Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോമൺ സുഹൃത്തിനൊപ്പം മരുന്ന് വാങ്ങാനെത്തിയ കണ്ണേട്ടൻ; വാക്കുളിലെ കാന്തിക ശക്തിയിൽ മനസ്സുടക്കിയപ്പോൾ ഫെയ്‌സ് ബുക്കിലൂടെ കൂടുതൽ അടുത്തു; ഫോൺ വിളിക്കിടെ ഇഷ്ടം തുറന്നു പറഞ്ഞത് പ്രണയിനി; മറുപടിയിൽ കണ്ണിൽ കയറിയ ഇരുട്ട് മാഞ്ഞത് പ്രതീക്ഷയുടെ പ്രകാശത്തിൽ; ഒടുവിൽ ആയുർവേദ ഡോക്ടറുടെ കഴുത്തിൽ വീട്ടുകാരുടെ സമ്മതത്തോടെ വിനോദിന്റെ മിന്നുകെട്ട്; ഡോ അഞ്ജു പ്രിയതമനെ സ്വന്തമാക്കിയത് ഉള്ളിലെ ഇഷ്ടം തുടച്ചു മാറ്റാൻ കഴിയാത്തതിനാൽ; ഇത് കാൻസറിനെ തോൽപ്പിച്ച അത്യപൂർവ്വ പ്രണയ കഥ

കോമൺ സുഹൃത്തിനൊപ്പം മരുന്ന് വാങ്ങാനെത്തിയ കണ്ണേട്ടൻ; വാക്കുളിലെ കാന്തിക ശക്തിയിൽ മനസ്സുടക്കിയപ്പോൾ ഫെയ്‌സ് ബുക്കിലൂടെ കൂടുതൽ അടുത്തു; ഫോൺ വിളിക്കിടെ ഇഷ്ടം തുറന്നു പറഞ്ഞത് പ്രണയിനി; മറുപടിയിൽ കണ്ണിൽ കയറിയ ഇരുട്ട് മാഞ്ഞത് പ്രതീക്ഷയുടെ പ്രകാശത്തിൽ; ഒടുവിൽ ആയുർവേദ ഡോക്ടറുടെ കഴുത്തിൽ വീട്ടുകാരുടെ സമ്മതത്തോടെ വിനോദിന്റെ മിന്നുകെട്ട്; ഡോ അഞ്ജു പ്രിയതമനെ സ്വന്തമാക്കിയത് ഉള്ളിലെ ഇഷ്ടം തുടച്ചു മാറ്റാൻ കഴിയാത്തതിനാൽ; ഇത് കാൻസറിനെ തോൽപ്പിച്ച അത്യപൂർവ്വ പ്രണയ കഥ

ആർ പീയൂഷ്

കൊല്ലം: പ്രണയം തോന്നിയ പുരുഷന് ക്യാൻസറാണ് എന്നറിഞ്ഞിട്ടും പാതിവഴിയിൽ ഉപേക്ഷിക്കാതെ ചേർത്തു നിർത്തി ക്യാൻസറിനെ തോൽപ്പിച്ചു കളഞ്ഞിരിക്കുകയാണ് ഡോ.അഞ്ജു എസ് കുമാർ എന്ന ആയൂർവേദ ഡോക്ടർ. ബ്ലഡ് ക്യാൻസര് പിടികൂടിയ വിനോദുമായുള്ള വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞുമായി സന്തോത്തോടെ കഴിയുകയാണ് അഞ്ജു. രണ്ട് വർഷത്തെ പ്രണയവും വിവാഹവും അതിനിടയിൽ തരണം ചെയ്യേണ്ടി വന്ന പ്രതിസന്ധികളെ പറ്റിയും ഡോ.അഞ്ജുവും വിനോദും മറുനാടനുമായി സംസാരിക്കുന്നു.

പഠന ശേഷം പാങ്ങോട് ജോലി ചെയ്യുമ്പോഴാണ് കണ്ണേട്ടനെ (വിനോദ്) ഞാൻ ആദ്യമായി കാണുന്നത്. ഞങ്ങളുടെ രണ്ട് പേരുടെയും സുഹൃത്തായ ജോമോനൊപ്പം മരുന്ന് വാങ്ങാനെത്തിയതായിരുന്നു. ആദ്യ സംസാരത്തിൽ തന്നെ എന്തോ ഒരു പ്രത്യേകത കണ്ണേട്ടനുള്ളതായി എനിക്ക് തോന്നി. സംസാരിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടുന്നതുപോലെ തോന്നി. വാക്കുകൾക്ക് വല്ലാത്തൊരു കാന്തിക ശക്തി. ആദ്യ കാഴ്ചയിൽ ഞങ്ങൾ ഏറെ നേരം സംസാരിച്ചു. പിന്നീട് ജോമോൻ മരുന്നിനായി എത്തുമ്പോൾ എപ്പോഴും കണ്ണേട്ടനും ഒപ്പമുണ്ടായിരുന്നു. ആ പരിചയം പിന്നീട് ഫെയ്സ് ബുക്ക് വഴിയായി. ജോലി സമയം കഴിയുമ്പോൾ മെസ്സേജുകളിലൂടെ ഞങ്ങൾ വിശേഷങ്ങൾ പങ്കു വച്ചു. അങ്ങനെ പതിയെ ഫോൺ നമ്പരുകൾ കൈമാറി. വാട്ടാസാപ്പ് വഴിയായി പിന്നീടുള്ള സംസാരങ്ങൾ അത് പിന്നീട് ഫോൺകോളുകളിലേക്ക് വഴിമാറി.

അപ്പോഴേക്കും കൂടുതൽ അടുത്തു. ആറുമാസം പിന്നിട്ട ശേഷമായിരുന്നു ഞാൻ ഏട്ടനോട് എന്റെ ആഗ്രഹം ഫോണിലൂടെ തുറന്ന് പറഞ്ഞത്. നമുക്ക് ഒന്നിച്ച് ജീവിച്ചു കൂടെ എന്ന്. അൽപ്പ നേരത്തെ നിശബ്ദതയ്ക്ക ശേഷം ഏട്ടൻ പറഞ്ഞു, എനിക്ക് കുറച്ചു സംസാരിക്കണം. എന്റെ പ്രശ്നങ്ങൾ നീ അറിയണം. വെറുതെ ഒരു തീരുമാനം എടുക്കാൻ പാടില്ല. അന്നാണ് എന്റെ കണ്ണേട്ടൻ ബ്ലഡ് ക്യാൻസറിനുള്ള ചികിത്സാ നടത്തികൊണ്ടിരിക്കുകയാണ് എന്ന് ഞാനറിയുന്നത്. എന്റെ കണ്ണുകളിൽ ആദ്യം ഇരുട്ട് കയറുന്നതു പോലെയാണ് തോന്നിയത്.

ഏതാനം നിമിഷം ഒന്നും പറയാനായില്ല എനിക്ക്. എപ്പോഴും ചിരിച്ച മുഖവുമായി എല്ലാവരുടെയും മുന്നിൽ പ്രസരിപ്പോടെ നിന്ന് നല്ല പോസിറ്റീവ് മറുപടി നൽകുന്ന ഒരാളുടെ ഉള്ളിൽ ഇത്രയും വലിയ ദുഃഖം ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ? അടുത്തതെന്ത്? എന്ന ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ചു. ഉത്തരവും ഞാൻ തന്നെ കണ്ടെത്തി. ഞങ്ങൾ ഒന്നിക്കണം എന്നുള്ളത് ദൈവ നിശ്ചയമാണ്. ഒരു ഡോക്ടറായ ഞാൻ ഈ ഒരു രോഗം കാരണമാക്കി എന്റെ ഉള്ളിലെ ഇഷ്ടം തുടച്ചുമാറ്റിയാൽ ഞാൻ എന്റെ മനസാക്ഷിയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാവും അത്.

എന്തേ ഇപ്പോ എന്നോട് ഇഷ്ടം തോന്നുന്നുണ്ടോ? എന്ന ഏട്ടന്റെ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. ആചോദ്യത്തിന് ഒരു മറുചോദ്യമാണ് മറുപടിയായി ഞാൻ നൽകിയത്. ക്യാൻസർ വന്നവരാരും കല്യാണം കഴിക്കില്ലേ....? ഇപ്പോൾ ഇങ്ങനെയൊക്കെ തോന്നും. പിന്നെ അത് ഒരു തെറ്റായ തീരുമാനമാണെന്ന് മനസ്സിലാക്കും. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. പക്ഷേ, അത് ഞാൻ എന്റെയുള്ളിൽ ഒതുക്കിക്കൊള്ളാം. നീ പറഞ്ഞ കാര്യം ഇപ്പോൾ തന്നെ ഞാൻ മറന്നേക്കാം എന്ന് ഏട്ടൻ മറുപടി പറഞ്ഞു. ഒട്ടും ഇടറാതെ തന്നെ ഞാൻ പറഞ്ഞു ക്യാൻസർ ആരുടെയും സ്വന്തം അല്ല. അത് എനിക്കും വന്നേക്കാം... നാളെ ഞാൻ വിവാഹം കഴിക്കുന്നയാൾക്കും വരാം. അതിനാൽ എനിക്ക് ഇതൊരു തടസമല്ല. ഏറെ നേരം ഇങ്ങനെ പലതും പറഞ്ഞ് തർക്കമാകുകയും ഞാൻ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതുകൊണ്ട് കണ്ണേട്ടൻ സമ്മതം മൂളുകയുമായിരുന്നു.

ആർ.സി.സിയിൽ പ്രൊഫസർ എൻ.പ്രകാശിന്റെ ചികിത്സയിലായിരുന്നു. അടുത്ത കീമോയ്ക്ക് ഞാനും ഒപ്പം പോയി. ഡോക്ടറുമായി സംസാരിച്ചു. വിവാഹം കഴിക്കാൻ പോകുന്ന കാര്യത്തെ പറ്റി അദ്ദേഹത്തോടും പറഞ്ഞു. വളരെ പോസിറ്റീവായിട്ടാണ് ഡോക്ടർ ഈ തീരുമാനത്തോട് പ്രതികരിച്ചത്. ട്രീറ്റ്മെന്റ് കഴിഞ്ഞ് നാലുവർഷത്തിന് ശേഷമേ കുഞ്ഞുങ്ങൾ പാടുള്ളൂ എന്ന് പ്രത്യേകം അദ്ദേഹം നിർദ്ദേശിച്ചു. അങ്ങനെ രണ്ട് വർഷത്തെ ട്രീറ്റ്മെന്റിന് ശേഷം 2018 ഏപ്രിൽ 8 ന് മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം കഴിച്ചു. സന്തോത്തോടെ ജീവിക്കുന്നു. അഞ്ജു പറഞ്ഞു നിർത്തി.

വിനോദാണ് ബാക്കി കാര്യങ്ങൾ പറഞ്ഞത്. സത്യം പറഞ്ഞാൽ എനിക്കും അഞ്ജുവിനോട് ഇഷ്ടമുണ്ടായിരുന്നു. പക്ഷേ എന്റെ രോഗാവസ്ഥ അത് അംഗീകരിക്കാൻ തയ്യാറായില്ല. എന്നാൽ എനിക്ക് ധൈര്യം തരികയും ചേർത്തു പിടിക്കുകയും ചെയ്തതോടെയാണ് ഞാൻ വിവാഹത്തിന് സമ്മതിച്ചത്. എന്റെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് എന്റെ അമ്മ ഓമനക്കുട്ടിയായിരുന്നു. അമ്മയോട് ഇതേപറ്റി പറഞ്ഞപ്പോൾ എന്റെ അവസ്ഥ ഇങ്ങനെയായതിനാൽ വലിയ വിഷമമായിരുന്നു. അഞ്ജു അമ്മയോട് സംസാരിച്ചതിന് ശേഷമാണ് അമ്മയ്ക്ക് സന്തോഷമായത്.

ഡോക്ടറായതിനാൽ മകൾ ശരിയായ തീരുമാനം തന്നെയാണ് എടുത്തതെന്ന് അഞ്ജുവിന്റെ അച്ഛനും അമ്മയും മനസ്സിലാക്കി വിവാഹം കഴിപ്പിച്ചു തരികയായിരുന്നു. ഇന്നലെ ഞങ്ങലുടെ രണ്ടാം വിവാഹ വാർഷികമായിരുന്നു. ഇന്ന് ഞങ്ങൾ ഏറെ സന്തോഷത്തോടെയാണ് കഴിയുന്നത്. പിന്നെ ഞങ്ങൾക്ക് ഒരു മോൾ പിറന്നിട്ട് ആറുമാസം ആയി, അഥിലി. അടുത്ത ട്രീറ്റ്മെന്റിനായി ഞങ്ങൽ മൂന്നുപേരും കൂടിയാണ് ആർ.സി.സിയിലേക്ക് പോകുന്നത്, വിനോദ് പറഞ്ഞു.

എച്ച്.ഡി.എഫ്.സി ബാങ്കിലെ ജീവനക്കാരനാണ്‌ വിനോദ്. പുത്തൂർ ശ്രീനാരായണ ആയൂർവ്വേദ കോളേജിലെ മെഡിക്കൽ ഓഫീസറാണ് അഞ്ജു. പുനലൂർ ഇളമ്പലിൽ പൂർണ്ണായു എന്ന ആയൂർവേദ ക്ലിനിക്കും ഫാർമസിയും ഇരുവരും ചേർന്ന് നടത്തുന്നുണ്ട്. ക്യാൻസർ വന്നവർ എല്ലാവരും മരിക്കണമെന്നില്ല. ക്യാൻസർ എന്ന രോഗം പകരുന്നതല്ല അതുകൊണ്ട് ക്യാൻസർ ട്രീറ്റ്‌മെന്റ് കഴിഞ്ഞ ആളെ കല്യാണം കഴിച്ചാൽ നമുക്ക് ഒരിക്കലും ക്യാൻസർ വരില്ല.

ഉണ്ടാവുന്ന കുഞ്ഞിനും വരണമെന്നില്ല. അതിനാൽ രോഗം ഉണ്ട് എന്ന് പറഞ്ഞ് ആരെയും തള്ളിക്കളയരുത്. ക്യാൻസർ എന്നത് ഒന്നിന്റേം അവസാനം അല്ല അത് പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ്- ഡോ.അഞ്ജു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP