Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വെറും കൈകൊണ്ട് മൂക്കുപൊത്താതെ 35 വർഷം സ്‌പ്രേ ചെയ്ത ഗംഗാധരൻ നായർക്കും 300 പേർക്കും വരാത്ത ഗുരുതര രോഗം എങ്ങനെ കാസർഗോട്ട് 5000 പേർക്ക് വന്നു? വയനാടും ഇടുക്കിയിലും എന്തുകൊണ്ട് ആർക്കും രോഗം വന്നില്ല? എൻഡോസൾഫാന്റെ പേരിൽ കോടികൾ അടിച്ചു മാറ്റുന്നത് രാഷ്ട്രീയക്കാരുടെ ശിങ്കിടികളോ? ഈ ചോദ്യങ്ങൾ കാണാതെ പോവാമോ?

വെറും കൈകൊണ്ട് മൂക്കുപൊത്താതെ 35 വർഷം സ്‌പ്രേ ചെയ്ത ഗംഗാധരൻ നായർക്കും 300 പേർക്കും വരാത്ത ഗുരുതര രോഗം എങ്ങനെ കാസർഗോട്ട് 5000 പേർക്ക് വന്നു? വയനാടും ഇടുക്കിയിലും എന്തുകൊണ്ട് ആർക്കും രോഗം വന്നില്ല? എൻഡോസൾഫാന്റെ പേരിൽ കോടികൾ അടിച്ചു മാറ്റുന്നത് രാഷ്ട്രീയക്കാരുടെ ശിങ്കിടികളോ? ഈ ചോദ്യങ്ങൾ കാണാതെ പോവാമോ?

രഞ്ജിത് ബാബു

കാസർഗോഡ്: കാസർഗോഡിന്റെ തീര ദുരിതമാണ് എൻഡോസൾഫാൻ വിതച്ച ദുരിതമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ഇതിന് പിന്നിൽ തട്ടിപ്പുകാർ സജീവമെന്ന് കരുതുന്നവരുമുണ്ട്. സർക്കാർ ഫണ്ടിൽ കൈയിട്ട് വാരി ജീവിതം നയിക്കുന്നവർ. ഈ സാഹചര്യത്തിലാണ് എൻഡോസൾഫാനുമായി ബന്ധപ്പെട്ട പരാതി വിജിലൻസിന് മുന്നിലെത്തുന്നത്. ഇതിൽ എൻഡോസൾഫാൻ ദുരിതബാധിതരെന്ന പേരിൽ പ്രവാസികളും അപകടത്തിൽപ്പെട്ടവരും ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നുവെന്ന് വ്യക്തമാവുകയും ചെയ്തു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിർദ്ദേശ പ്രകാരം കാസർഗോഡ് കലക്ടറേറ്റിലെ എൻഡോസൾഫാൻ ദുരിതാശ്വാസ സെല്ലിൽ നിന്നും കണ്ടെടുത്ത രേഖകളിൽ നിരവധി പേർ സർക്കാർ ആനുകൂല്യം തട്ടിയെടുത്തതായി തെളിവു ലഭിച്ചു. ഇതോടെ എൻഡോസൾഫാനിൽ ചില സംശങ്ങളും സജീവമാകുന്നു.

ദുരിത ബാധിതരിൽ ചിലർക്ക് മാത്രം ഇതുവരെ സഹായവും കിട്ടിയിട്ടില്ല. എല്ലാത്തിനും വേണ്ടത് രാഷ്ട്രീയ സ്വാധീനമാണ്. അതുകൊണ്ട് തന്നെയാണ് ഈ ചോദ്യങ്ങൾ പ്രസക്തമാകുന്നത്. എൻഡോസൾഫാൻ കൈകൊണ്ടെടുത്ത് ഉപയോഗിച്ചവർക്ക് ഇനിയും ആരോഗ്യ പ്രശ്നമില്ല. കീടനാശിനി പ്രയോഗം ശക്തമായുള്ള വയനാട്ടിലും ഇടുക്കിയിലും ആർക്കും അപൂർവ്വ രോഗം പിടിപെട്ടില്ല. ഇതെല്ലാം സംശയമായി അവശേഷിക്കുകയാണ്. ഇതിനുള്ള ഉത്തരം വിജിലൻസ് അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഇതോടെ പൂർണ്ണമായും സംശയ നിവാരണം ഉണ്ടാവുകയും ചെയ്യും.

പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടത്തിൽ എൻഡോസൾഫാൻ തളിച്ചതു മൂലം ആർക്കും രോഗം ബാധിച്ചിട്ടില്ലെന്ന് 1982 മുതൽ ഫീൽഡ് സൂപ്പർവൈസറായിരുന്ന ബോവിക്കാനത്തെ ഗംഗാധരൻ നായർ മറുനാടൻ മലയാളിയോട് പറഞ്ഞു. 35 വർഷം സേവനപാരമ്പര്യമുള്ള താൻ എൻഡോസൾഫാൻ വെറുംകൈ കൊണ്ടു കലക്കി മൂക്കുപൊത്താതെ കുറ്റിപമ്പുകൊണ്ട് സ്്രേപ ചെയ്യുകയും ചെയ്തിട്ടുണ്ട്. തന്നോടൊപ്പം പ്രവർത്തിച്ച സ്ത്രീകളുൾപ്പെടെയുള്ള 300 ഓളം തൊഴിലാളികളും ഇതേ രീതിയിൽ ജോലിയിലേർപ്പെട്ടവരാണ്. അന്നൊന്നും ഇന്ന് പ്രചരിക്കുന്ന രീതിയിൽ എൻഡോസൾഫാൻ മാരകവിഷമാണെന്ന് ആരോഗ്യ വകുപ്പോ സർക്കാരോ പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെയാണ് എൻഡോസൾഫാൻ സാധാരണ രീതിയിൽ കൈകാര്യം ചെയ്തത്. എൻഡോസൾഫാനുമായി നേരിട്ടു ബന്ധമുള്ള ഞങ്ങൾ 300 പേരിൽ ഒരാൾക്ക് പോലും ഇതുമൂലം രോഗം വന്നിട്ടില്ല; ഗംഗാധരൻ നായർ പറയുന്നു. അതിനാൽ ഇതിന്റെ യഥാർത്ഥ വസ്തുത പുറത്തുവരാനാണ് താൻ വിജിലൻസിൽ പരാതി നൽകിയതെന്ന് അദ്ദേഹം പറയുന്നു.

രാഷ്ട്രീയക്കാരും ചില സന്നദ്ധ സംഘടനകളും ചേർന്ന് ഉണ്ടാക്കിയ കെട്ടുകഥകളാണ് എൻഡോസൾഫാൻ ദുരിതം. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽപെടുത്താൻ ശ്രമിച്ചപ്പോഴൊക്കെ അത് തടയപ്പെട്ടിരുന്നു. മുഖ്യമന്ത്രിമാരായിരുന്ന വി എസ്.അച്യുതാനന്ദനും ഉമ്മൻ ചാണ്ടിക്കും പരാതികൾ അയച്ചിരുന്നു. എന്നാൽ ആരും ഇത് മുഖവിലയ്ക്കെടുത്തിരുന്നില്ല. കാസർഗോഡ് കലക്ടറേറ്റിൽ ചേർന്ന യോഗത്തിലും സത്യം പറയാൻ ആരും അനുവദിച്ചിരുന്നില്ല. എൻഡോസൾഫാന് എന്തെങ്കിലും ദോഷമുണ്ടെങ്കിൽ തോർത്തുപോലും കെട്ടാതെ അത് ഉപയോഗിച്ച തൊഴിലാളികളടങ്ങുന്ന 300 പേർക്കായിരുന്നു ദുരിത ബാധ ഉണ്ടാകേണ്ടത്. രാഷ്ട്രീയ സ്വാധീനത്തിൽ ബി.പി.എൽ. ലിസ്റ്റിൽ ചേർക്കുമ്പോലെ ദുരിത ബാധിതരെത്തേടിച്ചെന്ന്, അണികളെ ചേർത്തതാണ് ഇപ്പോൾ 5,842 എന്ന പട്ടികയിലെത്തി നിൽക്കുന്നത്.

കേരളം കഴിഞ്ഞ 10 വർഷത്തിലധികമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാസർഗോട്ടെ എൻഡോസൾഫാൻ വിഷയത്തിൽ വസ്തുത പുറത്ത് വരണമെന്നാണ് ഇതുസംബന്ധിച്ച് 'എൻഡോസൾഫാൻ ആഗോള ഗൂഢാലോചനയും കേരളത്തിലെ കള്ളകഥകളും 'എന്ന പേരിൽ പുസ്തക രചന നടത്തുന്ന പ്രമുഖ പത്രപ്രവർത്തകൻ കളത്തിൽ രാമകൃഷ്ണൻ പറയുന്നു. കാസർഗോട്ടെ പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുവണ്ടി തോട്ടത്തിൽ വായുമാർഗ്ഗം എൻഡോസൾഫാൻ തളിച്ചത് ഹെക്ടറിൽ വെറും 137 ലിറ്റർ എന്ന കണക്കിലാണ്. ആലപ്പുഴയിലും കൊല്ലത്തും ഇടുക്കിയിലും വയനാട്ടിലും ഇതിനേക്കാൾ എത്രയോ ഇരട്ടി എൻഡോസൾഫാൻ തളിച്ചിരുന്നു.അവിടെയൊന്നും കാണാത്ത രോഗങ്ങളെങ്ങനെയാണ് കാസർഗോഡ് കാണുന്നതെന്ന് പഠനം നടത്തേണ്ടതാണ്.

കീടനാശിനി ഉത്പ്പാദനത്തിന്റെ ആഗോള കുത്തക യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾക്കാണ്. എൻഡോസൾഫാൻ പേറ്റന്റ് അല്ലാത്ത കീടനാശിനിയായതിനാൽ ഇത് ഏത് രാജ്യത്തും ഉത്പ്പാദിപ്പിക്കാം. കീടനാശിനി കുത്തകക്ക് വേണ്ടിയുള്ള ആഗോള കിടമത്സരത്തിന്റെ ഫലമാണ് എൻഡോസൾഫാൻ വിരുദ്ധ സമരങ്ങൾ എന്നും ആരോപണങ്ങളുയർന്നിട്ടുണ്ട്. വില കുറഞ്ഞതും ഫലപ്രദവുമായ എൻഡോസൾഫാൻ കീടനാശിനിയെ ആഗോളമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതിന് പിറകിലെന്ന് രാമകൃഷ്ണൻ പുസ്തകത്തിൽ പറയുന്നു. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നടത്തിയ പഠനത്തിൽ എൻഡോസൾഫാൻ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്ന് തെളിഞ്ഞതായി ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു.

തണുപ്പു രാജ്യങ്ങളിൽ എൻഡോസൾഫാൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്നുള്ള പഠനങ്ങൾ ഉഷ്ണമേഖലാ രാജ്യങ്ങളിലെ പഠനങ്ങൾക്ക് വിരുദ്ധമാണ്. ഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് എന്ന സ്ഥാപനത്തിന് എൻഡോസൾഫാൻ വിഷയത്തിൽ പഠന റിപ്പോർട്ട് തയ്യാറാക്കാൻ കോടിക്കണക്കിന് രൂപ യൂറോപ്യൻ യൂനിയൻ നൽകിയതായും രാമകൃഷ്ണൻ ആരോപിക്കുന്നു. ഇവരുടെ പഠനത്തിൽ പ്രേദ ഗ്രാമത്തിലെ ജനങ്ങളുടെ രക്തത്തിൽ എൻഡോസൾഫാൻ കണ്ടെത്തിയെന്ന നിഗമനം ശാസ്ത്ര ലോകം തള്ളിക്കളഞ്ഞിരുന്നു. എൻഡോസൾഫാൻ വിരുദ്ധസമരത്തിന് ചില സംഘടനകൾക്ക് യൂറോപ്യൻ യൂണിയനിലെ കീടനാശിനി കമ്പനികൾ സി.എസ്. സി. മുഖേനെ പണം നൽകിയതായും രാമകൃഷ്ണൻ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അമ്പത് വർഷത്തോളം യൂറോപ്യൻ രാജ്യങ്ങളിൽ എൻഡോസൾഫാൻ യഥേഷ്ടം ഉപയോഗിച്ചിരുന്നു. എന്നാൽ അവിടങ്ങളിൽ യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതായി അവർ പറയുന്നില്ല. കേരളത്തിലെ രാഷ്ട്രീയക്കാരും സന്നദ്ധ സംഘടനകളും ചേർന്നുണ്ടാക്കിയ ഉണ്ടയില്ലാ വെടിയാണ് എൻഡോസൾഫാൻ ദുരിത കഥ. ഈ മേഖലയിൽ ജനങ്ങൾക്ക് ബാധിച്ച രോഗത്തിനാണ് ചികിത്സ നൽകേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP