.അതുകൊണ്ട് തന്നെ സ്‌കൂൾ യുവജനോത്സവ വേദിയിൽ നിന്നും മടങ്ങുമ്പോൾ മറ്റൊരു പൊതുപരിപാടിയിൽ കൂടി ഞാൻ പങ്കെടുത്തിരുന്നു. പൊതുസമൂഹത്തോട് ഇടപെടുന്ന ഒരു ജോലിയാണ് എനിക്കുള്ളത്.കവിതാ വിവാദത്തിൽ ശ്രീചിത്രന്റെ പേരുപോലും പറയാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഈ വിഷയത്തിൽ ശ്രീചിത്രൻ സാധാരണീകരണം നടത്തിയപ്പോൾ മാത്രമാണ് ശ്രീചിത്രനുമായി ബന്ധപ്പെട്ട കാര്യങ്ങൾ എനിക്ക് പറയേണ്ടി വന്നത്. ഈ വിഷയം ഞാൻ അവസാനിപ്പിച്ചതായിരുന്നു. ഇതിൽ മുന്നോട്ട് പോകാൻ ഞാൻ താത്പര്യപ്പെട്ടിരുന്നുമില്ല. പക്ഷെ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിലെ ജൂറി വിവാദം ഈ പ്രശ്‌നം വീണ്ടും ആളിക്കത്തിച്ചു.

കവിതാ വിവാദവും സ്‌കൂൾ യുവജനോത്സവത്തിലെ ജൂറി വിവാദവും ആളിക്കത്തിച്ച് പോതുസമൂഹത്തിലെ എന്റെ ഇടപടലുകൾ അവസാനിപ്പിക്കാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ആർക്കും അതിനു സാധിക്കില്ല. ആൾക്കുട്ട വിചാരണയും ഖാപ്പ് പഞ്ചായത്തിനെയും എപ്പോഴും എതിർക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ അത്തരം ആക്രമണം എനിക്ക് നേരെ വരുമ്പോൾ തീർച്ചയായും ഒരു ചെറുത്തുനിൽപ്പ് എന്റെ ഭാഗത്തുനിന്നും വരും-ദീപ പറയുന്നു. കവിതാ വിവാദം എനിക്ക് മുന്നിലുള്ള ഒരു തിരിച്ചടിയുടെ കാലമായി തോന്നുന്നില്ല ഓരോ കാലഘട്ടത്തിലും ഓരോ പ്രശ്‌നങ്ങൾ വരും. അത്തരം ഒരു പ്രശ്‌നമായി മാത്രമേ കവിതാ വിവാദം കണക്കിലെടുത്തിട്ടുള്ളൂ. തിരിച്ചടി വരുമ്പോൾ മനുഷ്യർ നേരിടണം അങ്ങിനെ ഒരു കാഴ്ചപ്പാടാണ് എനിക്കുള്ളത്. രണ്ടു വ്യക്തികൾക്കിടയ്ക്ക് വന്ന വിശ്വാസഭംഗം മാത്രമാണ് കവിതാ വിവാദം. മറിച്ചുള്ള ആരോപണങ്ങൾ എല്ലാം പരിഹാസ്യമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ ആൾ എന്ന രീതിയിൽ ഞാനുൾപ്പെട്ട കവിതാ വിവാദം ആഘോഷിക്കപ്പെട്ടു. മനുഷ്യർക്ക് ഒക്കെ സംഭവിക്കുന്ന പ്രശ്‌നം മാത്രമേ എനിക്കും സംഭവിച്ചിട്ടുള്ളൂ. ജീവിതത്തിൽ ഒരു പ്രതിസന്ധിഘട്ടം അത്ര മാത്രമായേ ഇത് ഞാൻ കരുതിയുള്ളൂ.ഇപ്പോഴും ഒരു പ്രതിസന്ധി ഞാൻ നേരിടുന്നു എന്ന ഒരു ഫീൽ ഇപ്പോഴും എന്റെ മുന്നിലില്ല. വിവാദം വന്നപ്പോൾ വ്യക്തിപരമായി വിശ്വാസഭംഗം എനിക്ക് സ്വയം നേരിടേണ്ടി വന്നു. ഞാൻ കബളിപ്പിക്കപ്പെട്ടതായി എനിക്ക് തോന്നി.അതിൽ ഒരു വിഷമമുണ്ട്. അതിലപ്പുറം അത് ഒരു മഹാനഷ്ടമായി, ജീവിതത്തിൽ ഒളിച്ചിരിക്കേണ്ട ഒരു സംഭവമായി ഒന്നും എനിക്ക് തോന്നുന്നില്ല. അദ്ധ്യാപകനും നിരൂപകനുമായ വിജു നായരങ്ങാടി ശ്രീ ചിത്രനെ കുറിച്ച് എഴുതിയത് ഞാൻ വായിച്ചിരുന്നു. കേരളവർമ്മ കോളേജ് അടക്കമുള്ള വേദികളിലേക്ക് ഞാൻ ക്ഷണിക്കുമ്പോൾ ശ്രീ ചിത്രനെക്കുറിച്ച് എനിക്ക് മുന്നറിയിപ്പ് നൽകും എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.

കേരളവർമ്മയിലെ ഒരു പ്രോഗ്രാമിന് ഞാൻ ശ്രീചിത്രനെ കോണ്ടുവന്നപ്പോൾ ആ നോട്ടീസ് ഞാൻ ഷെയർ ചെയ്തിരുന്നു. അപ്പോൾ കുറേപ്പേർ എന്നോടു സൂചിപ്പിച്ചിരുന്നു. ശ്രീചിത്രൻ അത്ര ക്ലിയർ അല്ലാ എന്ന്. നവോത്ഥാന വേദികളിലേക്ക് ശ്രീചിത്രനെ കൊണ്ടുവരുമ്പോൾ അത് ഇടതുപക്ഷത്തിനുതന്നെ അത് ഒരു വരുംകാല ബാധ്യത ആയി മാറും എന്ന മുന്നറിയിപ്പാണ് എനിക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഞാൻ നോക്കുമ്പോൾ ശബരിമല അടക്കമുള്ള പ്രശ്‌നങ്ങളിൽ ജനങ്ങൾക്ക് മനസിലാകുന്ന വിധത്തിൽ ശക്തമായ ഇടപെടൽ നടത്തുന്ന ഒരാളായിട്ടാണ് ഞാൻ ശ്രീചിത്രനെ കണ്ടത്. ഒരു രാഷ്ട്രീയ ജീവി എന്ന നിലയിൽ മാത്രമാണ് ശ്രീചിത്രനെ ഞാൻ കണ്ടത്. എനിക്ക് തന്നെ പല വിയോജിപ്പുകളും ഒപ്പം ബുദ്ധിമുട്ടുകളും ശ്രീചിത്രന്റെ കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ ശ്രീചിത്രനെ പോലുള്ള രാഷ്ട്രീയ ജീവികൾ കേരളത്തിനു ആവശ്യമാണ് എന്ന് ഞാൻ വിശ്വസിച്ചിരുന്നു. ശ്രീചിത്രൻ അയാളുടെ രീതിയിലുള്ള ഇടപെടൽ ആണ് നടത്തിക്കൊണ്ടിരുന്നത്.

അത് പലപ്പോഴും ഫലവും കണ്ടിരുന്നു. കവിതാവിവാദം ഇപ്പോൾ കേരളത്തിലെ പൊതുമണ്ഡലത്തിലെ ഒരു പ്രധാന വിഷയമായി ചിലർ ഉയർത്തിക്കൊണ്ട് വന്നിരിക്കുന്നു. ഈ വിവാദം ഉയർത്തിക്കാട്ടി കേരളത്തിലെ പൊതുമണ്ഡലത്തിൽ നിന്നും ദീപാ നിശാന്തിനെ അകറ്റി മാറ്റാനുള്ള ശ്രമങ്ങളാണ് ചിലർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് തീർത്തും രാഷ്ട്രീയ പ്രേരിതമാണ്. എന്നോടു പൂർവ വൈരാഗ്യമുള്ള ആളുകളാണ് എനിക്കെതിരെയുള്ള പോരാട്ടത്തിനു മുന്നിൽ നിൽക്കുന്നത്. അല്ലാതെയും ചിലർ ഈ പ്രശ്‌നത്തിൽ ഇടപെട്ടിട്ടുണ്ട്. അത്തരം ഇടപെടലുകൾ ഞാൻ മാനിക്കുന്നു. പക്ഷെ കവിതാവിവാദം കാരണം പൊതുമണ്ഡലത്തിൽ നിന്നും ആട്ടിയോടിക്കപ്പെടേണ്ട വ്യക്തിയല്ല ഞാൻ. കവിതാവിവാദത്തിൽ വന്ന പിഴവ് ഞാൻ അംഗീകരിച്ചിട്ടുള്ളതാണ്. പക്ഷെ വിശ്വാസത്തിന്റെ പേരിൽ പോലും അച്ചൻ തന്നാലും ഭർത്താവോ അല്ലെങ്കിൽ സഹോദരനോ സഹോദരിയോ തന്നാലും അത്തരം കവിതകൾ ഞാൻ സ്വീകരിക്കാൻ പാടില്ലായിരുന്നു എന്ന ബോധ്യം എനിക്കുണ്ട്.

ഒരു പ്രത്യേക സാഹചര്യത്തിൽ മനുഷ്യർക്ക് സംഭവിക്കുന്ന പിഴവ് എന്ന രീതിയിലാണ് കവിതാ വിവാദത്തെ ഞാൻ നോക്കിക്കാണുന്നത്. ഞാനായി ചെയ്ത ഒരു തെറ്റാണ് ഇത്. ആരും നിർബന്ധിച്ച് മാപ്പ് പറയിപ്പിച്ചതിനാൽ മാപ്പ് പറഞ്ഞതല്ല. എന്റെ ബോധ്യം കൊണ്ട് തന്നെയാണ് കവിതാ വിവാദത്തിൽ മാപ്പ് പറഞ്ഞത്. ഞാനത് തിരുത്തിയിട്ടുണ്ട്. പിന്നെ എകെപിസിടിഎ ഒരു സംഘടന എന്ന നിലയിൽ അവരുടെ നിലപാടിനോട് എനിക്ക് വിയോജിപ്പില്ല. അവരുടെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രശ്‌നമായതിനാലാണ് അവിടെനിന്നും എതിർ ശബ്ദം ഉയർന്നത്. പക്ഷെ എകെപിസിടിഎ ഇതുവരെ ഈ കാര്യത്തിൽ എന്നോടു വിശദീകരണമൊന്നും ചോദിച്ചിട്ടില്ല-ദീപ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP