Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാക്കിയൂരിയ ശേഷവും സെൻകുമാറിനെ പേടിച്ച് പിണറായി സർക്കാർ; ഐതിഹാസികമായ നിയമ പോരാട്ടത്തിന്റെ ചരിത്രം മായ്ക്കാൻ ഡിജിപി നിയമനം സംബന്ധിച്ച പ്രകാശ് സിങ് കേസിലെ ഉത്തരവിൽ ഭേദഗതി തേടി സുപ്രീംകോടതിൽ; നിയമപോരാട്ടം വിനയായപ്പോൾ കക്ഷത്തിൽ ഇരുന്നതു കൂടി പോയി; പൊലീസ് മേധാവിയെ നിയമിക്കാനുള്ള പരമാധികാരം നഷ്ടമായി; ഇനി ഡിജിപി ആക്കാൻ കഴിയുക കേന്ദ്രത്തിന് താത്പര്യമുള്ളവരെ: സെൻകുമാറിനോട് വൈരാഗ്യമുള്ള ഉപദേശകർ പിണറായിയെ കുഴിയിലാക്കുന്നത് ഇങ്ങനെ

കാക്കിയൂരിയ ശേഷവും സെൻകുമാറിനെ പേടിച്ച് പിണറായി സർക്കാർ; ഐതിഹാസികമായ നിയമ പോരാട്ടത്തിന്റെ ചരിത്രം മായ്ക്കാൻ ഡിജിപി നിയമനം സംബന്ധിച്ച പ്രകാശ് സിങ് കേസിലെ ഉത്തരവിൽ ഭേദഗതി തേടി സുപ്രീംകോടതിൽ; നിയമപോരാട്ടം വിനയായപ്പോൾ കക്ഷത്തിൽ ഇരുന്നതു കൂടി പോയി; പൊലീസ് മേധാവിയെ നിയമിക്കാനുള്ള പരമാധികാരം നഷ്ടമായി; ഇനി ഡിജിപി ആക്കാൻ കഴിയുക കേന്ദ്രത്തിന് താത്പര്യമുള്ളവരെ: സെൻകുമാറിനോട് വൈരാഗ്യമുള്ള ഉപദേശകർ പിണറായിയെ കുഴിയിലാക്കുന്നത് ഇങ്ങനെ

പി വിനയചന്ദ്രൻ

തിരുവനന്തപുരം: കാക്കിക്കുപ്പായം ഊരിവച്ച ശേഷവും മുൻ പൊലീസ് മേധാവി ടി.പി സെൻകുമാറിനെ പിണറായി സർക്കാർ ഭയക്കുകയാണ്. മൂന്നുകോടിയിലേറെ ചെലവിട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ മുതൽ സുപ്രീംകോടതി വരെ പതിനൊന്നു മാസം നിയമയുദ്ധം നടത്തി പരാജയപ്പെട്ട് തോറ്റ് തൊപ്പിയിട്ടിട്ടും സർക്കാർ ഒന്നും പഠിച്ചിട്ടില്ലെന്നതിന്റെ തെളിവായി, ഡി.ജി.പി നിയമനത്തിന് പാനലുണ്ടാക്കി യു.പി.എസ്.സിക്ക് സമർപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരായ അപ്പീൽ. കേരളത്തിന്റെ അപ്പീൽ തള്ളിക്കളഞ്ഞ സുപ്രീംകോടതി, പൊലീസിനെ രാഷ്ട്രീയ സമ്മർദ്ദങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വിധി ഉടനടി നടപ്പാക്കാൻ നിർദ്ദേശം നൽകി.

സെൻകുമാർ കേസിൽ കാൽലക്ഷം രൂപ പിഴയൊടുക്കേണ്ടി വന്ന ചീഫ്‌സെക്രട്ടറി നളിനിനെറ്റോയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറി. അവരുടെ ഉപദേശമാണ് സർക്കാരിനെ വീണ്ടും കുഴിയിൽ ചാടിച്ചതെന്നാണ് ആരോപണം. മാത്രമല്ല, ശബരിമല യുവതീപ്രവേശന ഉത്തരവ് അതേപടി നടപ്പാക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും സുപ്രീംകോടതി വിധി രാജ്യത്തെ നിയമമായതിനാൽ ഒരു നിമിഷം പോലും നടപ്പാക്കാതിരിക്കാനാവില്ലെന്നും വീമ്പുപറഞ്ഞു നടന്ന പിണറായി സർക്കാർ സുപ്രീംകോടതിയുടെ മറ്റൊരു വിധി നടപ്പാക്കാനാവില്ലെന്ന് അപ്പീൽ നൽകിയത് പരിഹാസ്യമായി മാറിയിരിക്കുകയാണ്. സെൻകുമാർ കേസിൽ സുപ്രീംകോടതിയിൽ തിരിച്ചടിയേറ്റ പ്രകാശ് സിങ് കേസിലെ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം കോടതി ചവറ്റുകുട്ടയിൽ കളഞ്ഞു.

പൊലീസ് മേധാവി നിയമനത്തിൽ സർക്കാരിനുള്ള പിടിയാണ് ഇതോടെ ഇല്ലാതായത്. രാഷ്ട്രീയ വിധേയത്വവും അടുപ്പവും ശുപാർശയും നോക്കി ഇനി ആരെയും പൊലീസ് മേധാവിയാക്കാനാവില്ല. മുതിർന്ന ഡി.ജി.പിമാരുടെ പാനൽ യു.പി.എസ്.സിക്ക് അയച്ചുകൊടുക്കണം. സംസ്ഥാനം നൽകുന്ന പട്ടികയിലുള്ളവരുടെ വാർഷിക രഹസ്യ റിപ്പോർട്ടുകളും(എ.സി.ആർ) സർവീസ് രേഖകളും പരിശോധിച്ച് നിയമനത്തിനുള്ള മൂന്നുപേരുടെ പാനൽ യു.പി.എസ്.സി കൈമാറും. ഇതിൽ നിന്നൊരാളെ സംസ്ഥാന സർക്കാർ നിയമിച്ചിരിക്കണം. കേന്ദ്രംഅംഗീകരിച്ച ഡി.ജി.പി റാങ്കുള്ള എത്രപേരെ വേണമെങ്കിലും സംസ്ഥാനത്തിന്റെ പാനലിൽ ഉൾപ്പെടുത്താം.

ഇവരുടെ മൊത്തം സേവനവും കേസുകളുടെ വിവരങ്ങളും ഐ.ബി ശുപാർശയും പരിഗണിച്ചാവും യു.പി.എസ്.സി അന്തിമപാനൽ തയ്യാറാക്കുക. ഇതിൽനിന്ന് സംസ്ഥാനത്തിന് നിയമനംനടത്തിയേപറ്റൂ. സുപ്രീംകോടതിജഡ്ജിയുടെ പദവിയുള്ള യു.പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നത് കേന്ദ്രസർക്കാരാണ്. ശുപാർശനൽകേണ്ട ഐ.ബിയും കേന്ദ്രനിയന്ത്രണത്തിലാണ്. അതിനാൽ കേന്ദ്രസർക്കാർ വിചാരിക്കുന്നവരെയേ ഇനിമുതൽ കേരളത്തിൽ പൊലീസ് മേധാവിയാക്കാൻ കഴിയൂ. പൊലീസ് മേധാവി നിയമനം സംസ്ഥാന സർക്കാരിന്റെ പരമാധികാരമാണെന്ന് സുപ്രീംകോടതിയിൽ വാദിച്ച് കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെയാണ് വീണ്ടും അപ്പീൽ പോയി അടിവാങ്ങിയത്.

2015 മെയ്‌31ന് കെ.എസ്.ബാലസുബ്രമണ്യൻ വിരമിച്ചപ്പോഴാണ് യു.ഡി.എഫ് സർക്കാർ സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചത്. ജിഷക്കേസ് അന്വേഷണത്തിലെയും പുറ്റിങ്ങൽ ദുരന്തത്തിലെയും വീഴ്ചയാരോപിച്ച്, എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റയുടൻ കഴിഞ്ഞ ജൂൺ ഒന്നിന് സെൻകുമാറിനെ പുറത്താക്കി ലോക്‌നാഥ് ബെഹറയെ ഡി.ജി.പിയാക്കി. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലും ഹൈക്കോടതിയിലും സെൻകുമാർ കേസ് നടത്തിയെങ്കിലും വിജയിച്ചില്ല. 11മാസം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സെൻകുമാറിനെ പൊലീസ്‌മേധാവിയായി തിരികെനിയമിക്കാൻ ഏപ്രിൽ 24ന് സുപ്രീംകോടതി ഉത്തരവിട്ടു.

സെൻകുമാറിനെ ഉടൻ നിയമിക്കണമെന്ന നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥിന്റെ റിപ്പോർട്ട് വകവയ്ക്കാതെ സർക്കാർ സുപ്രീംകോടതിയിൽ വ്യക്തതാ ഹർജി നൽകിയെങ്കിലും കനത്ത തിരിച്ചടിയേറ്റു. സെൻകുമാറിനെ മാറ്റാനിടയാക്കിയ ഫയലുകളിൽ ചീഫ്‌സെക്രട്ടറിയായിരുന്ന നളിനിനെറ്റോ കൃത്രിമം കാട്ടിയതായി സെൻകുമാർ ആരോപിക്കുകയും രേഖകളുടെ ആധികാരികതയിൽ സുപ്രീംകോടതി അസന്നിദ്ധമായി സംശയം പ്രകടിപ്പിച്ചിക്കുകയും ചെയ്തത് സർക്കാരിന് വൻ തിരിച്ചടിയായിരുന്നു. നളിനിനെറ്റോയ്‌ക്കെതിരേ സെൻകുമാറിന്റെ കോടതിയലക്ഷ്യഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കേ ഒരുവഴിയും കാണാതെ അദ്ദേഹത്തെ വീണ്ടും പൊലീസ് മേധാവിയായി നിയമിക്കുകയായിരുന്നു.

മുൻ ഡി.ജി.പി.മാരായ പ്രകാശ് സിങ്ങും എൻ.കെ. സിങ്ങും 1996ൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് 2006ൽ സുപ്രീംകോടതി വിധി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരള നിയമസഭ 2011ൽ കേരള പൊലീസ് ആക്ടിലെ പല വകുപ്പുകളും ഭേദഗതി ചെയ്തു. എന്നാൽ, ഈ ഭേദഗതികൾ 2006ലെ വിധിയുടെ അന്തഃസത്ത ഉൾക്കൊള്ളുന്നില്ലെന്ന് സെൻകുമാർ കേസിൽ സുപ്‌റീംകോടതി നിരീക്ഷിച്ചിരുന്നു. കേരളത്തിലെ ഡി.ജി.പി.യായി ടി.പി. സെൻകുമാറിനെ വീണ്ടും നിയമിക്കണമെന്ന് കഴിഞ്ഞവർഷം സുപ്രീം കോടതി വിധിച്ചതും പ്രകാശ് സിങ് കേസിനെ ആധാരമാക്കിയാണ്. പ്രകാശ് സിങ് കേസിലെ വിധി നടപ്പാക്കിയില്ലെന്നുകാട്ടിയുള്ള കോടതിയലക്ഷ്യ ഹർജികൾ സുപ്രീം കോടതിയിലുണ്ട്.

അനാവശ്യ നിയമയുദ്ധം

പൊലീസ് മേധാവി സ്ഥാനത്തേക്ക് ടി.പി.സെൻകുമാർ മടങ്ങിയെത്തുന്നത് തടയാൻ സുപ്രീംകോടതിയിലെ നിയമയുദ്ധത്തിന് സർക്കാർ ചെലവിട്ടത് മൂന്നുകോടിയോളം രൂപയാണ്. അഭിഭാഷകർക്ക് ഫയലുകളെത്തിക്കാൻ ഉന്നത ഉദ്യോഗസ്ഥർ 150തവണയോളം ഡൽഹിയിലേക്ക് വിമാനയാത്ര നടത്തി. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയ്ക്ക് 80 ലക്ഷം ഫീസ് നൽകി. സാൽവെയ്‌ക്കൊപ്പം കേസ് പഠിക്കുന്ന 30 അഭിഭാഷകർക്ക് പ്രത്യേകം ഫീസ് നൽകി.

സർക്കാരിന് ഹാജരായ പി.പി.റാവു, സിദ്ധാർത്ഥ് ലൂത്ര, ജയദീപ് ഗുപ്ത എന്നിവർക്കും ദശലക്ഷങ്ങൾ നൽകി. സെൻകുമാറിനെ തിരികെ നിയമിക്കാൻ 2017ഏപ്രിൽ 24ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ച ശേഷവും ലക്ഷങ്ങൾ ചെലവഴിച്ചു. ഖജനാവിൽ നിന്ന് ചെലവഴിച്ച പണം ചീഫ്‌സെക്രട്ടറി നളിനിനെറ്റോയിൽ നിന്ന് തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകാൻ പൊതുപ്രവർത്തകൻ പായിച്ചറ നവാസ് നടപടിയെടുത്തിരുന്നു.

സെൻകുമാറിനോട് തീരാത്ത വിരോധം

പതിനൊന്നു മാസം സർക്കാരുമായി നിയമയുദ്ധം നടത്തി വിജയിച്ച്, പൊലീസ് മേധാവിയായി തിരിച്ചുവന്ന ടി.പി.സെൻകുമാറിനോട് സർക്കാരിന്റെ വിരോധം ഇതുവരെ തീർന്നിട്ടില്ല. സമീപകാല ചരിത്രത്തിലുണ്ടാകാത്ത സെൻകുമാറിന്റെ നിയമപോരാട്ടത്തെ ഇല്ലാതാക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു സർക്കാരിന്റെ അപ്പീൽ. സെൻകുമാറിന്റെ നിയമപോരാട്ടം രാജ്യത്തെ ലോ കോളേജുകളിലും പൊലീസ് പരിശീലന കേന്ദ്രങ്ങളിലുമെല്ലാം സിലബസിൽ ഉൾപ്പെട്ടു. സിറ്റിംഗിന് ദശലക്ഷങ്ങൾ ഫീസുവാങ്ങുന്ന മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത്ദവൈയും പ്രശാന്ത്ഭൂഷണും ഫീസില്ലാതെ സെൻകുമാറിനായി വാദിക്കാനെത്തിയിരുന്നു.

40 ലക്ഷം ഫീസ് നൽകി ഹരീഷ്‌സാൽവെയടക്കം മുതിർന്ന അഭിഭാഷകരെ ഇറക്കിയിട്ടും സുപ്രീംകോടതിയിൽ സെൻകുമാറിനു മുന്നിൽ സർക്കാർ പലവട്ടം തോറ്റു. സത്യസന്ധനും അഴിമതിരഹിതനുമായ സെൻകുമാർ, സർക്കാരിന്റെ സന്നാഹങ്ങൾക്കുമുന്നിൽ പതറാതെ നിന്നു. ഒടുവിൽ സർക്കാരിന് കാൽലക്ഷം രൂപ പിഴശിക്ഷ നൽകി സുപ്രീംകോടതി സെൻകുമാറിന്റെ പോരാട്ടം അംഗീകരിക്കുകയായിരുന്നു. പിന്നീട് നിരവധി കള്ളക്കേസുകളിൽ സെൻകുമാറിനെ കുരുക്കാൻ ശ്രമം നടന്നെങ്കിലും എല്ലാത്തിൽ നിന്നും സെൻകുമാർ വിജയിച്ച് കരകയറി. സെൻകുമാറിനെ കുരുക്കാൻ നോക്കിയ സർക്കാരിന് വലിയ നാണക്കേടായി അത് മാറുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP