Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇ-ബീറ്റ് പദ്ധതിക്ക് വാങ്ങിയ ഉപകരണങ്ങൾ വെറുതെയായത് വിഫിനിറ്റി കമ്പനി അടച്ചു പൂട്ടി പോയതിനാൽ; മുഴുവൻ തുകയും വാങ്ങിയിട്ടും ബംഗളൂരു കമ്പനിയുടെ ചതിക്കെതിരെ ചെറുവിരൽ അനക്കാത്ത കേരളാ പൊലീസ്! ചെന്നിത്തലയേയും തിരുവഞ്ചൂരിനേയും തളയ്ക്കാൻ മൂന്ന് കോടിയുടെ ആ പഴയ നഷ്ടം പൊടി തട്ടിയെടുക്കും; ബിഷപ്പിന്റെ സ്വാധീന ശക്തിയിൽ ആവിയായ അഴിമതി പൊടിതട്ടിയെടുക്കാൻ നീക്കം; ഒടുവിൽ പിണറായിയുടെ യാത്ര സെൻകുമാറിന്റെ പഴയ കണ്ടെത്തലുകളുടെ വഴിയേ

ഇ-ബീറ്റ് പദ്ധതിക്ക് വാങ്ങിയ ഉപകരണങ്ങൾ വെറുതെയായത് വിഫിനിറ്റി കമ്പനി അടച്ചു പൂട്ടി പോയതിനാൽ; മുഴുവൻ തുകയും വാങ്ങിയിട്ടും ബംഗളൂരു കമ്പനിയുടെ ചതിക്കെതിരെ ചെറുവിരൽ അനക്കാത്ത കേരളാ പൊലീസ്! ചെന്നിത്തലയേയും തിരുവഞ്ചൂരിനേയും തളയ്ക്കാൻ മൂന്ന് കോടിയുടെ ആ പഴയ നഷ്ടം പൊടി തട്ടിയെടുക്കും; ബിഷപ്പിന്റെ സ്വാധീന ശക്തിയിൽ ആവിയായ അഴിമതി പൊടിതട്ടിയെടുക്കാൻ നീക്കം; ഒടുവിൽ പിണറായിയുടെ യാത്ര സെൻകുമാറിന്റെ പഴയ കണ്ടെത്തലുകളുടെ വഴിയേ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരും ചോദിക്കാനും പറയാനുമില്ലാത്ത വകുപ്പായി പൊലീസ് മാറി കഴിഞ്ഞു. സിഎജി റിപ്പോർട്ടിലെ ചർച്ചകളിൽ പിണറായി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഇതിന് പിറകെയാണ് മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാരിന് ഗവർണ്ണറിൽ നിന്ന് പച്ചക്കൊടി കിട്ടിയത്. ഇനി പൊലീസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തളയ്ക്കാനാണ് ശ്രമം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉയർന്ന ഇ-ബീറ്റ് അഴിമതിയിൽ വീണ്ടും അന്വേഷണം നടത്തും. ചെന്നിത്തലയ്‌ക്കെതിരെയുള്ള സർക്കാർ നീക്കമായി ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. അതിനിടെ ഇ-ബീറ്റ് ഫയൽ വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരെ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ കരുനീക്കം തുടങ്ങിയിട്ടുണ്ട്. ബിഷപ്പിന്റെ ഇടപെടലിലൂടെ അട്ടിമറിക്കപ്പെട്ട ബി-ബീറ്റ് കേസ് ഫയൽ വീണ്ടും തുറന്നാൽ അത് യുഡിഎഫിന്റെ കാലത്തെ അഴിമതിയായി ചർച്ചയാകുമെന്നാണ് സിപിഎമ്മിന്റേയും പ്രതീക്ഷ.

യുഡിഎഫ് സർക്കാരിന്റെ കാലത്തു നടപ്പാക്കിയ പദ്ധതിയിൽ കോടികളുടെ ഇ ബീറ്റ് പദ്ധതിയിൽ വെട്ടിപ്പു നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ സംസ്ഥാന പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യം, തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം എന്നിവരുടെ പങ്കുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ജേക്കബ് തോമസായിപുന്നു അന്ന് വിജിലൻസിനെ നയിച്ചത്. പിന്നീട് ജേക്കബ് തോമസിനെ വിജിലൻസിൽ നിന്ന് നീക്കി. പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ബീറ്റ് പട്രോളിംഗിനു പോകുന്ന ഉദ്യോഗസ്ഥരുടെ ഹാജർ രേഖപ്പെടുത്താനാണ് ഇ-ബീറ്റ് പദ്ധതി നടപ്പാക്കിയത്. ലക്ഷങ്ങൾ ചെലവിട്ടു സ്ഥാപിച്ച ഇ-ബീറ്റ് യൂണിറ്റുകൾ ഇപ്രവർത്തന സജ്ജമല്ലമായില്ല.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതിയിൽ കോടികളുടെ വെട്ടിപ്പുനടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണത്തിന് പിണറായി സർക്കാർ ശ്രമം. ഇ-ബീറ്റ് ഇടപാടിൽ സംസ്ഥാനത്തിന് പലിശയടക്കം മൂന്നുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേന്ദ്ര ഗവൺമെന്റ് പൊലീസ് ആധുനികീകരണത്തിന് അനുവദിച്ച പണമാണ് പാഴായത്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ഇലക്ട്രോണിക് ബീറ്റ് (ഇബീറ്റ്) സമ്പ്രദായം സ്ഥാപിക്കുന്നതിനാണ് ഉപകരണങ്ങൾ വാങ്ങാൻ കരാറുണ്ടാക്കിയത്. 650 റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ റീഡറുകളും 7450 റീഡർ കാർഡുകളും വാങ്ങുന്നതിന് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ച വൈഫിനിറ്റി ടെക്നോളജി സിസ്റ്റംസ് എന്ന സ്ഥാപനവുമായിട്ടായിരുന്നു കരാർ. 2012 ഡിസംബറിലായിരുന്നു കരാറുറപ്പിച്ചത്. മുഴുവൻ തുകയും(1,87,81,607 രൂപ) 2013 മാർച്ചിൽ കൈമാറുകയും ചെയ്തു. ഈ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് പൊലീസുകാർക്ക് കമ്പനി പരിശീലനം നൽകണമെന്നും കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു.

എന്നാൽ, ഈ വ്യവസ്ഥകളൊക്കെ ലംഘിക്കപ്പെട്ടതായി ആദ്യ അന്വേഷണത്തിൽത്തന്നെ കണ്ടെത്തിയിരുന്നു. രാത്രികാലങ്ങളിൽ ബീറ്റ് പുസ്തകം സൂക്ഷിച്ചിട്ടുള്ള ഇടങ്ങളിലും ചുമതല നൽകിയിട്ടുള്ള ഇടങ്ങളിലും പുസ്തകം ഒഴിവാക്കി ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏർപ്പെടുത്താനുള്ള പദ്ധതിയാണ് അഴിമതിയിൽ മുങ്ങിയത്. സംഭവത്തെക്കുറിച്ച് ആദ്യം അന്വേഷിച്ച സംഘം ഇടപാടിൽ അപാകം കണ്ടെത്തിയിരുന്നു. ഉപകരണങ്ങൾ മുഴുവൻ കൈമാറുംമുമ്പ് കമ്പനിക്ക് പണം മുഴുവൻ നൽകിയതിൽ അസ്വാഭാവികത ഉള്ളതായി അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു തുടർന്ന് അന്ന് പൊലീസ് മേധാവിയായിരുന്ന ടിപി സെൻകുമാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ, അന്വേഷണം എവിടെയുമെത്തിയില്ല. സിബിഐ അന്വേഷണം നേരിടുന്ന ഒരു ബിഷപ്പിന്റെ ഇടപെടലുണ്ടായി. ഇതോടെ കേസ് ആവിയായി. ഇതിന് പിന്നിൽ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണെന്നാണ് പിണറായി സർക്കാരിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഈ കേസ് വീണ്ടും പൊടി തട്ടിയെടുക്കുന്നത്.

ഇലക്ട്രോണിക് ബീറ്റ് പദ്ധതി നടപ്പിലാക്കിയതിൽ 1.87 കോടി രൂപയുടെ അഴിമതി നടന്നതായാണ് കണ്ടെത്തിയത്. വാഹനങ്ങൾ വാങ്ങുന്നതിലെ തോന്ന്യവാസവും ഡിജിപി ആയിരിക്കെ സെൻകുമാർ കണ്ടെത്തി.. എല്ലാം നിരീക്ഷിക്കാൻ പൊലീസിനുള്ളിൽ തന്നെ വിജിലൻസ് സംവിധാനമുണ്ടാക്കാനും അന്ന് സെൻകുമാർ നിർദ്ദേശിച്ചു. 2015-2016ൽ പൊലീസ് വകുപ്പിന് ബജറ്റിൽ നോൺ പ്ലാൻ വിഹിതമായി 3042.63 കോടി രൂപ വകയിരുത്തിയിത്. പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യശേഷി വർദ്ധിപ്പിക്കൽ, പൊതുസേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി ആഭ്യന്തര വകുപ്പിന് 26.50 കോടി രൂപയും നീക്കിവച്ചു. മുൻ വർഷങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. എന്നാൽ ഇത് എങ്ങനെ ചെലവഴിക്കുന്നുവെന്നതിൽ കൃത്യമായ ഉത്തരം ആർക്കും പറയാനില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് സെൻകുമാർ അന്ന് ഇടെപട്ടത്.

കിട്ടുന്ന തുക മുഴുവൻ ചെലവഴിക്കാറുമുണ്ട്. എന്നാൽ പൊലീസിന്റെ കാര്യക്ഷമത കൂടുന്നുമില്ല. സേവനങ്ങൾ ഓൺലൈൻ ആക്കുന്നത് ഉൾപ്പെടെയുള്ള ആധുനിക വൽക്കണം അട്ടിമറിക്കപ്പെട്ടുവെന്നും സെൻകുമാർ കണ്ടെത്തി. ജീപ്പുകളും ബൈക്കുകളും വാങ്ങുന്നതിൽ വലിയ തട്ടിപ്പാണത്രേ നടക്കുന്നത്. ബീറ്റ് പൊലീസുകാർക്കായി ഹീറോ ഹോണ്ടയുടെ സിഡി ഡോൺ വൻ തോതിൽ വാങ്ങി. കോടികളുടെ ഇടപാടാണ് നടന്നത്. എന്നാൽ കേരളാ പൊലീസ് ഡോൺ ബൈക്ക് വാങ്ങിയ ശേഷം ആ മോഡൽ തന്നെ ഹീറോ ഹോണ്ട ഉൽപാദനം നിർത്തി. അതായത് ഉൽപാദനം നിർത്തുന്നതിന് മുമ്പ് കമ്പനിയിലുണ്ടായിരുന്ന വണ്ടികളാണ് കേരളാ പൊലീസ് വാങ്ങിയത്. ഇതിന് സമാനമായ കള്ളക്കളികൾ ജീപ്പുകൾ വാങ്ങുന്നതിലും നടക്കുന്നുണ്ടെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഇതെല്ലാമാണ് ഇപ്പോൾ സിഎജിയും ശരിവയ്ക്കുന്നത്.

സംസ്ഥാനത്തെ ഏഴ് പൊലീസ് ജില്ലകളിലായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏർപ്പെടുത്താനുള്ള പദ്ധതിക്ക് 1.87 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പദ്ധതി നടപ്പിലാക്കാൻ ബാംഗ്ലൂർ ആസ്ഥാനമായ വൈഫിനിറ്റി ടെക്നോളജി എന്ന സ്ഥാപനത്തിനായിരുന്നു കരാർ. 650 ആർ എഫ് ഐ ഡി റീഡേർസും 7450 ടാഗുകളും സ്ഥാപിക്കുന്നതിനൊപ്പം പദ്ധതിക്കുള്ള സോഫ്റ്റ്‌വെയർ കൂടി നൽകണമെന്നായിരുന്നു കരാർ. പൊലീസ് ഉദ്യോഗസ്ഥർക്ക് മതിയായ പരിശീലനം നൽകണമെന്നും കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ കരാർ ഒപ്പുവച്ച് രണ്ട് വർഷമായിട്ടും പദ്ധതി പൂർത്തീകരിക്കപ്പെട്ടില്ല. ഇത് സെൻകുമാറിന് ബോധ്യപ്പെട്ടിരുന്നു.

പൊലീസ് നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കിയ ഇലക്ട്രോണിക് ബീറ്റ് (ഇബീറ്റ്) പദ്ധതിയിൽ അഴിമതി നടന്നതായും പലിശയടക്കം സംസ്ഥാനത്ത് രണ്ട് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മോഡേനൈസേഷൻ എ.ഡി.ജി.പി. ബി.സന്ധ്യയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് മാധ്യമങ്ങൾക്ക് എസ്‌പി. ചോർത്തി നൽകിയെന്നാണ് മനോജ് എബ്രഹാമിന്റെ പരാതിയിൽ പറയുന്നത്. ബംഗളുരു ആസ്ഥാനമായ വിഫിനിറ്റി കമ്പനിയെയാണ് ഇബീറ്റ് സംവിധാനം നടപ്പാക്കാൻ ഏൽപ്പിച്ചിരുന്നത്. കമ്പനി പൂട്ടിപ്പോയതോടെ പദ്ധതിയും നിലയ്ക്കുകയായിരുന്നു. ഇ ബീറ്റ് പദ്ധതി പൂർണ്ണപരാജയംമായിരുന്നു. ഇത് ഒരിടത്തു പോലും പ്രവർത്തനക്ഷമമല്ല. നൽകാനുള്ള സോഫ്റ്റ്‌വെയർ പോലും വിസിനിറ്റി ടെക്നോളജീസ് കൈമാറിയില്ല. മാത്രമല്ല കമ്പനി ഇപ്പോൾ അടച്ചുപൂട്ടുകയും ചെയ്തു.

ഇതൊക്കെ അഴിമതിയിലേക്ക് വിരൽചൂണ്ടുന്ന നിർണ്ണായക സംഭവങ്ങളാണെന്നാണ് ഇടതു സർക്കാർ വിലയിരുത്തുന്നത്. ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണോ എന്നു പോലും നോക്കാതെ പൊലീസ് ആസ്ഥാനത്ത് എത്തിയപ്പോൾ തന്നെ കരാറുകാർക്കുള്ള പണം കൈമാറിയിരിക്കുന്നു. പൊലീസ് നവീകരണത്തിന്റെ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്‌ച്ചയാണ് വരുത്തിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP