Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അണ്ടർ ഡോഗുകളെ ലോക ചാമ്പ്യന്മാരാക്കി കൈയടി നേടി; രണതുംഗയേയും ഡിസിൽവയേയും ജയസൂര്യയേയും ഹാൻഡിൽ ചെയ്യുമ്പോഴും ഇത്രയും സമ്മർദ്ദം അനുഭവിച്ചില്ല; കളിക്കാർക്കിടയിലെ ഗ്രൂപ്പ് പോരിലും തമ്മിൽ തല്ലിലും മുൻ ശ്രീലങ്കൻ കോച്ചിനും മടുത്തു; കേരളാ ടീമിന്റെ പരിശീലക സ്ഥാനം ഡേവ് വാട്‌മോർ ഒഴിഞ്ഞേക്കും; ക്യാപ്ടൻ സച്ചിൻ ബേബിക്കെതിരായ കലാപത്തിൽ തളർന്ന് കേരളാ ക്രിക്കറ്റ്

അണ്ടർ ഡോഗുകളെ ലോക ചാമ്പ്യന്മാരാക്കി കൈയടി നേടി; രണതുംഗയേയും ഡിസിൽവയേയും ജയസൂര്യയേയും ഹാൻഡിൽ ചെയ്യുമ്പോഴും ഇത്രയും സമ്മർദ്ദം അനുഭവിച്ചില്ല; കളിക്കാർക്കിടയിലെ ഗ്രൂപ്പ് പോരിലും തമ്മിൽ തല്ലിലും മുൻ ശ്രീലങ്കൻ കോച്ചിനും മടുത്തു;  കേരളാ ടീമിന്റെ പരിശീലക സ്ഥാനം ഡേവ് വാട്‌മോർ ഒഴിഞ്ഞേക്കും; ക്യാപ്ടൻ സച്ചിൻ ബേബിക്കെതിരായ കലാപത്തിൽ തളർന്ന് കേരളാ ക്രിക്കറ്റ്

അരുൺ ജയകുമാർ

തിരുവനന്തപുരം: അണ്ടർ ഡോഗ്‌സ് ടീമുകൾക്ക് നേട്ടമുണ്ടാക്കി കൊടുത്ത പരിശീലകനാണ് ഡേവ് വാട്‌മോർ. 1996ൽ ശ്രീലങ്കയ്ക്ക് ലോകകപ്പ്. 20 ഓവർ തികച്ച് ബാറ്റ് ചെയ്യാനറിയാത്ത ബംഗ്ലാദേശിന് ആരും പേടിക്കുന്ന ശക്തിയാക്കി മാറ്റി. 2008ലെ അണ്ടർ 19 ലോകകപ്പിൽ വിരാട് കോലിയുടെ ഇന്ത്യ കപ്പുയർത്തിയതും വാട്‌മോറിന് കീഴിലാണ്. ഒരു ഘട്ടത്തിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി പോലും വാട്‌മോറിനെ പരിഗണിച്ചിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് ഇന്ത്യാക്കാരൻ കോച്ച് മതിയെന്ന തീരുമാനം എത്തിയതോടെ വാട്‌മോറിന് ആ പദവി കിട്ടിയില്ല. ഇത്തരത്തിലൊരു കോച്ചിനെ കേരളാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാക്കിയത് ഏറെ പ്രതീക്ഷയുമായിട്ടായിരുന്നു. ആദ്യ സീസണിൽ രഞ്ജി ട്രോഫിയുടെ ആദ്യ കടമ്പ കടന്ന് കേരളം ക്വർട്ടറിലെത്തി. ഇത്തവണ അത്ഭുതവും പ്രതീക്ഷിച്ചു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. ടീമിൽ കൂട്ടയടി. ഇതിൽ കോച്ചിന് കടുത്ത നിരാശയും. കേരളാ ക്രിക്കറ്റ് ടീമിനെ വിടാൻ ഒരുങ്ങുകയാണ് ഡേവ് വാട്‌മോർ.

കേരളാ ക്രിക്കറ്റിന്റെ അമരക്കാരനായിരുന്ന ടിസി മാത്യുവാണ് വാട്‌മോറിനെ കേരളത്തിന്റെ കോച്ചാക്കി ഏവരേയും ഞെട്ടിച്ചത്. ടിനു യോഹന്നാനെ സഹപരിശീലകനുമാക്കി. ടീമിൽ അടിമുടി മാറ്റവും വരുത്തി. യുവനിരയുമായി രഞ്ജി ട്രോഫിയിൽ കേരളം തകർത്തു. ക്വാർട്ടറിൽ തോൽവി വഴങ്ങിയെങ്കിലും മലയാളികളുടെ ക്രിക്കറ്റ് കളി അംഗീകരിക്കപ്പെട്ടു. ബേസിൽ തമ്പി, സന്ദീപ് വാര്യർ, രോഹൻ പ്രേം തുടങ്ങി ഒരു പിടി താരങ്ങൾ ദേശീയ ശ്രദ്ധയിലെത്തി. പല താരങ്ങൾക്കും ഐപിഎൽ ടീമിൽ ഇടം നേടുകയും ചെയ്തു. സഞ്ജു വി സാംസണിനും ഫോം വീണ്ടെടുക്കാനായി. ഇതോടെ ഇന്ത്യൻ എ ടീമിലെ സ്ഥിരം സ്ഥാനക്കാരനായി സഞ്ജു മാറുകയും ചെയ്തു. രണ്ടാം സീസണിലും കോച്ചാകാൻ ഡേവ് വാട് മോറിന് താൽപ്പര്യമുണ്ട്. എന്നാൽ ടീം അംഗങ്ങൾക്കിടയിലെ തമ്മിൽ തല്ല് വാട്‌മോറിനെ നിരാശനാക്കി. സ്ഥാനം ഒഴിയുന്നതിന്റെ ചിന്തയിലാണ് കേരളാ കോച്ച്. എന്നാൽ കേരളാ ക്രിക്കറ്റ് അസോസിയേഷനുമായുള്ള കരാറാണ് തിരിച്ചു പോകാനുള്ള തടസ്സം. ഏതായാലും ഇനി വാട്‌മോർ കേരളവുമായുള്ള കരാർ പുതുക്കില്ല.

പുതിയ സീസണ് തുടക്കം കുറച്ചതിനു പിന്നാലെ സീനിയർ കേരളാ ക്രിക്കറ്റ് ടീമിൽ പൊട്ടിത്തെറി ഉണ്ടായി. നിലവിലെ ക്യാപ്റ്റനായ സച്ചിൻ ബേബിയെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യമുന്നയിച്ചു സഞ്ജു സാംസൺ ഉൾപ്പെടെ പതിമൂന്ന് താരങ്ങൾ കേരളാ ക്രിക്കറ്റ് അസോസിയേഷന് കത്ത് നൽകി. സച്ചിൻ സ്വാർഥനും അഹങ്കാരിയുമാണെന്നും, ടീം അംഗങ്ങളോട് മോശമായാണ് പെരുമാറുന്നതെന്നുമാണ് പരാതി. ടീം വിജയിക്കുമ്പോൾ അത് തന്റെ നേട്ടമായി മാറ്റുന്ന സച്ചിൻ പരാജയപ്പെടുമ്പോൾ കുറ്റമെല്ലാം സഹ കളിക്കാരുടെ മേൽ ചാരുന്നുവെന്നും. ഇത് താരങ്ങളുടെ പ്രകടനത്തെ തന്നെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു. ക്യാപ്റ്റന്റെ പെരുമാറ്റം കാരണമാണ് താരങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് വേണ്ടി കളിക്കാൻ പോകുന്നതെന്നും അതുകൊണ്ട് തന്നെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും മാനേജ്മന്റ് ഉടനെ നിയമിക്കണമെന്നുമാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കേരളാ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ സന്ദർശനത്തിനിടെയാണ് ഇത്തരമൊരു കത്ത് തയ്യാറായത്. സഞ്ജു സാംസൺ അടക്കമുള്ളവർ ഇതിൽ ഒപ്പിടകുയും ചെയ്തു. എന്നാൽ കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുടെ വിശ്വസ്തരായ രണ്ട് പേർ ഈ കാമ്പൈനിൽ പങ്കെടുത്തുമില്ല. ഈ കത്ത് നേതൃത്വത്തിന് കൈമാറിയത് കോച്ചിനും അറിയാമായിരുന്നു. ഇതിന് ശേഷം കർണ്ണാടകയിലെ ടൂർണ്ണമെന്റിൽ ടീമിന്റെ പ്രകടനം മോശമാവുകയും ചെയ്തു. എങ്ങനേയും ടീം അംഗങ്ങൾക്കിടയിൽ ആത്മവിശ്വാസം കൊണ്ടു വരാൻ ഡേവ് വാട്‌മോർ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പരസ്യ വിഴുപ്പഴക്കലിന് കളമൊരുക്കി ക്രിക്കറ്റ് താരങ്ങളുടെ കത്ത് പുറത്തുവന്നത്. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് കോച്ചിന്റെ പക്ഷം. വാട്‌മോറെന്ന പരിശീലകനെ കേരളത്തിൽ നിന്ന് ഓട്ടിക്കാനുള്ള ഒരു പരിശീലക തന്ത്രമാണ് കത്ത് പുറത്തുവന്നതിന് പിന്നിലെന്നാണ് അണിയറ സംസാരം. ഇതെല്ലാം മനസ്സിലാക്കിയാണ് കേരളാ ക്രിക്കറ്റ് കോച്ച് പദവി ഒഴിയാൻ വാട്‌മോർ ആഗ്രഹിക്കുന്നത്.

ശ്രീലങ്കൻ ക്രിക്കറ്റിന് ലോകകപ്പ് സമ്മാനിച്ച കോച്ചാണ് വാട്‌മോർ. അന്ന് അർജന രണതുംഗയും അരവിന്ദ ഡിസിൽവയും അരവിന്ദ ജയസൂര്യയും അടക്കമുള്ള വമ്പൻ താരങ്ങളുണ്ടായിരുന്നു. ഇവരെയെല്ലാം ഒരുമിപ്പിച്ചിടത്താണ് വാട്‌മോർ എന്ന കോച്ച് വിജയിച്ചത്. പരിശീലിപ്പിച്ച ടീമുകളിൽ എല്ലാം കോച്ചെന്ന നിലയിൽ വ്ടാമോറിന് മേധാവിത്വം നേടാനായി. ടീമിലെ പ്രധാന വ്യക്തിത്വമായി വാട്‌മോർ മാറുകയും ചെയ്തു. എന്നാൽ കേരളത്തിലെത്തുമ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. കോച്ചിനെ പോലും അനുസരിക്കാത്ത വിധം ക്യാപ്ടൻ സച്ചിൻ ബേബി പ്രവർത്തിച്ചു. ഇതാണ് കളിക്കാരുടെ ഒപ്പിടൽ കത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇത് ചോർന്നതോടെ ചോദ്യം ചെയ്യപ്പെട്ടത് വാട്‌മോറിന്റെ ആധികാരികതയാണ്. വാട്‌മോർ പരിശീലിപ്പിക്കുന്ന ടീമിൽ കളിക്കാർ തമ്മിൽ അടിക്കുമോ എന്ന് പോലും ചോദ്യമുയർന്നു. ടിസി മാത്യുവിനെ പുകച്ച് പുറത്ത് ചാടിച്ച് അധികാരം പിടിച്ചവർക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയും. ഈ സാഹചര്യത്തിൽ ഇനിയും കേരളത്തിൽ തുടരുന്നത് തന്റെ കരിയറിന് ദോഷം ചെയ്യുമെന്ന് വാട്‌മോർ വിലയിരുത്തുന്നു.

സച്ചിൻ സ്വാർഥനും അഹങ്കാരിയുമാണെന്നും ടീം അംഗങ്ങളോട് അധികാര സ്വരത്തിൽ മോശമായി പെരുമാറുന്നുവെന്നുമാണു കളിക്കാരുടെ ആരോപണം. കെസിഎ സെക്രട്ടറിക്കയച്ച കത്തിൽ മുൻ ക്യാപ്റ്റന്മാരായ സഞ്ജു സാംസൺ, രോഹൻ പ്രേം, റെയ്ഫി വിൻസന്റ് ഗോമസ്, മറ്റു കളിക്കാരായ വി.എ.ജഗദീഷ്, അഭിഷേക് മോഹൻ, കെ.സി.അക്ഷയ്, കെ.എം.ആസിഫ്, ഫാബിദ് ഫാറൂഖ്, മുഹമ്മദ് അസ്ഹറുദീൻ, സന്ദീപ് വാര്യർ, എം.ഡി.നിധീഷ്, സൽമാൻ നിസാർ, സിജോമോൻ എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. പി. രാഹുൽ, വിഷ്ണു വിനോദ് എന്നിവരുടെ പേരും കത്തിലുണ്ടെങ്കിലും ഇവർ ഒപ്പിട്ടിട്ടില്ല. ഇരുവരും കെസിഎ സെക്രട്ടറി ശ്രീജിത്തിന്റെ അടുപ്പക്കാരണ്. ഇവരാണ് കത്തിൽ ഒപ്പിടാത്തത്. ഇതോടെ കത്തിൽ കളിക്കാർ ഒപ്പിടുന്നത് കെ സി എയ്ക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്ന വിവരം പുറത്തായി. സീസണു മുന്നോടിയായി കഴിഞ്ഞ മാസം ശ്രീലങ്കയിൽ ടീം പരിശീലന പര്യടനം നടത്തുന്നതിനിടെയാണ് ടീമിൽ ആഭ്യന്തര കലഹം മൂർഛിക്കുന്നത്.

പര്യടനത്തിനിടെ രാവിലെ വൈകി പരിശീലനത്തിനെത്തിയ പേസ് ബോളറോട് സച്ചിൻ കയർത്തു സംസാരിച്ചതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളോടെയാണു സച്ചിനെതിരെ കൂട്ടമായി നിലപാട് സ്വീകരിക്കാൻ കളിക്കാർ തീരുമാനിച്ചതെന്നാണു വിവരം. മുൻ പ്രസിഡന്റ് ടി.സി. മാത്യുവിനെ കെസിഎയിൽ നിന്നു പുറത്താക്കിയതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളുമായും ടീമിലെ ആഭ്യന്തര കലഹത്തിനു ബന്ധമുണ്ട്. മാത്യു കെസിഎ തലപ്പത്തുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ നാടായ ഇടുക്കിയിൽ നിന്നുള്ള സച്ചിൻ കേരള ടീം ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത്. മാത്യു കെസിഎയിൽ നിന്ന് പുറത്തായതോടെ പുതിയ സമവാക്യങ്ങൾ എത്തി. അവിടേയും സച്ചിൻ പ്രിയങ്കരനായിരുന്നു. അതുകൊണ്ടാണ് കത്ത് കിട്ടി ആഴ്ചകളോളം അത് കെസിഎ രഹസ്യമാക്കി വച്ചത്. കർണ്ണാടകയിലെ ടൂർണ്ണമെന്റിൽ സച്ചിൻ സെഞ്ച്വറി അടിച്ചു. ക്യാപ്ടൻ ഫോം വീണ്ടെടുത്തതിന് പിന്നാലെയാണ് കത്ത് പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്. സച്ചിൻ ബേബിയെ സംരക്ഷിക്കാനും കത്തിൽ ഒപ്പിട്ടവരെ തകർക്കാനുമാണ് ഈ നീക്കമെന്നാണ് പുറത്തുവരുന്ന സൂചന.

'വളരെ ഗൗരവത്തോടെയാണ് പ്രശ്‌നം പരിഗണിക്കുന്നത്. എന്നാൽ ഇത്തരം നീക്കങ്ങൾ നല്ല കീഴ്‌വഴക്കമല്ല സൃഷ്ടിക്കുന്നതെന്നതിനാൽ ആഭ്യന്തര കലഹങ്ങൾ പ്രോൽസാഹിപ്പിക്കാനാവില്ല. രഞ്ജി ട്രോഫിയിൽ കേരളം ആദ്യമായി ക്വാർട്ടറിൽ എത്തിയപ്പോഴും ദേശീയ ട്വന്റി 20 ടൂർണമെന്റിൽ സെമിയിലെത്തിയപ്പോഴും ടീമിനെ നയിച്ചതു സച്ചിനാണ്. കളിക്കാരുടെ പരാതിയിൽ സച്ചിനു പറയാനുള്ളതും കേട്ടിട്ടാവും തീരുമാനം. ടീമിന്റെ മികവും ഒരുമയുമാണ് പ്രധാനം '- വിവാദങ്ങളോട് കെസിഎ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു മുഖ്യ പരിശീലകനായ ഡേവ് വാട്‌മോർ ഓസ്‌ട്രേലിയയിൽ നിന്ന് എത്തിയ ശേഷം തീരുമാനമെടുക്കുമെന്നും വിശദീകരിച്ചു. എന്നാൽ ആഴ്ചകൾക്ക് മുമ്പാണ് കത്ത് കളിക്കാർ നൽകിയത്. ഈ സമയത്ത് വാട്‌മോർ ടീമിനൊപ്പം ഉണ്ടായിരുന്നു.

കത്തിൽ തീരുമാനം എടുക്കാതെ ഒളിച്ചു കളിച്ചവർ വാട്‌മോർ നാട്ടിൽ പോയപ്പോൾ അത് പരസ്യമാക്കിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതിന് ശേഷം എല്ലാം വാട്‌മോറിന്റെ തലയിൽ വച്ചുകൊടുക്കുന്ന തരത്തിൽ പ്രഖ്യാപനവും നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP