Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടാറ്റയ്ക്കും ബിർളയ്ക്കും കെഎസ്ഇബി വൈദ്യുതി നൽകുന്നത് തുച്ഛമായ വിലയ്ക്ക്; അതിസമ്പന്നരുടെ സ്വിമ്മിങ് പൂളുകൾക്ക് പോലും തുച്ഛമായ തുക; സാധാരണക്കാരിൽ നിന്നും ഈടാക്കുന്നത് ഷോക്കടിപ്പിക്കുന്ന വിധത്തിൽ ഉയർന്ന നിരക്കും; ചാർജ്ജ് നിർണയ അധികാരം ഉദ്യോഗസ്ഥ കമ്മീഷന് നൽകിയതോടെ കോളടിച്ചത് വൻകിടക്കാർക്ക്: നിരക്കു വർദ്ധനവിൽ വൻ അഴിമതിയെന്ന് ആരോപണം

ടാറ്റയ്ക്കും ബിർളയ്ക്കും കെഎസ്ഇബി വൈദ്യുതി നൽകുന്നത് തുച്ഛമായ വിലയ്ക്ക്; അതിസമ്പന്നരുടെ സ്വിമ്മിങ് പൂളുകൾക്ക് പോലും തുച്ഛമായ തുക; സാധാരണക്കാരിൽ നിന്നും ഈടാക്കുന്നത് ഷോക്കടിപ്പിക്കുന്ന വിധത്തിൽ ഉയർന്ന നിരക്കും; ചാർജ്ജ് നിർണയ അധികാരം ഉദ്യോഗസ്ഥ കമ്മീഷന് നൽകിയതോടെ കോളടിച്ചത് വൻകിടക്കാർക്ക്: നിരക്കു വർദ്ധനവിൽ വൻ അഴിമതിയെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഴയുടെ ദൗർലഭ്യം മൂലം സംസ്ഥാനത്ത് വൈദ്യുതോൽപ്പാദനം കടുത്ത പ്രതിസന്ധിയിലാണ്. ഇടുക്കി അണക്കെട്ടിൽ വെള്ളം കുറവായതിനാൽ വൈദ്യുതി ഉൽപ്പാദവനും കുറവാണ്. എങ്കിലും പവർക്കട്ടിലേക്ക് ലോഡ് ഷെഡ്ഡിംഗിലേക്കോ പോകാതെ കെഎസ്ഇബി ഇത്തവണ കൈകാര്യം ചെയ്തു. എന്നാൽ, ഇതിനിടെ ജലദൗർലഭ്യത്തിന്റെ പേര് പറഞ്ഞ് വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിക്കുകയാണ് കെഎസ്ഇബി ചെയ്തത്. സാധാരണക്കാർക്ക് അധികഭാരം സമ്മാനിച്ചപ്പോഴും വമ്പന്മാർക്ക് ഈ നിരക്കു വർദ്ധനവിൽ പരിക്കേറ്റില്ലെന്നതാണ് വാസ്തവം. ഇതോടെ വൈദ്യുതി നിരക്കു വർദ്ധനവിന് പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

കെഎസ്ഇബിക്ക് ഇപ്പോൾ കേന്ദ്രപൂളിൽ നിന്നും മറ്റും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി യഥേഷ്ടം ലഭിക്കുന്നുണ്ട്. എന്നാൽ, ഇങ്ങനെ കുറഞ്ഞ തുകയ്ക്ക് വൈദ്യുതി കിട്ടുമ്പോഴും സാധാരണക്കാർക്ക് ഗുണം ലഭിക്കുന്നില്ലെന്നതാണ് മറ്റൊരു കാര്യം. ഈ ആനുകൂല്യം മുഴുവനും എക്‌സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾ എന്ന ഓമന പേരിൽ അറിയപ്പെടുന്ന അതിസമ്പന്നരായ കുത്തക മുതളാളിമാർ കൊണ്ടു പോകുകയാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന ടാറ്റക്കും ബിർലക്കുമൊക്കെ ഒരു യൂണിറ്റ് വൈദ്യുതിക്ക് സംസ്ഥാന വൈദ്യുതി ബോർഡ് ഈടാക്കുന്നത് കുറഞ്ഞ നിരക്കാണ്.

യൂണിറ്റൊന്നിന് 5 രൂപ മാത്രമാണ് ഇത്തരക്കാരിൽ നിന്നും ഈടാക്കുന്നത്. എന്നാൽ, പ്രതിമാസ ഉപയോഗം 250 യൂണിറ്റ് വരെയുള്ള സാധാരണക്കാരന്റെ കയ്യിൽ നിന്നും വൈദ്യുതി ബോർഡ് കൊള്ളയടിക്കുന്ന അവസ്ഥയാണ്. യൂണിറ്റൊന്നിന് ഈടാക്കുന്നതാകട്ടെ 7. 50 രൂപയും. ഇതേ സമയം തന്നെയാണഅ ടാറ്റയുടെ കണ്ണൻ ദേവന് കുറഞ്ഞ തുകയ്ക്ക് വൈദ്യുതി നൽകുന്നതും. 4.60 രൂപയാണ് കണ്ണൻ ദേവനിൽ നിന്നും ഈടാക്കുന്നത്. ടാറ്റയ്ക്ക് മുമ്പിൽ പിണറായിയും മണിയും അടക്കമുള്ളവർ മുട്ടുമടക്കുന്നു എന്നതാണ് വാസ്തവം.

സർവ്വീസെന്ന നിലയിലും പൊതു ജനതാൽപ്പര്യർത്ഥവും സംസ്ഥാന ഖജനാവിൽ നിന്നും പ്രതിമാസം 200 കോടി സബ്‌സിഡി നൽകി സർവീസ് നടത്തുന്ന കെഎസ്ആർടിക്ക് പോലും വൈദ്യുതി വകുപ്പ് പരിഗണന നൽകുന്നില്ല. കോർപ്പറേഷൻ യൂണിറ്റ് ഒന്നിന് ഏഴു രൂപ നിരക്കിലാണ് വൈദ്യുതി നൽകുന്നത്. അതേസമയം തന്നെ കോടികൾ മുടക്കി പണിയുന്ന മെട്രോയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച്ചയുമുണ്ട്. 6000 കോടി മുക്കി പണിയുന്ന കൊച്ചി മെട്രോയിൽ നിന്നും ഈടാക്കുന്ന വൈദ്യുതി നിരക്ക് യൂണിറ്റൊന്നിന് 4. 80 രൂപാ മാത്രമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഈടാക്കുന്ന വൈദ്യുതി നിരക്കിന്റെ കാര്യത്തിലും വ്യത്യാസമുണ്ട്. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വൈദ്യുതി നിരക്ക് യൂണിറ്റൊന്നിന് 5. 50 രൂപയാണെങ്കിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വൈദ്യുതി നിരക്ക് യൂണിറ്റൊന്നിന് 9 രൂപയാണ്. എന്നാൽ, അതിസമ്പന്നർ ഉപയോഗിക്കുന്ന സ്വിമ്മിങ് പൂളുകൾക്ക് പോലും കുറഞ്ഞ വൈദ്യുതി നിരക്കാണ് ഈടാക്കുന്നത്. ഇവർക്ക് വൈദ്യുതി നിരക്ക് 6. 50 രൂപ മാത്രമാണ്.

ഹൈടെൻഷൻ ഉപഭോക്താക്കൾ എന്ന പേരിൽ വൻകിട വ്യവസായികളിൽ നിന്നും യൂണിറ്റൊന്നിന് 5. 30 രൂപ വാങ്ങുന്ന വൈദ്യുതി ബോർഡ് സ്വകാര്യ ആശുപത്രികളിൽ നിന്നും ധർമ്മാശുപത്രികളിൽ നിന്നും വാങ്ങുന്നത് യൂണിറ്റൊന്നിന് 8. 50 രൂപ എന്ന നിരക്കിലാണ്. ഈ അധിക നിരക്കൊക്കെ രോഗികളിൽ നിന്നും ഈടാക്കുകയാണ് ആശുപത്രി അധികൃതർ ചെയ്യുന്നത്. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ പാൽ എത്തിക്കുന്ന മിൽമ അടക്കമുള്ള മിൽക്ക് പ്ലാനുകളിൽ നിന്നും യൂണിറ്റൊന്നിന് 9. 30 രൂപയാണെന്നിരിക്കേ വൻകിട വ്യവസായികളിൽ നിന്നും 5. 40 രൂപ മാത്രം ഈടാക്കുകയും ചെയ്യുന്നു.

വൻകിട വ്യവസായികൾക്കും വൈദ്യുതി ഈടാക്കാൻ സംസ്ഥാനത്തെ ഇടതു മുന്നണിയിലൂടെയും ഐക്യ മുന്നണിയിലൂടെയും ഉന്നത നേതാക്കളും വൈദ്യുതി ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും നിരക്കു നിശ്ചയിക്കുന്ന റഗുലേറ്റി കമ്മീഷനിലെ അംഗങ്ങളും വളഞ്ഞ വഴിയിലൂടെ കോടികൾ സമ്പാദിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. പല സ്ഥാപനങ്ങളിലും ഇവരുടെ ബന്ധുക്കൾ വൻ ശമ്പളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

വൻകിട വ്യവസായികൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി തരപ്പെടുത്തി എടുക്കാൻ അവർ മുന്നിൽ നിർത്തുന്നത് തൊഴിലാളി യൂണിയൻ നേതാക്കളെയാണ്. വൈദ്യുതി നിരക്ക് വർദ്ധനയെ സംബന്ധിച്ച് ഹിയറിംഗുകളിൽ പങ്കെടുക്കാനെത്തുന്ന സംസ്ഥാനതല തൊഴിലാളി യൂണിയൻ നേതാക്കൾക്കു താമസ സൗകര്യം പഞ്ചനക്ഷത്ര ഹോട്ടലുകളിലും മറ്റുമാണ്. റഗുലേറ്ററി കമ്മീഷന് വിവിധ തൊഴിലാളി യൂണിയനുകൾ നൽകുന്ന നിവേദനങ്ങൾ തയ്യാറാക്കുന്നത് പോലും വൻകിട വ്യവസായികൾ നിയോഗിക്കുന്ന വിദഗദ്ധരാണ്. ആവശ്യങ്ങൾ അവതരിപ്പിക്കുന്നതോ യൂണിയൻ നേതാക്കളും റഗുലേറ്ററി കമ്മീഷൻ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന ഹിയറുംഗുകളിലൊക്കെ സമാന പരാതിയുമായി വൻകിട മുതലാളിമാരുടെ കാണികളായി തൊഴിലാളി യൂണിയൻ നേതാക്കളെത്തുന്നു.

അവരെ സാഹായിക്കാൻ കമ്പ്യൂട്ടറും ലാപ്‌ടോപ്പുമൊക്കെയായി വിദഗ്ദ്ധരും ഹിയറിങ് സമയത്തിന്റെ 90% ഇവർ അപഹരിച്ചെടുക്കും. അതിനായുള്ള ചരടുവലികൾ റഗുലേറ്ററി കമ്മീഷൻ ഉദ്യോഗസ്ഥർ ചെയ്തു കൊടുക്കും. പരാതികളുമായി എത്തുന്ന ഗാർഹിക ഉപഭോക്താക്കൾ അവഗണിക്കപ്പെടുന്നു. അതേസമയം വിഷത്തിൽ പ്രതികരിക്കേണ്ട ജനപ്രതിനിധികൾ പോലും വിഷയത്തിൽ വേണ്ട വിധത്തിൽ ഇടപെടൽ നടത്തുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്ന ദിവസങ്ങളിൽ സുഖമായി ഉറങ്ങുന്ന ജനപ്രതിനിധികൾ ദിവസക്കൂലിയായി വാങ്ങുന്നത് 10,000 രൂപയോളമാണ്. എന്നിട്ടും ഈ വിഷയം ഉന്നയിക്കാൻ ആരും തയ്യാറാകുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്.

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നടത്തുന്ന ചാർജ് വർദ്ധനവിൽ മന്ത്രിക്കോ മന്ത്രി സഭയ്‌ക്കോ യാതൊരു റോളുമില്ല എന്നും ആക്ഷേപമുണ്ട്. അങ്ങനെയെങ്കിൽ എന്തിനൊരു വൈദ്യുതി മന്ത്രി എന്ന ചോദ്യവും ഉയരുന്നുണ്ട്. വൈദ്യുതി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന രണ്ട് മുൻ വൈദ്യുതി ജീവനക്കാർക്ക് റെഗുലേറ്ററി കമ്മീഷനിൽ അംഗങ്ങളായിരിക്കാൻ പോലും യോഗ്യത ഇല്ലെന്നും ആക്ഷേപമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP