Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആപ്പ് മന്ത്രി തോമർ കേരളത്തിലായിരുന്നുവെങ്കിൽ രക്ഷപ്പെട്ടേനെ! വ്യാജസർട്ടിഫിക്കറ്റ് കേസുകളിൽ പ്രതിയുടെ സത്യവാങ്മൂലമുണ്ടെങ്കിൽ കേസ് ഇവിടെ എഴുതി തള്ളും; കുറ്റസമ്മതമൊഴിയിൽ എല്ലാം ഒതുക്കിത്തീർത്ത വിചിത്രകഥ

ആപ്പ് മന്ത്രി തോമർ കേരളത്തിലായിരുന്നുവെങ്കിൽ രക്ഷപ്പെട്ടേനെ! വ്യാജസർട്ടിഫിക്കറ്റ് കേസുകളിൽ പ്രതിയുടെ സത്യവാങ്മൂലമുണ്ടെങ്കിൽ കേസ് ഇവിടെ എഴുതി തള്ളും; കുറ്റസമ്മതമൊഴിയിൽ എല്ലാം ഒതുക്കിത്തീർത്ത വിചിത്രകഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡൽഹിയിലെ നിയമമന്ത്രിയായിരുന്നു ജിതേന്ദർ സിങ് തോമർ. വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചിതന് അഴിക്കുള്ളിലാണ് ആംആദ്മി പാർട്ടി നേതാവ്. അത്രവലിയ കുറ്റമൊന്നും ചെതില്ലെന്ന് തോമർ പറയുമ്പോഴും ഡൽഹി പൊലീസ് സമ്മതിക്കുന്നില്ല. ഗുരുതരമായ കുറ്റമാണ് അതെന്ന് ഡൽഹി പൊലീസ് പറയുന്നു. കേരളത്തിൽ ആയിരുന്നുവെങ്കിൽ ജിതേന്ദർ സിങ് തോമർ ഉറപ്പായും രക്ഷപ്പെട്ടേനെ. വെറുമൊരു സത്യവാങ്മൂലം നൽകിയാൽ പൊലീസ് തന്നെ വെറുതെ വിടുന്ന കേസാണ് വ്യാജ സർട്ടിഫിക്കറ്റ് കേസ്.

പാസ്‌പോർട്ടിൽ എമിഗ്രേഷൻ നോട്ട് റിക്വയേർഡ് എന്ന മുദ്രയടിക്കാൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുക. പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റും വ്യാജമെന്നും തെളിഞ്ഞിട്ടും മാദ്ധ്യമ പ്രവർത്തകനായ ദീപക് ധർമ്മടത്തിന് ഒരു പ്രശ്‌നവുമില്ല. പാസ് പോർട്ട് കേസിൽ പിഴയടച്ച് കുറ്റം സമ്മതിച്ച വ്യക്തിയാണ് അമൃതാ ടിവിയുടെ കൊച്ചി ബ്യൂറോ ചീഫായ ദീപക്. ഈ കേസിലാണ് കണ്ണൂരിലെ ധർമ്മടം പൊലീസിന്റെ വിചത്രകളികൾ നടന്നത്. കണ്ണൂർ എസ്‌പിയുടെ നിർദ്ദേശ പ്രകാരം വ്യാജ രേഖ ചമക്കൽ അടക്കമുള്ള ഐപിസിയിലെ ജാമ്യമിമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തു. അതിന് ശേഷം ദീപക്കിന്റെ മൊഴിയെടുത്തു.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത ശേഷം പൊലീസിന് മുന്നിലെത്തിയാൽ അയാളെ ഉടൻ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നാണ് നിയമം. എന്നാൽ ദീപക്കിന്റെ മൊഴി രേഖപ്പെടുത്തി. അതിന് ശേഷം നാടകീയ നീക്കങ്ങളിലൂടെ ദീപക്കിനെ ധർമ്മടം പൊലീസ് രക്ഷിച്ചു. വിജിലൻസ് പോലും പരിശോധിച്ചിട്ടും ക്രമക്കേട് കണ്ടെത്താൻ പറ്റാത്തവണ്ണം കുറ്റമറ്റ രീതിയിലായിരുന്നു ദീപക് കേസിൽ നിന്ന് ഒഴിവായത്. മൊഴിയിലെ അസ്വാഭാവികത പോലും തുടരന്വേഷണത്തിന് പൊലീസിനെ പ്രേരിപ്പിച്ചില്ല. പ്രിഡിഗ്രി പോലും പഠിച്ചിട്ടില്ലാത്ത ദീപക് അങ്ങനെ കേസിൽ നിന്ന് ഊരി.

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഡൽഹിയിലെ നിയമമന്ത്രി പോലും ജയിലിലാകുന്ന രാജ്യത്താണ് ഈ അട്ടിമറി നടന്നത്. അമൃതാ ടിവിയുടെ കാര്യമായതിനാൽ ആഭ്യന്തര വകുപ്പും എല്ലാ ഒത്താശയും ചെയ്തുവെന്നും പരാതിയുണ്ട്. ദീപക്കിന്റെ വ്യാജസർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വാർത്ത പുറത്തുകൊണ്ടുവന്നത് മറുനാടൻ മലയാളിയാണ്. ഇതുമായി ബന്ധപ്പെട്ട സുപ്രധാന രേഖയാണ് ഇന്ന് പുറത്ത് വിടുന്നത്. കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടതിന്റെ കൂടുതൽ രേഖകളും മറുനാടന് മലയാളിക്ക് കിട്ടിക്കഴിഞ്ഞു. പൊലീസിന്റെ സഹായത്തോടെ എങ്ങനെ കേസുകൾ അട്ടിമറിക്കപ്പെടുന്നുവെന്നതിന്റെ ഉത്തമോദാഹരണമാണ് ഇവ.

ദീപക് ധർമ്മടം, പൊലീസിന് നൽകിയ സത്യവാങ്മൂലത്തിന്റെ പൂർണ്ണ രൂപം ചുവടെ. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദീപക്കിനെ പൊലീസ് തന്നെ കുറ്റവിമുക്തനാക്കിയത്.

ഞാൻ അമൃത ടെലിവിഷൻ വാർത്താ വിഭാഗത്തിൽ റീജിണൽ ഹെഡായി പ്രവർത്തിച്ചു വരികയാണ്. കഴിഞ്ഞ 9 വർഷത്തോളമായി അമൃതയിൽ ജോലി ചെയ്തു വരുന്നു. പത്താം തരം പാസ്സായ ഉടനെ എനിക്ക് ജന്മഭൂമി പത്രത്തിൽ ലേഖകനായി ചേർന്നു. തുടർന്ന് പത്തു കൊല്ലത്തോളം ജന്മഭൂമി പത്രത്തിന്റെ ബ്യൂറോ ചീഫ് വരെയുള്ള സ്ഥാനം വഹിച്ചിട്ടുണ്ട്. അവിടെ നിന്നുമാണ് പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിൽ അമൃത ടെലിവിഷൻ സ്ഥാപനത്തിൽ ജോലി കിട്ടിയത്.

അമൃത ടിവിയിൽ ലേഖകനായി തുടങ്ങി വിവിധ അവാർഡുകൾ ലഭിക്കുകയും ജോലിയിലുള്ള മികവ് പരിഗണിച്ച് എന്നെ അമൃത ടി വി റീജിയണൽ ഹെഡ് എന്ന സ്ഥാനത്ത് എത്തിയിരിക്കുകയാണ്. എനിക്ക് കമ്പ്യൂട്ടർ വിവധ കോഴ്‌സുകളിൽ കണ്ണൂർ ടെക്‌നികിൽ നിന്നും എൽ ബി എസ് സെന്ററിൽ നിന്നും പരീക്ഷ പാസായ സർട്ടിഫിക്കറ്റ് ഉണ്ട്. കൂടാതെ ഛത്തീസ്‌ഗഡ് സർവകലാശാലയിൽ നിന്നും ഓപ്പൺ സ്‌കീമിൽ മൂന്ന് വർഷത്തെ ബി എ പൊളിറ്റിക്‌സ് ബിരുദം ഒന്നാം ക്ലാസോടെ പാസായിട്ടുണ്ട്. 2005ൽ ആണ് ടി ബിരുദം ലഭിച്ചത്. തുടർന്ന് ജേർണലിസം പിജി ഡിപ്ലോമ ഭാരതീയ വിദ്യാനികേതനിൽ നിന്നും പാസായിട്ടുണ്ട്. മാദ്ധ്യമ രംഗത്ത് ഇപ്പോഴും ഉപരിപഠനം നടത്തുന്നുണ്ട്.

ഞാൻ ബിരുദ വിദ്യാർത്ഥി ആയിരിക്കെ ഒരു പത്രപരസ്യം കണ്ട് ആറ് മാസം കൊണ്ട് ബി എ പാസാകാം എന്ന കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് എന്റെ കരിയറിന് ഗുണമാകും എന്ന് കരുതി പരസ്യത്തിലെ ഫോൺ നമ്പരിൽ വിളിച്ചു അന്വേഷിച്ചതിനെ തുടർന്ന് ബാംഗ്ലറൂർ യൂണിവേഴ്‌സിറ്റിയുടെ മേൽ കാണിച്ച കോഴ്‌സിന് ചേർന്നിരുന്നു. ആറ് മാസം കൊണ്ട് സർട്ടിഫിക്കറ്റ് കിട്ടിയിരുന്നില്ല. ഒരു വർഷത്തലേറെ കഴിഞ്ഞാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഇതിന് വാലിഡിറ്റി ഇല്ലെന്ന കാര്യം ഈ അടുത്ത കാലത്താണ് ഞാൻ അറിയുന്നത്. ചില നിരപരാധികൾ ഇത്തരം കോഴ്‌സിന് ചേർന്ന് വഞ്ചിതരായിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. മേൽ പറഞ്ഞ സർട്ടിഫിക്കറ്റ് കാണിച്ച് ഞാൻ ഒന്നും നേടിയിട്ടില്ല.

ഡിഫൻസ് റിപ്പോർട്ടിങ് പരിശീലനത്തിന് അമൃത ടെലിവിഷനാണ് എന്റെ പേര് നിർദ്ദേശിച്ചത്. പാസ്‌പോർട്ട് പുതുക്കുമ്പോൾ പത്താം ക്ലാസ് മാത്രം യോഗ്യത വേണ്ട സ്ഥാനത്ത് ഈ സർട്ടിഫിക്കറ്റും കൂടി കൊടുത്തിരുന്നു. അത് വ്യാജമാണെന്ന് അപ്പോൾ എനിക്ക് അറിയില്ലായിരുന്നു. എന്നാൽ ചിലർ സമ്മർദ്ദം ചെലുത്തി എന്റെ പാസ്‌പോർട്ട് അസാധുവാക്കാൻ പരാതി അയച്ചിട്ടുണ്ടായിരുന്നു. തുടർന്ന് എന്റെ പാസ്‌പോർട്ട് എന്റെ വിശദീകരണം ചോദിക്കാതെ അസാധുവാക്കി. അതിനെ തുടർന്ന് ഞാൻ പാസ്‌പോർട്ട് കിട്ടാൻ നടപടി സ്വീകരിച്ചു വരികയാണ്.

മാദ്ധ്യമ രംഗത്തെ എന്റെ വളർച്ചയിലും ഉയർച്ചയിലും അസൂയ പൂണ്ട ചിലർ എന്നെ നശിപ്പിക്കാനായി ആസൂത്രിതമായി കുറേ കാലമായി ശ്രമം നടത്തുകയായിരുന്നു. എന്റെ നിരപരാധിത്വവും നിസ്സഹായാവസ്ഥയും ഞാൻ ബോധിപ്പിക്കുന്നു. ഇത്തരക്കാരുടെ ശ്രമങ്ങൾ തിരിച്ചറിയാനും അവർക്കെതിരെ നടപടി എടുക്കാനും അപേക്ഷിക്കുന്നു. എനിക്ക ലഭിച്ച സർട്ടിഫിക്കറ്റുകളാണ് ഞാൻ ഇപ്പോൾ കാണിച്ചു തന്നത്.

ഒപ്പ്
ദീപക്

മുകളിലെ വിശദീകത്തിൽ പറയുന്ന പൊരുത്തക്കേടുകളൊന്നും പൊലീസ് പരിശോധിച്ചില്ല. പത്രപരസ്യത്തിലേക്കോ ഫോൺ നമ്പറിലേക്കോ ദീപക്കിന് സർട്ടിഫിക്കറ്റ് എവിടെ നിന്ന് കിട്ടിയെന്നു പോലുമോ അന്വേഷണ വിധേയമാക്കിയില്ല. മറിച്ച് ഛത്തീസ്‌ഗഡിലെ സർട്ടിഫിക്കറ്റ ഉണ്ടെങ്കിൽ എന്തുമാകാമെന്ന നിഗമനത്തിൽ എത്തി. ഛത്തീസ്‌ഗഡിലെ സർട്ടിഫിക്കറ്റും വാങ്ങി നോക്കിയില്ല. അതും വ്യാജമാണെന്ന ആക്ഷേപം നിലനിൽക്കെയാണ് ഇത്.

വലിയ അട്ടിമറിയാണ് ഈ വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷണത്തിൽ നടന്നത്. എന്നാൽ വിജിലൻസിന് പോലും കണ്ടെത്താൻ കഴിയാത്തവിധം സമർത്ഥമായി പഴുതുകൾ അടച്ചുവെന്നതാണ് സത്യം. ഇതിന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറും കൂട്ടുനിന്നു. അതോടെ ദീപക് കേസിൽ നിന്ന് തടിയൂരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP