Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലസുബ്രഹ്മണ്യത്തിന്റെ പകരക്കാരനെ ചൊല്ലി എസ്എൻഡിപിയും എൻഎസ്എസും തർക്കത്തിൽ; സെൻകുമാറിനെ മേധാവിയാക്കിയില്ലെങ്കിൽ അരുവിക്കരയിൽ കാണാമെന്ന് വെള്ളാപ്പള്ളി; ഡിജിപി നിയമനം കീറാമുട്ടിയാകുന്നു

ബാലസുബ്രഹ്മണ്യത്തിന്റെ പകരക്കാരനെ ചൊല്ലി എസ്എൻഡിപിയും എൻഎസ്എസും തർക്കത്തിൽ; സെൻകുമാറിനെ മേധാവിയാക്കിയില്ലെങ്കിൽ അരുവിക്കരയിൽ കാണാമെന്ന് വെള്ളാപ്പള്ളി; ഡിജിപി നിയമനം കീറാമുട്ടിയാകുന്നു

തിരുവനന്തപുരം : സമുദായപ്രീണനം യു ഡി എഫിന്റെ ഭാഗമാകുമ്പോൾ നേരേ ചൊവ്വേ ഒരു നിയമനം പോലും നടത്താനാവാത്ത ഗതികേടിലാവും സർക്കാർ. ഇപ്പോൾ പുതിയ ഡി ജിപി നിയമനവും കീറാമുട്ടിയായിരിക്കുകയാണ് സർക്കാരിന്. ഈഴവ സമുദായാംഗമായ ഐപിഎസുകാരനെ ഡി ജി പി ആക്കണമെന്ന് എസ്. എൻ. ഡി. പി, അനുവദിക്കില്ലെന്ന് എൻ. എസ്. എസ്. തലവേദനയായപ്പോൾ ഡൽഹിയിൽനിന്നു മൂന്നാമതൊരാളെ ഇറക്കി പ്രശ്‌നം പരിഹരിക്കാൻ നീക്കം നടത്തുകയാണു സർക്കാർ.

ഓരോരോ കാലത്തു തലവേദനയുണ്ടാക്കിക്കൊണ്ടിരിക്കുന്ന തട്ടിപ്പ്, കോഴ കേസുകളേപ്പോലെ കുഴപ്പം പിടിച്ച പ്രശ്‌നത്തിലാണിപ്പോൾ കോൺഗ്രസ് പാർട്ടിയും യുഡിഎഫും. അടുത്ത ഡിജിപിയായി ആരെ നിയമിക്കണമെന്ന പ്രശ്‌നം കൈകാര്യം ചെയ്യുക അത്രയെളുപ്പമല്ല. ഈഴവ സമുദായത്തിലെ അംഗവും ഇപ്പോൾ കേരളത്തിലുള്ളതിൽ മുതിർന്ന ഐപിഎസ് ഓഫീസറുമായ ആളെ നിയമിക്കണമെന്നാണ് എസ്എൻഡിപി യോഗത്തിന്റെ ആവശ്യം. 'ഇല്ലെങ്കിൽ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ കാണിച്ചുതരും' എന്ന് എസ് എൻ ഡി പി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അറിയിച്ചതായാണ് വിവരം. മറ്റു തടസങ്ങളൊന്നും മുന്നിൽ ഇല്ലാത്തതിനാൽ ഈ ഉദ്യോഗസ്ഥനെത്തന്നെ ക്രമസമാധാന പരിപാലന ചുമതലയുള്ള ഡി ജി പിയാക്കാനാണ് ഉമ്മൻ ചാണ്ടിയുടെ പദ്ധതി.

എന്നാൽ ഇതിനെ എൻ എസ് എസ് ആസ്ഥാനത്തുനിന്ന് എതിർത്തതായാണ് പുതിയ വിവരം. ഇതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തുവന്നു. ഈഴവ സമുദായത്തിൽപ്പെട്ട ഉദ്യോഗസ്ഥനെ നിയമിക്കുന്നതിൽ തനിക്ക് എതിർപ്പുണ്ടെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം നിലപാട് അറിയിച്ചുവത്രേ. ഇതോടെ വെട്ടിലായ മുഖ്യമന്ത്രി പകരം വഴി തേടി ഡൽഹിയിലേക്ക് ബന്ധപ്പെട്ടിരിക്കുകയാണ്. ഇതിനിടെയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായും മുഖ്യമന്ത്രി ബന്ധപ്പെട്ടിരുന്നു. സെൻകുമാറിനെ അംഗീകരിക്കില്ലെന്ന് സുകുമാരൻ നായരും വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ തന്ത്രമാണ് ഡിജിപി നിയമനത്തിലെ എൻഎസ്എസിന്റെ എതിർപ്പിന് കാരണമെന്ന് വിലയിരുത്തുന്നവരുമുണ്ട്.

അതിനിടെ ഡിജിപി നിയമനത്തിൽ സർക്കാരിൽ രണ്ടഭിപ്രായമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. സമയമാകുമ്പോൾ ഒരാളെ നിർദ്ദേശിക്കുമെന്നാണ് ചെന്നിത്തലയുടെ വാദം. എന്നാൽ ആഭ്യന്തര വകുപ്പിനെ ഉപയോഗിച്ച് എ ഗ്രൂപ്പിനെതിരെ ചെന്നിത്തല നടത്തുന്ന നീക്കങ്ങൾ മുഖ്യമന്ത്രി തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിൽ താൻ പറയുന്നത് കൂടി കേൾക്കുന്ന വ്യക്തിയെ ഡിജിപിയാക്കാനാണ് മുഖ്യമന്ത്രിയുടെ താൽപ്പര്യം. ഇല്ലെങ്കിൽ മന്ത്രിസഭയുടെ നിലനിൽപ്പിനെ പോലും ഭീഷണിയാക്കുന്ന തരത്തിലെ ഇടപെടൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന ആശങ്ക മുഖ്യമന്ത്രിക്കുണ്ട്. അതിനാലാണ് സെൻകുമാറിനെ ചുമതല ഏൽപ്പിക്കാൻ മുഖ്യമന്ത്രി കരുക്കൾ നീക്കിയത്. ഇതോടെ ചെന്നിത്തല സെൻകുമാറിനെതിരായ നിലപാട് എടുക്കകുയായിരുന്നുവെന്നാണ് സൂചന.

സെൻകുമാറിന് അനുകൂലമായി ഇഴവകാർഡ് വന്നതോടെ എൻഎസ്എസിനെ ചെന്നിത്തല കളത്തിലിറക്കി. ഡിജിപിയെ തീരുമാനിക്കാനുള്ള അവകാശം ആഭ്യന്തരമന്ത്രിക്കാണ്. അതിൽ ആരേയും കൈകടത്താൻ അനുവദിക്കരുതെന്ന് സുകുമാരൻ നായരോട് പറഞ്ഞു. അതോടെ സെൻകുമാറിനെതിരെ എൻഎസ്എസ് രംഗത്ത് എത്തി. സുകുമാരൻ നായരെ അനുനയിപ്പിക്കാൻ ഉമ്മൻ ചാണ്ടി നേരിട്ട് ശ്രമിച്ചിട്ടും നടന്നില്ല. ഇതോടെയാണ് സെൻകുമാറിന് പകരക്കാരൻ എന്ന സാധ്യതയിലേക്ക് മുഖ്യമന്ത്രി നീങ്ങിയത്. എന്നാൽ ചെന്നിത്തല മുന്നോട്ട് വയ്ക്കുന്ന മഹേഷ് കുമാർ സിങ്‌ളെയെന്ന പേരിനോട് മുഖ്യമന്ത്രിക്ക് താൽപ്പര്യമില്ല. പക്ഷേ സാങ്കേതികത്വം ഉയർത്തി സിങ്‌ളെയെ പൊലീസ് മേധാവിയാക്കാനുള്ള ചെന്നിത്തലയുടെ നീക്കത്തെ അംഗീകരിക്കേണ്ടി വരുമെന്ന ഭയം എ ഗ്രൂപ്പിനുണ്ട്.

നിലവിലെ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം മെയ് 31 നു വിരമിക്കും. അതിനു മുമ്പ് പുതിയ ആളെ കണ്ടെത്തണം. ബിഎസ്എഫ് അഡീഷണൽ ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷിലുള്ള മഹേഷ് കുമാർ സിങ്‌ളയാണ് കേരള കേഡറിലെ സീനിയർ ഉദ്യോഗസ്ഥൻ. 1982 ബാച്ചുകാരനായ ഇദ്ദേഹത്തെ മടക്കിക്കൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കാൻ ഇപ്പോൾ നീക്കം നടക്കുന്നുണ്ട്്. എന്നാൽ ഒരു വർഷം മുമ്പു ഡപ്യൂട്ടേഷനിൽ പോയയാളെ മടക്കിക്കൊണ്ടു വരുന്ന കീഴ്‌വഴക്കം ശരിയല്ലെന്ന അഭിപ്രായം ശക്തമാണ്. മാത്രമല്ല, കേരളം വിട്ടു ഡപ്യൂട്ടേഷനിൽ പോയ ഓഫീസർ ഡി ജി പി പദവി മോഹിച്ചു മുഖ്യമന്ത്രിയെ നേരിൽ കണ്ടതു ചില കേന്ദ്രങ്ങൾക്കു സുഖിച്ചിട്ടില്ല

സിങ്‌ളെ അല്ലെങ്കിൽ ഇപ്പോൾ ജയിൽ ഡിജിപിയുടെ ചുമതല വഹിക്കുന്ന ടി പി സെൻകുമാറിനാണ് അടുത്ത സീനിയോറിറ്റി. എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾക്ക് വേണ്ടപ്പെട്ടവനല്ല എന്നതാണ് സെൻകുമാറിന്റെ അയോഗ്യത. മുഖം നോക്കാതെ നടപടിയെടുക്കുമെന്ന 'ദോഷ' വുമുണ്ട്്. മറിച്ചായിരുന്നെങ്കിൽ 1983 ഐപിഎസ് ബാച്ചുകാരായ അദ്ദേഹംതന്നെ കേരളത്തിന്റെ അടുത്ത ഡിജിപി ആകുമായിരുന്നു. 2008 മുതൽ കാക്കി ധരിക്കാൻ അദ്ദേഹത്തിനു ഇരുമുന്നണികളും അവസരം നൽകിയിട്ടില്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസിയെ ലാഭത്തിലാക്കിയതിൽ എംഡി ആയിരുന്ന സെൻകുമാറിന്റെ പങ്ക് വളരെ വലുതാണ്.

ഡിജിപി ആകാൻ താൽപര്യമുള്ള മഹേഷ് കുമാർ സിങ്ല തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കണ്ട് ബിഎസ്എഫ് വിടാനൊരുക്കമാണെന്ന് അറിയിച്ചിട്ടുണ്ട്. കേരള സർക്കാറിന് ഔദ്യോഗികമായി കത്തയയ്ക്കുകയും ഡെപ്യുട്ടേഷൻ റദ്ദാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കുകയും ചെയ്തതായി സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP